സ്വാമി തുരീയാമൃതാനന്ദ പുരി

നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാം
സ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,
അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കി
അഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു.

അവതാരഗംഗയശുഭങ്ങളെയാകെ നീക്കി
അറിവിൻ്റെ ഗംഗയവനീതലമാര്യമാക്കി
ഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍
സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു.

കനിവിൻ്റെ ദീപ്തി കനകാസനവാഴ്‌വുവിട്ടു്
ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കി
പ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരം
തിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍!

ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍
തടിനീസമാനഗതി സാദരമാചരിച്ചു
പരിതാപമാറ്റി, ജഗദാത്മകഭാവമേറ്റി
ചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ!

അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീ
ഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂ
പരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍
സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!