ഒരിക്കൽ ഒരു ബ്രഹ്മചാരി അമ്മയോടു ചോദിച്ചു, “എന്തെങ്കിലും അല്പം സിദ്ധികിട്ടിയാൽക്കൂടി, ‘ഞാൻ ബ്രഹ്മം’ എന്നു പറഞ്ഞു നടക്കുവാനും, ശിഷ്യരെക്കൂട്ടുവാനും ശ്രമിക്കുന്നവരാണധികവും. അവരുടെ വാക്കിൽ ജനം വിശ്വാസമർപ്പിക്കുകയുംചെയ്യുന്നു. അങ്ങനെയുള്ള ഇക്കാലത്തു്, അമ്മ എന്തുകൊണ്ടു് ‘ഞാനൊന്നുമല്ല’ എന്നുപറഞ്ഞു മക്കളെ കബളിപ്പിക്കുന്നു!”
ഇതിനുത്തരമായി അമ്മ പറഞ്ഞു, ”ഇന്നിവിടെ താമസിക്കുന്ന ബ്രഹ്മചാരികൾ നാളെ ലോകത്തിലേക്കിറങ്ങേണ്ടവരാണ്. ലോകത്തിനു മാതൃകയാകേണ്ടവരാണ്. അമ്മയുടെ ഒരോ വാക്കും പ്രവൃത്തിയും കണ്ടാണു് ഇവിടുള്ളവർ പഠിക്കുന്നത്. അമ്മയുടെ വാക്കിൽ, പ്രവൃത്തിയിൽ അല്പം അഹങ്കാരം ഇരുന്നാൽ നിങ്ങളിൽ അതു പത്തിരട്ടിയായി വളരും. ‘അമ്മയ്ക്കങ്ങനെയാകാമെങ്കിൽ, എനിക്കെന്തുകൊണ്ടായിക്കൂടാ’ എന്നു നിങ്ങൾ ചിന്തിക്കും. അതു ലോകത്തിനു ഉപദ്രവമായിത്തീരും.
നിങ്ങളുടെകൂടെ നീങ്ങാൻ അമ്മ എത്ര ബുദ്ധിമുട്ടുന്നുണ്ടെന്നു നിങ്ങൾക്കറിയാമോ? ഒരച്ഛൻ കൊച്ചുകുഞ്ഞിൻ്റെ കൂടെ പിച്ചവച്ചു നടക്കാൻ എത്ര പാടുപെടുന്നു? അതു് അദ്ദേഹത്തിനുവേണ്ടിയല്ല. അങ്ങനെ നടന്നാലേ കുട്ടിക്കൊപ്പമെത്താൻ കഴിയൂ. ഈ വേഷം അമ്മയ്ക്കു വേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങളുടെ വളർച്ചയ്ക്കുവേണ്ടി മാത്രമാണ്.
കുട്ടിക്കു മഞ്ഞപിത്തം വന്നാൽ കുട്ടിയോടു സ്നേഹമുള്ള അമ്മമാർ വീട്ടിൽ എരിവും പുളിയും ഉപ്പും മറ്റും ചേർന്ന ആഹാരം വയ്ക്കില്ല. അവയൊക്കെ വീട്ടിൽനിന്നും മാറ്റിവയ്ക്കും. കാരണം കുട്ടി അവയൊക്കെ കണ്ടാൽ എടുത്തുകഴിക്കും. പഥ്യം തെറ്റിയാൽ ജ്വരമാകും, കുട്ടി മരിക്കും. കുട്ടിക്കു വേണ്ടി തള്ളയും എരിവും, പുളിയും ചേരാത്ത ഭക്ഷണം കഴിക്കും. തള്ളയ്ക്കു അസുഖമുണ്ടായിട്ടല്ല. കുട്ടിക്കുവേണ്ടി ആ ത്യാഗം സഹിക്കുകയാണ്.
ഇതുപോലെ അമ്മയുടെ ഇന്നത്തെ ഓരോ വാക്കും പ്രവൃത്തിയും നിങ്ങൾക്കു വേണ്ടിയാണ്. അമ്മ എന്തു ചെയ്യുമ്പോഴും നിങ്ങളുടെ വളർച്ചയാണു നോക്കുന്നത്. ഡോക്ടർ സിഗരറ്റു വലിക്കാത്ത ആളാണെങ്കിൽ മാത്രമേ, പുകവലിക്കരുതെന്നു പറയുമ്പോൾ രോഗിക്കു് അനുസരിക്കുവാൻ താത്പര്യമുണ്ടാകൂ. ഡോക്ടർ മദ്യപിക്കാത്ത ആളാണെങ്കിലേ, രോഗിക്കു മദ്യം ഉപേക്ഷിക്കുവാൻ പ്രേരണ കിട്ടൂ. അമ്മയുടെ ഓരോ പ്രവൃത്തിയും അമ്മയ്ക്കുവേണ്ടിയല്ല, ലോകത്തിനു വേണ്ടിയാണ്. നിങ്ങളുടെ ഉയർച്ചയ്ക്കുവേണ്ടിയാണ്.