തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്.
കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് അവര്‍ക്കും കൂടി വേണ്ടി അമ്മ ഈ തിരുവോണനാളില്‍ ഒത്തു ചേരുകയാണ്.
എല്ലാ മനുഷ്യര്‍ക്കും വാര്‍ദ്ധക്യം വരും. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ഒരിക്കലും വാര്‍ദ്ധക്യം വരാത്ത, ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ് ഓണം. അങ്ങിനെയാണ് ഓണത്തെക്കുറിച്ചുള്ള നമ്മുടെയെല്ലാം സങ്കല്പം.
വൃദ്ധനായ ഒരാള്‍ പോലും തിരുവോണനാളില്‍ അറിയാതെ ഒരു കൊച്ചുകുട്ടിയായി മാറുന്നു. നാളെയെക്കുറിച്ച് ചിന്തയില്ലാതെ എല്ലാവരും സന്തോഷിക്കുന്ന, വിദ്വേഷങ്ങളെല്ലാം മറന്ന് സ്നേഹം പങ്കിടുന്ന ഒരു വശ്യത ഓണത്തിനുണ്ട്. അമ്മ എപ്പോഴും പറയാറുണ്ട്, മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒരു പോലെ പങ്കുചേരുന്ന ഒരു ആഘോഷമാണ് ഓണം എന്നു്.
അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്നുതന്നെ. ഓണത്തിൻ്റെ സന്ദേശം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമൃദ്ധിയുടെയും ഭക്തിയുടെയും ഉത്സാഹത്തിൻ്റെയും സന്ദേശമാണ്. എല്ലാ ദുഃഖങ്ങളുടെ നടുവിലും സന്തോഷം സ്വയം ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഓണം നല്കുന്ന എറ്റവും കാതലായ സന്ദേശം.
ഇന്നീ കൊറോണക്കാലത്തും ഓണം ഏറ്റവും പ്രസക്തമാണ്. കൊറോണയുടെ നടുവിലും സന്തോഷവും ഉത്സാഹവും സൃഷ്ടിക്കാനും നാളെയെക്കുറിച്ച് ശുഭപ്രതീക്ഷകളും സ്വപ്നങ്ങളും നെയ്യാനും ഓണം നമ്മെ മാടി വിളിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഒരുപാട് ബുദ്ധിമുട്ടുകളുമുണ്ട്. പഴയതുപോലെ കുടുംബക്കാര്‍ക്കും ദൂരെയുള്ള ബന്ധുക്കള്‍ക്കും ഒത്തുചേരാന്‍ കഴിയില്ല. അമ്മയും അച്ഛനും മക്കളും എല്ലാവരും കൂടി കടകളില്‍ പോയി സാധനങ്ങള്‍ ആഘോഷപൂര്‍വ്വം വാങ്ങുന്നതു ഇത്തവണ സാദ്ധ്യമല്ല. കുട്ടികള്‍ക്ക് പൂവ് തേടി നാടും പറമ്പും അലയാന്‍ പറ്റില്ല.
എങ്കിലും ഇപ്പോഴാണ് ഓണത്തിൻ്റെ സന്ദേശം നമുക്ക് ഏറ്റവും ആവശ്യമുള്ളത്. കാരണം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍, എല്ലാവരും പരസ്പരം സ്നേഹം പങ്കിടാന്‍, ദുഃഖങ്ങള്‍ മറക്കാന്‍, നല്ലതു പ്രതീക്ഷിക്കാന്‍, നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍, ഓണം നമ്മെ പഠിപ്പിക്കുന്നു. അതുമാത്രമല്ല ത്യാഗത്തിൻ്റെയും ഭക്തിയുടെയും ഈശ്വര സമര്‍പ്പണത്തിൻ്റെയും സന്ദേശം കൂടി ഓണം നമുക്കു നല്കുന്നു.
ആ വിശ്വാസം, ശുഭപ്രതീക്ഷ, ആ സന്തോഷം, ആഹ്ളാദം, ഉത്സാഹം അതാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യം. അതിനെ ഉണര്‍ത്താനും വീണ്ടെടുക്കാനും നമുക്ക് ഒരുമിച്ച് ശ്രമിക്കാം. വാസ്തവത്തില്‍ സന്തോഷമെന്നത് മറ്റെവിടെനിന്നും കിട്ടുന്നതല്ല. നമ്മള് തന്നെ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയാണുള്ള അവസരമാണിത്.
എന്തും വരട്ടെ ഞാന്‍ സന്തോഷിക്കും എന്ന് ഉറച്ച് തീരുമാനിക്കുന്ന ഒരാളെ ദുഃഖിപ്പിക്കാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല. അതിനാല്‍ നമ്മള് സന്തോഷവും സ്നേഹവും നുകരുക, പങ്കുവയ്ക്കുക. സ്നേഹത്തില്‍ ഐക്യത്തില്‍ ഭക്തിയില്‍ നമ്മള് ഒരു മനസ്സായി ഒന്നായി തീരുക. അതാണ് അമ്മയ്ക്കു പറയാനുള്ളത്. തിരുവോണം നമുക്കെല്ലാം ആഘോഷിക്കാനുള്ള അവസരമാണ്. എന്നാല്‍ ആഘോഷത്തിനുവേണ്ടി നമ്മള് സംസ്കാരത്തെ കൈവെടിയരുത് നന്മയിലേക്ക് നയിക്കുന്ന ആഘോഷം മാത്രമേ ശരിയായ ആഘോഷമാവുകയുള്ളൂ.
ഓണത്തിൻ്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് പൂക്കളം. അനേകംപേരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കലാപാടവവും ഒത്തുചേരുമ്പോഴാണ് ഒരു നല്ല പൂക്കളം വിരിയുന്നത്. അതുപോലെ നമ്മുടെയെല്ലാം കൂട്ടായ പ്രയത്നത്തിലൂടെ സ്നേഹത്തിലൂടെ ഐക്യത്തിലൂടെ എല്ലാവരുടെയും ഹൃദയങ്ങളില്‍ മനോഹരമായ പൂക്കളങ്ങള്‍ വിരിയട്ടെ. എങ്ങും സ്നേഹവും സന്തോഷവും, സമൃദ്ധിയും പുലരട്ടെ. അതിന് കൃപ അനുഗ്രഹിക്കട്ടെ.
തിരുവോണസന്ദേശം 2020