1985 ജൂൺ 10 തിങ്കൾ
സമയം രാവിലെ 10 മണി. ബ്രഹ്മചാരികളും ഭക്തരും അമ്മയുടെ
സമീപത്തായി കളരിമണ്ഡപത്തിലിരിക്കുന്നു. കളരിമണ്ഡപത്തിന്‍റെ
വലതുഭാഗത്തായി ഓഫീസും ലൈബ്രറിയും ഊണുമുറിയും അടുക്കളയും ചേർന്ന കെട്ടിടം. ഇതിന്‍റെ പിൻഭാഗത്തായി ബ്രഹ്മചാരികൾക്കു താമസിക്കുവാനുള്ള മൂന്നു ചെറിയമുറികളും ഉണ്ട്. ഈ കെട്ടിടത്തിലാണ് അമ്മയുടെ കുടുംബം, പുതിയ കെട്ടിടത്തിലേക്കു് താമസം മാറുന്നതുവരെ താമസിച്ചിരുന്നത്. കളരിയുടെ ഇടതുഭാഗത്തായി വേദാന്ത വിദ്യാലയവും മറ്റു കുടിലുകളും അമ്മയുടെ മുറിയും ധ്യാനഹാളും കാണാം.

കളരി (തുടക്കകാലം)

അമ്മ: (ഒരു ബ്രഹ്മചാരിയെ ഉദ്ദേശിച്ചുകൊണ്ട്) ഇന്നു് ഒരു മോനെ അമ്മ ശരിക്കു വഴക്കു പറഞ്ഞു.
ഭക്തൻ: എന്തിനാണമ്മേ?
അമ്മ: കഴിഞ്ഞദിവസം വണ്ടി ശരിയാക്കുവാൻ ആ മോൻ കൊല്ലത്തുപോയി. അപ്പോൾപ്പറഞ്ഞതാണു് ശരിയായാലും ഇല്ലെങ്കിലും അന്നുതന്നെ തിരിച്ചുവരണം എന്ന്. പക്ഷേ വണ്ടി ശരിയാകാഞ്ഞതിനാൽ അവനവിടെ നിന്നു. വന്നില്ല. അടുത്തദിവസം വന്നപ്പോൾ, തലേന്നു വരാഞ്ഞതിനു് അമ്മ വഴക്കു പറഞ്ഞു. എന്നാൽ ഇന്നലെ ആ മോൻ വന്നിട്ടു പറയാതെ വീണ്ടും തിരിയെപ്പോയി. ഒരു കുറിപ്പെങ്കിലും എഴുതിവയ്ക്കണ്ടേ? പക്ഷേ ചെയ്തില്ല. എല്ലാറ്റിനുംകൂടി ഒന്നിച്ചു് ഇന്നു കൊടുത്തു. മക്കളെ വഴക്കു പറയേണ്ടിവരുന്നതിൽ അമ്മയ്ക്കു വിഷമമുണ്ട്. പക്ഷേ ഒരു ആദ്ധ്യാത്മികജീവിയുടെ യോഗ്യത തെളിയുന്നതു പറയുന്ന വാക്കിനോടുള്ള അനുസരണയിലാണ്. എന്തുചെയ്യാം? ചിലപ്പോൾ അമ്മ മക്കളുടെ നേരെ ക്രൂരമയിയാകുന്നു.

ചില രോഗികളുണ്ട്. നോവും നോവും എന്നുള്ള പേടികൊണ്ടു കുത്തിവയ്ക്കാൻ സമ്മതിക്കില്ല. കുത്തിവയ്ക്കാതെ രോഗം മാറില്ല എന്നു ഡോക്ടർക്കറിയാം. അതിനാൽ ഡോക്ടർ പിടിച്ചുകെട്ടി ആണെങ്കിലും കുത്തിവയ്ക്കും. കരുണതോന്നി കുത്തി വയ്ക്കാതിരുന്നാൽ ചിലപ്പോൾ രോഗി മരിച്ചെന്നുവരാം. രോഗം ഭേദമാകണമെങ്കിൽ അതേ മാർഗ്ഗമുള്ളൂ. അതുപോലെ പറയുന്നതു കേട്ടില്ലെങ്കിൽ നിർബ്ബന്ധിച്ചും ശിഷ്യനെ അനുസരിപ്പിക്കുന്ന വനാണു യഥാർത്ഥ ഗുരു. വേണ്ടതുവേണ്ട സമയത്തുതന്നെ ചെയ്യണം. എങ്കിലേ ശിഷ്യൻ ലക്ഷ്യത്തിലെത്തുകയുള്ളൂ. ശിഷ്യനെക്കൊണ്ടു് അതു ചെയ്യിക്കുക എന്നതാണു ഗുരുവിന്‍റെ കടമ. കൊല്ലപ്പണിക്കാരൻ ഇരുമ്പു പഴുപ്പിച്ചു് അതിൽ ചുറ്റികകൊണ്ടു് ആഞ്ഞടിക്കുന്നതു ക്രൂരതകൊണ്ടല്ല. ഇരുമ്പിനു ശരിയായ രൂപം നല്കുന്നതിനു വേണ്ടിയാണ് . കത്രികകൊണ്ടു കടലാസ്സു കഷ്ണിച്ചു പല തുണ്ടുകളാക്കുന്നതു് അതിൽ നിന്നു നല്ല പുഷ്പങ്ങൾ മെനഞ്ഞുണ്ടാക്കുന്നതിനാണ്. അതു പോലെ ശിഷ്യനോടുള്ള ഗുരുവിന്‍റെ ശാസനയും ശകാരവുമെല്ലാം ശിഷ്യനു് ആത്മസ്വരൂപത്തെ വെളിവാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ്.

ഗുരു നല്കുന്ന ഓരോ ശിക്ഷയും ശിഷ്യനോടുള്ള ഗുരുവിന്‍റെ കാരുണ്യമാണ്. ശിഷ്യനു വിനയവും സമർപ്പണവും ഉണ്ടായിരിക്കണം. ദാസഭാവന വരണം, എങ്കിലേ കൃപ ചൊരിഞ്ഞു നമ്മെ അവിടുത്തെ ലോകത്തിലേക്കു് ഉയർത്തുകയുള്ളൂ. ഞാനൊന്നുമല്ല എല്ലാം അവിടുന്നാണ്. ഞാൻ അവിടുത്തെ ഉപകരണം മാത്രം. ഈ ഒരു ഭാവന ശിഷ്യനുണ്ടായിരിക്കണം. അഹങ്കാരമൊഴികെ ബാക്കിയെല്ലാം ഈശ്വരന്‍റെതാണു്. അഹങ്കാരം മാത്രമാണു നമ്മുടെത്. അതിനെ എടുത്തുമാറ്റാനും പറ്റില്ല. ഗുരുവിനോടുള്ള അനുസരണയിൽക്കൂടിമാത്രമേ അതു നീങ്ങിക്കിട്ടുകയുള്ളൂ. ഗുരുവിന്‍റെ വാക്കനുസരിച്ചു നീങ്ങുമ്പോൾ, അവിടുത്തെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കുമ്പോൾ, ആ കാരുണ്യത്തിൽ അതില്ലാതാകും.

നദിയിൽക്കൂടി ഒഴുകുന്ന തടി, നദിയുടെ ഒഴുക്കിനൊത്തു നീങ്ങുന്നു. അതുപോലെ എല്ലാം നീ എന്നു സമർപ്പിച്ചു് അവിടുത്തെ ഇച്ഛയ്ക്കനുസരിച്ചു നീങ്ങണം. അഹങ്കാരം കളയാൻ അതേ മാർഗ്ഗമുള്ളു. നമ്മുടെ ഇച്ഛ എന്നു പറയാൻ നമുക്കു് എന്തു ശക്തിയാണുള്ളത്?. പടിയുടെ മുകളിൽനിന്നു ഞാനിതാ ഇറങ്ങിവരുന്നു എന്നു പറയുന്ന ആൾ, പത്തു ചുവടുവച്ചപ്പോഴേക്കും മറിഞ്ഞുവീണു മരിച്ചു. ഇങ്ങനെ എത്ര സംഭവങ്ങൾ വേണമെങ്കിലുമുണ്ട്. ‘എന്‍റെ ഇച്ഛ’യായിരുന്നുവെങ്കിൽ, പറഞ്ഞതുപോലെ ഇറങ്ങിവരണ്ടേ. അതിനു കഴിഞ്ഞില്ലല്ലോ. അതിനാൽ എല്ലാം അവിടുത്തെ ഇച്ഛ എന്നു കാണണം.’ അമ്മ ഇരുകരങ്ങളും ചേർത്തു തൊഴുതു്, കണ്ണടച്ചുകൊണ്ടു് ഉച്ചത്തിൽ പ്രാർത്ഥിക്കുന്നു. ‘ദേവീ ഇനിയെങ്കിലും എന്‍റെ മക്കളെ വഴക്കു പറയാൻ ഇടയാക്കല്ലേ. അവർക്കു് ബുദ്ധിയും വിവേകവും നല്കി അനുഗ്രഹിക്കണേ!’ ഏതാനും നിമിഷത്തേക്കു അമ്മ അതേ നില തുടർന്നു. ചുറ്റുമുണ്ടായിരുന്നവർ കണ്ണുകൾപൂട്ടി, കൈകൾ ചേർത്തു് പ്രാർത്ഥനാനിരതരായി.