ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിൽ അമ്മ അയച്ച അനുശോചന സന്ദേശം

===

ഓം നമഃ ശിവായ

”ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മികതത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും, അതേസമയം മതത്തിനതീതമായി നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ആശ്രമത്തില്‍ നിരവധി തവണ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്; പൊതുപരിപാടികളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അദ്ദേഹം ആശ്രമവുമായി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു.

ഇന്ന് മതത്തിന്റെ ഉപരിപ്ലവതക്കു മാത്രമാണ് മനുഷ്യന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിന്റെ അന്തസത്തയായ ആദ്ധ്യാത്മികമൂല്യങ്ങള്‍ വിസ്മരിച്ചിരിക്കുന്നു. അതാണ് ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും കാരണം. മതത്തിന്റെ അന്തസത്ത ആദ്ധ്യാത്മികതയാണെന്നു മനസ്സിലാക്കുന്പോൾ എല്ലാത്തിനോടും സമത്വവും സ്നേഹവും ആദരവും കാരുണ്യവും ഉള്ളില്‍ തനിയേ ഉണ്ടാകും. മതവിദ്വേഷത്തില്‍ നിന്നും ഏകാത്മബോധത്തിലേക്കും പരസ്പരസ്നേഹത്തിലേക്കും നിഷക്കാമ കര്‍മ്മത്തിലേക്കും പൊതുസമൂഹത്തെ നയിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ മതാചര്യനുമുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. ഈ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കഴിയുന്നത്ര പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍.

കേവലം മതസഹിഷ്ണുതക്കുമപ്പുറം, മതങ്ങള്‍ക്കു പരസ്പരം ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. അതിന്റെ അടിസ്ഥാന തത്വമായ ആദ്ധ്യാത്മികത അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെക്കുറിച്ച് ചിന്തിക്കുന്പോൾ എല്ലാ വിഭാഗക്കാരെയും ഒരുപോലെ പരിഗണിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി കാണാം. മറ്റുള്ളവരെ എല്ലാം മറന്നു ചിരിപ്പിക്കുവാനും, ചിന്തിക്കുവാനും കഴിയുക എന്നതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആ കഴിവ് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മാര്‍ഗ്ഗദര്‍ശിയേയും മനുഷ്യസ്‌നേഹിയേയും ആണ് ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു, ഒപ്പം അനുയായികളുടേയും ബന്ധുജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.”

ഓം നമഃ ശിവായ

അമ്മ (ശ്രീ മാതാ അമൃതാനന്ദമയീ ദേവീ)

05 മെയ് 2021, അമൃതപുരി