അമ്പലപ്പുഴ ഗോപകുമാര്‍

സ്വപ്‌നവും സ്വര്‍ഗ്ഗവും ഭൂമിയിലാണെന്ന
സത്യം പഠിപ്പിച്ചൊരമ്മ
സത്യസ്വരൂപിണിയായെന്‍ മനസ്സിൻ്റെ
പിച്ചകപ്പൂമലര്‍ത്തോപ്പില്‍
ഇന്നലെ രാത്രിയില്‍ വന്നിരുന്നാനന്ദ-
നന്ദകുമാരനോടൊപ്പം
ആ മലര്‍ത്തോപ്പിലെ പ്പൂമലര്‍ഛായയി-
ലമ്മതന്നങ്കത്തടത്തില്‍
ഓമനപൈതലായ് ബാലമുകുന്ദൻ്റെ
കോമളരൂപം ഞാന്‍ കണ്ടു
അമ്മയെടുത്തുമ്മവയ്ക്കുമക്കണ്ണൻ്റെ
കണ്ണില്‍ക്കവിള്‍പ്പൂത്തടത്തില്‍
വാരുറ്റവാര്‍മുടിച്ചാര്‍ത്തില്‍, മനോഹര
മായൊരാനെറ്റിത്തടത്തില്‍
ഉമ്മവച്ചുമ്മവച്ചുണ്ണിയെ കൊഞ്ചിച്ചു
കൊഞ്ചിച്ചു വാത്സല്യക്കണ്ണീര്‍
അമ്മതന്‍ കണ്ണില്‍നിന്നൂര്‍ന്നൂര്‍ന്നൊലിക്കുന്ന
തമ്മകന്‍ തൂത്തുതുടച്ചു്
പഞ്ചാരയുമ്മയ്ക്കു കല്ക്കണ്ടപാല്‍ച്ചിരി
സമ്മാനമായ് പകര്‍ന്നേകി.
ഈരേഴു പാരിനും നേരായൊരാസത്യ
നാരായണന്‍ മാതൃസ്വപ്‌നം
സത്യമാക്കീടുന്ന വിശ്വപ്രകൃതിതന്‍
നിത്യനിരാമയഭാവം
പൂത്തുലഞ്ഞമ്മയും കുഞ്ഞുമായെന്‍സ്വപ്‌ന
രഥ്യയിലിന്നലെക്കാണ്‍കെ,
അമ്മമാരെല്ലാരുമിങ്ങമൃതാനന്ദ-
സന്മയീദേവിയെപ്പോലെ…
ഉണ്ണിക്കിടാങ്ങളായ്ക്കാണ്മവരമ്പാടി-
കണ്ണനാമുണ്ണിയെപ്പോലെ…
ഉണ്ണികളാമാതൃവാത്സല്യതീര്‍ത്ഥത്തില്‍
മുങ്ങിക്കുളിച്ചു കരേറി
എന്തൊരലൗകികാനന്ദമാബന്ധത്തില്‍
സംഗീതസാന്ദ്രമായേതോ
ജന്മാന്തരത്തില്‍ നിന്നൊലിച്ചെത്തിയൊ-
രമ്മയശോദയെക്കണ്ടു…
കോലക്കുഴലു വിളിച്ചു നടക്കുന്ന
ഗോപകുമാരനെക്കണ്ടു.
ശീലക്കേടോരോന്നു കാട്ടി നടക്കുന്ന
കോടക്കാര്‍വര്‍ണ്ണനെക്കണ്ടു.
പൂതനാരാതിതന്നദ്ഭുതലീലകള്‍
ഓരോന്നായുള്‍ക്കണ്ണില്‍ കണ്ടു
കാളിയദര്‍പ്പമടക്കിയ കണ്ണൻ്റെ
കാല്‍ത്തള ശിഞ്ജിതം കേട്ടു
കാതരഗോപികാമാനസച്ചോരൻ്റെ
കന്നത്തമൊക്കെയും കണ്ടു
മണ്ണുവാരിത്തിന്നതെന്തിനെന്നാരാഞ്ഞൊ-
രമ്മ ചൊടിക്കുന്ന കണ്ടു
തിണ്ണമാ,വായ്മലര്‍ കണ്ണന്‍ തുറന്നപ്പോ-
ളമ്മതന്‍ വിഭ്രമം കണ്ടു
വിഭ്രമം കണ്ടു ചിരിച്ചുണ്ണിയമ്മതന്‍
ചിത്തം കുളിര്‍പ്പിച്ചു നിലേ്ക്ക
വാരിയെടുത്തുമ്മവയ്ക്കുമാക്കണ്ണൻ്റെ
ചോരിവായ്‌ക്കെന്തൊരു ചന്തം!
എന്തെല്ലാമെന്തെല്ലാമിങ്ങനെയാബാല
നന്ദകുമാരകഥകള്‍…
ഇന്നെല്ലാമോര്‍ക്കുവാനോര്‍മ്മിപ്പിച്ചീടുവാന്‍
വന്നമൃതേശ്വരി അമ്മ.
അമ്മതന്‍ വാത്സല്യത്തേനൊഴുക്കില്‍ നമ്മള്‍
നിര്‍മ്മായം മുങ്ങി നില്ക്കുമ്പോള്‍
എന്തൊരലൗകികാനന്ദമാണാപാദ
ചെന്താരില്‍ വീണു കൈകൂപ്പാം…