മുരളി കൈമള്‍

ജനനമരണങ്ങള്‍ക്കിടയിലെ ചെറിയ ജീവിതത്തെക്കുറിച്ചു മാത്രമാണു നാം പറയാറുള്ളതു്. എന്നാല്‍, ഇതിനിടയില്‍ ഒരു രാഷ്ട്രത്തിൻ്റെ, ഒരു സംസ്‌കാരത്തിൻ്റെ വാതിലുകള്‍ മറ്റൊരു രാഷ്ട്രത്തിനു്, സംസ്‌കാരത്തിനു തുറന്നുകൊടുക്കുന്നതു വളരെ അപൂര്‍വ്വമായി തോന്നിയേക്കാം. ഭാരതസംസ്‌കാരത്തിൻ്റെ പതാകവാഹകനായി 1893ല്‍ ചിക്കാഗോയില്‍ എത്തിയ വിവേകാനന്ദസ്വാമികള്‍ തൻ്റെ പ്രസംഗത്തിൻ്റെ ആദ്യവരികളിലൂടെ പാശ്ചാത്യലോകത്തിൻ്റെ മനംകവര്‍ന്നു. ‘അമേരിക്കയിലെ എൻ്റെ സഹോദരീസഹോദരന്മാരേ…’ എന്നു തുടങ്ങിയ പ്രസിദ്ധമായ ആ വരികള്‍ ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്നു.

വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു…തൊണ്ണൂറ്റിനാലു വര്‍ഷത്തിനു ശേഷം പാശ്ചാത്യലോകം നിസ്സീമമായ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാരമായ അമ്മയുടെ മൊഴികള്‍ക്കു കാതോര്‍ത്തു. ‘പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ ഓമനമക്കളേ…’ എന്ന വിളി പാശ്ചാത്യ ലോകത്തെ ഒന്നാകെ പിടിച്ചുലച്ചു. 1987 മെയ് മാസം 18-ാം തീയതി സാന്‍ഫ്രാന്‍സിസ്കോയിലെ യോഗാസെൻ്ററില്‍ ധാരാളം ആളുകള്‍ ആദ്യ വിദേശപര്യടനത്തിനെത്തിയ അമ്മയെ കാണാനെത്തി. കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെ അഭിമുഖീകരിക്കുന്ന ആ സമൂഹത്തെ ഹൃദയത്തോടടുത്തു പിടിച്ചു കാതില്‍ ‘ഓമനമക്കളേ…’ എന്നു വിളിച്ചു മാതൃത്വത്തിൻ്റെ മൂര്‍ത്തരൂപം അമ്മ അവര്‍ക്കു കാണിച്ചുകൊടുത്തു.

അമ്മയുടെ ദിഗ്വിജയത്തിൻ്റെ തുടക്കമായിരുന്നു 1987ലെ പ്രഥമ അമേരിക്കന്‍ യാത്ര. പിന്നീടു് ലോകത്തിൻ്റെ ഓരോ കോണിലും എത്രയെത്ര വേദികളില്‍ അമ്മ സംസാരിച്ചു. ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്‍ വരെ ആ ശബ്ദം പ്രതിധ്വനിച്ചു. അന്നു വരെ കേരളത്തിനു പുറത്തു കുറച്ചുമാത്രം സഞ്ചരിച്ച അമ്മ തൻ്റെ വിദേശമക്കളുടെ ദീര്‍ഘകാലത്തെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണു് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു് ഇങ്ങനെ ഒരു യാത്രയ്ക്കു സമ്മതിച്ചതു്. ഒരു നൂറ്റാണ്ടു മുന്‍പു്, ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസൻ്റെ നിര്‍ദ്ദേശത്താല്‍ ശിഷ്യനായ വിവേകാനന്ദസ്വാമികള്‍ ആദ്ധ്യാത്മിക ജൈത്രയാത്രയ്ക്കായി വിദേശത്തേക്കു യാത്രയായി. എന്നാല്‍ ഇന്നിവിടെ അറബിക്കടലിൻ്റെ തീരത്തെ, അത്രയധികം അറിയപ്പെടാത്ത കടലോരഗ്രാമമായ പറയകടവില്‍നിന്നു് അമ്മ ശിഷ്യന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു വിദേശപര്യടനത്തിനു യാത്രയായതു്.

1984-ല്‍ അമ്മയെ തേടിയെത്തിയ കുസുമം എന്ന വിദേശവനിതയാണു പ്രഥമ വിദേശപര്യടനത്തിൻ്റെ മുന്നോടിയായി അമ്മയുടെ പരിപാടികള്‍ സജ്ജീകരിക്കാന്‍ നിയുക്തയായതു്. ”ഇന്നത്തെപ്പോലെ കമ്പ്യൂട്ടറും ഇമെയിലും ആധുനിക വാര്‍ത്താവിതരണസംവിധാനങ്ങളും ഇല്ലാതിരുന്നപ്പോള്‍ അമ്മയുടെ അനുഗ്രഹം ഒന്നു മാത്രമായിരുന്നു എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഏക തുണ.” അമൃതപുരിയിലെ കാളീക്ഷേത്രത്തിനു മുന്‍പിലിരുന്നു തൻ്റെ കണ്‍കണ്ട ദൈവമായ അമ്മയെപ്പറ്റി, അമ്മയുടെ ആദ്യവിദേശയാത്രയെപ്പറ്റി കുസുമം ഓര്‍മ്മിച്ചു. കുസുമവും നീല്‍റോസ്‌നറും (സ്വാമി പരമാത്മാനന്ദ പുരി) സ്വാമി അമൃതസ്വരൂപാനന്ദ പുരിയും അമേരിക്കയില്‍ അമ്മയുടെ പരിപാടികള്‍ ഒരുക്കുന്നതിനായി മാസങ്ങള്‍ക്കു മുന്‍പുതന്നെ പുറപ്പെട്ടിരുന്നു.

”വളരെ കാലങ്ങള്‍ക്കു മുന്‍പു ശാന്തമായ ഈ കടല്‍ത്തീരത്തിരുന്നു് അമ്മ പറയുമായിരുന്നു, ‘ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും ആളുകള്‍ ഇവിടെ വരും. ആശ്രമം വളരെ വലുതാകും.’ ഇപ്പോഴതു തീര്‍ത്തും യാഥാര്‍ത്ഥ്യമായിരിക്കുന്നു.” സ്വാമി അമൃതസ്വരൂപാനന്ദ പുരി ആ ദിനങ്ങള്‍ ഓര്‍ക്കുകയായിരുന്നു. ആദ്യവിദേശയാത്രയോടെ സ്നേഹത്തിൻ്റെ, വിശ്വപ്രേമത്തിൻ്റെ ജാലകം അമ്മ പടിഞ്ഞാറന്‍ ചക്രവാളത്തിനു മുന്‍പില്‍ തുറന്നിടുകയായിരുന്നു. പെയ്‌തൊഴിയാതെ മനസ്സില്‍ കൂടിയിരുന്ന കാര്‍മേഘങ്ങളുമായി പലരും അമ്മയുടെ സവിധത്തിലണഞ്ഞു. ആ കണ്ണീര്‍ക്കടലുകള്‍ പെയ്തിറങ്ങിയതു് അമ്മയുടെ തിരുസവിധത്തിലായിരുന്നു. സ്നേഹത്തോടെ, വിശ്വാസത്തോടെ പാശ്ചാത്യലോകം അമ്മയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി സാഷ്ടാംഗം പ്രണമിച്ചു. ചെറു പൂച്ചെണ്ടുകള്‍ മുതല്‍ സ്വന്തം ജീവിതംവരെ അവര്‍ അമ്മയ്ക്കു മുന്‍പില്‍ സമ്മാനമായി അര്‍പ്പിച്ചു. അമ്മയെന്ന സ്നേഹസാഗരത്തിൻ്റെ വില അവര്‍ തൊട്ടറിഞ്ഞു.

ലോകത്തിൻ്റെ സമസ്തമേഖലകളെയും സമൂഹത്തെയും വ്യക്തികളെയുംതന്നെ പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന ഒരു വ്യത്യസ്തത അമ്മയില്‍ പ്രകടമായിരുന്നു. ഭൂകമ്പങ്ങളും പ്രകൃതി ക്ഷോഭങ്ങളും എവിടെയൊക്കെ സംഭവിച്ചുവോ അവിടെയൊക്കെ താങ്ങും തണലുമായി അമ്മയുടെ കരങ്ങളുമെത്തി. അതാകട്ടെ, ഭാരതത്തിൻ്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു അമേരിക്കവരെ നീണ്ടു കിടക്കുന്നു. കത്രീന ചുഴലിക്കാറ്റു് ആഞ്ഞു വീശിയ അമേരിക്കന്‍ ഐക്യനാടുകളിലും ജപ്പാനിലെ സുനാമി ദുരിതബാധിതര്‍ക്കും അമ്മയുടെ സഹായഹസ്തമെത്തുകയുണ്ടായി. ‘വിശക്കുന്നവനു് അന്നം ദൈവമാണു്’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ടു് ‘അമ്മാസ് കിച്ചണ്‍’ ഇന്നു പാശ്ചാത്യരാജ്യങ്ങളില്‍ ആയിരങ്ങളായ അഗതികള്‍ക്കു അന്നമൊരുക്കുന്നു.

പരിസ്ഥിതിശുചീകരണം മുതല്‍ പരിസ്ഥിതിപാലനം വരെ എല്ലാ കാര്യങ്ങള്‍ക്കും അമ്മയുടെ വാക്കുകള്‍ക്കു രാഷ്ട്രത്തലവന്മാര്‍ വരെ കാതോര്‍ക്കുന്നു. അമൃതപുരിയില്‍നിന്നു് അമ്മ ആരംഭിച്ച ജൈത്രയാത്ര ഇന്നു ഭൂഖണ്ഡങ്ങളെ കീഴടക്കി യാത്ര തുടരുന്നു. സ്നേഹമെന്ന വെണ്‍ തേരിലേറിയെത്തുന്ന അമ്മയെ നോക്കി വിദേശിമക്കള്‍ പ്രാര്‍ത്ഥിക്കുന്നു…”യാ ദേവി സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ”