രാത്രി ഭാവദർശനം കഴിഞ്ഞു് അമ്മ കളരിയിൽനിന്നു പുറത്തു വന്നു. എല്ലാവരും അമ്മയുടെ സമീപമെത്തി. മിക്കവരും വെളുപ്പിനുള്ള ബസ്സിനു തിരിയെപ്പോകും. അമ്മയെ ഒരിക്കൽക്കൂടി നമസ്കരിക്കുന്നതിനും യാത്ര ചോദിക്കുന്നതിനുമായി അവർ തിരക്കുകൂട്ടി.
ഒരു യുവാവു മാത്രം അമ്മയുടെ അടുത്തേക്കു വരാതെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ധ്യാനമുറിയുടെ വരാന്തയിലിരിക്കുന്നു. ഒരു ബ്രഹ്മചാരി അദ്ദേഹത്തോടു ചോദിച്ചു. അമ്മയുടെ അടുത്തേക്കു പോകുന്നില്ലേ?
യുവാവ്: ഇല്ല
ബ്രഹ്മചാരി: എല്ലാവരും അമ്മയെ നമസ്കരിക്കുന്നതിനും, അമ്മയോടു സംസാരിക്കുന്നതിനും തിരക്കുകൂട്ടുമ്പോൾ നിങ്ങൾ മാത്രം ഒറ്റയ്ക്കുമാറി ഇരിക്കുന്നതെന്താണ്?
യുവാവ് : ഞാനും അവരെപ്പോലെയായിരുന്നു. ദർശനം കഴിഞ്ഞു്
അമ്മ കളരിയിൽനിന്നു് പുറത്തുവരുമ്പോൾ അമ്മയെ ആദ്യം നമസ്കരിക്കുന്നതിനുവേണ്ടി കളരിയുടെ വരാന്തയിൽ ഞാനും കാത്തുനില്ക്കുമായിരുന്നു. പക്ഷേ, ഇന്നു് അമ്മയുടെ അടുത്തേക്കു പോകുവാൻ എൻ്റെ മനസ്സനുവദിക്കുന്നില്ല. അത്ര പാപിയാണു ഞാൻ.
ബ്രഹ്മചാരി: എന്നെനിക്കു തോന്നുന്നില്ല. നിങ്ങൾ ആവശ്യമില്ലാതെ
എന്തൊക്കെയോ ചിന്തിക്കുന്നു. അമ്മയെ കാണുന്നതിൽനിന്നും പിന്തിരിപ്പിക്കുവാൻ തക്കവണ്ണം എന്തു തെറ്റാണു നിങ്ങൾ ചെയ്തത്?
യുവാവ്: എൻ്റെ വീടു കൊല്ലത്താണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഞാൻ സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതുമൂലം ഭാര്യയുമായി പിണങ്ങേണ്ടി വന്നു. അവരെ അവരുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാട്ടുകാരും വീട്ടുകാരും എന്നെ വെറുത്തു. ലോകത്തു് ഒരു ബന്ധുവായി എനിക്കു് ആരുമില്ലാതെയായി. ജീവിതം അവസാനിപ്പിക്കുവാൻതന്നെ ഞാനുറച്ചു.
അങ്ങനെയിരിക്കുമ്പോഴാണു് എനിക്കു് അമ്മയെ കാണുവാനുള്ള മഹാഭാഗ്യമുണ്ടായത്. ആ ദർശനം എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവായിരുന്നു. അമ്മയുടെ ആദ്യ ദർശനത്തോടെ മദ്യപാനം ഞാൻ പാടെ നിർത്തി. പിന്നീടു് എൻ്റെ സ്വഭാവത്തിനു വലിയ മാറ്റം വന്നു. എല്ലാവർക്കും എന്നെക്കുറിച്ചുള്ള ധാരണ മാറി.
എന്നാൽ ഇന്നു ഞാൻ വീണ്ടും കുടിച്ചു. എൻ്റെ കൂട്ടുകാരുടെ നിർബ്ബന്ധംമൂലം ഞാൻ, മദ്യഷാപ്പിൽ കയറി. ഒരു കല്യാണത്തിനു ഞാൻ കൂട്ടുകാരുമൊത്തു പോയതാണ്. തിരിയെവരുമ്പോൾ അവർക്കു മദ്യപിക്കണം. അവരുടെ നിർബ്ബന്ധംകൊണ്ടു ഞാനും കൂടെപ്പോയി. പക്ഷേ, കുറ്റബോധം സഹിക്കുവാൻ കഴിഞ്ഞില്ല. നേരെ ഇങ്ങോട്ടുപോന്നു.
പണ്ടൊക്കെ എത്ര മദ്യപിച്ചാലും അതിൽ ഒരു കുറ്റബോധം എനിക്കു തോന്നിയിരുന്നില്ല. പക്ഷേ, ഇന്നങ്ങനെയല്ല. (ഗദ്ഗദകണ്ഠനായി) അമ്മയുടെ മുഖത്തേക്കു് നോക്കുവാൻകൂടി പ്രയാസമാകുന്നു.
ബ്രഹ്മചാരി: ഈ പശ്ചാത്താപംതന്നെ നിങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തമാണ്. വിഷമിക്കാതെ. അമ്മയോടു വിവരങ്ങൾ പറയൂ. എല്ലാ പ്രയാസങ്ങളും തീരും.