ഡാനിയ എഡ്വേര്‍ഡ്

അമ്മയെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നതു് 1989ല്‍ ആണു്, എൻ്റെ സുഹൃത്തായ ലളിതയുടെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍. ലളിത പൂജാമുറിയില്‍ അമ്മയുടെ ഫോട്ടോ വച്ചു പൂക്കളും ചന്ദനത്തിരിയുമൊക്കെക്കൊണ്ടു് ആരാധിക്കുന്നതു കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടു.

ഞാന്‍ ചിന്തിച്ചു, ‘മറ്റൊരു വ്യക്തിയുടെ മുന്നില്‍ നമ്മുടെതെല്ലാം സമര്‍പ്പിക്കാന്‍ എങ്ങനെയാണു കഴിയുന്നതു്?’ ‘ലളിതാ, നീ മറ്റൊരു കപടമതത്തില്‍ ചെന്നു ചാടുകയാണു്’ എൻ്റെ മനസ്സു് പറഞ്ഞു. അധികനേരം ആ പരിസരത്തു നില്ക്കാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ വേഗം അവിടെനിന്നു രക്ഷപ്പെട്ടു. വര്‍ഷം എട്ടു കഴിഞ്ഞു. ലോകത്തില്‍ വിശക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കണം എന്നു നിശ്ചയിച്ചിരുന്നവളാണു ഞാന്‍. എന്നാല്‍ അതിനു ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ സ്വയം ദരിദ്രയായി മാറുകയായിരുന്നു.

അവസാനം 1997ല്‍ ഗതികെട്ടു ഞാന്‍ എൻ്റെ മറ്റൊരു സുഹൃത്തായ നോയ്‌ലയുടെ വീട്ടില്‍ അഭയം തേടി. അവിടെ ചെന്നപ്പോഴാണറിയുന്നതു്, നോയ്‌ലയും അമ്മയുടെ ഒരു ഭക്തയാണു്. അവിടെയും ഭിത്തിയില്‍ അമ്മയുടെ ഒരു ഫോട്ടോ എന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്നു. പെട്ടെന്നു്, ഒരു ഞൊടിയിടയില്‍ അമ്മയുടെ രൂപം ഫോട്ടോയില്‍നിന്നു് ഇറങ്ങിവന്നു, എൻ്റെ മുന്നില്‍ പുഞ്ചിരിച്ചുകൊണ്ടു നിന്നു. അദ്ഭുതവും ആദരവും കൊണ്ടു ഞാന്‍ മിണ്ടാനാകാതെ നിന്നുപോയി.

ഇങ്ങനെ ഒരു അനുഭവം എനിക്കു് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടു്. അന്നു് ഒരിക്കല്‍ പരമഹംസ യോഗാനന്ദയുടെ ആത്മകഥയുടെ പുറംതാളിലുള്ള അദ്ദേഹത്തിൻ്റെ ഫോട്ടോ ഞാന്‍ ഇതുപോലെ സംശയത്തോടെയും കൗതുകത്തോടെയും നോക്കുകയായിരുന്നു. ഒരു നിമിഷത്തേക്കു ഫോട്ടോക്കു ജീവന്‍ വച്ചതുപോലെ അദ്ദേഹം എൻ്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

ഈ രണ്ടു് അനുഭവങ്ങളും അല്പനേരത്തേക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതു വെറുമൊരു തോന്നലായിരുന്നില്ല എന്നെനിക്കു് ഉറപ്പായിരുന്നു. ഭൗതികലോകത്തെ കയ്‌പ്പേറിയ അനുഭവങ്ങള്‍ എന്നെ കൂടുതല്‍ പക്വമതിയാക്കിയിരിക്കണം. ആത്മീയ കാര്യങ്ങള്‍ക്കു് എൻ്റെ ഹൃദയം വഴങ്ങിയതു് അങ്ങനെ ആയിരുന്നിരിക്കണം.

എന്നാല്‍ എൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല എന്നു തോന്നുന്നു. ഈ സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ അമ്മ സിയാറ്റില്‍ സന്ദര്‍ശനത്തിനു വന്നു. അപ്പോള്‍ വളരെ ആഗ്രഹിച്ചിട്ടും നോയ്‌ലയുടെ കൂടെ അമ്മയെ കാണാന്‍ പോകാന്‍ എനിക്കു കഴിഞ്ഞില്ല. അമ്മയുടെ ഒരു ഫോട്ടോ എനിക്കു കൊണ്ടുവരണമെന്നു ഞാനവളോടു് അപേക്ഷിച്ചിരുന്നു. അവളുടെ വീട്ടിലുള്ളതുപോലെ ഒരു ഫോട്ടോ അവളെനിക്കു കൊണ്ടുവന്നു.

ഫോട്ടോ വാങ്ങിയതിനുശേഷം അതു് അമ്മയെക്കൊണ്ടു് അനുഗ്രഹിപ്പിക്കാന്‍ അവള്‍ അമ്മയുടെ അടുത്തു ചെന്നിരുന്നുപോലും. അവള്‍ക്കു വേണ്ടിയിട്ടല്ല, എനിക്കു വേണ്ടിയാണു ഫോട്ടോ വാങ്ങിയതെന്നു പറഞ്ഞപ്പോള്‍ അമ്മ സന്തോഷത്തോടെ ചിരിച്ചുപോലും. എൻ്റെ ഹൃദയം നിറഞ്ഞു. എന്നെക്കുറിച്ചു് അമ്മ കേട്ടുവല്ലോ. എല്ലാവരും ആരാധിക്കുന്ന ഈ അമ്മയെപ്പറ്റി കൂടുതല്‍ അറിയണമെന്ന ആഗ്രഹം എൻ്റെ ഉള്ളില്‍ ശക്തിപ്പെട്ടു വന്നു.

പരമഹംസയോഗാനന്ദ സമാധിയായി. എന്നാല്‍ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ. അമ്മയെ കാണാന്‍ ഇനി ഒട്ടും താമസിച്ചുകൂടാ എന്നു ഞാന്‍ തീരുമാനിച്ചു. മരിച്ചുപോയവര്‍ മാത്രമേ മഹാത്മാക്കളാകൂ എന്നു നിയമമൊന്നുമില്ലല്ലോ! അമ്മ ഏതായാലും സാധാരണക്കാരിയല്ല. ഒരു മഹാത്മാവല്ലെന്നു് എന്താണുറപ്പു്? എന്തായാലും ഒന്നു പോയി പരീക്ഷിച്ചു കളയാം. ഞാന്‍ തീരുമാനിച്ചു.

അടുത്ത വര്‍ഷം അമ്മ വരുമ്പോഴേക്കും ഞാന്‍ തയ്യാറായിരുന്നു. അമ്മയോടൊത്തുള്ള അദ്ധ്യാത്മികപരിപാടികളില്‍ പങ്കുചേരാന്‍ ഞാനും രജിസ്റ്റര്‍ ചെയ്തു. അമ്മയെ അടുത്തറിയുവാനും നിരീക്ഷിക്കുവാനും അങ്ങനെ അവസരം ലഭിക്കുമല്ലോ എന്നു ഞാന്‍ ചിന്തിച്ചു.1998ല്‍ അമ്മയെക്കുറിച്ചു് ആദ്യമായി കേട്ടു് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ കാണുവാനായി ഞാന്‍ പുറപ്പെട്ടു.

നോയ്‌ലയെയും അവളുടെ ഭര്‍ത്താവിനെയും കൂടാതെ കുറച്ചു പേര്‍ കൂടി ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. സമുദ്രതീരത്തുള്ള വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലത്താണു് അമ്മയുടെ പ്രോഗ്രാം നടന്നിരുന്നതു്. അമ്മയുടെ ദര്‍ശനം നടക്കുന്ന ഹാളിനടുത്തുള്ള ഒരു പാര്‍ക്കില്‍ ടെന്റടിച്ചു ഞങ്ങള്‍ താമസം തുടങ്ങി.

അടുത്ത ദിവസം രാവിലെ ഞങ്ങള്‍ പ്രോഗ്രാം സ്ഥലത്തെത്തി. അവിടെ അപ്പോള്‍ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നിരിക്കണം. അധികവും വെള്ള വസ്ത്രം ധരിച്ചവര്‍. അതിനു നടുവില്‍ അമ്മ! അമ്മ എത്ര ചെറുതാണു്! എന്തൊരു ഭംഗിയുള്ള ഇരുണ്ട നിറമാണു് അമ്മയ്ക്കു്!

ഞാന്‍ വെസ്റ്റ്‌ ആഫ്രിക്കയിലായിരുന്ന കാലമോര്‍ത്തുപോയി. അന്നു് ആ ഗ്രാമത്തിലെ ഒരേയൊരു വെള്ളക്കാരി ഞാനായിരുന്നു. ഇന്നിതാ ചുറ്റും വെള്ളക്കാരുടെ നടുവില്‍ ഒരേയൊരു ഇരുണ്ട നിറക്കാരിയായി അമ്മ. അമ്മയുടെ ആദ്യത്തെ ആലിംഗനവും ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. ‘അവസാനം എനിക്കൊരു സഹോദരിയെക്കിട്ടി’ എന്നാണു് അമ്മയുടെ കരവലയത്തിലമര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതു്. ഈ ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്ന, സര്‍വ്വചരാചരങ്ങളെയും സ്നേഹിക്കുന്ന ഒരു സഹോദരി.

ജഗദീശ്വരിയായ അമ്മയെ ഞാനെൻ്റെ സഹോദരിയായി സങ്കല്പിച്ചു എന്നു തുറന്നുപറയുന്നതില്‍ എനിക്കിന്നു ലജ്ജയുണ്ടു്. എന്നാല്‍ തികച്ചും അപരിചിതയായ എന്നെ ഇത്ര തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു് ആലിംഗനം ചെയ്യുന്നതു കണ്ടപ്പോള്‍ അതു് ഒരു സഹോദരി ചെയ്യുന്നതുപോലെ സ്വാഭാവികമായി എനിക്കു തോന്നിപ്പോയി. ലോകത്തിനു മുഴുവന്‍ അമ്മയായ ഒരാളുടെ ആശ്ലേഷത്തിൻ്റെ അര്‍ത്ഥം അന്നു് എനിക്കു മനസ്സിലായിരുന്നില്ല.

ദര്‍ശനം കഴിഞ്ഞു് അമ്മ മുറിയിലേക്കു പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ കൂടെ ഞാനും അമ്മയുടെ പുറകെ പോയി. എന്തു കൊണ്ടോ അമ്മയെ വിട്ടുപിരിയാന്‍ കഴിയാത്തതുപോലെ. അനേകം മണിക്കൂറുകള്‍ ഇരുന്നു ദര്‍ശനം കൊടുത്തു തിരിച്ചുപോകുമ്പോഴും അമ്മയ്ക്കു് എന്തുത്സാഹമാണു്! കൈകൊട്ടി ഭജന പാടിക്കൊണ്ടാണു നടക്കുന്നതു്. ‘അംബാ ഭവാനി ജയജഗദംബേ’ എന്നു പാടി നൃത്തം വച്ചുകൊണ്ടു് അമ്മ നടക്കുമ്പോള്‍ മക്കളെല്ലാവരും അതേറ്റു പാടിക്കൊണ്ടു് ആ പുല്‍ത്തകിടിയിലൂടെ അമ്മയുടെ പുറകെ നടന്നു.

മുന്നിലെ സമുദ്രംപോലും അമ്മയുടെയും മക്കളുടെയും ആനന്ദനൃത്തം കണ്ടു തിരയെല്ലാമടക്കി ധ്യാനത്തിലാണ്ടതു പോലെ തോന്നി. എല്ലാ പ്രായത്തിലുമുള്ള മക്കള്‍ അമ്മയുടെ പുറകെ, അല്ല, പ്രകൃതി മുഴുവന്‍ അമ്മയുടെ പുറകെ. ഞാന്‍ യേശു ദേവനെ ഓര്‍ത്തുപോയി. യേശു ദേവന്‍ എവിടെച്ചെന്നാലും കുഞ്ഞുങ്ങള്‍ കര്‍ത്താവിൻ്റെ മടിയിലിരിക്കാന്‍ ഓടിയെത്താറുണ്ടല്ലോ.

സാവധാനം അമ്മയോടു് എനിക്കാദ്യം തോന്നിയിരുന്ന സഹോദരീഭാവം മാറാന്‍ തുടങ്ങി. മറ്റൊരിക്കല്‍ അമ്മ കാറില്‍ പോകുന്നതു ഞാന്‍ നോക്കിനില്ക്കുകയായിരുന്നു. റോഡിനരികിലുള്ള മൈതാനത്തു കുറച്ചു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കാര്‍ വരുന്നതു കണ്ട കുട്ടികള്‍ കളി നിര്‍ത്തി കാറിനടുത്തേക്കു് ഓടിച്ചെന്നു.

അമ്മ കാറു നിര്‍ത്തി ഡോറു തുറന്നു് ഒരു കുഞ്ഞിനെ വാരിയെടുത്തു, കാര്‍ വീണ്ടും പാഞ്ഞു പോയി. ആ കുഞ്ഞു ഞാനായിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയി. പിന്നീടു ഞാനറിഞ്ഞു, അമ്മ ഇങ്ങനെ ‘തട്ടിക്കൊണ്ടു പോകണം’ എന്നാഗ്രഹിച്ചാണു കുഞ്ഞുങ്ങള്‍ അമ്മയുടെ കാറിനു പുറകെ ഓടുന്നതെന്നു്.

അടുത്ത ദിവസം വൈകുന്നേരം. അന്നു ദേവീഭാവമാണെന്നു ഞാന്‍ കേട്ടു. കൗതുകത്തോടെയും ആകാംക്ഷയോടെയും ഞാന്‍ കാത്തിരുന്നു. കര്‍ട്ടന്‍ തുറന്നപ്പോള്‍ അമ്മയതാ പട്ടുസാരിയും സ്വര്‍ണ്ണാഭരണങ്ങളും കിരീടവുമൊക്കെ ധരിച്ചിരിക്കുന്നു. എന്തൊരു ധാരാളിത്തം. എന്തൊരു പകിട്ടു്.

എൻ്റെ മനസ്സു് ചഞ്ചലപ്പെടാന്‍ തുടങ്ങി. ‘ഇതെന്തു നാടകമാണമ്മേ?’ എൻ്റെ മനസ്സു് ചോദിച്ചു. ‘ലോകത്തിലെ ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും അമ്മയല്ലേ അവിടുന്നു്? അമ്മയ്‌ക്കെങ്ങനെ ഈ പട്ടുസാരിയും ആഭരണങ്ങളും ധരിക്കാന്‍ കഴിയുന്നു?’ എനിക്കു നിരാശ തോന്നി. സമ്പന്നമായ പടിഞ്ഞാറന്‍ രാജ്യത്തു ജീവിക്കുന്ന എനിക്കുപോലും ഇത്രയും വിലപ്പെട്ട വേഷഭൂഷകള്‍ അണിയാന്‍ കഴിവില്ല. ഹോളിവുഡ് സിനിമാനടികളേ ഇത്രയും പകിട്ടോടെ വേഷം ധരിക്കാറുള്ളൂ.

‘അമ്മയ്‌ക്കെന്താ പണക്കാരുടെയും പ്രതാപശാലികളുടെയും കൂട്ടുകൂടാനാണോ ആഗ്രഹം?’ ഞാന്‍ വീണ്ടുംവീണ്ടും മനസ്സില്‍ ചോദിച്ചുകൊണ്ടിരുന്നു. അവരെ സന്തോഷിപ്പിക്കാനാണോ ഈ വേഷഭൂഷകള്‍? ഈ ലോകത്തിനെ ചൂഷണം ചെയ്യുന്നവരാണു പണക്കാര്‍ എന്നു് അമ്മയ്ക്കു് അറിയില്ലേ? അധികാരത്തിനു വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍, സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കൊല്ലാനും മടിക്കാത്തവര്‍, ഭരണം പിടിച്ചടക്കാന്‍ വേണ്ടി സ്വന്തക്കാരെപ്പോലും നശിപ്പിക്കുന്നവര്‍.

മുന്നില്‍ കാണുന്നതു മനസ്സിലാക്കാന്‍ കഴിയാതെ, ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഞാനെൻ്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ആ ഹാളിലിരുന്നു. കുട്ടിക്കാലം മുതലേ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കണ്ടു മനസ്സു് നൊന്തിട്ടുള്ളവളാണു ഞാന്‍. സമ്പത്തുള്ള കുടുംബത്തിലാണു ഞാന്‍ ജനിച്ചതു്. മറ്റുള്ള കുട്ടികളെക്കാള്‍ കൂടുതല്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ കിട്ടുന്നതു് എനിക്കൊരിക്കലും സന്തോഷം തന്നിരുന്നില്ല.

ഞാനൊരു വലിയ വീട്ടില്‍ സുഖസൗകര്യങ്ങളോടെ കഴിഞ്ഞിരുന്നപ്പോള്‍ ചുറ്റിലുമുള്ള പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍, ചെരുപ്പുപോലും ഇടാനില്ലാത്ത കുട്ടികള്‍, കീറിപ്പറിഞ്ഞ ഉടുപ്പുകളും അഴുക്കു പുരണ്ട ശരീരവുമായി നടന്നിരുന്നതു ഞാനിപ്പോഴും ഓര്‍ക്കുന്നു.

1984ല്‍ വടക്കേ ആഫ്രിക്കയിലുള്ള മാലിയിലെ സഹാറാ മരുഭൂമിയില്‍ അവിടത്തെ നാട്ടുകാരുടെ കൂടെ ഞാന്‍ ഒരു വര്‍ഷം താമസിച്ചിരുന്നു. ആ വര്‍ഷം അതിഭീകരമായ വരള്‍ച്ചയായിരുന്നു ആ നാട്ടുകാര്‍ അനുഭവിച്ചതു്. വരള്‍ച്ചയ്ക്കു പ്രധാന കാരണം സമ്പന്നരായ പടിഞ്ഞാറന്‍ ജനത ദാനം ചെയ്ത ഒരു ഡാമായിരുന്നു. നിഗ്ഗര്‍ നദിയില്‍ ഡാം പണിതപ്പോള്‍ നദി ഒഴുകുന്ന ഗ്രാമമൊക്കെ കടുത്ത വരള്‍ച്ച നേരിട്ടു.

ആയിരക്കണക്കിനു ഗ്രാമീണര്‍ ചുട്ടു വരണ്ട കാലാവസ്ഥയില്‍ വെള്ളം കിട്ടാതെ സ്വന്തം വീടുപേക്ഷിച്ചു ദൂരെ സ്ഥലങ്ങളിലേക്കു പലായനം ചെയ്യുന്നതും, വഴിയില്‍ പട്ടിണികൊണ്ടും കോളറ പിടിപെട്ടും മരിച്ചു വീഴുന്നതും ഞാന്‍ നേരിട്ടു കണ്ടിരുന്നു. മരിക്കാതെ അവശേഷിച്ചവരാകട്ടെ, ടൗണിനടുത്തു ഹാര്‍ഡ്‌ബോര്‍ഡും ടിന്‍ഷീറ്റും മറ്റും ഉപയോഗിച്ചു കിടപ്പാടമുണ്ടാക്കി, വിശപ്പുകൊണ്ടും രോഗംകൊണ്ടും വലഞ്ഞു ജീവച്ഛവങ്ങളെപ്പോലെ കഴിഞ്ഞു.

ദേവീഭാവത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായിരിക്കുന്ന അമ്മയെക്കണ്ടപ്പോള്‍ ഈ രംഗങ്ങളൊക്കെ എൻ്റെ മനസ്സിലൂടെ കടന്നുപോയി. ആര്‍ഭാടവും സമ്പത്തുമൊക്കെ പാവപ്പെട്ടവരെയും ബലഹീനരെയും ചൂഷണം ചെയ്തുണ്ടാക്കുന്നതാണു്. എന്നിട്ടും അമ്മയ്ക്കു് ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞല്ലോ. അവിടെനിന്നു് എഴുന്നേറ്റുപോകാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എഴുന്നേറ്റു. പക്ഷേ, പോകാന്‍ മനസ്സു് വരുന്നില്ല. കാലുകള്‍ നീങ്ങുന്നില്ല. ‘എനിക്കിതിൻ്റെ അര്‍ത്ഥമൊന്നു മനസ്സിലാക്കിത്തരൂ അമ്മേ’ എൻ്റെ മനസ്സു് കേണു.

അമ്മയില്‍നിന്നു കണ്ണെടുക്കാന്‍ എനിക്കു കഴിയുന്നില്ല. ഒരു നിമിഷം അമ്മ എൻ്റെ കണ്ണുകളിലേക്കു നോക്കി, പുരികമുയര്‍ത്തി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്നു് എൻ്റെ കാഴ്ചപ്പാടു മാറാന്‍ തുടങ്ങി. മുന്നില്‍ ദേവീരൂപത്തില്‍ നില്ക്കുന്നതു് എൻ്റെ സ്വന്തം അമ്മയാണു്. അമ്മയുടെ കാരുണ്യം നിറഞ്ഞ നോട്ടവും തിളങ്ങുന്ന കണ്ണുകളും സ്നേഹത്തോടെയുള്ള ആലിംഗനവും നോക്കിനിന്നപ്പോള്‍ എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ഒരു രാജ്ഞിയെപ്പോലെ വേഷം ധരിച്ച പ്രൗഢഗംഭീരയായ എൻ്റെ അമ്മ! എന്നാല്‍ എന്താണമ്മ ചെയ്യുന്നതു്? പാവപ്പെട്ടവരെയും പണക്കാരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും എല്ലാവരെയും ഒരേപോലെ സ്വീകരിക്കുന്നു. ദുഃഖിക്കുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നു, സന്തോഷിക്കുന്നവരെ കണ്ടു് ആനന്ദിക്കുന്നു, കുഞ്ഞുങ്ങളുടെ കൂടെ ഒരു കുഞ്ഞിനെപ്പോലെ കളിച്ചുല്ലസിക്കുന്നു. ഇവരെയൊക്കെ ഒരേപോലെ സ്നേഹിക്കുന്നു.

സാവധാനം എൻ്റെ ഉള്ളു തെളിയാന്‍ തുടങ്ങി. ഈ ലോകത്തില്‍ എത്രപേരെ ഞാനിങ്ങനെ തെറ്റായി വിധിച്ചിരിക്കാം? സമ്പത്തും കാരുണ്യവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നു് എങ്ങനെ എനിക്കു് ഉറപ്പിക്കാന്‍ കഴിഞ്ഞു? ലോകത്തിനു നന്മ ചെയ്യാന്‍ സമ്പത്തു കൂടിയേ കഴിയൂ എങ്കില്‍ കാരുണ്യമുള്ളവര്‍ സമ്പന്നരായിരിക്കുന്നതില്‍ എന്താണു തെറ്റു്? എൻ്റെ മുന്‍വിധികളൊക്കെ മാറാന്‍ തുടങ്ങി.

പാവപ്പെട്ടവരോടുള്ള ദയവിൻ്റെ പേരില്‍ എത്രയോ പേരോടു് എനിക്കു മനസ്സില്‍ ദേഷ്യമുണ്ടായിരുന്നു. എത്ര കലുഷമായിരുന്നു എൻ്റെ മനസ്സു്. നിഷ്‌കാമമായി ആരെയും സ്നേഹിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ദോഷം കാണാന്‍ ശ്രമിച്ചിരുന്ന എൻ്റെ കണ്ണുകളെ എൻ്റെ ഉള്ളിലേക്കുതന്നെ തിരിക്കാന്‍ അമ്മയുടെ ഒരു നോട്ടത്തിനും പുഞ്ചിരിക്കും സാധിച്ചു. അമ്മയ്ക്കു് അതു് അത്ര എളുപ്പമായിരുന്നു.

ആദ്യത്തെ ദര്‍ശനം കഴിഞ്ഞു രണ്ടു വര്‍ഷത്തിനുശേഷം അമ്മ എനിക്കു് ഒരു പുതിയ പേരു തന്നു. എൻ്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ രത്‌നങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. പുഞ്ചിരിച്ചുകൊണ്ടു് അമ്മയെൻ്റെ കൈയില്‍ പതുക്കെയൊന്നു തൊട്ടു, എന്നിട്ടു വിളിച്ചു, ‘ശ്രീമയി’. പേരിൻ്റെ അര്‍ത്ഥം സ്വാമിജി വിശദീകരിച്ചു തന്നപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

‘ശ്രീ’ എന്നതു ലക്ഷ്മീദേവിയുടെ പേരാണു്. ഭൗതികസമ്പത്തിൻ്റെയും ആത്മീയസമ്പത്തിൻ്റെയും അധിഷ്ഠാനദേവതയായ ലക്ഷ്മീദേവി. ‘ലക്ഷ്മീദേവിയുടെ ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നവള്‍’ എന്നാണു് ശ്രീമയി എന്ന പേരിൻ്റെ അര്‍ത്ഥം. ഭൗതികമായും ആത്മീയമായും വേണ്ടതെല്ലാം അമ്മ ഒന്നിച്ചെനിക്കു തന്നിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെങ്ങനെ മാറിപ്പോയി എന്നോര്‍ത്തു് എനിക്കു ചിരി വരാറുണ്ടു്. അന്നൊരിക്കല്‍ എൻ്റെ സുഹൃത്തു ലളിതയുടെ പൂജാമുറിയില്‍ അമ്മയുടെ ഫോട്ടോ കണ്ടു് എൻ്റെ നെറ്റി ചുളിഞ്ഞു, ഞാനവിടെനിന്നു് ഇറങ്ങിപ്പോയി. ഇന്നു് എനിക്കു് ഏറ്റവും ഇഷ്ടം ലളിതയുടെ വീട്ടില്‍ സത്സംഗത്തിനു പോകാനാണു്.

പാവങ്ങള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും കുഞ്ഞുങ്ങള്‍ക്കുംവേണ്ടി അമ്മ തുടങ്ങിവച്ച അനേകം സഹായ പദ്ധതികള്‍ ഇന്നെനിക്കറിയാം. ഞാനവയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടു്. ലോകത്തെ സേവിക്കണം എന്ന എൻ്റെ ആഗ്രഹത്തിനും അങ്ങനെ അമ്മ സാഫല്യം തന്നു.

എനിക്കിന്നു് അമ്മയോടു് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. അമ്മയെ പൂര്‍ണ്ണമായും ശരണം പ്രാപിക്കാന്‍ എനിക്കു കഴിയണേ! ഇന്നും മറ്റുള്ളവരെ വിധിക്കാനുള്ള എൻ്റെ സ്വഭാവം മുഴുവന്‍ മാറിയിട്ടില്ല. എൻ്റെ അഹങ്കാരം അമ്മയുടെ മുന്‍പില്‍ അടിയറവയ്ക്കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല. ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചു കൊണ്ടുവന്നിട്ടുള്ള ദുര്‍വ്വാസനകള്‍ മാറ്റാന്‍ അമ്മയ്ക്കു മാത്രമേ കഴിയുകയുള്ളൂ.

‘ഉണരുവിന്‍ മക്കളേ!’ എന്നമ്മ വിളിക്കുന്നു. പക്ഷേ, അമ്മേ അവിടുത്തെ സഹായമില്ലാതെ ഞങ്ങളെങ്ങനെ ഉണരും? ലോകത്തെക്കുറിച്ചും ഞങ്ങളെക്കുറിച്ചു തന്നെയും മുന്‍വിധികളുമായാണല്ലോ ഞങ്ങള്‍ കഴിയുന്നതു്. എന്നാലും ഞങ്ങള്‍ക്കു് ഒരു സൗഭാഗ്യമുണ്ടു്. അമ്മ ഞങ്ങള്‍ക്കിടയിലുണ്ടു്. അഹങ്കാരമില്ലാതെ, സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവര്‍ക്കു് ഉപകാരം ചെയ്യാന്‍ കഴിയും എന്നു ജീവിച്ചു കാണിച്ചുതന്നുകൊണ്ടു്, ഞങ്ങള്‍ക്കു വഴിതെളിച്ചുകൊണ്ടു്…

വിവ: പത്മജ ഗോപകുമാര്‍