എ.കെ.ബി. നായർ

‘അമ്മ’ എന്ന വാക്കു് അമൃതാനന്ദമയീമാതാവിനെ സൂചിപ്പിക്കുന്നുവെന്ന ധാരണ സാധാരണ ജനങ്ങളിൽ പതിഞ്ഞിരിക്കുന്നു. ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും ജനസഹസ്രങ്ങൾ അമ്മയെ ദർശിക്കുവാനും സാന്ത്വന സ്പർശനം അനുഭൂതിപ്രദമാക്കുവാനും ക്ഷമയോടെ കാത്തു നില്ക്കുന്ന കാഴ്ച ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു.

ജനങ്ങളെ അമ്മയിലേക്കു് ആകർഷിക്കുന്ന ഘടകമേതാണെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം വ്യാവഹാരിക ഭാഷയിലൂടെ നല്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കാരണം, അമ്മയുടെ പ്രവർത്തനങ്ങൾ ശരീരമനോബുദ്ധിക്കു വിധേയമായിട്ടല്ല നടക്കുന്നതു്. അതിനപ്പുറത്തുള്ള ആത്മാവിൽനിന്നു നേരിട്ടാണു പ്രകടമാകുന്നതു്. അതുകൊണ്ടു് ആത്മീയഭാഷയിലൂടെ മാത്രമേ അമ്മയുടെ പ്രവർത്തനങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളൂ.

ഭഗവദ്ഗീതയിലെ രാജവിദ്യാ രാജഗുഹ്യയോഗത്തിൽ ഭഗവാൻ അർജ്ജുനനോടു് ഉപദേശിച്ചതു ശ്രദ്ധിക്കുക.

”പിതാഹമസ്യ ജഗതഃ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാരഃ
ഋക് സാമയജുരേവ ച” (ഗീത 9-17)

ജഗത്തിൻ്റെ പിതാവും മാതാവും പിതാമഹനും കർമ്മഫലം പ്രദാനം ചെയ്യുന്ന വിധാതാവും ഞാനാകുന്നു. അറിയപ്പെടേണ്ട തത്ത്വവും പരിശുദ്ധവും പ്രണവ സ്വരൂപവും ഋഗ്‌വേദവും സാമവേദവും യജുർവേദവും ഞാൻ തന്നെയാണു്. ഇതാണു പ്രസ്തുത ഗീതാശ്ലോകത്തിൻ്റെ സാരം. സാധാരണ ജനങ്ങൾക്കു ഭഗവാനെ മനസ്സിലാക്കുവാൻവേണ്ടി അവരുടെ തലത്തിലേക്കിറങ്ങി വന്നു മാതൃവാത്സല്യം പകർന്നു നല്കി തൻ്റെ വിഭൂതികളെപ്പറ്റി വിസ്തരിക്കുകയാണു ഭഗവാൻ.

അമ്മയിൽ നിന്നാണു മനുഷ്യൻ യഥാർത്ഥ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കുന്നതു്. വാത്സല്യമെന്ന ഉത്ക്കൃഷ്ടവികാരത്തിൻ്റെ മൂർത്തിമദ്ഭാവമാണു മാതാവു്. ദൈവം മാതാവുതന്നെയാണെന്ന ശ്രീകൃഷ്ണഭഗവാൻ്റെ വാക്കുകളെ മാതാ അമൃതാനന്ദമയീദേവിയിലൂടെ ജനങ്ങൾ അനുഭൂതിപ്രദമാക്കുന്നു.

തങ്ങളുടെ സ്വകാര്യദുഃഖങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ വിമുഖരാണു മിക്കവരും. ദുഃഖങ്ങൾ ഹൃദയത്തിൽ ഘനീഭവിച്ചു മാരകമായ രോഗങ്ങൾക്കു പലരും അടിമപ്പെടുന്നു. ദുഃഖങ്ങൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ വ്യക്തിക്കു് ആശ്വാസവും ശാന്തിയും ലഭിക്കുന്നു. അന്യരുടെ ദുഃഖം ക്ഷമയോടെ കേൾക്കുവാനും അവയ്ക്കു പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും കഴിവുള്ളവർ ഈ കാലഘട്ടത്തിൽ വളരെ വിരളമാണു്.

ഭൗതിക സുഖസൗകര്യങ്ങൾ എന്നത്തേക്കാളും കൂടുതൽ ലഭ്യമായ വർത്തമാനകാലത്തു മനുഷ്യർ കടുത്തമാനസിക സംഘർഷത്തിനു വിധേയരാണെന്നാണു സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു്. ഇതിൽനിന്നു നാം മനസ്സിലാക്കേണ്ടതു് ഇന്നു ലഭ്യമായ ഭൗതികസൗകര്യങ്ങൾ ഒന്നും മനസ്സിനെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തമല്ലെന്നാണു്. ഭൗതിക ശാസ്ത്രജ്ഞന്മാർക്കും വ്യക്തമായ പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കുന്നില്ല.

അനേകലക്ഷം ജനങ്ങളുടെ മനസ്സിനു സാന്ത്വനമേകുവാനും മനഃശാന്തി ലഭ്യമാക്കുവാനും അമ്മയ്ക്കു സാധിക്കുന്നു എന്നതാണു് ഏറ്റവും ശ്രദ്ധേയമായ വസ്തുത. മണിക്കൂറുകളോളം ക്യൂവിൽനിന്നു മടുപ്പുതോന്നാതെ അമ്മയുടെ സാന്നിദ്ധ്യത്തെയും സാന്ത്വനം നല്കുന്ന കരസ്പർശത്തെയും വാക്കുകളെയും പ്രതീക്ഷിച്ചു നില്ക്കുന്ന ജനലക്ഷങ്ങൾ വർത്തമാനകാലത്തെ മഹാവിസ്മയമാണു്. തന്നെ സമീപിക്കുന്നവരെ മാതൃസ്നേഹം പകർന്നു തൻ്റെ കരവലയത്തിൽ ചേർത്തു് അമ്മ സാന്ത്വനപ്പെടുത്തുമ്പോൾ അതിനു വിധേയരാകുന്നവരുടെ കണ്ണുകളിലെ നനവും ഭാവപ്പകർച്ചയും വെളിപ്പെടുത്തുന്നതു് അവരുടെ ആത്മസംതൃപ്തിയെയാണു്.

ഈ ലേഖകനും അമ്മയുടെ ദർശനവും സാന്ത്വനസ്പർശവും പലതവണ ലഭിച്ചിട്ടുണ്ടു്. അനുഭൂതി നിറഞ്ഞ ആ നിമിഷങ്ങൾ അനിർവ്വചനീയങ്ങളാണു്.