പത്മിനി പൂലേരി
സംഗീതം എന്നും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അമ്മയുമായി അടുക്കാനുണ്ടായ ഒരു കാരണം അമ്മയുടെ ഭജനകളായിരുന്നു. ഇന്നാകട്ടെ അമ്മയുടെ ഭജനകള്‍ എൻ്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു.
സത്യം പറഞ്ഞാല്‍ അമ്മയുമായുള്ള എൻ്റെ ആദ്യ ദര്‍ശനത്തെക്കുറിച്ചു് എനിക്കൊന്നുംതന്നെ ഓര്‍മ്മയില്ല. എന്നാല്‍ ആ ദിവസത്തെ ഭജനകള്‍ എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ആദ്യമായി അമ്മയെ കണ്ടതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ അമ്മയുടെ വരവും കാത്തിരുന്നു. പുതിയ പുതിയ ഭജനകള്‍ കേള്‍ക്കാന്‍. അമ്മയുടെ ഭജനകളുടെ എല്ലാ കാസറ്റുകളും ഞാന്‍ ശേഖരിച്ചു. വര്‍ഷം മുഴുവനും വീണ്ടും വീണ്ടും ഞാന്‍ അതു തന്നെ കേട്ടുകൊണ്ടിരുന്നു.
സാവധാനത്തിലാണെങ്കിലും അമ്മയോടുള്ള എൻ്റെ ഭക്തിക്കു് ആഴമേറിവന്നു. അമ്മയുടെ ഭജന കേള്‍ക്കുമ്പോള്‍, ഭക്തിസാന്ദ്രമായ ആ സ്വരം കേള്‍ക്കുമ്പോള്‍, എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങും. പലപ്പോഴും ഭജന കേട്ടു പരിസരം മറന്നു ഞാന്‍ അനങ്ങാതെ ഇരുന്നുപോകും. എനിക്കു് ഇഷ്ടപ്പെട്ട ഭജന കേട്ടാല്‍ ധ്യാനം എനിക്കു് എളുപ്പമായി തീരാറുണ്ടു്. നടക്കാന്‍ പോകുന്നതും ദൂരയാത്ര പോകുന്നതും ട്രാഫിക് ജാമില്പ്പെടുന്നതും ഒന്നും എനിക്കു ബോറടിയല്ല; എപ്പോഴും ഞാന്‍ ഭജന കേള്‍ക്കുകയായിരിക്കും. എനിക്കു് ഇഷ്ടപ്പെട്ട പല ഭജനകളുമുണ്ടു്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒരു ഭജന തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ‘ജനനീ തവ പദമലരുകളില്‍’ എന്ന ഭജന തിരഞ്ഞെടുക്കും. അതിലെ ‘നീ കനിഞ്ഞുകൊണ്ടേകണമമ്മേ നിന്നില്‍ നിര്മ്മലഭക്തിയെ മാത്രം’ എന്ന വരിയാണു് എനിക്കേറെ ഇഷ്ടം. എനിക്കു് അമ്മയോടു് അപേക്ഷിക്കാനുള്ളതും അതു തന്നെയാണു്.
ഞാന്‍ വാഷിങ്ടണിലാണു താമസിക്കുന്നതു്. അമ്മയുടെ ഭക്തര്‍ക്കു് ഇപ്പോഴിവിടെ സ്വന്തമായി ഒരു ആശ്രമം കിട്ടിയിട്ടുണ്ടു്. കഴിഞ്ഞ ജനുവരിയില്‍ എൻ്റെ അമ്മയെ കാണാന്‍ ഞാന്‍ നാട്ടിലേക്കു പോയി. വീട്ടിലെ അമ്മയെയും ബന്ധുക്കളെയുമൊക്കെ കണ്ടതിനുശേഷം ഞാന്‍ അമൃതപുരിയിലെത്തി. ഒരു തിങ്കളാഴ്ചയാണു ഞാന്‍ എത്തിയതു്. സന്ധ്യാസമയത്തെ ഭജനയ്ക്കുശേഷം അമ്മ തിരിച്ചുപോകുമ്പോള്‍ അമ്മയെ ഒന്നു സ്പര്‍ശിക്കാനായി ഞാന്‍ അമ്മയുടെ പുറകെ ഓടി. എന്നാല്‍ അമ്മ നടക്കുന്ന വഴിയുടെ ഇരുവശത്തും ഭക്തര്‍ തിങ്ങിനില്ക്കുകയായിരുന്നു. എനിക്കു് അങ്ങോട്ടു് അടുക്കാന്‍പോലും കഴിഞ്ഞില്ല. വഴിയില്‍ നില്‍ക്കുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടും കൈനീട്ടി തൊട്ടുകൊണ്ടും അമ്മ നടന്നു നീങ്ങുന്നതു ദൂരെനിന്നു കണ്ടപ്പോള്‍ എനിക്കു വലിയ നിരാശ തോന്നി.
മുഖം വീര്‍പ്പിച്ചുകൊണ്ടു ഞാന്‍ ഭക്ഷണം വിളമ്പുന്നിടത്തേക്കു നടന്നു. എൻ്റെ മുഖത്തെ പരിഭവവും നിരാശയും കണ്ടു് പരിചയമുള്ള ഒരു ബ്രഹ്മചാരി എന്നോടു ചോദിച്ചു, ”ചേച്ചീ, എന്താണിത്ര സങ്കടപ്പെട്ടിരിക്കുന്നതു്?” അമ്മ എന്നെ നോക്കണമെന്നും കൈ നീട്ടി തൊടണമെന്നും ആഗ്രഹിച്ചു ഞാന്‍ അമ്മയുടെ പിറകെ ഓടിയെന്നും എന്നാല്‍ തിരക്കു കാരണം അമ്മയുടെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിഷമം ഞാന്‍ ബ്രഹ്മചാരിയോടു പറഞ്ഞു. ‘കുറച്ചു സമയം കഴിഞ്ഞാല്‍ പുതിയ ഭജനകള്‍ പരിശീലിക്കാനായി അമ്മ സ്റ്റേജിലേക്കു വരും. അപ്പോള്‍ കാണാന്‍ ശ്രമിച്ചു നോക്കൂ,’ അദ്ദേഹം എന്നെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.
എനിക്കു പിന്നെയും പ്രതീക്ഷയായി. രാത്രി വളരെ വൈകിയിരുന്നു. എങ്കിലും അമ്മയെ കാത്തിരിക്കാന്തന്നെ ഞാന്‍ തിരുമാനിച്ചു. അവസാനം അമ്മ വന്നു. ആ വലിയ ഹാളില്‍ ആരുമില്ല. സ്റ്റേജിനടുത്തു ഞാന്‍ മാത്രം. അമ്മ നേരേ എൻ്റെ അടുത്തേക്കു വന്നു. കെട്ടിപ്പിടിച്ചു. കുറെ വിശേഷങ്ങള്‍ ചോദിച്ചു. ‘എപ്പോ വന്നു? വീട്ടുകാരൊക്കെ എവിടെ? എന്താണു് ഒറ്റയ്ക്കു നില്ക്കുന്നതു്?’ അവസാനം ഞാന്‍ അമ്മയോടു തിരിച്ചു് ഒരു ചോദ്യം ചോദിച്ചു, ”അമ്മേ, ഞാനും സ്റ്റേജിലേക്കു വന്നോട്ടെ?” ഉടന്‍ വന്നു ഉത്തരം ”വേണ്ട”. ബ്രഹ്മചാരികളോ, ബ്രഹ്മചാരിണികളോ ശ്രദ്ധയില്ലാതെ തെറ്റു വരുത്തിയാല്‍ അമ്മ അവരെ വഴക്കു പറയും. അതു കണ്ടാല്‍ എനിക്കു വിഷമമായേക്കും എന്നായിരുന്നു അമ്മയുടെ വിശദീകരണം. നിരാശയോടെ ഞാന്‍ തിരിച്ചുനടന്നു.
ഒരു കൂട്ടം ഭക്തര്‍ അമ്മയുടെ പിറകേ സ്റ്റേജിലേക്കു കയറുന്നുണ്ടായിരുന്നു, അവര്‍ ഭജന പാടാന്‍ പോകുന്നവരല്ലെന്നു് എനിക്കു മനസ്സിലായി. എനിക്കു വളരെ വിഷമം തോന്നി. ഞാന്‍ അമ്മയോടു സംസാരിക്കുന്നതു കണ്ട ചിലര്‍ എന്നോടു സഹതപിക്കുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ എന്നോടു സ്റ്റേജിലേക്കു പോയ്ക്കൊള്ളാന്‍ പറഞ്ഞു. അമ്മ എന്നെ റെക്കോഡിങ് കാണാന്‍ അനുവദിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ‘എത്ര പേരാണു് അമ്മയുടെ പിറകെ പോകുന്നതു്. അവരൊന്നും അമ്മയോടു സമ്മതം വാങ്ങിച്ചിട്ടില്ല. നിങ്ങള്‍ പോയ്ക്കോളൂ.’ ഞാനവരോടു പറഞ്ഞു, അമ്മയോടു സമ്മതം ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഞാനും പോകുമായിരുന്നു എന്നു്. പക്ഷേ, ഇപ്പോള്‍ അമ്മതന്നെ എന്നെ വിലക്കിയിരിക്കുന്നു. ഇനി ഞാനെങ്ങനെ പോകും? അമ്മയോടു സമ്മതം ചോദിക്കേണ്ടായിരുന്നു എന്നുപോലും എനിക്കു തോന്നി.
വീണ്ടും മുഖം വീര്‍പ്പിച്ചുകൊണ്ടു ഞാനെൻ്റെ മുറിയിലേക്കു നടന്നു. അനേകം ദുഷിച്ച ചിന്തകള്‍ മനസ്സിലേക്കു കയറിവന്നു. ദേഷ്യവും നിരാശയും അസൂയയും എന്നോടുതന്നെ സഹതാപവും എല്ലാംകൊണ്ടു് എൻ്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്നാല്‍ ലിഫ്റ്റു കാത്തുനില്ക്കുമ്പോള് എൻ്റെ മനസ്സു് മാറാന്‍ തുടങ്ങി. അമ്മ അല്പം മുന്‍പു് എന്നോടു് എത്രമാത്രം സ്നേഹം കാണിച്ചു എന്നു ഞാന്‍ ചിന്തിച്ചു. സ്റ്റേജിലേക്കു കയറാന്‍ തുടങ്ങിയ അമ്മ എന്നെ കണ്ടപ്പോള്‍ തിരിഞ്ഞു് എൻ്റെ അടുത്തേക്കു് ഇറങ്ങി വരികയായിരുന്നു. ഇങ്ങോട്ടു വന്നു് അമ്മ എന്നെ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. അമ്മയുടെ ആ അനുഗ്രഹം ഓര്ത്തു് എനിക്കു് ആനന്ദിക്കാവുന്നതേയുള്ളൂ. അതിനു പകരം ഞാന്‍ എനിക്കെന്തു കിട്ടിയില്ല എന്നോര്‍ത്തു ദുഃഖിക്കുന്നു; മറ്റുള്ളവര്‍ക്കു് എന്തു കിട്ടി എന്നോര്‍ത്തു് അസൂയപ്പെടുന്നു. നമുക്കെല്ലാം പറ്റുന്ന അബദ്ധമാണിതു്.
ഈശ്വരന് തരുന്ന അനുഗ്രഹങ്ങള്‍ കാണാതെ, മറ്റുള്ളവര്‍ക്കു് എന്തു കിട്ടി എന്നോര്‍ത്തു് ഉരുകുന്നു. ഈ ചിന്തകള്‍ വന്ന ഉടനെ ഞാന്‍ കിട്ടിയതെല്ലാം സ്വീകരിക്കാനും കിട്ടാത്തതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാനും തീരുമാനിച്ചു. എല്ലാം വിട്ടുകൊടുക്കാന്‍ തിരുമാനിച്ചപ്പോള്തന്നെ എൻ്റെ മനസ്സു് സ്വസ്ഥമാകാന്‍ തുടങ്ങി. എന്നെ വന്നു മൂടാന്‍ തുടങ്ങിയിരുന്ന ഇരുളൊക്കെ മാഞ്ഞതുപോലെ. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഹൃദയവും ഉന്മേഷം നിറഞ്ഞ ശരീരവുമായാണു ഞാന്‍ മുറിയിലേക്കു കയറിയതു്. പിറ്റേദിവസം അര്‍ച്ചനയ്ക്കു പോകാന്‍വേണ്ടി അലാറവും വച്ചു ഞാന്‍ കിടക്കാന്‍ തയ്യാറായി.
പെട്ടെന്നു് എൻ്റെ പേരു് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മുറിയുടെ വാതിലിലാരോ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കാന്‍ ഞാന്‍ സംശയിച്ചു. എന്താണു കാര്യമെന്നു് അന്വേഷിച്ചപ്പോള്‍ അമ്മ എന്നെ വിളിക്കുന്നുണ്ടെന്നു് അദ്ദേഹം പറഞ്ഞു. ഞാന്‍ പെട്ടെന്നു വാതില്‍ തുറന്നു. എനിക്കു വിശ്വസിക്കാനായില്ല. വന്ന ആള് തമാശ പറയുന്നതല്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ വേഗം താഴേക്കെത്തി, സ്റ്റേജിലേക്കോടി.
അമ്മ അപ്പോഴും ഭജന പരിശീലിക്കുകയായിരുന്നു. അമ്മയും പാട്ടുകാരും ഒഴിച്ചു പിന്നെ ഒന്നോ രണ്ടോ പേര് മാത്രമേ സ്റ്റേജിലുള്ളൂ. അമ്മയുടെ പിന്നാലെ സ്റ്റേജിലേക്കു വന്നവരൊക്കെ എവിടെയെന്നു ഞാന്‍ അടുത്തിരുന്ന ആളോടു ചോദിച്ചു. അദ്ദേഹത്തിൻ്റെ മറുപടി കേട്ടു ഞാന്‍ അതിശയിച്ചു പോയി. സ്റ്റേജില്‍ ഇരുന്ന ഉടനെ, റെക്കോര്‍ഡിങിനു സഹായിക്കുന്നവര്‍ മാത്രം ഇവിടെ ഇരുന്നാല്‍ മതി എന്നു് അമ്മ പറഞ്ഞുവത്രെ. പിന്നെ ആരോടോ എന്നെ വിളിച്ചുകൊണ്ടു വരാന്‍ പറഞ്ഞുപോലും. അമ്മ പറഞ്ഞതു് അക്ഷരം പ്രതി അനുസരിച്ചതിനും സംഭവിക്കുന്നതെല്ലാം പ്രസാദബുദ്ധിയോടെ സ്വീകരിക്കാന്‍ ശ്രമിച്ചതിനും കിട്ടിയ സമ്മാനമാണു് ഈ അനുഗ്രഹമെന്നു് എനിക്കു മനസ്സിലായി.
അന്നു പല ഭജനകളും അമ്മ പരിശീലിക്കുകയുണ്ടായി. പല ഭാഷകളിലുമുള്ള ഭജനകളുണ്ടായിരുന്നു. ഓരോ ഭാഷയുടെയും ഉച്ചാരണം ശരിയാകാന്‍ അമ്മ വളരെ ശ്രദ്ധിച്ചു് പലവട്ടം ആവര്‍ത്തിച്ചു് ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ടായിരുന്നു. അമ്മ എത്ര ശ്രദ്ധയോടെയാണു് ഓരോ കാര്യങ്ങളും ചെയ്യുന്നതു് എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ‘ഖോല്‍ ദര്‍വാസാ’ എന്ന ഭജനയായിരുന്നു അമ്മ ഏറ്റവും അവസാനം പാടിയതു്. ഇത്ര അടുത്തിരുന്നു് അമ്മയുടെ ഭജന കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്നതു പോലെയാണു് എനിക്കു തോന്നിയതു്. ഭജന പരിശീലനം കഴിഞ്ഞു് അമ്മ എഴുന്നേറ്റപ്പോള്‍ എനിക്കു വാസ്തവത്തില്‍ സങ്കടമായി. മുറിയിലെത്തിയിട്ടും എനിക്കു് ഉറങ്ങാനേ കഴിഞ്ഞില്ല. ഒന്നു കിടക്കുകപോലും ചെയ്യാതെ ഉടന്‍തന്നെ കുളിച്ചു ഞാന്‍ അര്‍ച്ചനയ്ക്കു പോയി.
അമ്മയുടെ പ്രേമവും കാരുണ്യവും ഹൃദയത്തില്‍ നിറച്ചാണു ഞാന്‍ ഭാരതത്തില്‍നിന്നും തിരിച്ചതു്. മാസങ്ങള്‍ കടന്നുപോയി. അമ്മ വീണ്ടും അമേരിക്കൻ പര്യടനത്തിനു് എത്തി. അത്തവണ ലോസ് ആഞ്ചലസിലാണു ഞാന്‍ അമ്മയുടെ ദര്‍ശനത്തിനു പോയതു്. ആദ്യദിവസംതന്നെ ‘ഖോല്‍ ദര്‍വാസാ’ എന്ന ഭജന പാടണമെന്നു ഞാന്‍ അമ്മയോടു് പറഞ്ഞു. എൻ്റെ പ്രാര്‍ത്ഥന അമ്മ കേള്‍ക്കും എന്നെനിക്കു് ഉറപ്പായിരുന്നു. പിന്നെ എന്നും ഭജന സമയത്തു ഞാന്‍ പ്രതീക്ഷയോടെ ഇരുപ്പായി, എൻ്റെ അപേക്ഷയനുസരിച്ചു് അമ്മ ‘ഖോല്‍ ദര്‍വാസാ’ പാടുന്നതു കേള്‍ക്കാന്‍. എന്നാല്‍ അമ്മ ഒരിക്കലും അതു പാടിയില്ല.
ലോസ് ആഞ്ചലസിലെ പ്രോഗ്രാം കഴിഞ്ഞു ഞാനും ഭര്‍ത്താവും മകളും വീട്ടിലേക്കു തിരിച്ചു. എൻ്റെ മകന് അമ്മയുടെ സംഘത്തിൻ്റെ കൂടെ അടുത്ത പ്രോഗ്രാം സ്ഥലത്തേക്കു പോയി. കൂടെ പോകാന്‍ സാധിക്കാത്തതില്‍ എനിക്കും ഭര്‍ത്താവിനും വലിയ വിഷമമുണ്ടായിരുന്നു. പലപ്പോഴും ഞങ്ങള്‍ അമ്മയുടെ ദര്‍ശനവും ഭജനകളും ഓര്ത്തു് ഉറക്കം വരാതെ കിടന്നു.
ഒരു ദിവസം വെളുപ്പിനു നാലു മണിയായിക്കാണും. ഫോണ്‍ ബെല്ലടിച്ചു. എടുത്തപ്പോള്‍ മകനാണു്; ഫോണിലൂടെ അമ്മയുടെ ഭജന കേള്‍ക്കാം. അമ്മ ‘ഖോല്‍ ദര്‍വാസാ’ പാടുകയാണു്. എൻ്റെ കണ്ണു നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മേ, ലോസ് ആഞ്ചലസില്‍ വച്ചു് ഇതു പാടാന്‍ ഞാന്‍ അപേക്ഷിച്ചതല്ലേ? അമ്മ പാടിയില്ല. ഇപ്പോള്‍ അമ്മ പാടുന്നു. ഇതു കേള്‍ക്കാന്‍ ഞാനവിടെ ഇല്ലല്ലോ. ഇതു ശരിയായില്ല അമ്മേ.’ അമ്മയോടു് ഇങ്ങനെ പരിഭവപ്പെട്ടതും ഫോണ്‍ നിശ്ശബ്ദമായി. എനിക്കു പരിഭ്രാന്തിയായി. ‘അമ്മേ, അമ്മേ, അമ്മേ’ ഞാന്‍ യാചിച്ചു, ‘ഇപ്പോഴെങ്കിലും അമ്മ പാടിയല്ലോ. എനിക്കു ഫോണില്‍ കേട്ടാലും മതി. എനിക്കു് അമ്മയുടെ ശബ്ദം കേട്ടാല്‍ മതി. പ്ലീസ്…’ അതാ ഫോണ്‍ വീണ്ടും ബെല്ലടിക്കുന്നു. എനിക്കു സന്തോഷമായി. ഫോണില്‍ മകൻ്റെ പതിഞ്ഞ സ്വരം, ”അമ്മേ, ഒന്നും പറയണ്ട, കേട്ടാല്‍ മതി.” ഒരക്ഷരം ശബ്ദിക്കാതെ ഞാന്‍ കേട്ടു കൊണ്ടിരുന്നു. ഭര്‍ത്താവും ഞാനും ഭജന കേട്ടുകൊണ്ടിരിക്കെ, ആ ഹാളിലെ അന്തരീക്ഷം പ്രകമ്പനം കൊള്ളുന്നതു ഞങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിഞ്ഞു. ഞാന്‍ ആനന്ദമത്തയായി.
അല്പം മുന്‍പു ദേഷ്യവും അസൂയയും പൂണ്ട ഞാന്‍ ഇപ്പോള്‍ ആനന്ദത്തിലും ആഹ്ളാദത്തിലും മുങ്ങിയിരിക്കുന്നു. സാഹചര്യങ്ങള്‍ക്കു വഴങ്ങിക്കൊടുത്താല്‍ എത്ര എളുപ്പം നമുക്കു സന്തോഷം കണ്ടെത്താന്‍ കഴിയും! ആ ഭജനയുടെ അവസാനഭാഗമായ ‘ഷേരാവാലിയേ… ഓ…’ എന്നു നീട്ടി പാടിയപ്പോള്‍ എൻ്റെ ആനന്ദം ഉന്മത്താവസ്ഥയിലെത്തി. അവസാനം അമ്മ ഉച്ചത്തില്‍ ‘ജയ് മാതാദീ..’ പാടുന്നു. ഹാളിലുള്ളവര്‍ മുഴുവന്‍ ഏറ്റുപാടുന്നു. എല്ലാവരും ഭക്തിലഹരിയില്‍. ഭജന അവസാനിച്ചപ്പോള്‍ അമ്മ ഉച്ചത്തില്‍ വിളിച്ചു, ‘മാതാറാണീ കീ…’ ഹാളു മുഴുവന്‍ ‘ജയ്’ എന്ന വിളി മുഴങ്ങി. ദൂരെയിരുന്നു് അതു കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു് ഇത്ര ആനന്ദം. അപ്പോള്‍ അവിടെയുള്ളവരുടെ സ്ഥിതിയെന്തായിരിക്കും. മകനോടു ഞാന്‍ ഫോണ്‍ വയ്ക്കരുതെന്നു പറഞ്ഞു. ഹാളിലുള്ളവരുടെ സന്തോഷപ്രകടനങ്ങള്‍ എനിക്കു കേള്‍ക്കണം, അതില്‍ പങ്കുചേരണം. അവന് സമ്മതിച്ചു. ഭജന കഴിഞ്ഞു് അമ്മ വരുന്ന വഴിയില്‍ കാത്തുനില്ക്കുമ്പോഴും അവന് ഫോണ്‍, എല്ലാ ശബ്ദങ്ങളും എനിക്കു കേള്‍ക്കാന്‍ പാകത്തിനു് ഉയര്‍ത്തിപ്പിടിച്ചിരുന്നു.
‘അമ്മ വരുന്നു! അമ്മ വരുന്നു!’ അവിടെ നില്ക്കുന്നവരുടെ ആവേശം അടക്കിപ്പിടിച്ച ആ ശബ്ദങ്ങളിലുണ്ടായിരുന്നു. പിന്നെ ഫോണില്‍ ഞാന്‍ കേട്ടതു മുഴക്കമുള്ള ആ സ്വരമാണു്. എൻ്റെ ആത്മാവില്‍ ഞാന്‍ എത്രയും ഓമനിക്കുന്ന ആ സ്വരം! ഇതെഴുതുമ്പോള്‍, ഇപ്പോഴും എൻ്റെ കണ്ണുകള്‍ നിറയുകയാണു്. ”എടാ നിൻ്റെ അമ്മയ്ക്കു വേണ്ടിയാണെടാ ഇന്നു ഞാന്‍ പാടിയതു്.”
അമ്മ! എൻ്റെ അമ്മ!
”നിൻ്റെ അമ്മ ലോസ് ആഞ്ചലസില്വച്ചു് ഈ ഭജന പാടണമെന്നു പറഞ്ഞു. എന്നാല്‍ സ്വാമിമാര്‍ക്കു കുറച്ചുകൂടി ആ ഭജന പരിശീലിക്കണമായിരുന്നു. അതു കൊണ്ടു് അവിടെവച്ചു് എനിക്കിതു പാടാന്‍ കഴിഞ്ഞില്ല. ഇവിടെ ഇതു പാടുമ്പോള്‍ മുഴുവന്‍ ഞാന്‍ അവളെ ഓര്‍ക്കുകയായിരുന്നു.” പെട്ടെന്നു് അമ്മയുടെ ശബ്ദം മാറി. ഒരുപക്ഷേ, മകന് ഫോണ്‍ കാണിച്ചു കൊടുത്തിട്ടുണ്ടാകും. ”ഓ മോളാണോ ഫോണില്‍? അതിങ്ങു താ”. അമ്മ ഫോണില്‍ എന്നോടു സംസാരിക്കാന്‍ തുടങ്ങി. ”മോളേ, മോളു പറഞ്ഞിട്ടു് ഈ ഭജന പാടാന്‍ പറ്റാത്തതില്‍ അമ്മയ്ക്കു വളരെ വിഷമമുണ്ടു്. എന്നാലും മോളു കേട്ടല്ലോ അല്ലേ? മുഴുവനും കേട്ടോ? സന്തോഷമായോ? മോള്‍ക്കു് അമ്മയോടു പിണക്കമൊന്നുമില്ലല്ലോ?”
”അമ്മേ, അമ്മേ,” എന്നു വിളിച്ചു കരയുന്നതിനിടയില്‍ എനിക്കു് അമ്മയുടെ ചോദ്യങ്ങള്‍ക്കു് ഒന്നിനും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ”നമശ്ശിവായ അമ്മേ, നമശ്ശിവായ” എന്നു മാത്രം അവസാനം ഞാന്‍ പറഞ്ഞു.
ഓം ഭക്തലോകാഖിലാഭീഷ്ട
പൂരണ പ്രീണനേച്ഛവേ നമഃ!
എല്ലാ അഭീഷ്ടങ്ങളും നിവേറ്റിക്കൊടുത്തു ഭക്തലോകത്തെ സന്തോഷിപ്പിക്കാന്‍ ഇച്ഛിക്കുന്നവളേ, നിനക്കു നമസ്കാരം.