‘ജീവിതത്തില്‍ ആനന്ദം നുകരാന്‍ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു നമ്മെക്കുറിച്ചുതന്നെയുള്ള ചിന്തകളാണു്. തന്നെ മറന്നു് അന്യരെ സ്നേഹിക്കാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കാന്‍ കഴിയുകയില്ല.’ – അമ്മ
‘അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജ്ജവം
ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹഃ’ (ഗീത 13-8)
ഹാസ്യ സാഹിത്യ സാമ്രാട്ടു സഞ്ജയന്‍, ഒരു കല്‍ച്ചട്ടി കച്ചവടക്കാരൻ്റെ കഥ പറയുന്നുണ്ടു്. ഒരിക്കല്‍ വല്ലത്തില്‍ നിറയെ കല്‍ച്ചട്ടിയുമായി പോകെ അയാള്‍ ഒരു കലുങ്കില്‍ കാലിടറി വീണു. എല്ലാ കല്‍ച്ചട്ടികളും ഉടഞ്ഞു. ഭാഗ്യത്തിനു് അയാള്‍ക്കു കാര്യമായ പരിക്കൊന്നും പറ്റിയില്ല. സ്വാഭാവികമായും, ആ വീഴ്ച കണ്ടുനിന്നവരൊക്കെ ചിരിച്ചു. ‘വീണാല്‍ ചിരിക്കാത്തവന്‍ ബന്ധുവല്ല’ എന്നാണല്ലോ പ്രമാണം. പക്ഷേ, ആ ചിരി അയാള്‍ക്കു് ഒട്ടും പിടിച്ചില്ല. മൂക്കത്തു ശുണ്ഠിയുള്ള അയാള്‍ എല്ലാവരെയും ശകാരിക്കുകയും കൈയില്‍ കിട്ടിയവരെ തല്ലാനും കുത്താനും പുറപ്പെടുകയും ചെയ്തു.
ആളുകള്‍ നാലുപാടും ഓടി രക്ഷപ്പെട്ടു. എന്നിട്ടോ, പിന്നെ അയാളെ കാണുമ്പോള്‍, കൈയകലത്തില്‍ നിന്നുകൊണ്ടു്, ‘കല്‍ച്ചട്ടി ഡ്ഢിം!’ എന്നു പറയുക പതിവായി. അതു കേള്‍ക്കേണ്ട താമസം, അയാള്‍ക്കു കലി കയറും. അടിക്കാന്‍ ഓടും. ഈ ഇടയിളക്കം നാട്ടുകാര്‍ക്കു ചിരിക്കാന്‍ വകയായി. കാലം പോകെ, ആളുകള്‍ വെറുതെ ‘ഡ്ഢിം!’ എന്നു പറഞ്ഞാല്‍ മതി എന്നായി.
അങ്ങനെയിരിക്കെ അയാള്‍ പോലീസില്‍ ചേര്‍ന്നു. പ്രമോഷന്‍ കിട്ടി ഏയ്ഡായി. ഒരു സഹപ്രവര്‍ത്തകൻ്റെ കൂടെ ഒരിക്കല്‍ ബീറ്റു പോകെ മൂപ്പര്‍ നാലാള്‍ ഒത്തുകൂടിയ എവിടെയോ വച്ചു സഹപ്രവര്‍ത്തകനു് ഒരു ഓര്‍ഡര്‍ നല്കി. റാങ്കില്‍ താഴെ ആയതിനാല്‍ അയാള്‍ അനുസരണാഭാവത്തോടെ ഒരു സല്യൂട്ടടിച്ചു. കൈപ്പത്തി തുടയില്‍ ആഞ്ഞു വീണപ്പോള്‍ ‘ഡ്ഢിം!’ എന്നൊരു ശബ്ദമുണ്ടായി. പോരെ പൂരം! ഇരുവരും തമ്മില്‍ പൊരിഞ്ഞ തല്ലായി. മേലുദ്ദ്യോഗസ്ഥരുടെ വക അന്വേഷണം കഴിഞ്ഞപ്പോള്‍ ഏമാൻ്റെ ജോലിപോയി. കല്‍ച്ചട്ടിക്കച്ചവടത്തിലേക്കു മടങ്ങിയ അയാള്‍ അതിനുശേഷം ആരെത്ര ഉറക്കെ ‘ഡ്ഢിം!’പറഞ്ഞാലെന്നല്ല പിന്നിലൊരു ഏറുപടക്കം പൊട്ടിച്ചാല്‍ പോലും വഴക്കിനു നില്ക്കാതെയായി.
മനുഷ്യന്‍ സമൂഹജീവിയായതുകൊണ്ടു പരസ്പരം തമാശയാക്കുകയും വിമര്‍ശിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. ഇതൊന്നും രസിക്കാനെന്നല്ല പൊറുക്കാന്‍പോലും കഴിയാതായാല്‍ സമൂഹമെന്ന കൂട്ടായ്മ നിരര്‍ത്ഥകമല്ലേ? നമ്മുടെ ഇടയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതു് ഇത്തരം ശിഥിലീകരണമാണു്. ‘എനിക്കു് ആരെയും വിമര്‍ശിക്കാം, എന്നെ ആരും വിമര്‍ശിച്ചുകൂടാ’ എന്നാണു പൊതുവെ നില. വിമര്‍ശിക്കുന്ന ആളുടെ ഉദ്ദേശ്യശുദ്ധി നോക്കാതെയാണു പ്രതികരണം. എനിക്കായി ഞാന്‍തന്നെ ഒരു പ്രതിച്ഛായ ഉണ്ടാക്കി എൻ്റെ സങ്കല്പത്തില്‍ വച്ചിരിക്കുന്നു. അതിനു നിരക്കുന്നതാവണം എല്ലാവരുടെയും പ്രതികരണം എന്നു ഞാന്‍ ശഠിക്കുന്നു. നീര്‍പോളപോലെയാണു് ഈ പ്രതിച്ഛായാ സങ്കല്പം. തുമ്മിയാലെന്നല്ല കൊതുകു കടിച്ചാല്‍ മതി അതുപൊട്ടാന്‍. പൊട്ടിയാല്‍ ആത്മഹത്യയിലേ നില്ക്കൂ. അല്ലെങ്കില്‍ ചോരപ്പുഴയില്‍!
മനുഷ്യബന്ധങ്ങള്‍ സുദൃഢമാകണം എന്നാണു പണ്ടേയുള്ള വിവേകം. അതിനാല്‍ പഴമക്കാര്‍ പറഞ്ഞു, ‘തുമ്മുമ്പോള്‍ പോകുന്ന മൂക്കാണെങ്കില്‍ അതുണ്ടായിട്ടു കാര്യമില്ല’ എന്നു്. സ്നേഹമുണ്ടെങ്കില്‍ അതിൻ്റെ കൂടെ, അന്യോന്യം പിച്ചാനും മാന്താനും കോക്രി കാണിക്കാനും ഒക്കെ സ്വാതന്ത്ര്യവും ഉണ്ടാകണം. അല്ല, രണ്ടിലൊരാളുടെ നെറ്റിയൊന്നു ചുളിഞ്ഞാല്‍ തകരുന്നതാണു് ഒരു സ്നേഹബന്ധമെങ്കില്‍ അതൊരു ബന്ധമേയല്ല. ഈ അളവുകോല്‍ വച്ചു് അളന്നാല്‍ നമുക്കിടയില്‍ ഇന്നു സ്നേഹബന്ധങ്ങളേ ഇല്ല! മകനു് അച്ഛനെയോ അച്ഛനു മകനെയോ വിമര്‍ശിക്കാന്‍ പാടില്ല എന്നായില്ലേ. ഭാര്യയ്ക്കു ഭര്‍ത്താവിനെയും മറിച്ചും വിമര്‍ശിച്ചു കൂടാ. നേതാക്കളെയോ ഭരണാധികാരികളെയോ ആര്‍ക്കും വിമര്‍ശിക്കാവുന്നതല്ല. നിയമങ്ങളും നീതിന്യായക്കോടതികളും വിമര്‍ശനത്തിനതീതമാണു്. മതരാഷ്ട്രീയവിശ്വാസങ്ങളുടെ കാര്യം പറയുകയും വേണ്ട.
പക്ഷേ, ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍!’ എന്ന പുറപ്പാടു് ആരില്‍നിന്നും ഇല്ലാതിരിക്കുന്നുമില്ല. ഫലം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇരുവശത്തും പലരും കക്ഷി ചേരുന്നതോടെ അശാന്തി പെരുകുന്നു. അത്രയുമെത്തിയാല്‍ അശാന്തിയില്‍ മാത്രം വളരാനാവുന്ന വിഷകൃമികള്‍ക്കു മതിയായ വാസസ്ഥാനമായി. തുടര്‍ന്നു്, ഈ തീ അണയാതെ അവര്‍ കാത്തോളും.
സി. രാധാകൃഷ്ണന്‍
(തുടരും …..)