പത്രലേ: അമ്മ ഗുരുവെന്ന നിലയ്ക്കല്ലേ ഇവരെ നയിക്കുന്നത്?
അമ്മ: അതൊക്കെ ഓരോരുത്തരുടേയും സങ്കല്പംപോലെ. അമ്മയ്ക്കു പ്രത്യേകിച്ചൊരു ഗുരുവുണ്ടായിരുന്നില്ല. ആരെയും ശിഷ്യരായി എടുത്തിട്ടുമില്ല. ഒക്കെ ജഗദംബയുടെ ഇച്ഛപോലെ നടക്കുന്നുവെന്നേ അമ്മ പറയുന്നുള്ളൂ.

പത്രലേ: എൻ്റെ ഒരു കൂട്ടുകാരനുണ്ട്. ജെ. കൃഷ്ണമൂർത്തിയുടെ വലിയ ആരാധകനാണ്.
അമ്മ: അദ്ദേഹത്തിൻ്റെ ഭക്തരായ ധാരാളം കുഞ്ഞുങ്ങൾ ഇവിടെയും വന്നിട്ടുണ്ട്. വിദേശമക്കൾക്കു് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

പത്രലേ: കൃഷ്ണമൂർത്തിക്കു ശിഷ്യന്മാരേയില്ല. അദ്ദേഹത്തിൻ്റെ കൂടെ ആരെയും താമസിപ്പിക്കാറുമില്ല. അദ്ദേഹത്തിൻ്റെയടുത്തു പോകാം, നമുക്കു സംസാരിക്കാം, ആ സംസാരത്തിൽനിന്നുതന്നെ നമുക്കു വേണ്ടതു കിട്ടുമെന്നാണ്. ആ സാന്നിദ്ധ്യംതന്നെ ഒരു പ്രചോദനമാണ്. അദ്ദേഹം വളരെ ജോളിയായി നടക്കുന്നു. ഒരു ഗുരുവിൻ്റെ യാതൊരു പരിവേഷവുമില്ല.

അമ്മ: പക്ഷേ ഒരു കാര്യം. ഗുരു വേണ്ടാ എന്നു് അദ്ദേഹം പറയുന്നതുതന്നെ ഒരു ഉപദേശമല്ലേ? അതു മറ്റൊരാൾ കേട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ അവിടെ ഗുരുവും ശിഷ്യനും വന്നില്ലേ?
ലേഖകൻ: ഉപദേശിക്കാറില്ല, പഠിപ്പിക്കാറുമില്ല.
അമ്മ: പ്രസംഗിക്കുന്നതോ കുഞ്ഞേ?
യുവാവ്: പ്രസംഗിക്കുന്നത്, അതു സംസാരിക്കുന്നതുപോലെയേയുള്ളു ലഘുവായിട്ട്.

അമ്മ: ഗുരുക്കന്മാരാരും തന്നെ അനുസരിക്കണമെന്നോ, താൻ പറയുന്നതുപോലെ ജീവിക്കണമെന്നോ ഒന്നും അനുശാസിക്കാറില്ല. എന്നാൽ അവരുടെ ഓരോ വാക്കും ഉപദേശമാണ്. അവരുടെ ജീവിതം തന്നെയാണു് ഉപദേശം. കൃഷ്ണമൂർത്തിയുടെ വാക്കു് നമ്മൾ കേൾക്കുന്നു. അത് അനുസരിക്കുമ്പോഴല്ലേ നമ്മളിലെ സത്തയെ അറിയുവാൻ കഴിയുന്നത്. ആ അനുസരണാബോധംതന്നെ ശിഷ്യത്വം. അതു നമ്മിൽ വിനയവും എളിമയും വളർത്തുന്നു. അച്ഛനെയും അമ്മയെയും അനുസരിച്ചു വളരുന്ന കുട്ടികൾ മാത്രമേ നന്നായിക്കണ്ടിട്ടുള്ളൂ. മാതാപിതാക്കളോടുള്ള അനുസരണയിൽ നിന്നാണു നമ്മളിൽ ധർമ്മബോധം വളരുന്നത്.

കൃഷ്ണമൂർത്തിയുടെ സമ്പ്രദായം തെറ്റാണെന്നു് അമ്മ പറയുന്നില്ല. അദ്ദേഹം അനേകം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പലരുടെ അടുത്തും പോയിട്ടുണ്ട് അവരിൽനിന്നും പലതും മനസ്സിലാക്കിയിട്ടുമുണ്ടു്, സ്വയം അഭ്യസിച്ചിട്ടുമുണ്ട്. അതിനു ശേഷമാണു് അദ്ദേഹം ആ തലത്തിലെത്തിയത്. അപ്പോൾ മനസ്സിലായി, എല്ലാം തന്നിൽത്തന്നെയുണ്ടെന്ന്. പക്ഷേ, മക്കൾ ഇന്നു് ആ തലത്തിലെത്തിയില്ലല്ലോ.