ലോകത്തിനു വിളക്കായിട്ടുള്ള സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ 58-ാമതു തിരുന്നാളാണു 2011 സെപ്തംബര്‍ 27ാം തീയതി.
ഓരോ തിരുന്നാളെത്തുമ്പോഴും ആ വിളക്കിൻ്റെ ഒളി കൂടുതല്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാവുന്നു. ആ പ്രഭയില്‍ നിശാന്ധതയിലുഴലുന്ന ഒരു ജനതയും ഒരു കാലവും ഈ ലോകവും ദിശാബോധം തേടുന്നു. ആശാപാശങ്ങളില്‍നിന്നു നിര്‍മ്മുക്തമാവുന്നു. പരമാത്മപ്രേമത്തിൻ്റെയും പതിതകാരുണ്യത്തിൻ്റെയും നിഷ്‌കാമസേവനത്തിൻ്റെയും നിസ്സ്വാര്‍ത്ഥപ്രയത്‌നത്തിൻ്റെയും അതീന്ദ്രിയമായ അനുഭൂതിയില്‍ ഒരു തലമുറയുടെ മനസ്സിലെ കെടാവിളക്കായി മാറിയ അമ്മ! അതേ, അമ്മ ജീവലോകത്തിൻ്റെ വിളക്കുതന്നെ അമ്മവിളക്കു്!
അമ്മ, വിളക്കാണെന്നു പറഞ്ഞാലും അമ്മയാകുന്ന വിളക്കു് എന്നു പറഞ്ഞാലും ഇങ്ങനെയൊരു പ്രയോഗത്തിൻ്റെ സാധുതയെക്കുറിച്ചു് ആശങ്കയുള്ളവരുണ്ടാകാം. എന്നാല്‍ വിളക്കും വെളിച്ചവുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചു് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? പകല്‍ വിളക്കും രാത്രി വിളക്കുമുണ്ടു്; സൂര്യചന്ദ്രന്മാരാകുന്ന വിളക്കുകള്‍. സര്‍വ്വേശ്വരൻ്റെ കണ്ണുകളാണു സൂര്യനും ചന്ദ്രനും എന്നു് ഒരു സങ്കല്പമുണ്ടു്. ഏതു സങ്കല്പത്തി ലായാലും ജഗത്കാര്യകാരണ കര്‍ത്തൃത്വത്തിൻ്റെ സൂത്രധാരത്വം വഹിക്കുന്ന മഹാശക്തിപരാശക്തിയുടെ നിത്യസത്യസ്വരൂപസാന്നിദ്ധ്യമാണു് എവിടെയും പ്രകാശമായി നിറഞ്ഞുനില്ക്കുന്നതു്. ആ പ്രകാശം ദൃഷ്ടിഗോചരമാക്കുന്നതും അനുഭവവേദ്യമാക്കുന്നതും വിളക്കാണു്, വെളിച്ചമാണു്. അവിടെ വിഭാഗീയതകളില്ല, പ്രാദേശികമായ അതിര്‍വരമ്പുകളില്ല. എല്ലാവര്‍ക്കും വെളിച്ചം വേണം.
ആ പ്രഭാകണം പ്രാണിവര്‍ഗ്ഗത്തിൻ്റെ പ്രാണവെളിച്ചമാണു്.
അവിടെയാണു്, അമ്മ വിളക്കാവുന്നതു്. വിളക്കുകളുമായി നമുക്കുള്ള ബന്ധം മനുഷ്യവംശോത്പത്തിചരിത്രം മുതല്ക്കുള്ളതാണു്. ആദിരാവിൻ്റെ അനാദിപ്രകൃതിയില്‍ ആദ്യമായി തുടിച്ചുണര്‍ന്ന വെളിച്ചം! ആ വെളിച്ചത്തെ വിളിച്ചുണര്‍ത്തുകയും വെളിച്ചമാണീശ്വരന്‍ എന്നുറക്കെ പ്രഖ്യാപിക്കുകയും ആ വെളിച്ചത്തില്‍ കുളിച്ചുനിന്നു സര്‍വ്വചരാചരങ്ങളെയും ആശിര്‍വദിക്കുകയും സമസ്തലോകസുഖസങ്കല്പം സാക്ഷാത്കരിക്കാന്‍ അന്തര്‍ദര്‍ശനങ്ങളുടെ വെളിപാടുകള്‍ വിളിച്ചറിയിക്കുകയും ചെയ്ത ഭാരതീയഋഷികുലം, എല്ലാറ്റിനും അടിസ്ഥാനം അഗ്നിയാണെന്ന വൈദിക സങ്കല്പത്തിൻ്റെ പൊരുളടര്‍ത്തി. ‘അഗ്നിമീളേ പുരോഹിതം’ എന്നു തുടങ്ങുന്ന അഗ്നിസൂക്തത്തിലെ ആദിമമന്ത്രത്തിൻ്റെ ശ്രുതിശുദ്ധിയിലും സ്വരശക്തിയിലും മഹാകാലത്തെ തോറ്റിയുണര്‍ത്തിയ ആ ഋഷിപരമ്പരയുടെ ഇങ്ങേത്തലയ്ക്കല്‍ അമ്മ നമുക്കു വിളക്കാവുന്നു, ലോകത്തിനു വെളിച്ചമാകുന്നു, ജീവസന്ധാരണത്തിനുള്ള ഊര്‍ജ്ജമാവുന്നു!
അഗ്നി വെളിച്ചം നല്കുകയും ഇരുട്ടകറ്റുകയും പ്രകാശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. പ്രപഞ്ചം അഗ്നിമയമാണു്. ദേവതകളെല്ലാം അഗ്നിയാണു്. കാണപ്പെടുന്ന സ്ഥൂലവസ്തുവും കാണപ്പെടാത്ത സൂക്ഷ്മവസ്തുവും അഗ്നിതന്നെ. അനന്തതയാകുന്ന തേജസ്സാണു് അഗ്നി. അഗ്നിയുടെ ബ്രഹ്മത്വം അഥവാ ബ്രഹ്മത്തിൻ്റെ
അഗ്നിത്വം ഉപനിഷത്തുകള്‍ വാഴ്ത്തുന്നുണ്ടു്. ദേഹാഭിമാനമില്ലാത്ത ഒരു യോഗി, പ്രപഞ്ചം മുഴുവനും ബ്രഹ്മമായിട്ടാണു് അറിയുന്നതു്. അതാണു ചൈതന്യം അഥവാ, അനന്തമായ പ്രകാശം. ആ പ്രകാശത്തില്‍ വിലയം പ്രാപിക്കുക എന്ന പരമമായ കര്‍മ്മമാണു് അമ്മ അനുഷ്ഠിക്കുന്നതു്. അവിടെ എല്ലാം പൂര്‍ണ്ണമാകുന്നു. ഒന്നും അവശേഷിക്കാതെ. എന്നാല്‍, പൂര്‍ണ്ണതയില്‍നിന്നു പൂര്‍ണ്ണത ബാക്കിനില്ക്കുന്നു. അതു് അമ്മയായി, അഗ്നിയായി, വിളക്കായി, വെളിച്ചമായി, നശ്വര പ്രപഞ്ചത്തിൻ്റെ അനശ്വരചൈതന്യമായി അനുഗ്രഹം ചൊരിഞ്ഞു നില്ക്കുന്നു!
ഇനി നമുക്കു വര്‍ത്തമാനത്തിലേക്കു വരാം. ഇവിടെയുള്ള ചിരപരിചിതമായ നിലവിളക്കും നെയ്‌വിളക്കും കല്‍വിളക്കും കോല്‍വിളക്കും തൊട്ടു് കാവല്‍ വിളക്കും കാക്കവിളക്കുംവരെയുള്ള വിളക്കുകളായ വിളക്കുകളെല്ലാം ഏതര്‍ത്ഥത്തില്‍ നോക്കിയാലും നിത്യനൈമിത്തികജീവിതത്തിൻ്റെ അവിഭാജ്യഘടകങ്ങളാണു്. ഭൗതികമായ ഉപാധികള്‍ക്കപ്പുറത്തു് എല്ലാ ഉത്കര്‍ഷത്തിൻ്റെയും നന്മയുടെയും പ്രതീകമായി വെളിച്ചത്തെ വിഭാവനം ചെയ്ത ഒരു പാരമ്പര്യമാണു ഭാരതത്തിനുള്ളതു്. അങ്ങനെയാണു് അറിവിൻ്റെ വെളിച്ചവും കര്‍മ്മത്തിൻ്റെ വെളിച്ചവും ധര്‍മ്മത്തിൻ്റെ വെളിച്ചവും സ്നേഹത്തിൻ്റെ വെളിച്ചവും നന്മയുടെ വെളിച്ചവും തുടങ്ങി വ്യക്തിത്വത്തിൻ്റെയും നവോത്ഥാനത്തിൻ്റെയും കാലഘട്ടത്തിൻ്റെയും വെളിച്ചംവരെയുള്ള പ്രസാദപൂര്‍ണ്ണമായ ഒരു ലോകം നമുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതു്.
ആ ലോകത്തിൻ്റെ വിളക്കാണു് അമ്മ. നാമരൂപലിംഗവാചിയായി കാണാനാവുന്ന ഒരു പ്രതിഭാസമല്ല അമ്മ. എങ്കിലും ജീവലോകത്തിനു് അമ്മ സ്ത്രൈണഭാവമാര്‍ന്ന ജനയിത്രിയാണു്. ഒരു കുടുംബത്തിൻ്റെ വിളക്കു കുടുംബിനിയായ സ്ത്രീയാണു് അമ്മയാണു്, എന്നു പറയുന്നതുപോലെ ഒരു നാടിൻ്റെ വിളക്കു്, ഒരു ലോകത്തിൻ്റെ വിളക്കായ പുണ്യചരിതമാണു് അമ്മയ്ക്കുള്ളതു്. ഒരു വിളക്കിൻ്റെ പ്രകാശം ചുവട്ടിലല്ല, ചുറ്റുപാടുമാണു പരക്കുന്നതു്. അമ്മവിളക്കിൻ്റെ പ്രകാശം, അതിൻ്റെ പ്രഭാവം ഇന്നു ലോകത്തെങ്ങുമുള്ള അശാന്തമനസ്സുകള്‍ക്കു് അഭയ വെളിച്ചമാവുന്നു. സ്നേഹകാരുണ്യങ്ങളുടെ അമൃതപ്രകാശത്തില്‍ ഒരു കാലഘട്ടത്തെ പ്രഭാപൂര്‍ണ്ണമാക്കാന്‍ അമ്മയ്ക്കു കഴിയുന്നതെങ്ങനെയെന്നു് ആരും ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അനാഥര്‍ക്കു നാഥയായി, അശരണര്‍ക്കു ശരണമായി, ആര്‍ത്തര്‍ക്കു് ആത്മമിത്രമായി ഒരമ്മ!
അതേ, അമ്മവിളക്കു്. എല്ലാവരുടെയും ഉള്ളിൻ്റെയുള്ളില്‍ ഉണര്‍വ്വിൻ്റെയും ഉത്കര്‍ഷത്തിൻ്റെയും നന്മയുടെയും നറുവെളിച്ചം തളിച്ചു് ധര്‍മ്മത്തിൻ്റെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സനാതനങ്ങളായ സമസ്തമൂല്യങ്ങളുടെയും കര്‍മ്മകാണ്ഡങ്ങള്‍ തെളിച്ചു് അമ്മ നില്ക്കുമ്പോള്‍, ആ അമ്മയെപ്പറ്റി എന്തെഴുതാന്‍, എന്തു പറയാന്‍, എങ്ങനെയറിയാന്‍ ആര്‍ക്കാവുന്നു! ‘അജ്ഞാത്വാ തേ മഹത്വം…’ എന്നു പണ്ടു മേല്പത്തൂര്‍ ശ്രീമന്നാരായണീയത്തില്‍ ശ്രീകൃഷ്ണപരമാത്മാവിനെ വാഴ്ത്താനൊരുമ്പെട്ട സാഹസത്തിനു കുമ്പസരിക്കുന്നതുപോലെ, അമ്മയുടെ തിരുമുന്‍പില്‍ തൊഴുതു നമസ്‌കരിച്ചു നില്ക്കുവാനല്ലാതെ, ആ മഹാപ്രഭാവത്തെ ഒന്നെത്തി നോക്കി പൂര്‍ണ്ണകാമനാവോളം ഈ ഗോപുരദ്വാരത്തിങ്കല്‍ നിലയുറപ്പിക്കുവാനല്ലാതെ എന്താണു ചെയ്യുവാനാവുക.
ക്ഷണികമായ മനുഷ്യജന്മത്തില്‍ എത്രയെത്രയോ പുരുഷായുസ്സുകൊണ്ടു ചെയ്തുതീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അമ്മ ലോകത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നു. കേവല ബാഹ്യമായ ചക്ഷുസ്സുകള്‍കൊണ്ടു കാണുവാനാവാത്ത ലൗകിക ചാപല്യങ്ങളില്‍പ്പെട്ടുഴലുന്ന മനസ്സു കൊണ്ടു മനസ്സിലാക്കുവാനാവാത്ത അവതാരദൗത്യങ്ങള്‍ അമ്മ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു! ഓരോരുത്തര്‍ക്കും ഒരു ജന്മദൗത്യമുണ്ടു് എന്നറിയാതെ അലസിതാവിലസിതരായി വഴിതെറ്റി അലയുന്ന സഹജാതര്‍ക്കു് ഒരു പിടിവള്ളിയായി അമ്മ മുന്നില്‍ നില്ക്കു ന്നു. ആ നാവിന്‍തുമ്പില്‍നിന്നു്, ‘പ്രേമസ്വരൂപികളായ’ മക്കളെ ഉള്ളില്‍ത്തട്ടി വിളിക്കുന്ന വിളി കേള്‍ക്കുമ്പോള്‍ത്തന്നെ അന്തരിന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തുന്ന ഒരു ഭാവപ്രപഞ്ചത്തിലേക്കു് എത്തിപ്പെടുന്ന പ്രതീതി!
ഒരു സംശയവും വേണ്ട. ധര്‍മ്മോത്ഥാപനത്തിനുവേണ്ടി പ്രേമസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലവതരിച്ചതുപോലെ അമ്മ പരംപൊരുളിൻ്റെ പ്രത്യക്ഷ സാന്നിദ്ധ്യമായി നമുക്കു മുന്നില്‍ ഒരു നിറവിളക്കായി കത്തിനില്ക്കുന്നു. കത്തിനില്ക്കുന്നു എന്ന പ്രയോഗത്തിനു വര്‍ത്തമാനകാല വ്യവഹാരത്തിലുള്ള ഭൂഷിതമായ അര്‍ത്ഥത്തിനപ്പുറത്തു്, പരമപ്രകാശം ചൊരിഞ്ഞു നില്ക്കുന്നു എന്ന നിയതാര്‍ത്ഥംതന്നെയാണു സ്വീകരിക്കേണ്ടതു്. ആ അമൃതമൊഴികള്‍, ഒരു സാധാരണ മനസ്സിൻ്റെ സമതലങ്ങളിലൂടെ ഊറിയൊലിച്ചു പടര്‍ന്നൊഴുകുന്ന തെളിനീര്‍ച്ചാലുകള്‍ പോലെയാണു്. എത്രയും ശാന്തവും പ്രസാദമധുരവും പ്രേമമസൃണവുമായ ആ വചോധാരകളിലലിയുമ്പോള്‍, ഗൃഹലക്ഷ്മിയായ ഒരു തറവാട്ടമ്മയുടെ അനുഭവജ്ഞാനങ്ങളുടെയും ആര്‍ജ്ജിതപാരമ്പര്യങ്ങളുടെയും ഹൃദയപരിപാകതയുടെയും വാത്സല്യപ്പെരുമഴയില്‍ കുളിച്ചു നില്ക്കുന്ന അനുഭവം!
ഒരു പാണ്ഡിത്യപ്രകടനവുമില്ലാതെ, ഒരു മുന്‍വിധിയുമില്ലാതെ, ഒരു നിര്‍ബന്ധബുദ്ധിയുമില്ലാതെ, ഒരൗദ്ധത്യവുമില്ലാതെ, താന്‍ പറയുന്നതാണു ശരി എന്നൊരവകാശവാദവുമില്ലാതെ, ലളിതമായി, സുന്ദരമായി, സുഗ്രാഹ്യമായി, സുചിന്തിതമായി ഹൃദയം ഹൃദയത്തോടു സംവദിക്കുന്നതുപോലെ, അമ്മ മനസ്സു് തുറക്കുമ്പോള്‍, ഹൃദയം തുറക്കുമ്പോള്‍, ആ ഹൃദ്ഗതങ്ങള്‍ ആനന്ദാശ്രുക്കളോടെ ഏറ്റുവാങ്ങുന്ന ഭക്തലോകം! എന്തുപറയുമ്പോഴും കഥയിലൂടെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്ന അവിസ്മരണീയമായ പ്രഭാഷണചാതുരി. അതൊരു പ്രഭാഷണമെന്നു പറയാനാവില്ല. ആലങ്കാരികമായ പ്രസംഗശൈലിയുടെ പിറകെപോകാതെ, നാട്ടു വര്‍ത്തമാനം കൂട്ടുകാരുമായി പങ്കിടുന്നതുപോലെ അമ്മ സംസാരിക്കുമ്പോള്‍, എവിടെനിന്നു് അമ്മയ്ക്കീകഥകളൊക്കെ കിട്ടി എന്നോര്‍ത്തു പോകാറുണ്ടു്. ഉദാഹരണങ്ങളുടെയും ഉപമകളുടെയും മാതൃകകളുടെയും ഒരു വര്‍ണ്ണപ്രപഞ്ചത്തിലേക്കു് അമ്മ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു.
മാദ്ധ്യമങ്ങളിലൂടെയുള്ള അമ്മയുടെ സന്ദേശങ്ങള്‍, അരുളപ്പാടുകള്‍ എല്ലാമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അമൃതവാണികള്‍തന്നെ. മാതൃവാണി അമൃതവാണിയല്ലാതെ മറ്റെന്താവാന്‍. ആ വശ്യവിശുദ്ധമായ അകമൊഴികള്‍ ആത്മബോധത്തില്‍നിന്നുണര്‍ന്നു വരുന്ന സാധനാപാഠങ്ങളാവുന്നു. അവിടെയാണു് അമ്മ കേവല ബാഹ്യമായ, പരമമായ, ചഞ്ചലമായ ലോകത്തിനപ്പുറത്തുള്ള അന്തര്‍മഹാലോകങ്ങള്‍ തുറന്നു കാട്ടുന്നതു്. നാം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിനപ്പുറത്തൊരു ലോകമുണ്ടെന്നും ആ ലോകത്തുനിന്നു സമകാലിക വര്‍ത്തമാനകാലത്തെ നോക്കിക്കാണുമ്പോഴേ യഥാര്‍ത്ഥജീവിതം എന്താണെന്നു തിരിച്ചറിയാനാവുകയുള്ളൂവെന്നും അമ്മ അറിയിക്കുമ്പോഴാണു മോഹഗ്രസ്തമായ ഇഹലോകവാസത്തിൻ്റെ കാരാഗൃഹങ്ങളില്‍നിന്നു് ഒരു മോചനം നേടാനുള്ള അഭിവാഞ്ഛയുണ്ടാവുന്നതു്. ആ അര്‍ത്ഥത്തില്‍ അമ്മ ഒരു കടത്തുതോണിയാവുന്നു. ദുരിതദുഃഖക്ലേശസഹസ്ര സഹസ്രങ്ങള്‍ക്കിടയില്‍നിന്നു മനുഷ്യരാശിയെ കൂട്ടിക്കൊണ്ടു പോവുന്ന അമ്മത്തോണി!
ആ തോണിയില്‍ നാം സഞ്ചരിക്കുന്നു; ലോകം സഞ്ചരിക്കുന്നു. മറുകരയെത്തണം. ശാന്തിയുടെയും സ്നേഹത്തിൻ്റെയും ഹരിതതീരത്തു്. ആ ലക്ഷ്യം സുരക്ഷിതമാണു്. അതുകൊണ്ടുതന്നെ മാര്‍ഗ്ഗവും. അമ്മ കൂടെയുള്ളപ്പോള്‍ എന്തിനു് ഉത്കണ്ഠ; എന്തിനു ഭയം. സര്‍വ്വം ശാന്തം, സര്‍വ്വം ഭദ്രം. പക്ഷേ, അമ്മയെ അറിയണം. അമ്മയെ അറിയണമെങ്കില്‍, പണ്ടു പ്രഹ്ളാദന്‍ നരസിംഹമൂര്‍ത്തിയുടെ നിര്‍ബന്ധപ്രകാരം ചോദിച്ച വരം നാം അന്തക്കരണത്തോടു ചോദിച്ചുവാങ്ങണം. അതു് എന്താണെന്നല്ലേ? കാമരാഗദ്വേഷമാത്സരാദ്യങ്ങളാലാമയം കൂടാതിരിക്കാനുള്ള സിദ്ധിവിശേഷംതന്നെ. കാമവും രാഗവും ദ്വേഷവും മദമാത്സര്യങ്ങളും മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന ദുര്‍ഗ്ഗുണങ്ങളാണു്; അധമവാസനകളാണു്. അവയില്‍നിന്നു മുക്തമാവുമ്പോഴേ സദ്ഭാവങ്ങള്‍ ഉള്ളില്‍ തെളിയൂ. അതാണു് അമ്മ എപ്പോഴും പറയാറുള്ളതു് അഹംഭാവമാണു് എല്ലാ ആപത്തിൻ്റെയും അടിസ്ഥാനം എന്നു്, എല്ലാ തിന്മകളുടെയും ഇരുള്‍ പരത്തുന്നതെന്നു്. ആ ഇരുളില്‍നിന്നു് ആത്മഭാവത്തിൻ്റെ വെളിച്ചത്തിലേക്കു്, ആത്മബോധത്തിലേക്കു് ഉണരുവാന്‍ അമ്മയുടെ മനോവാക് കര്‍മ്മങ്ങള്‍ വഴിതെളിക്കുന്നു. ആ വിളക്കിൻ്റെ വെളിച്ചം ഇന്നു ലോകമെമ്പാടും പരക്കുന്നു. അതാണു വെളിച്ചമേ നയിച്ചാലും എന്ന പ്രാര്‍ത്ഥനയുടെ പൊരുളുതന്നെ. ഇതെല്ലാം രാമായണത്തിലെ ക്രിയാമാര്‍ഗ്ഗോപദേശംപോലെ, ലക്ഷ്മണോപദേശംപോലെ, താരോപദേശംപോലെ മനുഷ്യജീവിതത്തിൻ്റെ അര്‍ത്ഥവും ദീപ്തിയും ബോദ്ധ്യപ്പെടുത്തുന്ന അമ്മയുടെ കാലദര്‍ശനങ്ങളാണു്.
മഹിതമായ സേവനത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും പാതയില്‍ അമ്മ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ വകതിരിച്ചു നോക്കിക്കാണുമ്പോഴേ ആ മഹാകാരുണ്യത്തിൻ്റെ സാന്ത്വനസ്പര്‍ശത്താല്‍ അനുഗൃഹീതമായ ഒരു നാടിൻ്റെ പുണ്യം തിരിച്ചറിയുവാനാവൂ. ഭൗതികവും ആത്മീയവും വേറിട്ടു കാണാതെ അവയെ സമന്വയിപ്പിച്ചു സമരസപ്പെടുത്തിക്കൊണ്ടുള്ള ആ പ്രവര്‍ത്തനശൈലിയുടെ ക്രിയാപാഠങ്ങള്‍ ലോകജനതയ്ക്കു പകര്‍ന്നു നല്കുവാന്‍ എത്രയെത്ര ആശ്രമങ്ങള്‍. ആ ആശ്രമങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്പ്രസ്ഥാനങ്ങള്‍, ആതുരശുശ്രൂഷാരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും ദുരിതാശ്വാസരംഗത്തായാലും എല്ലായിടത്തും മാതൃകാപ്രവര്‍ത്തനങ്ങള്‍.
എല്ലാറ്റിൻ്റെയും പിന്നില്‍ അടിയുറവയായുള്ളതു കാരുണ്യം. ആ കാരുണ്യത്തിൻ്റെ കടലുപോലെയുള്ള ഹൃദയവുമായി അടുത്തയിടെ ഭൂകമ്പദുരിതബാധിതപ്രദേശമായ ജപ്പാനിലും അമ്മ ഓടിയെത്തിയതു് അവിടെയുള്ളവര്‍ക്കു് ഒരു ദൈവദൂതിയുടെ സാന്നിദ്ധ്യമുളവാക്കിയ മട്ടിലായായിരുന്നു. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അതിനൊരറുതിയില്ല. ആ സുകൃതത്തിൻ്റെ, സുകൃതവെളിച്ചത്തിൻ്റെ തിരികള്‍ പ്രോജ്ജ്വലിപ്പിക്കുവാന്‍ അമ്മയുടെ ശിഷ്യസമൂഹം സജീവമായി ഇന്നു കര്‍മ്മോത്സുകരായി ജാഗരൂകരായിരിക്കുന്നു. ആരുടെയും പേരെടുത്തു പറയുന്നില്ല. അമൃതാനന്ദമയീമഠത്തിലെ സന്ന്യാസിവര്യന്മാര്‍, സ്വാമിനികള്‍ ഏതോ ജന്മാന്തരസുകൃതം കൊണ്ടെത്തുന്നതുപോലെ ഈ നാടിൻ്റെ മഹാപാരമ്പര്യത്തിൻ്റെ അക്ഷയനിക്ഷേപങ്ങള്‍ അമ്മയില്‍നിന്നറിഞ്ഞു ലോകോപകാരാര്‍ത്ഥം വെളിപ്പെടുത്തി ആത്മജ്ഞാനത്തിൻ്റെ സ്വര്‍ഗ്ഗവാതിലുകള്‍ തുറന്നുകൊണ്ടിരിക്കുന്നു. ഒന്നും ഇവിടെ അവസാനിക്കുകയില്ല. അനന്തമായ കാലത്തിൻ്റെ മഹാപ്രവാഹത്തില്‍ എന്തെല്ലാം ഏറ്റക്കുറച്ചിലുകളും മാറ്റംമറിച്ചിലുകളും ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ചു് ഒരു മഹച്ഛക്തിയുടെ മാന്ത്രികസ്പര്‍ശവും മധുരപ്രസാദവും ഇവിടുണ്ടായിരിക്കും. പൂര്‍ണ്ണമായ ബ്രഹ്മത്തെക്കുറിച്ചും പൂര്‍ണ്ണമായ പ്രപഞ്ചത്തെക്കുറിച്ചും അറിവുതരുന്ന ആ ഉപനിഷത്മന്ത്രം അതുകൊണ്ടുതന്നെ വീണ്ടും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.
”ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ”
അങ്ങനെ അവശേഷിക്കുന്ന പൂര്‍ണ്ണത തേടിയുള്ള പ്രയാണത്തില്‍ ശാന്തിമന്ത്രവുമായി ഒരു ദീപയഷ്ടിപോലെ നിലകൊള്ളുന്ന അമ്മ! അതേ, അതാണു് അമ്മ വിളക്കാണെന്നു പറഞ്ഞതു്.
അണയാത്ത കെടാവിളക്കു്! ഒരു കാലത്തിൻ്റെ മണിവിളക്കു്!
ഡോ: അമ്പലപ്പുഴ ഗോപകുമാര്‍