ആന്‍ ഡ്രിസ്‌കോള്‍, യു.എസ്.എ.
അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ!
ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ ഒരു മനോരോഗവിദഗ്ദ്ധയാകാനാണു സാദ്ധ്യത. ആലിംഗനം അവരുടെയൊരു ചികിത്സാരീതി ആയിരിക്കണം. ഈ സ്ത്രീയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കെ മാഗസിനില്‍നിന്നു് ഒരു വിവരം കൂടി കിട്ടി, അവരുടെ പേരു് ‘അമ്മ’യെന്നാണു്.
അവരുടെ പേരു് അമ്മയെന്നു മാത്രമാണോ? ബോസ്റ്റണില്‍ അവര്‍ എവിടെയാണു വരുന്നതു്? അവരുമായിട്ടെങ്ങനെയാണു ബന്ധപ്പെടേണ്ടതു്…? ഒരു വിവരവുമില്ല. ഓഫീസില്‍ വിളിച്ചു് അന്വേഷിക്കാമെന്നുവച്ചാല്‍ അവിടെ ആരുമില്ല. ചുരുക്കത്തില്‍ എനിക്കറിയാവുന്നതു് ഇത്ര മാത്രം; അടുത്ത തിങ്കളാഴ്ച ബോസ്റ്റണിലെവിടെയോ കാണുന്നവരെയെല്ലാം ആലിംഗനം ചെയ്യു ന്ന ഒരു സ്ത്രീ വരും.
അവരെക്കുറിച്ചു ഞാനൊരു ഫീച്ചര്‍ തയ്യാറാക്കണം. പക്ഷേ, ഈ വിവരം മാത്രം വച്ചു് എങ്ങനെയാണു ഞാനതു ചെയ്യുക?വെബ്‌സൈറ്റില്‍ ‘അമ്മ’യെക്കുറിച്ചു് എന്തെങ്കിലും കിട്ടുമോ എന്നു് അന്വേഷിച്ചപ്പോള്‍ എനിക്കു് അമ്മയുടെ സൈറ്റ് കിട്ടി. അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു് ,അമ്മ ഒരു സൈക്കോളജിസ്റ്റല്ല! അവര്‍ ഒരു സാധാരണ സ്ത്രീ പോലുമല്ല.
ഭാരതത്തില്‍ അവരെ ഒരു മഹാത്മാവായാണു പലരും കാണുന്നതു്. ഒരു സാധാരണ മനുഷ്യനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണു് അവര്‍ ചെയ്യുന്നതു്. ദിവസവും അന്‍പതിനായിരം പേര്‍ക്കെങ്കിലും അവര്‍ ആഹാരം കൊടുക്കുന്നുണ്ടു്. സ്‌കൂളുകളും ഹോസ്പിറ്റലുകളും അനാഥാലയങ്ങളും പണിതിട്ടുണ്ടു്. അനേകം പേര്‍ക്കു് അഭയം കൊടുത്തിട്ടുണ്ടു്.
കേള്‍ക്കുന്നവര്‍ക്കു മനസ്സിലാകാത്തതോ വിരസമോ ആയ തത്ത്വങ്ങളൊന്നും അമ്മ പറയുന്നില്ല. മറ്റുള്ളവര്‍ക്കു്, ലോകത്തിനു നന്മ ചെയ്യണമെന്നു മാത്രമാണു് അമ്മ പറയുന്നതു്. ലോകം മുഴുവന്‍ സ്നേഹത്തിൻ്റെ സന്ദേശം പരത്തി, കാണുന്നവരെയൊക്കെ കാരുണ്യ പൂര്‍വ്വം തന്നിലേക്കണച്ചുകൊണ്ടു് അമ്മ സഞ്ചരിക്കുന്നു.
അവസാനമായി ഒരു കാര്യം കൂടി ഞാന്‍ കണ്ടുപിടിച്ചു. അമ്മ ബോസ്റ്റണില്‍ വരുന്നേയില്ല! ബോസ്റ്റണില്‍നിന്നും 20 മൈല്‍ വടക്കുള്ള ഒരു പട്ടണത്തിലാണു് അമ്മ വരുന്നതു്. അവിടെയുള്ള ഒരു ഹോട്ടലിലാണു് അമ്മയുടെ പ്രോഗ്രാം. ഞാന്‍ ആ ഹോട്ടലില്‍ വിളിച്ചു ചോദിച്ചു. അവിടെ അമ്മ എന്ന പേരില്‍ ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്താണു ഞാന്‍ അന്വേഷിക്കുന്നതെന്നു് അവര്‍ ക്കു് ഒരു പിടിയും കിട്ടുന്നില്ല.
അമ്മയുടെ വെബ്‌സൈറ്റിലുള്ള അഡ്രസ്സില്‍ ഇമെയിലിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരു മറുപടിയുമില്ല. ശനിയാഴ്ച കഴിഞ്ഞു, ഞായറാഴ്ചയായി. ഞാന്‍ വെപ്രാളപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒരു ഫോട്ടോഗ്രാഫറുമായി അമ്മയുടെ പ്രോഗ്രാം സ്ഥലത്തു് എത്തേണ്ടതാണ്. എന്നാല്‍ ഞായറാഴ്ചയായിട്ടു പോലും അമ്മയുടെ സംഘടനയിലെ ആരുമായും ബന്ധപ്പെടാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഞാനെന്തു ചെയ്യും?
അവസാനം ഞാനൊരു തീരുമാനമെടുത്തു. ആ ഹോട്ടലില്‍ നേരിട്ടു ചെല്ലുക, അമ്മയുടെ ആളുകളെ ആരെയെങ്കിലും കാണാന്‍ പറ്റുമോയെന്നു നോക്കുക. അങ്ങനെ ഞായറാഴ്ച രാത്രി 7:30 ആയപ്പോള്‍ ഞാന്‍ ഹോട്ടലില്‍ എത്തി. ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ എനിക്കു സമാധാനമായി. അവിടെയതാ വെള്ള സാരിയുടുത്ത രണ്ടുപേര്‍. അവര്‍ അമ്മയുടെ ആളുകളായിരിക്കുമെന്നുള്ള എൻ്റെ ഊഹം തെറ്റിയില്ല.
സ്വയം പരിചയപ്പെടു ത്തിയതിനു ശേഷം ഞാന്‍ അവരെക്കുറിച്ചു് അന്വേഷിച്ചു. അവരില്‍ ഒരാള്‍ ഇരുപതു വര്‍ഷമായി അമ്മയുടെ കൂടെയുണ്ടു്, മറ്റെയാള്‍ അഞ്ചു വര്‍ഷവും. അവരില്‍ നിന്നും അമ്മയെപ്പറ്റി കൂടുതല്‍ ഞാന്‍ ചോദിച്ചറിഞ്ഞു; കുട്ടിക്കാലത്തു് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും മറ്റുള്ളവരോടു കാണിച്ചിരുന്ന കാരുണ്യത്തെക്കുറിച്ചും അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ അങ്ങനെ ഞാന്‍ മനസ്സിലാക്കി.
ഞാന്‍ തിരിച്ചു പോരുമ്പോള്‍ എൻ്റെ കൈയില്‍ മുന്നൂറു പേജുള്ള അമ്മയുടെ ജീവചരിത്രവും രണ്ടു വിഡിയോകളുമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ രാത്രി പതിനൊന്നു മണി. എനിക്കുറക്കം വന്നതേയില്ല. പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കോളേജു വിദ്യാര്‍ത്ഥിനിയുടെ മനോഭാവമായിരുന്നു എനിക്കു്. ഒരു രാത്രികൊണ്ടു കൈയിലുള്ള വിഡിയോകളും പുസ്തകവുമുപയോഗിച്ചു അമ്മയെക്കുറിച്ചെല്ലാം മനസ്സിലാക്കണം.
സമയം കളഞ്ഞില്ല, വിഡിയോ കണ്ടുകൊണ്ടു് ഞാന്‍ അമ്മയുടെ ജീവചരിത്രം വായിക്കാന്‍ തുടങ്ങി. ഇതു രണ്ടും കൂടി ഒന്നിച്ചു ചെയ്യുന്നതു ശരിയല്ല എന്നെനിക്കു് അറിയാമായിരുന്നു. പക്ഷേ, എന്തുചെയ്യാം ഒരേ സമയത്തു പല കാര്യങ്ങള്‍ ചെയ്യുക, എന്നിട്ടു ചെയ്യുന്നതിലൊന്നും പൂര്‍ണ്ണത ഇല്ലാതാകുക, ഇതു് എൻ്റെ സ്വഭാവമായിത്തീര്‍ന്നിരുന്നു.
ടിവിയില്‍ സീരിയല്‍ കാണുന്ന സമയത്തുതന്നെ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കും, അപ്പോള്‍ തന്നെ ചാനല്‍ മാറ്റി ന്യൂസ്‌പ്രോഗ്രാം കാണും. അതുകൊണ്ടു്, കാണുന്നതും വായിക്കുന്നതുമൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റാറില്ല. എന്നാല്‍ ഇന്നു് എനിക്കു് അങ്ങനെ ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. പിറ്റേദിവസം അമ്മയെ ഇൻ്റർവ്യൂ ചെയ്യേണ്ടതാണല്ലോ.
പിറ്റേദിവസം നേരത്തെ ഞാന്‍ ഹോട്ടലില്‍ എത്തി. അവിടത്തെ കാഴ്ച കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ആ സമയത്തു് അവിടെ ഒരു രണ്ടായിരം പേരെങ്കിലും കൂടിയിട്ടുണ്ടാകും, അമ്മയെ സ്വീകരിക്കാന്‍.
അമ്മയെ ഇൻ്റർവ്യൂ ചെയ്യാനുള്ള ഒരവസരം ഒരുക്കിത്തരാമോ എന്നു് അവിടെയുള്ള ഒരു സ്വാമിജിയോടു ഞാന്‍ അപേക്ഷിച്ചു. അമ്മ ഇംഗ്ലീഷു് സംസാരിക്കില്ല. അതുകൊണ്ടു് അമ്മയോടുള്ള ചോദ്യങ്ങള്‍ എഴുതി കൊടുത്താല്‍ അതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു് അമ്മയോടു ചോദിക്കാമെന്നു സ്വാമിജി സമ്മതിച്ചു. അതൊരു വലിയ ഉപകാരമായി എനിക്കു തോന്നി.
എന്നാല്‍ എൻ്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നില്ല. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ ചിന്തിച്ചതു്. അമ്മയോടു് എന്താണു ചോദിക്കുക? ഈശ്വരനെ എങ്ങനെയാണു് ഇൻ്റര്‍വ്യൂ ചെയ്യുക? എങ്ങനെയൊക്കെയോ ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ തയ്യാറാക്കി സ്വാമിജിയെ ഏല്പിച്ചു.
അമ്മ ദര്‍ശനം കൊടുത്തു കൊണ്ടിരിക്കയാണു്. സ്വാമിജിയും ഞാനും അമ്മയുടെ ഇരിപ്പിടത്തിനു വലതു വശത്തു മുട്ടുകുത്തി ഇരുന്നു. സ്വാമിജി ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു; അമ്മയുടെ മറുപടി ഉടന്‍തന്നെ വിവര്‍ത്തനം ചെയ്തു് എന്നോടു പറയുകയും ചെയ്തു. എൻ്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന സമയത്തും അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കയാണു്.
എൻ്റെ അവസാനത്തെ ചോദ്യം ഇതായിരുന്നു, ”ലോകം എങ്ങനെയാകണമെന്നാണു് അമ്മ ആഗ്രഹിക്കുന്നതു്?”
ഉടന്‍ വന്നു ഉത്തരം. ”ലോകത്തില്‍ എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണം, ഈ നിമിഷത്തില്‍ ജീവിക്കുന്നവരായിരിക്കണം. ഒരു പാലം പണിയണമെങ്കില്‍ ആദ്യം ബ്ലൂപ്രിൻ്റ് വരയ്ക്കും. അപ്പോള്‍ വരയ്ക്കുന്നതു ശ്രദ്ധിക്കണം. അതിനുശേഷം പാലം പണിയുമ്പോള്‍ പണി ശ്രദ്ധിക്കണം.” അമ്മ ഒരു നിമിഷം ദര്‍ശനം നിര്‍ത്തി, എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു തുടര്‍ന്നു, ”എന്തെങ്കിലും വായിക്കുന്ന സമയത്തു ടെലിവിഷന്‍ കാണുന്നതു ശരിയല്ല.”
എനിക്കു നെഞ്ചിലൊരു കുത്തേറ്റതുപോലെ തോന്നി. അമ്മയ്ക്കു് എന്നെക്കുറിച്ചു് എല്ലാം അറിയാമെന്നോ! ഒരേ സമയം ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും ഞാന്‍ താഴേക്കിരുന്നുപോയി. കുറച്ചു സമയത്തേക്കു് എനിക്കു മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ ഇടയ്ക്കിടയ്ക്കു് എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. എൻ്റെ വിസ്മയം ഒന്നടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വേച്ചു കൊണ്ടെണീറ്റു, പിറുപിറുത്തു കൊണ്ടു് അമ്മയോടു നന്ദി പറഞ്ഞു, അവിടെനിന്നും ഒഴിഞ്ഞു മാറിപ്പോയി.
അമ്മയെക്കുറിച്ചു കൂടുതല്‍ അറിയണം എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ അനുഭവം അറിയാനായി കുറച്ചുപേരെക്കൂടി ഞാന്‍ ഇൻ്റര്‍വ്യൂ ചെയ്തു. വളരെ അദ്ഭുതകരമായ കഥകളാണു ഞാന്‍ കേട്ടതു്, എന്നാല്‍ അവിശ്വസിക്കേണ്ടതായി ഒന്നുമില്ല താനും.
വളരെ കാലമായി ഞാനൊരു റിപ്പോര്‍ട്ടറായി ജോലി നോക്കുന്നു. അനേകം പേരെ ഇൻ്റര്‍വ്യൂ ചെയ്തിട്ടുമുണ്ടു്. എന്നാല്‍ ഇതു പോലെ, ഇത്രയും വിശിഷ്ടമായ ഒരനുഭവം ആദ്യമായിട്ടാണു്. നേരിട്ടൊരനുഭവം ലഭിച്ചില്ലായിരുന്നെങ്കില്‍ അമ്മയെപ്പോലൊരു മഹാത്മാവിനെ ഞാനും സംശയിച്ചുപോയേനെ.
അടുത്ത വര്‍ഷവും അമ്മ അതേ പട്ടണത്തില്‍ അതേ ഹോട്ടലില്‍ വന്നു. അപ്പോഴും ഞാനവിടെയുണ്ടായിരുന്നു. ഇത്തവണ റിപ്പോര്‍ട്ടറായിട്ടല്ല, അമ്മയുടെ മകളായിട്ടു്.