മക്കളേ, നമുക്കു ഭൗതികമായി ഒന്നും കൊടുക്കുവാനില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു നല്ല വാക്കു്, മറ്റുള്ളവര്‍ക്കു നല്കിക്കൂടെ? അതത്ര ചിലവുള്ള കാര്യമാണോ? അങ്ങനെയുള്ള കരുണാര്‍ദ്രമായ മനസ്സു് മാത്രം മതി. അതാണു് ആദ്ധ്യാത്മികതയുടെ ആദ്യപടി.
അങ്ങനെയുള്ളവര്‍ ഈശ്വരനെത്തേടി എവിടെയും പോകേണ്ട. എങ്ങും അലയേണ്ട. കാരുണ്യം നിറഞ്ഞ ഹൃദയം എവിടെയുണ്ടോ, അവിടേക്കു് ഈശ്വരന്‍ ഓടിയെത്തും. അവിടുത്തേക്കു് ഏറ്റവും ഇഷ്ടപ്പെട്ട വാസസ്ഥാനമാണതു്. മക്കളേ, സഹജീവികളോടു കാരുണ്യമില്ലാത്തവനെ ഭക്തനെന്നു വിളിക്കാന്‍ കഴിയില്ല.
ഇപ്പോള്‍ മക്കളെല്ലാവരും ഇവിടെ വന്നെത്തി. കഴിഞ്ഞവര്‍ഷം ഇതുപോലെ മക്കളിവിടെ വന്ന സമയം ഒരു പ്രതിജ്ഞ എടുത്തിരുന്നല്ലോ. മിക്ക മക്കളും അതു പാലിക്കുകയും ചെയ്തു. പലരും കള്ളു കുടിക്കുന്നതു നിര്‍ത്തി. സിഗററ്റുവലി ഉപേക്ഷിച്ചു. ആഡംബരം വെടിഞ്ഞു.
അതുപോലെ ഈ വര്‍ഷവും മക്കള്‍ അമ്മയോടു സ്നേഹമുണ്ടെങ്കില്‍, ലോകത്തോടു കാരുണ്യമുണ്ടെങ്കില്‍ ഇതേ രീതിയില്‍ പ്രതിജ്ഞയെടുക്കണം. ദുശ്ശീലങ്ങള്‍ വെടിയണം. കള്ളു കുടിച്ചും പുകവലിച്ചും ആഡംബരത്തിനുവേണ്ടി വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങിയും നമ്മള്‍ എത്രയോ പണം അധികപ്പറ്റു ചെലവു ചെയ്യുന്നു. അതു കുറയ്ക്കുവാന്‍ ഈ വര്‍ഷവും മക്കള്‍ പരമാവധി ശ്രമിക്കണം.
അങ്ങനെ മിച്ചംവരുന്ന പണം സാധുസേവനത്തിനുവേണ്ടി ഉപയോഗിക്കാം. കോളേജിലും സ്‌കൂളിലും ഫീസിനു പണമില്ലാതെ, പഠിത്തം നിര്‍ത്തേണ്ടി വരുന്ന മിടുക്കരായ കുട്ടികളുണ്ടു്. അവര്‍ക്കു പഠിപ്പു തുടരാന്‍ ഫീസു നല്കി സഹായിക്കാം.
വീടില്ലാത്തവര്‍ക്കു വീടുവയ്ക്കാന്‍ പണം കൊടുക്കാം. മരുന്നിനു കാശില്ലാതെ വേദന തിന്നു കഴിയുന്ന രോഗികളുണ്ടു്. അവര്‍ക്കു മരുന്നു വാങ്ങി നല്കാം. അങ്ങനെ ഏതൊക്കെ രീതിയില്‍ നമുക്കു്, മറ്റുള്ളവര്‍ക്കു് ഉപകാരം ചെയ്യാന്‍ കഴിയുന്നു. ഇതിനെല്ലാം ഈ അധികപ്പറ്റു ചെലവാക്കുന്ന കാശു മതി.
മക്കളേ, സാധുസേവയാണു യഥാര്‍ത്ഥ ഈശ്വരപൂജ. അമ്മയ്ക്കു സന്തോഷവും സംതൃപ്തി യും പകരുന്ന പാദപൂജ. അങ്ങനെയുള്ള ഒരു കാരുണ്യപൂര്‍ണ്ണമായ മനസ്സു് കിട്ടുവാന്‍വേണ്ടി നമുക്ക് അവിടുത്തോടു പ്രാര്‍ത്ഥിക്കാം.