ഉര്‍സുല ലുസിയാനോ
ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി.
ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു.
എനിക്കു് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടു്, എനിക്കു് അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ക്രിസ്തുമസ്സിനു പള്ളിയില്‍ പാടാന്‍വേണ്ടി അവരെന്നെ മനോഹരമായ ഒരു പാട്ടു പഠിപ്പിച്ചു. അന്നു ധരിക്കാനായി വളരെ ഭംഗിയുള്ള ഒരു വെള്ള ഉടുപ്പും എനിക്കു തയ്ച്ചു തന്നു. പള്ളി അന്നു നിറഞ്ഞു കവിഞ്ഞിരുന്നു. അവസാനം എനിക്കു പാടാനുള്ള സമയം വന്നു. ഒരു കൊച്ചു മാലാഖയെപ്പോലിരുന്ന എന്നെ മമ്മ കൈപിടിച്ചു മറ്റു ഗായകരുടെ നടുവില്‍ കൊണ്ടുനിര്‍ത്തി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു പള്ളിയില്‍.
കണ്ണടച്ചു പരിസരം മറന്നു ഞാന്‍ പാടി. പാട്ടു തീര്‍ന്നപ്പോഴേക്കും എൻ്റെ ഹൃദയം ആനന്ദംകൊണ്ടു നിറഞ്ഞിരുന്നു, കണ്ണുകള്‍ നിറഞ്ഞൊഴുകിയിരു ന്നു. പാട്ടു് എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. മമ്മ അഭിമാനത്തോടെ വന്നു് എന്നെ കെട്ടിപ്പിടിച്ചു്, എല്ലാവരെയും നോക്കി പുഞ്ചിരിച്ചു് ആഹ്ളാദം പ്രകടിപ്പിച്ചു.
എൻ്റെ കാര്യങ്ങളെല്ലാം നോക്കാന്‍ മമ്മയും പപ്പയും ഒരു ആയയെ ഏര്‍പ്പാടാക്കിയിരുന്നു. എര്‍ന, അതായിരുന്നു അവളുടെ പേരു്. നല്ല സ്നേഹമുള്ളവളായിരുന്നു അവള്‍. എന്നാല്‍ പെട്ടെന്നുതന്നെ അവള്‍ വിവാഹം കഴിച്ചു പോയി. പിന്നെ എന്നെ നോക്കാന്‍ ഏല്പിച്ചതു് എര്‍നയുടെ മൂത്ത സഹോദരിയായിരുന്ന ഹില്‍ ഗേര്‍ഡിനെയായിരുന്നു. അവള്‍ എര്‍നയെപ്പോലെ ആയിരുന്നില്ല. വളരെ ക്രൂരയായിരുന്നു. പപ്പയും മമ്മയും വീട്ടിലില്ലാത്തപ്പോഴൊക്കെ അവളെന്നെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
എൻ്റെ മമ്മ എന്നെന്നേക്കുമായി പോയി. എന്നെ ഭക്തിഗാനങ്ങള്‍ പഠിപ്പിക്കാന്‍, ഞാന്‍ പാടുന്നതു കേട്ടു് അഭിമാനത്തോടെ പുഞ്ചിരിക്കാന്‍, കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കാന്‍ ഇനി എൻ്റെ മമ്മ വരില്ല. അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്നോര്‍ത്തു് എൻ്റെ മനസ്സു് വല്ലാതെ നീറി.
ഒരു വേനല്ക്കാലത്തു പപ്പയും മമ്മയും ഒരു യാത്രയ്ക്കു പോകാന്‍ തയ്യാറായി. എന്നെ ഹില്‍ഗേര്‍ഡിനെ ഏല്പിച്ചു പോകാനാണു് അവര്‍ തീരുമാനിച്ചതു്. ഒഴിവു കാലം കഴിഞ്ഞു പപ്പയും മമ്മയും തിരിച്ചുവരുന്നതുവരെ ഹില്‍ഗേര്‍ഡിനൊപ്പം തനിച്ചു വീട്ടില്‍ കഴിയുന്നതോര്‍ത്തു ഞാന്‍ വല്ലാതെ വിഷമിച്ചു. യാത്ര പോകാനായി മമ്മയും പപ്പയും ഇറങ്ങിയപ്പോള്‍ അവരുടെ കൂടെ പോകാനാഗ്രഹിച്ചു ഞാന്‍ വാതില്ക്കല്‍ തന്നെ നിന്നു കരയാന്‍ തുടങ്ങി. കൂടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മമ്മ യാത്രയാകുന്നതിനു മുന്‍പു് എന്നെ വന്നൊന്നു കെട്ടിപ്പിടിക്കണം എന്നു ഞാന്‍ ആശിച്ചു. എന്നാല്‍ വിങ്ങിപ്പൊട്ടിക്കൊണ്ടു നിന്ന എന്നെ ഹില്‍ ഗേര്‍ഡ് ബലമായി അകത്തേക്കു പിടിച്ചു വലിച്ചുകൊണ്ടുപോയി.
അവര്‍ പോയി കുറച്ചു ദിവസം കഴിഞ്ഞു് ഒരു രാത്രി ഞങ്ങള്‍ക്കു് ഒരു സന്ദേശം കിട്ടി. മമ്മയ്ക്കും പപ്പയ്ക്കും ഒരപകടം പറ്റിയിരിക്കുന്നു. പപ്പ വീട്ടില്‍ വന്നപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതു്. നനഞ്ഞ റോഡിലൂടെ മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വണ്ടി മറിഞ്ഞു മമ്മ റോഡില്‍ തലയടിച്ചു വീണു, ഉടന്‍ മരിച്ചു.
അധികം താമസിയാതെ ഞങ്ങളുടെ ഇടവകയിലെ പല സ്ത്രീകളും പപ്പയെ വിവാഹം കഴിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ പപ്പ ഹില്‍ഗേര്‍ഡിനെ വിവാഹം കഴിക്കാനാണു തീരുമാനിച്ചതു്. അവള്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നില്ല. പാടാനോ, പള്ളിയില്‍ ക്ലാസ്സെടുക്കാനോ അറിയില്ല. എന്നിട്ടും പപ്പ ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍ എല്ലാവരും അദ്ഭുതപ്പെട്ടു.
എൻ്റെ കുഞ്ഞുഹൃദയം തകര്‍ന്നുപോയി. ക്രൂരയായ ഹില്‍ഗേര്‍ഡിനെ എൻ്റെ മമ്മയുടെ സ്ഥാനത്തു് എനിക്കൊരിക്കലും സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. പപ്പയുടെയും ഹില്‍ ഗേര്‍ഡിൻ്റെയും വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു് അവര്‍ ഇത്ര പെട്ടെന്നു വിവാഹിതരായതിൻ്റെ രഹസ്യം എല്ലാവര്‍ക്കും പിടികിട്ടിയതു്. വിവാഹം കഴിക്കും മുന്‍പു തന്നെ ഹില്‍ഗേര്‍ഡ് ഗര്‍ഭിണിയായിരുന്നു.
ഞാന്‍ ഭയപ്പെട്ടതുപോലെത്തന്നെ പപ്പയുമായുള്ള വിവാഹത്തിനുശേഷം ഹില്‍ഗേര്‍ഡ് എന്നെ കൂടുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വിഷമങ്ങള്‍ ആരോടും പറയാനില്ലാത്ത നിസ്സഹായതയാല്‍ എൻ്റെ പഠിപ്പു മോശമായി. പരീക്ഷയ്ക്കു മാര്‍ക്കു കുറയാന്‍ തുടങ്ങിയപ്പോള്‍ പപ്പയും എന്നെ അടിക്കാനും ശിക്ഷിക്കാനും ആരംഭിച്ചു.
എനിക്കു പതിനൊന്നു വയസ്സായി. ഒരു ദിവസം പപ്പ ചില ‘സുഹൃത്തുക്കളെ കാണാന്‍’ പോയി. പപ്പ പോയി കുറച്ചു സമയം കഴിഞ്ഞാണു ഹില്‍ഗേര്‍ഡ് എന്നോടു് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞതു്. പപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണത്രേ. മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. അതെൻ്റെ സ്വന്തം പപ്പയല്ല. അതു കൊണ്ടു് അവര്‍ക്കു രണ്ടു പേര്‍ക്കും എൻ്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ല.
എൻ്റെ സ്വന്തം മാതാപിതാക്കള്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടു്. എന്നെ ഇനി നോക്കാന്‍ വയ്യ എന്നു പപ്പ അവരെ അറിയിച്ചു. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടു് അവര്‍ എന്നെ തിരിച്ചെടുക്കാന്‍ തയ്യാറായി. (വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി, പപ്പയും ഹില്‍ഗേര്‍ഡും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതുകൊണ്ടു് അവര്‍ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു്.)
അതുവരെ സ്വന്തം അച്ഛന്‍ എന്നു വിചാരിച്ചിരുന്നയാള്‍ എൻ്റെ ആരുമല്ല എന്നു മനസ്സിലായപ്പോള്‍, ജന്മംതന്ന മാതാപിതാക്കള്‍ത്തന്നെ ജനിച്ചയുടന്‍ എന്നെ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോള്‍, ഞാനനുഭവിച്ച അപമാനവും ദുഃഖവും! ലോകത്തില്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എനിക്കു ജീവിക്കണമെന്നേ ഇല്ലാതായി. പക്ഷേ, മരിക്കാന്‍ എനിക്കറിയില്ല. എവിടേക്കും ഓടിപ്പോകാനും അറിയില്ല. അത്രയ്ക്കു കുഞ്ഞായിരുന്നു ഞാന്‍. അങ്ങനെ ഗതികെട്ടു ഞാനെൻ്റെ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോയി.
ദാരിദ്ര്യവും കഷ്ടപ്പാടും കാരണം വളരെ മോശമായിരുന്നു എൻ്റെ മാതാപിതാക്കളുടെ സ്ഥിതി. അമ്മ മക്കളെ തലങ്ങും വിലങ്ങും അടിക്കുമായിരുന്നു. ഒരിക്കല്‍ അവരെൻ്റെ സഹോദരനെ ബെല്‍റ്റിൻ്റെ ബക്കിളുള്ള ഭാഗംകൊണ്ടു് അടിച്ചിട്ടു് അവൻ്റെ മുഖത്തു നിന്നു ചോര ചീറ്റി വന്നു. ഞാന്‍ വന്നു് അധികം താമസിയാതെ എന്നെയും അമ്മ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.
ഒരു ദിവസം അമ്മയുടെ അടിയും തൊഴിയും സഹിക്കാനാകാതെ ഞാന്‍ വീടിൻ്റെ രണ്ടാം നിലയിലെ ജനലിലൂടെ ഇഴഞ്ഞു വീടിനു മുകളില്‍ പോയി ഒളിച്ചിരുന്നു. പലപ്പോഴും അമ്മ ഇലക്ട്രിക് വയറുകൊണ്ടാണു് അടിക്കാറു്. ഉള്ളിലെ കമ്പികളെല്ലാം പുറത്തായ ആ ഇലക്ട്രിക് വയറുകൊണ്ടു് അടിച്ചാല്‍ ദേഹമൊക്കെ മുറിയുമായിരുന്നു.
എൻ്റെ അച്ഛനും ഒരു ദുഷ്ടനായിരുന്നു. ഒരിക്കല്‍ അച്ഛനെന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്നു ഞാന്‍ രക്ഷപ്പെട്ടു. പിന്നെയും അച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയോടു പറഞ്ഞു കൊടുക്കുമെന്നു പറഞ്ഞു ഞാന്‍ ഭീഷണിപ്പെടുത്തി. അതിനു ശേഷം അച്ഛനും എന്നെ അടിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോയപ്പോള്‍ എൻ്റെ ദേഹത്തെ മുറിവുകള്‍ കണ്ട എൻ്റെ സഹപാഠികള്‍ സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ അച്ഛനെയും അമ്മയെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. അതുകൊണ്ടു ഫലമുണ്ടായില്ല. അച്ഛനെന്നോടു് ഇനിമുതല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോകരുതെന്നും നീണ്ട കയ്യുള്ള ഉടുപ്പിടണമെന്നും കല്പിച്ചു. അടിയും ശിക്ഷയും കൂടുതല്‍ ശക്തമാകുകയും ചെയ്തു.
എനിക്കിപ്പോള്‍ പതിനാലു വയസ്സു്. ഒരു ദിവസം ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മയുണ്ടു് നിലത്തു കുനിഞ്ഞിരുന്നു്, ഗ്യാസ് സിലിണ്ടര്‍ തുറന്നു മുഖം അതിനോടു ചേര്‍ത്തു് ആ ഗ്യാസ് ശ്വസിക്കുന്നു. ഞാന്‍ പെട്ടെന്നു തന്നെ ഗ്യാസ് അടച്ചു് അമ്മയെ വലിച്ചു മാറ്റി. അച്ഛനു മറ്റേതോ സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞിട്ടുണ്ടായ മാനസികവിഷമം മൂലമാണു് അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതു് എന്നു പിന്നീടു് ഞാന്‍ മനസ്സിലാക്കി.
എന്നാല്‍ അപ്പോള്‍ ഞാന്‍ വിചാരിച്ചതു് എൻ്റെ ഏതോ പിഴവുകൊണ്ടാണു് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതു് എന്നാണു്. കുറ്റബോധവും നിരാശയും മൂലം അന്നു രാത്രി കുറെ ഉറക്ക ഗുളികകള്‍ കഴിച്ചു ഞാനും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇരുപതോളം ഗുളികകള്‍ കഴിച്ചിട്ടും ഞാന്‍ മരിച്ചില്ല. പിറ്റേദിവസം രാവിലെ എൻ്റെ സ്ഥിതി കണ്ടു് അമ്മ അലറിക്കരഞ്ഞു് ഒരു സ്‌ട്രെച്ചര്‍ വരുത്തി എന്നെ ആശുപത്രിയില്‍ എത്തിച്ചു.
എൻ്റെ ജീവിതത്തിലെ കഷ്ടസ്ഥിതി മനസ്സിലാക്കിയ ഒരു ഡോക്ടര്‍ എന്നെ വീട്ടില്‍നിന്നു മാറ്റി, ഗവണ്‍മെന്റിനു കീഴിലുള്ള ഒരു ബാലികാസദനത്തിലെത്തിച്ചു. സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അനാഥരെപ്പോലെ ആയവര്‍ക്കു് എവിടെയും ഗതിയില്ല എന്നെനിക്കു് അധികം താമസിയാതെ മനസ്സിലായി.
വീട്ടില്‍ ഉള്ളതിലും കഷ്ടമായിരുന്നു ബാലികാ സദനത്തിലെ പീഡനം. ഒരു ദിവസം അവിടത്തെ ഒരു സ്ത്രീ എന്നെ അടിക്കാന്‍ ഓടിച്ചപ്പോള്‍ സഹികെട്ടു ഞാന്‍ എൻ്റെ ബാഗുപോലും എടുക്കാതെ അവിടെനിന്നു് ഓടി രക്ഷപ്പെട്ടു. എങ്ങനെയെന്നു പറയാനെനിക്കറിയില്ല. അവസാനം ഞാന്‍ ജര്‍മ്മനിയില്‍ നിന്നുതന്നെ രക്ഷപ്പെട്ടു.
നാല്പതു വര്‍ഷം കഴിഞ്ഞു. ഈ കാലമത്രയും ഞാന്‍ ബാല്യത്തില്‍ എനിക്കു കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനത്തിൻ്റെ തണലും സുരക്ഷിതത്വവും തേടി അലയുകയായിരുന്നു. അലഞ്ഞതെല്ലാം തെറ്റായ സ്ഥലങ്ങളിലായിരുന്നു. ഈശ്വരന്‍ എന്നെ കൈവെടിഞ്ഞില്ല.
1978ല്‍ ഞാന്‍ യോഗാനന്ദ പരമഹംസയുടെ ‘ഒരു യോഗിയുടെ ആത്മ കഥ’ എന്ന പുസ്തകം വായിച്ചു. ഞാന്‍ പതുക്കെപ്പതുക്കെ മാറാന്‍ തുടങ്ങി. ധ്യാനവും യോഗാസന പരിശീലനവും ജീവിതത്തിൻ്റെ ഭാഗമായി. മദ്യപാനവും മാംസ ഭക്ഷണവും ഉപേക്ഷിച്ചു. ജീവിതത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ എന്നെ മറ്റൊരാളാക്കി. ആത്മീയജീവിതം ഞാന്‍ തുടങ്ങിയിട്ടില്ല. എന്നിട്ടും ജീവിതത്തിനു് എന്തൊരു ശാന്തിയും സമാധാനവും!
ഒരു ദിവസം യോഗക്ലാസ്സിലെ എൻ്റെ സുഹൃത്തുക്കള്‍ വളരെ ആവേശത്തോടെ ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടു. ‘അമ്മ’ എന്നാണത്രെ ആ സ്ത്രീ യുടെ പേരു്. അവര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമ്മയെ കാണാന്‍ പോകാന്‍ ഒരുങ്ങുകയാണു്. എനിക്കും അമ്മയെ കാണണമെന്നു് ആഗ്രഹം തോന്നി.
എൻ്റെ സുഹൃത്തുക്കള്‍ എന്നെ കൂടെ കൊണ്ടുപോകാമെന്നേറ്റു. ഞങ്ങള്‍ പ്രോഗ്രാം സ്ഥലത്തെത്തിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു ഭാരതീയവനിത ഹാളിലിരുന്നു മുന്നില്‍ വരുന്നവരെയൊക്കെ ആലിംഗനം ചെയ്തു സ്വീകരിക്കുകയാണു്. അമ്മയുടെ പുറകില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അമ്മയുടെ ശിഷ്യരാണു്, തബലയും കീ ബോര്‍ഡും ഹാര്‍മ്മോണിയവുമൊക്കെവച്ചു ഭജന ആലപിക്കുന്നുണ്ടായിരുന്നു.
രണ്ടു മണിക്കൂറോളം ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ടാകും. അവസാനം ഞാന്‍ അമ്മയുടെ മുന്നിലെത്തി. അമ്മയ്ക്കു കൊടുക്കാന്‍ വാങ്ങിയ ഒരു ചെറിയ പൂച്ചെണ്ടും കൈയില്‍ പിടിച്ചു്, തുടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അമ്മയുടെ മുന്‍പില്‍ മുട്ടുകുത്തി. അടുത്ത നിമിഷം ഞാന്‍ അതുവരെ കണ്ടിരുന്ന ലോകം ഇല്ലാതെയായി. മനുഷ്യമനസ്സിനു സങ്കല്പിക്കാനാകാത്ത സ്നേഹത്തോടെ, കാരുണ്യത്തോടെ അമ്മ എന്നെ മാറോടു ചേര്‍ത്തു.
ദൈവികമായ ഒരു ഊര്‍ജ്ജ പ്രവാഹം എൻ്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും നിറഞ്ഞു. ഈ അമ്മയ്ക്കു് എന്നോടു് എന്തൊരു സ്നേഹമാണു്! ഞാന്‍ എത്ര വേണ്ടപ്പെട്ടവളാണു്. അമ്മേ! ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവിടുത്തെ തേടുകയായിരുന്നുവല്ലോ. ഇപ്പോഴാണല്ലോ എൻ്റെ അന്വേഷണം അവസാനിച്ചതു്.
ഞാന്‍ അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷങ്ങളും വേദനകളും ഒരു നിമിഷംകൊണ്ടു് ഇല്ലാതെയായി. എൻ്റെ മമ്മ അവസാനമായി തരാതെ പോയ ആ ആലിംഗനം നഷ്ടപ്പെട്ടതിൻ്റെ ഹൃദയ വേദന ഇപ്പോഴാണു് എന്നെ വിട്ടു മാറിയതു്. അമ്മയുടെ കരവലയത്തിനുള്ളില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വവും അവര്‍ണ്ണനീയമായ ആനന്ദവും – അതു വിവരിക്കാന്‍ വാക്കുകളില്ല.
ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ ഇങ്ങനെ ഒരു അനുഗ്രഹം ഏറ്റുവാങ്ങാന്‍ എന്നെ ഒരുക്കുകയായിരുന്നു എന്ന അറിവോടെ ഞാന്‍ ആ ഹാളിലിരുന്നു. ഹൃദയത്തില്‍നിന്നു് ആത്മനിന്ദയും കുറ്റബോധവും എല്ലാമൊഴിഞ്ഞുപോയി. അമ്മയുടെ സ്നേഹം ലഭിക്കാന്‍ യോഗ്യയാണു ഞാനും എന്നു ബോദ്ധ്യമായപ്പോള്‍ എനിക്കു സ്വയം ഒരു മതിപ്പു തോന്നി.
അമ്മയുടെ ഒരൊറ്റ ദര്‍ശനം, ഒരു സ്പര്‍ശനം എൻ്റെ ജീവിതമാകെ മാറ്റി. അന്നുമുതല്‍ എല്ലാ ആറുമാസത്തിലും അമ്മ സാന്‍ റമണ്‍ ആശ്രമത്തിലെത്തുമ്പോഴൊക്കെ ഞാന്‍ അമ്മയെ കാണും. അമ്മയുടെ കൂടെ കഴിയും. അവിടെ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യും. കേരളത്തില്‍ അമ്മയുടെ ആശ്രമം ഞാന്‍ നാലു പ്രാവശ്യം സന്ദര്‍ശിച്ചു. ഓരോ പ്രാവശ്യവും മൂന്നുമാസത്തോളം താമസിച്ചു.
ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതൊക്കെ നന്മകള്‍ മാത്രം. മനസ്സില്‍ ശാന്തിയും സമാധാനവും മാത്രം. അമ്മയുമായി അടുക്കാന്‍ സാധിച്ചു; അതിലെനിക്കു് ഈശ്വരനോടു നന്ദിയുണ്ടു്. ഞാന്‍ അനുഭവിച്ചിരുന്നതുപോലെ ദുഃഖം അനുഭവിക്കുന്നവരൊക്കെ അമ്മയുടെ അടുത്തെത്തട്ടെ; അതാണെൻ്റെ പ്രാര്‍ത്ഥന.