സായാഹ്‌ന ഭജന കഴിഞ്ഞു. അമ്മ കളരിമണ്ഡപത്തിനും ധ്യാന മുറിക്കും മദ്ധ്യേയുള്ള മുറ്റത്തുവന്നു വെറും മണലിൽ ഇരിക്കുന്നു. ഭക്ഷണത്തിനുള്ള മണി മുഴങ്ങി. അമ്മ പറഞ്ഞതനുസരിച്ചു ഭക്തന്മാർ ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയി. ഒന്നു രണ്ടു ബ്രഹ്മചാരികൾമാത്രം അമ്മയുടെ സമീപത്തു് അവശേഷിച്ചു. മാതൃസന്നിധിയിൽ അവർ ധ്യാനനിമഗ്നരാണ്.
ഭക്ഷണം കഴിഞ്ഞു് എല്ലാവരും വീണ്ടും വന്നു് അമ്മയുടെ ചുറ്റുമായി ആസനസ്ഥരായി. അമ്മ എല്ലാവരോടുമായി ചോദിച്ചു. ”മക്കൾ ഭക്ഷണം കഴിച്ചുവോ?”
ഒരു ഭക്ത: എല്ലാവരും കഴിച്ചമ്മേ. അമ്മ: വീട്ടിൽ നല്ല സ്വാദുള്ള കൂട്ടാനൊക്കെയുണ്ടാകും. ഇവിടെ അതൊന്നുമില്ലാത്തതിനാൽ മക്കളു വയറുനിറച്ചു കഴിച്ചു കാണില്ല. ഒരു ഭക്തൻ: അല്ലമ്മേ, വയറു നിറച്ചു കഴിച്ചു. വീട്ടിൽ എത്ര കറിയും കൂട്ടാനും ഉണ്ടായാലും ഇവിടുന്നു കിട്ടുന്നത്രയും രുചി തോന്നാറില്ല. അമ്മ: (ചിരിച്ചുകൊണ്ടു്) അതു് അമ്മയോടുള്ള സ്നേഹംകൊണ്ടു മക്കൾ പറയുകയാണ്. (എല്ലാവരും ചിരിക്കുന്നു.)
ഒരു ഭക്തൻ: അമ്മേ ഒരു സംശയം! കഴിഞ്ഞ ദിവസം അമ്മ ഒരു ബ്രഹ്മചാരിയോടു പറയുന്നതു കേട്ടു. അഹിംസ ഒരു വ്രതമാക്കണം. ആരെയും ദ്വേഷിക്കാൻ പാടില്ല. ആരെങ്കിലും നമ്മളോടു ദ്വേഷിച്ചാൽത്തന്നെ അവരിലും ഈശ്വരനെക്കണ്ടു സ്നേഹത്തോടുകൂടി അങ്ങോട്ടു പെരുമാറാൻ ശ്രമിക്കണം എന്നും മറ്റും. ഇതു പാലിക്കാൻ പ്രയാസമല്ലേ?’
അമ്മ: മോനേ, നാം നൂറുശതമാനം വിജയം വരിച്ചോ എന്നതല്ല കാര്യം. ആത്മാർത്ഥമായ പരിശ്രമം നടത്തിയോ എന്നതാണ്. ആത്മീയതയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ കുറെയൊക്കെ ത്യാഗം സഹിക്കാൻ തയ്യാറാകണം. അവർ തങ്ങളുടെ ജീവിതം മുഴുവൻ ഈ മാർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവച്ചുകഴിഞ്ഞു. ആരെങ്കിലും ദ്വേഷിച്ചാൽ അതു് അവരുടെ അഹങ്കാരത്തെ കളയുവാൻവേണ്ടി ഈശ്വരൻ സൃഷ്ടിച്ച ഒരു സന്ദർഭമാണെന്നു കാണണം. ദ്വേഷിച്ച ആൾ ഈശ്വരരൂപം എന്നറിയണം. മറിച്ചു്, അഹത്തിനടിമയായി അവരോടു ദ്വേഷിക്കാൻ പാടില്ല. സർവ്വതിനെയും ഈശ്വരനായിക്കണ്ടു് ഉള്ളിൽ സ്നേഹിച്ചാൽ മാത്രമേ സാധകർക്കു വളരുവാൻ കഴിയൂ.’