ആദ്ധ്യാത്മികത എന്നു കേള്‍ക്കുമ്പോള്‍, ഭയക്കുന്നവരാണു ജനങ്ങളില്‍ അധികംപേരും. സ്വത്തു സമ്പാദിക്കരുതെന്നോ കുടുംബജീവിതം വെടിയണമെന്നോ അല്ല ആദ്ധ്യാത്മികത എന്നതുകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. സ്വത്തു സമ്പാദിച്ചുകൊണ്ടു കുടുംബജീവിതം നയിച്ചുകൊള്ളൂ.പക്ഷേ, തത്ത്വം അറിഞ്ഞായിരിക്കണം ജീവിക്കേണ്ടതു്.
ആദ്ധ്യാത്മികതത്ത്വമറിയാതുള്ള സ്വത്തുസമ്പാദനവും കുടുംബജീവിതവുമെല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഈ സമ്പാദ്യങ്ങളോ സ്വന്തക്കാരോ ഒന്നും ശാശ്വതമായി നമ്മുടെ കൂടെ വരുന്നതല്ല. അവയ്ക്കു് അവയുടെതായ സ്ഥാനം മാത്രമേ ജീവിതത്തില്‍ നല്കുവാന്‍ പാടുള്ളൂ.
എല്ലാം ഉപേക്ഷിക്കണം എന്നല്ല, ഈ ഭൗതികലോകത്തു് എങ്ങനെ വിവേകപൂര്‍വ്വം ആനന്ദപ്രദമായി ജീവിക്കാം എന്നു പഠിപ്പിക്കുന്നതാണു് ആദ്ധ്യാത്മികതത്ത്വങ്ങള്‍. നീന്തലറിയാത്തവന്‍ കടലിലിറങ്ങിയാല്‍ തിര അവനെ അടിച്ചുമറിച്ചിടും. അവന്റെ ജീവന്‍തന്നെ അപകടത്തിലാകും.
എന്നാല്‍ നീന്തല്‍ പഠിച്ചവന്‍ കടലിലെ തിരകളില്‍ നീന്തി രസിക്കും. അവനു് അതു് ആനന്ദകരമായ ലീലയാണു്. ഇതുപോലെ ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ ഈ ലോകത്തെ ഒന്നുകൂടി ആനന്ദപൂര്‍ണ്ണമായി പുല്കുവാന്‍ കഴിയുന്നു. അല്ലാതെ മരിച്ചു കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ടിയുള്ളതോ കുറെ അന്ധവിശ്വാസങ്ങളോ അല്ല ആദ്ധ്യാത്മികത. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍തന്നെ.
ഈ ലോകത്തെ ഒരു കുട്ടിയുടെ ലീലപോലെ നോക്കി കണ്ടാല്‍, മനസ്സിനെ അനുഭൂതിതലത്തിലേക്കുയര്‍ത്തുവാന്‍ കഴിയും. ഈ ജീവിതത്തില്‍തന്നെ ആനന്ദം അനുഭവിക്കാന്‍ വേണ്ട ശക്തിയും ധൈര്യവും എങ്ങനെ സംഭരിക്കാം എന്നു പഠിപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.
ജോലിയൊന്നും ചെയ്യാതെ വെറുതെ കുത്തിയിരിക്കാന്‍, മടിയന്മാരായിരിക്കാന്‍ ഈ മാര്‍ഗ്ഗം ഉപദേശിക്കുന്നില്ല. ഒരാള്‍ സാധാരണ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമെങ്കില്‍ അതു പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു് അധികം നേടിയ പണം മിച്ചംവച്ചു സാധുസേവയ്ക്കായി ഉപയോഗിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതു് ആദ്ധ്യാത്മികതയാണു്. അതാണു യഥാര്‍ത്ഥ ഈശ്വരപൂജ.