പി.എസ്. നമ്പീശന്‍

പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-
ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!
ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-
താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…
ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ച
വാത്സല്യമാത്മാവറിഞ്ഞിരുന്നു.

സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-
ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂ
അന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-
യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ…

എന്നെയും താങ്ങി നീളുന്ന പഥങ്ങളി-
ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍
ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍
തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നും
വേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍
നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായും
ആന്ധ്യമകറ്റും തിരികളിലക്ഷര-
ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നും
അന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-
തമ്മേ,യവിടുന്നു മാത്രമല്ലേ?

ആരാണവിടുന്നു? – ചോദ്യത്തിനുത്തരം
പാഴിലാണെന്നു വരുന്നനേരം,
കേവലം മാനുഷമാതിര്‍രേഖകള്‍
ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലം
ഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-
നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍
അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-
രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,
തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്
പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…
യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്
ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായി
അമ്മേ,യവിടുന്നപാരതയായെൻ്റെ
കൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,
ഏഴു കടലിനുമപ്പുറത്തല്ലെൻ്റെ
മോക്ഷാമൃതമെന്നതല്ലേ, വേദം?