ക്ലോസ് കൊല്ലമന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പു് എൻ്റെ ഒരു സ്നേഹിതന്‍ എനിക്കൊരു മാഗസിന്‍ തന്നു, ഒരു യോഗ ജേര്‍ണല്‍. മാഗസിന്‍ ഞാന്‍ വീട്ടിലേക്കു കൊണ്ടുവന്നു. അതില്‍ ‘അമ്മ’ എന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ലേഖനമുണ്ടായിരുന്നു. സിയാറ്റിലിനു വടക്കു പടിഞ്ഞാറുള്ള ഫോര്‍ട്ട് ഫ്ലാഗര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ അമ്മയുടെ ഒരു പരിപാടിയുണ്ടു് എന്നു് അതില്‍ എഴുതിയിരുന്നു.

ഞങ്ങള്‍ കാനഡയുടെ തെക്കു വടക്കു സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയയില്‍ ആയിരുന്നു താമസിച്ചിരുന്നതു്. ഞങ്ങളുടെ വീട്ടില്‍നിന്നു വളരെയൊന്നും അകലെയല്ല അമ്മയുടെ പ്രോഗ്രാം നടക്കുന്ന സിയാറ്റില്‍. സ്റ്റിഫാനിയ, എൻ്റെ ഭാര്യ, അമ്മയുടെ പടത്തിലേക്കു് ഒരു വട്ടമേ നോക്കിയുള്ളൂ. ”ഞാന്‍ അമ്മയെ കാണാന്‍ പോവുകയാണു്” അവര്‍ ഉറപ്പിച്ചു പറഞ്ഞു. എനിക്കു് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ അടുത്തേക്കു പോകാന്‍ ഞങ്ങള്‍ പരിപാടിയിട്ടു. വലിയ ഒരു മോട്ടോര്‍ ഹോം വാടകയ്‌ക്കെടുത്തു് അതില്‍ യാത്ര ചെയ്യാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു്, രാത്രി അതില്‍ത്തന്നെ താമസിച്ചു സിയാറ്റില്‍ എത്താമെന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.

ദിവസം മുഴുവന്‍ വണ്ടി ഓടിച്ചു ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നതു് എനിക്കു് ഇഷ്ടമുള്ള കാര്യമായിരുന്നു. അമ്മയെ കാണുന്നതിനു വേണ്ടിയോ ആത്മീയമായ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ അല്ല, മറിച്ചു്, വണ്ടിയോടിച്ചു ദൂര യാത്ര ചെയ്യുന്നതിനുവേണ്ടിയാണു ഞാന്‍ സിയാറ്റിലേക്കു പുറപ്പെട്ടതു്. കിഴക്കുനിന്നു വന്നിരുന്ന ഗുരുക്കന്മാരിലൊന്നും എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. ഈശ്വരത്വം നമ്മുടെ ഉള്ളിലാണെന്നും ശരിയായ ആത്മീയഗുരുക്കന്മാരൊന്നും ഇപ്പോള്‍ ഇല്ല എന്നുമാണു വായിച്ചും അറിഞ്ഞും ഞാന്‍ മനസ്സിലാക്കിയിരുന്നതു്. എൻ്റെ അഭിപ്രായത്തില്‍ ജ്ഞാനിയായ ഒരേയൊരു ഗുരുവേ ഉണ്ടായിട്ടുള്ളൂ, ‘ജീസസ് ക്രൈസ്റ്റ്’. എന്നാല്‍ എൻ്റെ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എനിക്കു വിരോധമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണു ഞങ്ങള്‍ അമ്മയെ കാണാന്‍ പുറപ്പെട്ടതു്.

ഞങ്ങള്‍ സിയാറ്റിലേക്കു പോകുന്നതറിഞ്ഞു ഞങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍, ഹാന്‍സും ആക്‌സലും ഞങ്ങളുടെ കൂടെ കൂടി. ഹാന്‍സിനു് ആത്മീയതയില്‍ വലിയ താത്പര്യമായിരുന്നു. അതുകൊണ്ടു് അയാള്‍ക്കു് അമ്മയെ കാണണമെന്നുണ്ടായിരുന്നു. ആക്‌സലാകട്ടെ, എന്നെപ്പോലെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണു്. എങ്കിലും ഒരു ആത്മീയ ഗുരുവിനെ കാണുന്നതു് ഒരു പുതിയ അനുഭവമാണല്ലോ. അതിൻ്റെ ഒരു കൗതുകവും ഞങ്ങള്‍ക്കുണ്ടായിരുന്നു. 1995 ജൂണ്‍ 2, ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ അമ്മയുടെ പ്രോഗ്രാം നടക്കുന്ന സ്ഥലത്തു് എത്തി. കടല്‍ത്തീരത്തുള്ള അതിമനോഹരമായ ഒരു സ്ഥലത്താണു പ്രോഗ്രാം നടക്കുന്നതു്. മുന്‍പില്‍ ഇരിക്കണമെങ്കില്‍ നേരത്തെ ഹാളില്‍ സ്ഥലം പിടിക്കണമെന്നു പറഞ്ഞതനുസരിച്ചു്, ഞങ്ങള്‍ സമയം കളയാതെ ആകാംക്ഷയോടെ മുന്നില്‍ത്തന്നെ സ്ഥലംപിടിച്ചു. ധാരാളം ആളുകളുണ്ടായിരുന്നു. അധികവും വെള്ള വസ്ത്രധാരികള്‍. ഉടന്‍ ഏതോ മന്ത്രജപം തുടങ്ങി.

‘വിചിത്രമായിരിക്കുന്നു’ എൻ്റെ മനസ്സു് പറഞ്ഞു.

ക്രമേണ ജപം ഉച്ചത്തിലായി. ശംഖുവിളിയും മുഴങ്ങി. ആളുകള്‍ പ്രതീക്ഷയോടെ എത്തിനോക്കുന്നു. പിന്നെ കാണുന്നതു് ഇരുണ്ട നിറമുള്ള ഒരു സ്ത്രീ തൊഴുകൈകളോടെ വാതില്ക്കല്‍ നില്ക്കുന്നതാണു്. ആരോ അവരെ ഹാരമണിയിക്കുകയും എന്തോ വിളക്കു് ഉഴിയുകയും ചെയ്യുന്നു. ‘അതിവിചിത്രം’ എൻ്റെ മനസ്സു് വീണ്ടും പറഞ്ഞു. ആ സ്ത്രീ മുന്നോട്ടു നടക്കാന്‍ തുടങ്ങി. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടും കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടും ഇടയ്ക്കിടയ്ക്കു നിന്നു കുശലം ചോദിച്ചുകൊണ്ടും വരുന്ന ആ രൂപം അതീവ ഹൃദ്യമായി എനിക്കു പോലും തോന്നി. ഞാന്‍ തിരിഞ്ഞു സ്റ്റിഫാനിയയെ നോക്കി. അവള്‍ അമ്മയെത്തന്നെ നോക്കി നില്ക്കുകയാണു്. കണ്ണില്‍നിന്നും കണ്ണുനീരൊഴുകുന്നു.

‘എന്താണിതു്?’ എൻ്റെ മനസ്സു് ചോദിച്ചു.

അമ്മ സ്റ്റേജില്‍ വന്നു പ്രഭാഷണമാരംഭിച്ചു. രസകരമായ പല കഥകളും പറഞ്ഞുള്ള ആ പ്രഭാഷണവും എനിക്കിഷ്ടമായി. അതു കഴിഞ്ഞു് അമ്മ ശിഷ്യന്മാരോടൊപ്പം ഭജന പാടി. ഭജന കഴിഞ്ഞ ഉടന്‍ ദര്‍ശനവും തുടങ്ങി. ദര്‍ശന ലൈനില്‍നിന്നു ഞാന്‍ ചുറ്റും നോക്കി. എല്ലാ തരത്തിലുമുള്ള ആളുകളുണ്ടു്; വൃദ്ധര്‍, ചെറുപ്പക്കാര്‍, കുഞ്ഞുങ്ങള്‍, ആണുങ്ങള്‍, പെണ്ണുങ്ങള്‍. എൻ്റെ അവസരം വന്നു. ആരോ എൻ്റെ മുഖം തുടച്ചു. പിന്നെ ഞാന്‍ കാണുന്നതു് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ മുഖമാണു്. എത്രയോ കാലമായി പരിചയമുണ്ടു് എന്ന ഭാവത്തോടെ വിടര്‍ന്നു ചിരിച്ചു കൊണ്ടു് അമ്മ എന്നെ കെട്ടിപ്പിടിച്ചു. കാതില്‍ എന്തൊക്കെയോ പറഞ്ഞു. അടുത്ത നിമിഷം ഒരു വളണ്ടിയര്‍ എന്നെ പിടിച്ചു മാറ്റി. ‘എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ’ എൻ്റെ മനസ്സു് അടങ്ങുന്നില്ല. ദര്‍ശനം കഴിഞ്ഞു സ്റ്റിഫാനിയയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞതു് അമ്മയെ ഇതിനു മുന്‍പു കണ്ടിട്ടുണ്ടെന്നാണു്. സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണു് തനിക്കെന്നു സ്റ്റിഫാനിയ പറഞ്ഞപ്പോള്‍ ഒരു പാശ്ചാത്യനു മനസ്സിലാകാത്ത കാര്യങ്ങളാണു് ഇതെല്ലാം എന്നാണു് എനിക്കു തോന്നിയതു്.

അന്നു ഞങ്ങളവിടെ താമസിച്ചു. അടുത്ത ദിവസം രാവിലെ ധ്യാനത്തിനുശേഷം ഒരു സ്വാമിയുടെ പ്രഭാഷണമുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങള്‍ വളരെ സരസമായി പറഞ്ഞ ആ പ്രഭാഷണം കേട്ടപ്പോള്‍ എനിക്കു സമാധാനമായി. മനസ്സിലാകാത്ത കാര്യങ്ങളൊന്നും ആരും പറയുന്നില്ല. പ്രഭാഷണത്തിനുശേഷം വീണ്ടും അമ്മയുടെ ദര്‍ശനം. മനസ്സില്ലാമനസ്സോടെ ഞാന്‍ ക്യൂവില്‍ നിന്നു. എന്തുകൊണ്ടോ അല്പ നേരം ഞാന്‍ കണ്ണുകളടച്ചു. പെട്ടെന്നു്, വര്‍ഷങ്ങള്‍ക്കു മുന്‍പു തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ അന്തരിച്ച എൻ്റെ മുത്തശ്ശി ‘ഓമ’യെ ഞാന്‍ കണ്ടു! ആത്മീയതയില്‍ വളരെ താത്പര്യമുള്ളയാളായിരുന്നു എൻ്റെ മുത്തശ്ശി. കന്യാമറിയത്തിൻ്റെ പരമഭക്തയായിരുന്നു. അവരെക്കുറിച്ചു പല കഥകളും കുട്ടിക്കാലത്തു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ജര്‍മ്മനിയില്‍ താമസിച്ചിരുന്നപ്പോള്‍ അവരെ അറിയുന്നവരും അയല്പക്കത്തുള്ളവരും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഓമയുടെ അടുത്തുവരും. കഴിയുന്നതും എല്ലാവരെയും സഹായിക്കുന്നവളായിരുന്നു എൻ്റെ മുത്തശ്ശി. ഓമയുടെ അടുത്തു വന്നാല്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കുമെന്നും പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും എല്ലാവരും വിശ്വസിച്ചു. മുത്തശ്ശിയുമായി മാനസികമായി വലിയ അടുപ്പമായിരുന്നു എനിക്കു്.

ഇപ്പോഴിതാ അതേ മുത്തശ്ശി എൻ്റെ മുന്നില്‍ നിന്നു ചിരിക്കുന്നു. പതുക്കെ പതുക്കെ അവരുടെ രൂപം മാറാന്‍ തുടങ്ങി. ഇപ്പോള്‍ എൻ്റെ മുന്നില്‍നിന്നു ചിരിക്കുന്നതു വെള്ള വസ്ത്രം ധരിച്ച അമ്മയാണു്. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അമ്മയുടെ മുന്നിലെത്തിയപ്പോഴേക്കും അതു തേങ്ങിക്കരച്ചിലായി മാറി. എന്നെ ആശ്വസിപ്പിക്കാന്‍ അമ്മ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എനിക്കു കരച്ചില്‍ നിറുത്താന്‍ കഴിഞ്ഞില്ല. എത്രനേരം അമ്മയുടെ മടിയില്‍ ഞാന്‍ കിടന്നു എന്നെനിക്കു് ഓര്‍മ്മയില്ല. അമ്മയുടെ സ്പര്‍ശം, അമ്മയുടെ സുഗന്ധം, അമ്മയുടെ വാക്കുകള്‍, പതുക്കെ പതുക്കെ എൻ്റെ കരച്ചിലടങ്ങി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ശാന്തിയോടെ ഞാന്‍ എഴുന്നേറ്റു പുറത്തേക്കിറങ്ങി. ഹാളിനു പുറകിലെ മുറ്റത്തു ഞാനിരുന്നു. എൻ്റെ ഉള്ളിലെ ശാന്തി ആനന്ദമായി മാറിയോ? എനിക്കു ചിരി അടക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചിരിക്കാന്‍ തുടങ്ങി. കണ്ണില്‍നിന്നു വെള്ളം വരുന്നതു വരെ ഞാനവിടെയിരുന്നു ചിരി ച്ചു.

എൻ്റെ മുന്‍പില്‍ ആരോ നില്ക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഒരു മാന്‍. അതെൻ്റെ മുഖത്തേക്കു് ഉറ്റുനോക്കിക്കൊണ്ടു നില്ക്കുകയാണു്. ആ പാര്‍ക്കില്‍ ധാരാളം മാനുകളുണ്ടായിരുന്നു. എനിക്കിപ്പോള്‍ ചിരിയും കരച്ചിലും മാറിമാറി വരുന്നുണ്ടു്. പണിപ്പെട്ടു ഞാന്‍ എന്നെത്തന്നെ അടക്കി. എൻ്റെ മുന്നില്‍ ഒരു ഉറുമ്പു് പുല്ലില്‍ക്കൂടി നടക്കുന്നതു് എൻ്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തു തെളിച്ചത്തോടെയാണു് ആ ചെറിയ ഉറുമ്പു നടക്കുന്നതു ഞാന്‍ കണ്ടതു്. അതൊരു നിസ്സാര കാഴ്ചയല്ല. ആ ഉറുമ്പു ഞാന്‍ തന്നെയാണു് എന്നെനിക്കു തോന്നി. ഈ പ്രപഞ്ചത്തിലെല്ലാം നിറഞ്ഞുനില്ക്കുന്നതു ഞാന്‍തന്നെയാണു്. ആ അനുഭവം വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. സമയവും കാലവുമെല്ലാം നിന്നുപോയ ആ അവസ്ഥ എത്ര നേരം തുടര്‍ന്നു എന്നെനിക്കറിയില്ല. പെട്ടെന്നു് എൻ്റെ ചിന്താശക്തി തിരിച്ചുവന്നു. ഞാന്‍ ചുറ്റും നോക്കി ഭാഗ്യം! ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ എഴുന്നേറ്റു് എൻ്റെ വണ്ടിയില്‍ പോയി കിടന്നു. എൻ്റെ മനസ്സിലെ ആനന്ദം ദിവസങ്ങളോളം നീണ്ടു നിന്നു.

അമ്മയുടെ പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയതിനുശേഷം ഞാന്‍ ഹിന്ദുമതത്തെക്കുറിച്ചും ഗുരുതത്ത്വത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിലെ ക്രിസ്ത്യൻ സംസ്‌കാരം ഇതെല്ലാം അന്ധവിശ്വാസമാണെന്നും കര്‍ത്താവിനു നിരക്കാത്തതാണെന്നുമൊക്കെ എൻ്റെ ഉള്ളിലിരുന്നു പറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അമ്മ ഒരു യഥാര്‍ത്ഥ ഗുരുതന്നെയാണെന്നു് എനിക്കു ബോദ്ധ്യംവന്നു. അടുത്ത ജൂണില്‍ അമ്മ സിയാറ്റില്‍ വന്നപ്പോള്‍ അമ്മയെ കാണാന്‍ പോകാന്‍ ഏറ്റവും ഉത്സാഹം എനിക്കായിരുന്നു. ഇത്തവണ ഞങ്ങളുടെ മക്കള്‍ കത്രീനയെയും യൂസഫിനെയും അമ്മയുടെ ദര്‍ശനത്തിനായി കൊണ്ടുപോയി. അവര്‍ അമ്മയെ കാണണമെന്നു് എനിക്കായിരുന്നു നിര്‍ബന്ധം.

ആ വര്‍ഷം അമ്മ എനിക്കൊരു പുതിയ പേരു തന്നു അരുണ്‍. ഹിന്ദുപുരാണത്തില്‍ സൂര്യഭഗവാൻ്റെ തേരാളിയാണു് അരുണന്‍. ഞാന്‍ ഒരു ഡ്രൈവറായാണു് അമ്മയെ ആദ്യമായി കാണാന്‍ ചെന്നതു് എന്നുപോലും അമ്മ മനസ്സിലാക്കിക്കളഞ്ഞല്ലോ എന്നെനിക്കു തോന്നി. എല്ലാം അറിയുന്ന ഒരമ്മ. ഉപാധികളൊന്നുമില്ലാത്ത പരമപ്രേമത്താല്‍ അമ്മ എന്നെ സ്വന്തമാക്കി. അമ്മയുടെ സ്നേഹത്തിനും കാരുണ്യത്തിനും മുന്‍പില്‍ തോല്ക്കാത്തവരാരുണ്ടു്? ഒറ്റ ദര്‍ശനംകൊണ്ടുതന്നെ എൻ്റെ കൂടെ ആദ്യം വന്നിരുന്ന ഹാന്‍സും ആക്‌സലും അമ്മയുടെ മക്കളായി മാറി.

അമ്മയെ അറിയാതെ, അമ്മയുടെ സ്നേഹം അനുഭവിക്കാതെ ഇത്രയും കാലം ഞങ്ങള്‍ എങ്ങനെ ജീവിച്ചു എന്നു ഞാനും എൻ്റെ കുടുംബവും അദ്ഭുതപ്പെടാറുണ്ടു്. എല്ലാ വര്‍ഷവും അമ്മ സിയാറ്റില്‍ വരുമ്പോള്‍ ഞങ്ങള്‍ അമ്മയെ കാണാന്‍ എത്തും. ഞങ്ങള്‍ക്കു് ഒരു ദുഃഖമേയുള്ളൂ. അമ്മയുടെ സാന്നിദ്ധ്യത്തില്‍ നിന്നും എത്ര ദൂരെയാണു ഞങ്ങള്‍ താമസിക്കുന്നതു്. അമ്മയുടെ സാമീപ്യം അത്ര കുറച്ചേ ഞങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിയുന്നുള്ളൂ. ഞങ്ങള്‍ക്കിപ്പോള്‍ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ‘അടുത്ത ജന്മത്തില്‍ അമ്മേ, ഞങ്ങള്‍ക്കു് അമ്മയുടെ നിരന്തര സാമീപ്യം തരണേ! അമ്മയുടെ ശിരസ്സിനു ചുറ്റും പാറി നടക്കുന്ന ഈച്ചയായാലും മതി. എങ്ങനെയായാലും അമ്മയില്‍നിന്നും അകന്നിരിക്കാന്‍ ഇടവരല്ലേ!’