കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്‍റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു.

സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം തീയതി രാത്രി 8.20നു മോസ്കോയിൽ നിന്നും ഇന്ത്യയിലേയ്ക്കു വിമാനം കയറി ഏതാനും മണിക്കൂറുകൾക്കകം അവിടെ കർഫ്യൂ പ്രഖ്യാപിച്ചു.

കർഫ്യൂ പ്രഖ്യാപനം അമ്മ പുറപ്പെട്ടതിനുശേഷമായതിനാൽ, സമയത്തിനു തന്നെ അമ്മയ്ക്ക് റഷ്യയിൽ നിന്നും പുറപ്പെടുവാനും, അമൃതപുരിയിലെത്തിച്ചേരുവാനും കഴിഞ്ഞു. അമ്മയെ ദർശിക്കുവാനുള്ള ഭാരതത്തിലെ മക്കളുടെ മൂന്നുമാസം നീണ്ട കാത്തിരിപ്പും സഫലമായി. ആഗസ്റ്റ് 21-ാം തീയതി അമ്മ സസുഖം അമൃതപുരിയിലെത്തിച്ചേർന്നു.

റഷ്യൻ ഭരണകൂടത്തെ അട്ടിമറിച്ചതുമൂലമുണ്ടായ സംഘര്‍ഷങ്ങളും, പ്രതികൂല സാഹചര്യങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും ധാരാളം ഭക്തജനങ്ങൾ അമ്മയെ ദർശിക്കുവാനെത്തി. അമ്മയുടെ ദിവ്യപ്രേമവും സമദർശനവും , വിണ്ട് വരണ്ട് വേദന പേറി നടക്കുന്ന റഷ്യൻ ജനതയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു, ആശ്വാസദായകമായിരുന്നു. അമ്മയുടെ ദർശനവും, ഭജനയും നടന്ന ഹാളുകൾ, റഷ്യയിലെ അമ്മയുടെ മക്കളെക്കൊണ്ടു് നിറഞ്ഞുകവിഞ്ഞു.

അമ്മ ഹാളിലേയ്ക്കു കയറിയ നിമിഷം തന്നെ, പ്രത്യേകിച്ച് യാതൊരു നിർദ്ദേശവും ലഭിക്കാതെ അവർ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു അമ്മയോടുള്ള ആദരവു പ്രകടപ്പിച്ച് – അമ്മയ്ക്ക് പ്രണാമങ്ങൾ അർപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അമ്മയുടെ ഭക്തരായ രണ്ടു റഷ്യൻ യുവതികളും അമ്മയെ അനുഗമിച്ചിരുന്നു. അവരാണു അമ്മയുടെ സംഭാഷണങ്ങള്‍ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.

റഷ്യന്‍ ജനത അമ്മയുമായി നടത്തിയ സംഭാഷണങ്ങളില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ രംഗങ്ങളിലെ അടിച്ചമർത്തൽ മൂലം നേരിടുന്ന വിഷാദം നിഴലിട്ടു നിന്നിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളോടൊപ്പം സാമൂഹിക , പ്രശ്നങ്ങളെക്കുറിച്ചും അവർ അമ്മയോടു സംസാരിച്ചു.

“ഈശ്വര സങ്കല്പം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അവ്യക്തമായ ഒന്നാണ്. ഞങ്ങളുടെ ജീവിതവുമായി അതിന് വലിയ ബന്ധമൊന്നുമില്ല. എങ്കിലും ഈശ്വരൻ കാരുണ്യ മൂര്‍ത്തിയാണെന്നും, സമദര്‍ശിയാണെന്നുമൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ അതിൽ അത്രമാത്രം വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അമ്മയെ ദർശിച്ചതോടെ, ആ സാമീപ്യം അനുഭവിക്കുവാന്‍ കഴിഞ്ഞതോടെ, അതു യാഥാത്ഥ്യമാണെന്നു ഞങ്ങൾക്ക് ബോധ്യമായി. സ്നേഹവും, കാരുണ്യവും , സമദർശനവും ഈശ്വരന്‍റെ ഗുണങ്ങളാണെന്നും, അങ്ങനെയുള്ള ഈശ്വര പുരുഷന്മാർ ഇന്നും ജീവിച്ചിരിക്കുന്നു എന്നും അമ്മയെ കണ്ടതോടെ വിശ്വസിക്കാൻ നിർബന്ധിതരായിരിക്കുന്നു.”

അമ്മ പറഞ്ഞു, “മക്കളേ, ബുദ്ധി കൊണ്ടു മാത്രം ആത്മീയം ഉൾക്കൊള്ളാൻ പറ്റില്ല. അതിന് ഹൃദയം കൂടിവേണം. വെള്ളമണലും, പഞ്ചസാരയും കൂടി കലർന്നു കിടന്നാൽ ബുദ്ധി കൊണ്ടു വിവേചിച്ച് അറിയുക പ്രയാസമാണ്. എന്നാൽ ഉറുമ്പ് പഞ്ചസാര മാത്രം നുണയുന്നു. അതുപോലെ, ആദ്ധ്യാത്മികാനുഭൂതി നുകരണമെന്നുണ്ടെങ്കിൽ ബുദ്ധിമാത്രം പോര, നിഷ്കളങ്കമായ ഹൃദയം കൂടിവേണം.”

തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞു………..

“സ്വാതന്ത്ര്യം വെളിയിൽ അന്വേഷിക്കേണ്ടതല്ല, അതു മക്കളിൽത്തന്നെയുണ്ട്. അതു നേടിയാൽ സുഖദുഃഖങ്ങളെ അതിജിവിക്കാം. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം, വെള്ളം കിട്ടാതെ മരിക്കേണ്ടിവരും എന്ന് ഭയപ്പെടുന്നതുപോലെയാണു് മക്കളുടെ അവസ്ഥ. നിങ്ങൾക്ക് നിങ്ങളിൽത്തന്നെ സ്വാതന്ത്ര്യമുണ്ടു്. അതിനെ കണ്ടെത്തിയാൽ മാത്രം മതി. ഒരു പശുവിനെ കുറെ ദിവസം ഒരു കയറിൽ, ഒരു സ്ഥലത്ത് കെട്ടിയിട്ടു. അവസാനം കയറഴിച്ചുവിട്ടിട്ടും അതിനു ദൂരേയ്ക്കു പോകുവാൻ താല്പര്യമില്ല. കെട്ടഴിച്ചിട്ടും താൻ കെട്ടിൽത്തന്നെയാണെന്നാണ് അതിന്‍റെ ഭാവം അതുപോലെ, നിങ്ങൾ ബദ്ധരാണെന്ന് ചിന്തിക്കുന്നു. പക്ഷെ നിങ്ങൾ ബദ്ധരല്ല, സ്വതന്ത്രരാണ്.

നിങ്ങളെ ആര്‍ക്കും ബദ്ധരാക്കുവാൻ കഴിയില്ല. ഒരാള്‍ സ്വയം മുരുക്കു മരത്തില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടു, മുള്ളു കൊണ്ട് വേദനിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുകയാണ്. ആരും അയാളെ കെട്ടിയിട്ടില്ല. സ്വയം മാറുകയേ വേണ്ടൂ. അതുപോലെയാണ് നമ്മുടെ അവസ്ഥ. ദുഃഖമോ, ബന്ധനമോ ഒന്നും നമ്മളെ വന്നു പിടിച്ചിട്ടില്ല. നമ്മള്‍ അവയെ പിടിച്ചുകൊണ്ട് നില്ക്കുകയാണ്. ആ പിടി വിടുകമാത്രമേ വേണ്ടൂ. പിന്നെ സ്വാതന്ത്ര്യം തന്നെ, ആനന്ദം തന്നെ. മക്കൾ ആന്തരിക സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിക്കൂ.

മക്കൾ മനസ്സിനെ വിശാലമാക്കാൻ പഠിക്കൂ. ആനന്ദം നമ്മളിൽ തന്നെ കണ്ടെത്താം. ശാശ്വതമായുള്ളതു് ആത്മാവാണ്. ആന്തരികമായ അന്വേഷണത്തിലൂടെ അതിനെ അറിയാൻ കഴിയും. അപ്പോൾ ദുഃഖം പൂർണ്ണമായും ഒഴിവാകും.

ഭക്തന്മാർ അമ്മയോടു കാണിച്ച പ്രേമവും, ഭക്തിയും അവിശ്വസനീയമായിരുന്നു. റഷ്യൻ ജനതയ്ക്ക് ഇതിനു കഴിയുമോ എന്ന് അത്ഭുതപ്പെട്ടുപോയി. ശ്രീ ചക്രത്തെക്കുറിച്ചും, പൂജാവിധികളെക്കുറിച്ചും ഗവേഷണം നടത്തുന്ന ഒരു പ്രൊഫസർ, പൂജയുടെ പ്രയോജനത്തെ കുറിച്ചാണു് അമ്മയോട് ചോദിച്ചത്.

അമ്മ പറഞ്ഞു; “പായസം വെയ്ക്കുമ്പോൾ, അതിനുവേണ്ടി എന്തെടുക്കുമ്പോഴും പായസത്തെക്കുറിച്ചാണു് ഓർക്കുന്നതു്. അതുപോലെ, പൂജ ആത്മതത്ത്വത്തിലേയ്ക്ക് എത്താനാണെന്നുള്ള ബോധത്തോടുകൂടിയാണ് ചെയ്യുന്നതു്. അവിടെ മററു ചിന്തകൾക്ക് സ്ഥാനമില്ല. പൂജ, ജപം എന്നിവകൊണ്ട് ചിന്തകളെ നിയന്ത്രിക്കാം. ചിന്തകൾ കുറയുമ്പോൾ മനസ്സ് ഏകാഗ്രമാകും. ഏകാഗ്രമായ മനസ്സ് സ്ഫടികം പോലെയാണു്. അവിടെ ആത്മാവിനെ ദർശിക്കാം. ഓളമില്ലാത്ത കായലിൽ സൂര്യന്‍റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണാൻ കഴിയുന്നുവോ, അതുപോലെ ചിന്തകളടങ്ങി ഏകാഗ്രമായ മനസ്സിൽ ആത്മദർശനമുണ്ടാകുന്നു.

തുടക്കത്തിൽ ക്ഷമയെ കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു ക്രിയകൂടിയാണ് പൂജ. പൂജയുടെ ശരിയായ തത്ത്വം മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിൽ അതിന് നമ്മെ പൂർണ്ണതയിലെത്തിയ്ക്കുവാൻ കഴിയും. നമ്മുടേത് അപക്വമായ മനസ്സാണ്, ക്ഷമ തീരെയില്ല. അങ്ങനെയുള്ള മനസ്സിൽ ക്ഷമയും, പക്വതയും വളർത്താൻ പൂജ സഹായിക്കുന്നു. കണ്ണിന്ന് കാഴ്ചയില്ലാത്ത കുട്ടികളെ അക്ഷരത്തിൽ തൊട്ട് പഠിപ്പിക്കുന്ന ഒരു പ്രത്യേക സമ്പ്രദായമുണ്ട്. അവർക്ക് പുറമേയ്ക്ക് കാഴ്ചയില്ലാത്തതിനാല്‍ വസ്തുക്കളില്‍ തൊട്ട് അവയുടെ സ്വഭാവം അറിഞ്ഞ് പഠിക്കുന്നു.

നമുക്ക് ഉള്‍ക്കാഴ്ചയാണില്ലാത്തത്. അതിനാല്‍ ബാഹ്യമായ കാര്യങ്ങളിൽ ശ്രദ്ധ വരുത്തി ക്ഷമയും, പക്വതയും ആര്‍ജ്ജിച്ച് ഉള്‍ക്കാഴ്ച നേടുവാനുള്ള സാഹചര്യം പൂജയിൽക്കൂടി ലഭിക്കുന്നു. പൂജയ്ക്കു വേണ്ടി ഓരോ വസ്തു എടുക്കുമ്പോഴും അത്ര സമയമെങ്കിലും നമ്മള്‍ ക്ഷമാലുവാകുന്നു. ഓരോ ക്രിയ ചെയ്യുമ്പോഴും മനസ്സ് അറിയാതെ തന്നെ ഏകാഗ്രമാകുന്നു. അങ്ങനെ മനസ്സിന്‍റെ പൂര്‍ണ്ണമായ ഏകാഗ്രതയില്‍ രണ്ടെന്ന ഭാവം നഷ്ടമാകുന്നു. ആ ഏകത്വഭാവത്തിൽ നാം നമ്മെത്തന്നെ മറക്കുന്നു. അവിടെ ആനന്ദം മാത്രമാണുള്ളതു്. ഭൗതികമായി ആനന്ദിക്കണമെങ്കിലും മനസ്സ് അടങ്ങണം. രണ്ടെന്നുള്ള ഭാവം നഷ്ടമാകണം.

ആത്മീയത്തിൽ ആനന്ദം നുകരണമെങ്കിലും, സമർപ്പണം കൂടാതെ കഴിയില്ല. കയ്യിൽ വിത്തുവെച്ചുകൊണ്ടും പ്രാർത്ഥിച്ചാല്‍ വിത്തു കിളിര്‍ക്കില്ല. വിത്ത് മണ്ണിനടിമപ്പെടുന്നതുകൊണ്ടാണ് അത് കിളിർത്ത് വൻവൃക്ഷമാകുന്നതത്. ട്രെയിനിൽ കയറിയാൽ പിന്നേയും ഭാരം തലയിലേറ്റി നിൽക്കേണ്ട കാര്യമില്ല. അത് താഴത്തിറക്കി വെയ്ക്കാം. അതുപോലെ, ഈശ്വരനേയോ ഗുരുവിനേയോ ആശ്രയിച്ചുകഴിഞ്ഞാൽ, സർവ്വഭാരങ്ങളും ആ പാദങ്ങളിൽ സമർപ്പിക്കുവാൻ തയ്യാറാകണം.”

സഗുണ നിർഗുണ സാധനകളെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു; “ഏതിലെങ്കിലും ചാരി നിൽക്കുക എന്നത് നമ്മുടെ മനസ്സിന്‍റെ സ്വഭാവമാണു്. ചെറുപ്പത്തിൽ സുഖവും, ദുഃഖവും അമ്മയോടു പറഞ്ഞു, കുറച്ചു വലുതായപ്പോൾ കളിത്തോഴരോടു പറഞ്ഞു, മുതിന്നപ്പോൾ സുഖവും ദുഃഖവും കൂട്ടുകാരിയുമൊത്തു പങ്കിട്ടു. മനസ്സിൻറ ഈ ശീലം പെട്ടെന്നു മാറ്റുവാൻ സാധിക്കില്ല. മനസ്സിന് പിടിച്ചു നിൽക്കുവാൻ ഒരുപാധിവേണം. അതിനുവേണ്ടി സഗുണ സാധനയിൽ, നമ്മിൽ പരിശുദ്ധഭാവം വിടര്‍ത്തുന്ന ഈശ്വരരൂപങ്ങളെ സ്വീകരിച്ചിരിക്കുന്നു. നിർഗുണ സാധകരും ’നേതി നേതി’ ചൊല്ലിയാണ് മുന്നോട്ട് പോകുന്നതു്. അതും ഒരുപാധി തന്നെ. ഈശ്വരൻ നമ്മുടെയുള്ളിൽത്തന്നെ.

എന്നാൽ കാമുകീ കാമുക ഭാവത്തിലൂടെ ആ ഈശ്വരനെ വേഗം അറിയുവാനും, ആനന്ദം നുകരാനും കഴിയും. ഒരു നാണയത്തിൻറ രണ്ടുവശം പോലെയാണ് സഗുണവും നിർഗുണവും. രണ്ടിനും ആധാരം വ്യാപ്തമായ ഈശ്വരൻ തന്നെ. മുകളിലേയ്ക്കു പിടിച്ചു കയറാൻ സഹായിക്കുന്ന കയറുപോലെയാണ് സഗുണ രൂപങ്ങൾ. വെള്ളം മുന്നിലുണ്ടെങ്കിലും കോരികുടിക്കണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ച് ദാഹം ശമിച്ചാല്‍ പാത്രം കളയാം. അതുപോലെ സഗുണ ആരാധകന്‍ തത്ത്വം മനസ്സിലാക്കിക്കഴിയുമ്പോൾ രൂപം തന്നെ വിട്ടു പൊയ്ക്കൊള്ളും. സഗുണവും നിർഗ്ഗണവും ഭിന്നമല്ല. അവ സാധകനെ ഒരേ സത്യത്തിലേയ്ക്കു നയിക്കുന്നു. രണ്ടും ഒരേ ചൈതന്യത്തില്‍തന്നെ എത്തിച്ചേരുന്നു.”

ആദ്ധ്യാത്മികമായ ധാരാളം ചോദ്യങ്ങൾ അവർ അമ്മയോട് ചോദിച്ചു. പോകുന്നതിനു മുമ്പായി അവർ പറഞ്ഞു. ”ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചതിൽ അമ്മ ക്ഷമിക്കണം. ചോദ്യം ചോദിക്കുന്നതിനേക്കാൾ ആ സാമീപ്യം അനുഭവിക്കുന്നതിലാണു് കൂടുതൽ ആനന്ദമെന്നും ഞങ്ങൾക്കു ബോദ്ധ്യമായി. അമ്മ ഇവിടെ നിന്നു പോയാലും ആ സാമീപ്യം ഞങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. അതിന് അമ്മ അനുഗ്രഹിക്കണം.”

റഷ്യയിൽ അധികാരമാററം നടന്നതിനുശേഷം അമ്മയെ ദർശിക്കുവാനെത്തിയവർ ചോദിച്ചു. ”അമ്മേ, ഞങ്ങൾക്കിതില്‍ നിന്നും മോചനമില്ലേ? ഭരണനേതൃത്ത്വം മാറി മാറി വരുന്നു. സ്വാതന്ത്ര്യം വീണ്ടും ഹനിക്കപ്പെടുന്നു. ഇന്ത്യയിൽ വന്ന് അമ്മയോടൊത്തു താമസിക്കുവാൻ ഞങ്ങളാഗ്രഹിക്കുന്നു. പക്ഷെ, സ്വാതന്ത്ര്യമില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു് ഉദ്യോഗസ്ഥന്മാര്‍ക്ക് വെളിയിൽ പോകാം. സാധാരണക്കാരന് പോകാൻ നിയമമില്ല. ഞങ്ങളെന്തു ചെയ്യണം ? ഇനി എന്തു നടക്കുവാൻ പോകുന്നു എന്നറിയില്ല. അടുത്ത നിമിഷം എന്തും സംഭവിക്കാം. അതിനെക്കുറിച്ച് ഓർത്തു് ഉറങ്ങാൻ കഴിയുന്നില്ല. അമ്മയുടെ അടുത്ത് നില്ക്കുമ്പോൾ ഞങ്ങൾ എല്ലാം മറക്കുന്നു. ശാന്തി എന്തെന്നറിയുന്നു.

അമ്മ, അവരുടെ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു. “മക്കളെ, തീർത്തും നിങ്ങൾക്കു മോചനമുണ്ടാകും. മുള വരുന്നതിന് വേണ്ടി ഒരു വിത്തുപൊട്ടുമ്പോൾ അതിനുണ്ടാകുന്ന വേദനപോലെ, പുഷ്പം വിടരുന്നതിനുവേണ്ടി മൊട്ട് വിരിയുമ്പോൾ അത് അനുഭവിക്കുന്ന വേദനപോലെ ഇന്നത്തെ ഈ ദു:ഖങ്ങളും പ്രയാസങ്ങളും ഒരു നല്ല നാളേയ്ക്കു വേണ്ടിയാണ്”.

എല്ലാ ദിവസവും അമ്മയുടെ ദശനത്തിനും മുടങ്ങാതെ എത്തിക്കൊണ്ടിരുന്ന ഒരു റഷ്യൻ യുവാവ് വികാരാധീനനായി പറഞ്ഞു “ഇവിടുത്തെ ജീവിതം ഞങ്ങൾക്കു ജയിലുപോലെ തോന്നുന്നു പക്ഷെ അമ്മയെ കാണുവാനും ആ വാക്കുകൾ കേൾക്കുവാനും കഴിഞ്ഞപ്പോള്‍ ബാഹ്യസ്വാതന്ത്ര്യത്തെക്കാൾ ആന്തരിക സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം എനിക്കു മനസിലായി. എനിക്കതാണാവശ്യം. ബാഹ്യമായ സ്വാതന്ത്ര്യമല്ല, ആന്തരീകമായ സ്വാതന്ത്ര്യമാണ് ഒരുവന് ശാന്തി നൽകുന്നതെന്ന് അമ്മയുടെ സാന്നിധ്യംകൊണ്ടു തന്നെ എനിക്ക് ബോദ്ധ്യമായി.

അമ്മയെ യാത്ര അയയ്ക്കുന്നതിനുവേണ്ടി എത്തിയ ഭക്തജനങ്ങള്‍ അമ്മയോട് പറഞ്ഞു “ഈശ്വരനെക്കുറിച്ചും , ഗുരുക്കന്മാരെക്കുറിച്ചും വികലമായ ധാരണകള്‍ മാത്രമുണ്ടായിരുന്ന ഞങ്ങള്‍ക്ക് അമ്മയുടെ ദര്‍ശനത്തോടെ ശരിയായ ഉള്‍ക്കാഴ്ച ലഭിച്ചു. ആത്മീയ ജീവിതം ഒരുവന് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം എത്രയോ മഹത്തരമാണെന്ന് അമ്മയില്‍ നിന്നും അമ്മയുടെ മക്കളില്‍ നിന്നും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ സാമീപ്യത്തില്‍ തന്നെ ആ ആനന്ദത്തിന്‍റെ അല്പമാത്രമെങ്കിലും അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു മുള കാറ്റത്തു വളയുന്നതുപോലെ അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ മനസ്സിനെ സ്വാഭാവികമായിത്തന്നെ ആത്മീയ പാതയിലേക്ക് വളച്ചു കഴിഞ്ഞു. ബാഹ്യ സ്വാതന്ത്ര്യം മാത്രം കൊതിച്ച ഞങ്ങള്‍ക്ക് ഇനി മുഖ്യമായി വേണ്ടത് ആന്തരിക സ്വാതന്ത്ര്യമാണ്. അതിന് അതില്‍ ജീവിക്കുന്ന ഒരാള്‍ മാതൃകയായി വേണം. അതുകൊണ്ട് അമ്മ ഞങ്ങളെ നയിക്കണം.”

അമ്മയെ യാത്രയയക്കുവാൻ എത്തിയവരുടെ കൂട്ടത്തിൽ നല്ല പങ്കും യുവാക്കളായിരുന്നു. 20-ാം തീയതി വൈകീട്ട് അമ്മ ഇന്ത്യയിലേയ്ക്ക് യാത്രതിരിച്ചപ്പോൾ വിമാനത്താവളത്തിൽ കൂടിനിന്നിരുന്ന ഭക്തന്മാർ പലരും വിങ്ങിക്കരഞ്ഞു. ഈശ്വരപ്രേമം ജീവിതത്തിൽ ആദ്യമായി അവർക്കു പകർന്നു കൊടുത്ത _ ദുഃഖവിമോചനം ആന്തരീക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ നേടാന്‍ കഴിയൂ എന്നവരെ പഠിപ്പിച്ച _ അമ്മയുടെ വേർപാട് അവരെ ശോകമൂകരാക്കി.

മോസ്കോ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചുപോലും അമ്മ, തന്നെ യാത്ര അയയ്ക്കാൻ എത്തിയ ഭക്തന്മാർക്ക് ദർശനം നൽകി. മറ്റു യാത്രക്കാർ അത്ഭുതത്തോടെ ആ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞു “അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില് ഒരിക്കലും മറക്കാനാവാത്തതാണ്. ഞങ്ങള്‍ ഞങ്ങളേപ്പോലും മറന്ന നിമിഷങ്ങളായിരുന്നു അത്. ഞങ്ങൾക്ക് അറിയപ്പെടാതിരുന്ന ഒരു ലോകത്തിലേയ്ക്ക് അമ്മ ഞങ്ങളെ നയിച്ചു. അമ്മ വീണ്ടും വരണേ…… ഈ പാവപ്പെട്ട മക്കളെ മറക്കരുതേ…..!

അമ്മയെക്കുറിച്ച് അവർ ആദ്യമായി കേൾക്കുന്നു. അമ്മയെ ആദ്യമായി കാണുന്നു. നേരിട്ട് സംസാരിക്കുവാൻ ഭാഷയുടെ പരിമിതി; എന്നിട്ടും അത്യത്ഭുതകരമായ പരിവർത്തനമാണ് അമ്മ അവരിൽ സൃഷ്ടിച്ചതു്. കണ്ണുകൾ നിറഞ്ഞൊഴുകാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല. കേവലം മൂന്നു ദിവസംകൊണ്ട് അമ്മ അവരുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. വിമാനത്താവളത്തിൽ വെച്ച് തൊഴുകൈകളോടെ ഒരു ഭക്തൻ പറഞ്ഞു. _ “ഇനിയുള്ള എന്‍റെ ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി ഞാൻ കാത്തിരിക്കും _ അടുത്ത വർഷം അമ്മയെക്കാണാൻ…. ആ മടിത്തട്ടിൽ തലചായ്ക്കാൻ !”