ചില മക്കള്‍ വിഷമത്തോടെവന്നു പറഞ്ഞു, ‘അവരോടു് ആരോ പറഞ്ഞുവത്രേ സഹസ്രനാമം ചൊല്ലി ദേവിയെ പ്രീതിപ്പെടുത്തുന്നവര്‍ കള്ളന്മാരാണെന്നു്.’ ഒരുപക്ഷേ പ്രാര്‍ത്ഥനകളുടെ പേരില്‍ ആഡംബരത്തിനായി ചിലര്‍ പണം വാരിക്കോരി ചെലവു ചെയ്യുന്നതു കണ്ടിട്ടായിരിക്കാം അങ്ങനെ പറഞ്ഞതു്. അല്ലെങ്കില്‍ സഹസ്രനാമം ജപിക്കുന്നതു് ആകാശത്തിരിക്കുന്ന ഏതെങ്കിലും ഈശ്വരനെ പ്രീതിപ്പെടുത്താനാണെന്നു ചിന്തിച്ചിരിക്കാം.
എന്നാല്‍ നമ്മള്‍ സഹസ്രനാമം ചൊല്ലുന്നതു് നമ്മളിലെ ചൈതന്യത്തെ ഉണര്‍ത്താനാണു്. അന്തരീക്ഷത്തിനു മുകളിലിരിക്കുന്ന ഏതെങ്കിലും ഒരീശ്വരനെ പ്രീതിപ്പെടുത്തുവാനല്ല. എല്ലായിടവും നിറഞ്ഞുനില്ക്കുന്ന ഈശ്വരന്‍ നമ്മുടെ ഹൃദയത്തിലും വസിക്കുന്നു. ആ ഈശ്വരീയ തലത്തിലേക്കു നമ്മെ ഉണര്‍ത്തുവാനുള്ള ഒരു ഉപാധിയാണു സഹസ്രനാമം. സഹസ്രനാമത്തിലെ ഓരോ മന്ത്രത്തിനും വളരെ വലിയ അര്‍ത്ഥങ്ങളാണുള്ളതു്.
ആദ്യത്തെ മന്ത്രം തന്നെ ‘ശ്രീമാത്രേ നമഃ’ എന്നാണു്. മാതാവിനായിക്കൊണ്ടു നമസ്‌കാരം. മാതാവു ക്ഷമയുടെ മൂര്‍ത്തിയാണു്. ആ മന്ത്രം ജപിക്കുമ്പോള്‍ ആ ഭാവം നമ്മളിലും ഉണരും. അങ്ങനെ നമ്മളിലും ക്ഷമയെ വളര്‍ത്തുവാനാണു് ആ മന്ത്രം ഉപദേശിക്കുന്നതു്. സഹസ്രനാമത്തിലെ ഓരോ മന്ത്രവും ഉപനിഷദ് മന്ത്രംപോലെ പ്രാധാന്യമുള്ളതാണു്. അവ ജപിക്കുന്നതു വഴി നാം അറിയാതെതന്നെ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നതു്. നമ്മുടെ മനസ്സിനെ ഈച്ചയുടെ സംസ്‌കാരത്തില്‍നിന്നും ഈശ്വരീയമായ സംസ്‌കാരത്തിലേക്കുയര്‍ത്താനാണു സഹസ്രനാമജപം. അതു യഥാര്‍ത്ഥ സത്സംഗംതന്നെ.
ഒരിടത്തു രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയെ അച്ഛന്‍ എപ്പോഴും തൻ്റെ കൂടെ കൊണ്ടുനടക്കും. അച്ഛന്‍ കൂട്ടുകാരോടുകൂടി ചീട്ടുകളിക്കുമ്പോള്‍ കുട്ടിയും അടുത്തിരിക്കും. മദ്യപിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടാകും. രണ്ടാമനെ തള്ള തന്നോടൊപ്പം നിര്‍ത്തി. നല്ല കഥകള്‍ പറഞ്ഞു കൊടുക്കും. ക്ഷേത്രത്തില്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോകും. ഒടുവില്‍ അച്ഛൻ്റെ കൂടെ വളര്‍ന്ന കുട്ടി വൃത്തികെട്ടവനായിത്തീര്‍ന്നു. അവനിലില്ലാത്ത കുറവുകളില്ല. തള്ളയുടെകൂടെ വളര്‍ന്ന കുട്ടിയാകട്ടെ, പറയുന്നതു് ഈശ്വരകാര്യങ്ങള്‍, പാടുന്നതു് ഈശ്വരകീര്‍ത്തനങ്ങള്‍. മറ്റുള്ളവരോടു സ്നേഹവും കരുണയും വിനയവും അവനില്‍ വളര്‍ന്നു.
ഇതുപോലെ ഓരോ സാഹചര്യത്തിനും നമ്മുടെ സംസ്‌കാരത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. സഹസ്രനാമജപത്തിലൂടെയും ക്ഷേത്ര ആരാധനയിലൂടെയും നമ്മളിലെ ഈശ്വരീയസംസ്‌കാരത്തെ ഉണര്‍ത്തി എടുക്കുകയാണു ചെയ്യുന്നതു്. ഏകാഗ്രതയോടെയുള്ള ജപധ്യാനങ്ങള്‍ക്കു നമ്മളിലെ ശക്തി ഉണര്‍ത്താന്‍ സാധിക്കും. കൂടാതെ അന്തരീക്ഷത്തിനും ഗുണമാണു്. ഏകാഗ്രമായ സങ്കല്പമുണ്ടെങ്കില്‍ എന്തും സാദ്ധ്യമാകും. പക്ഷേ, ഇതൊന്നും ഇന്നുള്ളവര്‍ക്കു വിശ്വസിക്കുവാന്‍ വയ്യ.
പണ്ടു സൈ്കലാബ് വീഴാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു, ‘അതു കടലിലേക്കു വീഴാനായി എല്ലാവരും മനസ്സുകൊണ്ടു സങ്കല്പിക്കുവാന്‍.’ ഏകാഗ്രതയോടെയുള്ള സങ്കല്പത്തിനു വലുതായ ശക്തിയുണ്ടെന്നു് അവര്‍ അംഗീകരിക്കുകയായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി. മനസ്സിൻ്റെയും മന്ത്രജപത്തിൻ്റെയും ശക്തിയെക്കുറിച്ചു ഋഷീശ്വരന്മാര്‍ എത്രയോ മുന്‍പുതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അതു വിശ്വസിക്കുവാന്‍ നമുക്കു പ്രയാസം. ശാസ്ത്രജ്ഞന്മാര്‍ ഒരിക്കല്‍ പറയുന്നതു പിന്നീടു് അവര്‍തന്നെ തിരുത്തി പറയുന്നതാണു കാണുന്നതു്. എന്നിട്ടും അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ വിശ്വസിക്കാന്‍ നമ്മള്‍ തയ്യാറാണു്.