നമ്മളിലെ ഈശ്വരത്വത്തെ ഉണര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമാണു മന്ത്രജപത്തിലൂടെ നടക്കുന്നതു്. പയര്‍ മുളപ്പിക്കുമ്പോള്‍ അതിൻ്റെ ഗുണവും വിറ്റാമിനുകളും കൂടുന്നു. അതുപോലെ നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തിയെടുക്കുന്ന ഒരു ക്രിയയാണു ജപം. അതുമാത്രമല്ല ജപത്തിൻ്റെ തരംഗങ്ങളിലൂടെ അന്തരീക്ഷവും ശുദ്ധമാകുന്നു.

നമ്മള്‍ കണ്ണൊന്നടച്ചാല്‍ അറിയാം മനസ്സു് എവിടെയാണിരിക്കുന്നതെന്നു്, ഇവിടെയിരിക്കുമ്പോഴും ചിന്ത വീട്ടില്‍ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരിക്കും. തിരിയെ പോകുവാന്‍ ഏതു ബസ്സാണുണ്ടാവുക, അതില്‍ തിരക്കു കാണുമോ, നാളെ ജോലിക്കു പോകുവാന്‍ കഴിയുമോ, കടം കൊടുത്ത കാശു തിരിയെ കിട്ടുമോ? ഇങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ മനസ്സില്‍ ഓടിക്കളിക്കുന്നതു കാണാം. ഈ നൂറുവിധം ചിന്തകള്‍കൊണ്ടു മൂടിയ മനസ്സിനെ, ഈശ്വരസ്വരൂപമാക്കി മാറ്റുക എന്നതു് ഒരു നിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യമല്ല. അതിനു നിരന്തരശ്രമം ആവശ്യമുണ്ടു്. അതിനുള്ള ഒരു എളുപ്പക്രിയയാണു മന്ത്രജപം.

മന്ത്രം ജപിക്കുമ്പോഴും ചിന്തയുണ്ടാകില്ലേ എന്നു ചോദിക്കാം. മന്ത്രം ജപിക്കുമ്പോള്‍ ചിന്തയുണ്ടായാല്‍തന്നെ അതിനത്ര പ്രാധാന്യമില്ല. ചിന്ത ഒരു കുട്ടിയെപ്പോലെയാണു കുട്ടിയുറങ്ങിക്കിടക്കുമ്പോള്‍ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ പ്രയാസമില്ല. പക്ഷേ, കുട്ടിയുണര്‍ന്നു കരഞ്ഞു ബഹളംവയ്ക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ടാണു്. അതുപോലെ മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത അത്ര സാരമില്ല. അതു നമ്മളെ ശല്യം ചെയ്യില്ല.

മന്ത്രംതന്നെ ചിന്തയല്ലേ എന്നു ചോദിക്കാറുണ്ടു്. ‘പരസ്യം പതിക്കരുതെ’ന്ന എട്ടക്ഷരം കൊണ്ടു ചുവര്‍ മുഴുവന്‍ പരസ്യം എഴുതുന്നതു് ഒഴിവാക്കാന്‍ കഴിയുന്നില്ലേ. അതുപോലെ മന്ത്രമാകുന്ന ഒറ്റ ചിന്തകൊണ്ടു മനസ്സിൻ്റെ അലച്ചില്‍ നിര്‍ത്താന്‍ കഴിയുന്നു. ചിന്തകള്‍ കുറയുന്നതു് ആയുസ്സിനും ആരോഗ്യത്തിനും ഉത്തമമാണു്. കടയില്‍ ഇരിക്കുന്ന ഒരു സാധനം വാങ്ങുന്ന നിമിഷം മുതലേ ഗ്യാരണ്ടിയുടെ സമയം കണക്കുകൂട്ടുകയുള്ളൂ. എന്നാല്‍, കടയില്‍ എത്ര വര്‍ഷം ഇരുന്നാലും പ്രശ്‌നമില്ല. കാരണം അതു പ്രവര്‍ത്തിക്കുന്നില്ല. ഇതുപോലെ ചിന്തയില്ലാത്തപ്പോള്‍ മനസ്സിനു ബലം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു. മറിച്ചു്, ചിന്തകള്‍ അധികമായാല്‍ മനസ്സിൻ്റെ ബലം കുറയുന്നു. ശരീരത്തിൻ്റെ ആരോഗ്യം ക്ഷയിക്കുന്നു.

കൊച്ചുകുഞ്ഞിനെ പിടിക്കാന്‍ ചെന്നാല്‍ അവന്‍ ഓടും. പിറകെ നമ്മളും ഓടുകയാണെങ്കില്‍, അവന്‍ ഓടി അടുത്തുള്ള കുളത്തിലോ കിണറ്റിലോ വീണെന്നിരിക്കും. എന്നാല്‍ കളിപ്പാട്ടം കാട്ടി വിളിക്കുകയാണെങ്കില്‍, അവന്‍ തിരിഞ്ഞു നമ്മുടെ അടുത്തുവരും. ഓടുന്നതുമൂലമുള്ള വീഴ്ച ഒഴിവാകുകയും ചെയ്യും. ഇതുപോലെ നമ്മുടെ മനസ്സിൻ്റെ സ്വഭാവം അനുസരിച്ചു് അതിനെ വരുതിക്കു നിര്‍ത്തുവാന്‍ പറ്റിയ മാര്‍ഗ്ഗമാണു മന്ത്രജപം. ഒരു സെക്കന്‍ഡില്‍ നൂറു ചിന്തകള്‍ മനസ്സില്‍ ഉദിക്കുന്നു എങ്കില്‍ അതു് പത്തു ചിന്തയാക്കി കുറയ്ക്കാന്‍ മന്ത്രജപത്തിലൂടെ കഴിയുന്നു.

പണ്ടു മനസ്സിനെ നിലയ്ക്കു നിര്‍ത്താന്‍, ഒറ്റക്കാലില്‍ സൂചിമേല്‍ നിന്നുവരെ തപസ്സു ചെയ്തവരുടെ കഥ നമുക്കറിയാം. നമുക്കങ്ങനെയൊന്നും വേണ്ട, ഈ മന്ത്രജപം മാത്രം മതി. മറ്റുള്ളവര്‍ വേദ ശാസ്ത്രങ്ങളെല്ലാം പഠിച്ചു യുഗയുഗം തപസ്സു് ചെയ്തതിനു ശേഷമാണു് ഈശ്വരനെ സാക്ഷാത്കരിച്ചതു്. എന്നാല്‍ ഗോപികള്‍ ശാസ്ത്രം പഠിച്ചില്ല, അവര്‍ കുടുംബവുമായി കഴിഞ്ഞവരാണു്, ബിസിനസ്സു് ചെയ്തവരാണു്. എന്നിട്ടും ഭഗവദ്‌പ്രേമത്തിലൂടെ അവര്‍ എളുപ്പത്തില്‍ അവിടുത്തെ സാക്ഷാത്കരിച്ചു. അതുപോലെ, വിശേഷിച്ചു് ഈ കലിയുഗത്തില്‍, മന്ത്രജപത്തിനാണു പ്രാധാന്യം.

പക്ഷേ, ജപവും സാധനയുംകൊണ്ടു മാത്രം എല്ലാമായില്ല. മനസ്സിനെ പരിപൂര്‍ണ്ണമായി അവിടുത്തേക്കു സമര്‍പ്പിച്ചാല്‍ മാത്രമേ ഈശ്വരനെ ലഭിക്കുകയുള്ളൂ. മനസ്സിനെ സമര്‍പ്പിക്കുക എന്നാല്‍, എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റുന്നതല്ല. മനസ്സു് ഏതൊന്നിലാണോ ബന്ധിച്ചുനില്ക്കുന്നതു് അതിനെ സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ മനസ്സു് സമര്‍പ്പിക്കൂവാന്‍ കഴിയൂ.

ഇന്നു മനസ്സു് ഏറ്റവും അധികം ബന്ധിച്ചു നില്ക്കുന്നതു സ്വത്തിലാണു്. കല്യാണം കഴിച്ചാല്‍ പിന്നെ ഭാര്യയെക്കാളും കുട്ടിയെക്കാളും ചിന്ത സ്വത്തിനെക്കുറിച്ചായിരിക്കും. അമ്മ മരിക്കാന്‍ കിടന്നാലും സ്വത്തു വീതംവയ്ക്കുമ്പോള്‍ പത്തു തെങ്ങു കൂടുതലുള്ള ഭാഗം കിട്ടാനാണു ശ്രമം. മറ്റവനു കിട്ടിയതിനെക്കാള്‍ അല്പം കുറവാണു കിട്ടിയതെങ്കില്‍ തന്തയെ കുത്തിക്കൊല്ലാനും മടിക്കുകയില്ല. അപ്പോള്‍ നമ്മുടെ ബന്ധം എവിടെയാണു്? സ്വത്തിലാണു്!

മനസ്സു് ബന്ധിച്ചിരിക്കുന്ന വസ്തുക്കളെ സമര്‍പ്പിക്കുമ്പോഴാണു മനസ്സു് സമര്‍പ്പിച്ചെന്നു പറയുന്നതു്. സ്വത്തില്‍ മനസ്സു് ബന്ധിച്ചിരിക്കുന്നവര്‍ സ്വത്തു സമര്‍പ്പിച്ചാല്‍ മനസ്സിൻ്റെ സമര്‍പ്പണമായി. അതിലൂടെ മനസ്സു് വിശാലമാവുകയാണു്, ഈശ്വരകൃപയ്ക്കു പാത്രമാവുകയാണു്. അല്ലാതെ ഈശ്വരനു് ഈ സ്വത്തൊന്നും വേണ്ടതില്ല.