എന്‍റെ ആദ്യദര്‍ശനം
ഒരു അന്ധനായ ബെല്‍ജിയംകാരന്‍ വിശ്വമാതാവായ അമ്മയുമായി എങ്ങനെയാണു് അടുത്തതു്? ആ കഥയാണു ഞാന്‍ പറയാന്‍ പോകുന്നതു്.

1987 ജൂലായിലെ ആ ദിവസം എനിക്കു മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ വീട്ടിലേക്കു പച്ചക്കറി കൊണ്ടുവരുന്ന പയ്യനാണു് അന്നാദ്യമായി അമ്മയെക്കുറിച്ചു് എന്നോടു പറഞ്ഞതു്. എല്ലാവര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്ന ഒരു സ്ത്രീയാണു് അമ്മ എന്നാണു് അവന്‍ പറഞ്ഞതു്. അല്ല, അവന്‍റെ വാക്കുകള്‍ കൃത്യമായി അതായിരുന്നില്ല. എങ്കിലും ഞാന്‍ മനസ്സിലാക്കിയതു് അങ്ങനെയാണു്. അമ്മയുടെ ഒരു ഫോട്ടോ തരാമോ എന്നു ഞാനവനോടു ചോദിച്ചു. ഒരു കാസറ്റ് കവറിലുള്ള പടമാണു് അവന്‍ എനിക്കു തന്നതു്. ബാഹ്യനേത്രങ്ങള്‍കൊണ്ടു് എനിക്കതു കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അമ്മയുടെ മഹത്ത്വം ഹൃദയംകൊണ്ടറിയാന്‍ എനിക്കു സാധിച്ചു.

എങ്ങനെയാണു് ഇത്ര പെട്ടെന്നു് അമ്മയുടെ മഹത്ത്വം ഹൃദയത്തില്‍ ഞാന്‍ അറിഞ്ഞതെന്നു നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാകും. അതു വിശദീകരിക്കാന്‍ എനിക്കറിയില്ല. എന്നാല്‍ ഒന്നു ഞാന്‍ പറയാം. കാഴ്ചയുള്ളവര്‍ എല്ലാം കണ്ടു മനസ്സിലാക്കാന്‍ ശ്രമിക്കും. എന്നാല്‍ കാഴ്ചയില്ലാത്തവര്‍ ഹൃദയത്തിനെയാണു് ആശ്രയിക്കുക, സ്വന്തം അന്തഃകരണത്തെയാണു് അനുസരിക്കുക. അമ്മയെക്കുറിച്ചു് ആദ്യമായി കേട്ടപ്പോള്‍ത്തന്നെ ആശ്രയിക്കാവുന്നവളാണു് അമ്മ എന്ന ഉറപ്പു് എനിക്കു കിട്ടിയിരുന്നു.

കുറച്ചു ദിവസത്തിനുശേഷം അമ്മ സ്വിറ്റ്‌സര്‍ലണ്ടില്‍ വരുന്നുണ്ടു് എന്നു ഞാനറിഞ്ഞു. സാധാരണയായി ബെല്‍ജിയത്തിനു പുറത്തു്, അന്യരാജ്യങ്ങളിലേക്കൊന്നും യാത്ര ചെയ്യാറില്ലെങ്കിലും അമ്മയെ കാണാനായി സ്വിറ്റ്‌സര്‍ലണ്ടില്‍ പോകണമെന്നു ഞാനും ഭാര്യയും തിരുമാനിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുമോ എന്നൊന്നും സംശയിച്ചു മടിച്ചു നില്ക്കാതെ അമ്മയെ കാണാന്‍ പോകാന്‍ ഉറപ്പിച്ചപ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുകയും ചെയ്തു. അമ്മതന്നെയാണു കാര്യങ്ങളൊക്കെ ഒരുക്കിത്തന്നതു് എന്നുപോലും ഞങ്ങള്‍ക്കു തോന്നിപ്പോയി.

ഒരു ഉദാഹരണം ഞാന്‍ പറയാം. സ്വിറ്റ്‌സര്‍ലണ്ടില്‍ അമ്മയുടെ പ്രോഗ്രാം സ്ഥലത്തു് ആദ്യമായി എത്തിയപ്പോള്‍ ഞങ്ങള്‍ വിഷമിച്ചുപോയി. ഒരു കുന്നിന്‍റെ മുകളിലാണു പരിപാടി നടക്കുന്നതു്. ഞങ്ങളാണെങ്കില്‍ ദൂരയാത്ര കഴിഞ്ഞു വന്നിരിക്കയാണു്. കുന്നിന്‍ മുകളിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറാനാകാതെ എന്‍റെ ഭാര്യ തളര്‍ന്നിരുന്നു. എന്നാലും അവര്‍ ധൈര്യം കൈ വെടിഞ്ഞില്ല. മാത്രമല്ല, ‘ഒരു വഴിയുണ്ടാകും’ എന്നു് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ആ നിമിഷംതന്നെ ഒരു കാര്‍ ഞങ്ങളുടെ അടുത്തുവന്നു നിന്നു, എന്നിട്ടു ഞങ്ങളെ ക്ഷണിച്ചു മുകളിലേക്കു കൊണ്ടുപോയി. അമ്മതന്നെയാണു് അവരെക്കൊണ്ടു് അതു ചെയ്യിച്ചതു്. അമ്മയുടെ അടുത്തേക്കുള്ള യാത്ര സുഗമമാക്കാന്‍ അങ്ങനെ എത്രയെത്ര പേര്‍ ഞങ്ങളെ സഹായിച്ചു!

അമ്മ ദര്‍ശനം കൊടുക്കുന്ന ഹാളിലേക്കു കടന്നപ്പോള്‍ ഒരു നിമിഷത്തേക്കു സമയവും കാലവുമൊക്കെ നിലച്ചതായി എനിക്കു തോന്നി. എന്‍റെ ഹൃദയം ഭക്തികൊണ്ടു നിറഞ്ഞു. വടി കൊണ്ടു തപ്പിനോക്കി ഒരു ഒഴിഞ്ഞ സ്ഥലം കണ്ടുപിടിച്ചു. ഞാന്‍ മുട്ടുകുത്തി, കുനിഞ്ഞു നിലത്തു നമസ്‌ക്കരിച്ചു. മഹാത്മാക്കളെ കാണുമ്പോള്‍ വിനയ പൂര്‍വ്വം നമസ്‌കരിക്കുന്നതു സനാതനധര്‍മ്മത്തിലെ രീതിയാണെന്നോ അമ്മതന്നെ അതു സ്വയം അനുഷ്ഠിക്കാറുണ്ടെന്നോ അപ്പോള്‍ എനിക്കു് അറിയില്ലായിരുന്നു. ബാലനായിരിക്കുമ്പോള്‍ പള്ളിയിലെ ക്വയറിലെ ഒരു അംഗമായിരുന്നു ഞാന്‍. അങ്ങനെയാണു കുനിഞ്ഞു വണങ്ങാന്‍ ഞാന്‍ പഠിച്ചതു്. എന്നോ മറന്നുപോയിരുന്ന ആ സ്വഭാവം അമ്മയുടെ മുന്നിലെത്തിയപ്പോള്‍ അറിയാതെ തിരിച്ചുവരികയായിരുന്നു.

ആ ഹാളില്‍ ഞാന്‍ ഇരുന്നു. അമ്മയുടെ പ്രേമവും ആത്മീയപ്രഭാവവും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം. സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തിലെത്തിയ ഒരു പ്രതീതി. എന്‍റെ ഹൃദയവും ഭക്തികൊണ്ടു വികസിക്കുന്നതുപോലെ തോന്നി. ഞാന്‍ വിങ്ങിപ്പൊട്ടിപ്പോയി.

നാട്ടില്‍ ഒരു തോട്ടത്തിലാണു ഞാന്‍ ജോലി ചെയ്തിരുന്നതു്. തോട്ടപ്പണി എനിക്കിഷ്ടമായിരുന്നു. ചെടികളെയും പൂക്കളെയും വൃക്ഷങ്ങളെയുമൊക്കെ ഞാന്‍ സ്നേഹിച്ചിരുന്നു. പ്രകൃതിയിലെ എല്ലാ വസ്തുക്കളുമായി ഒരു പ്രേമബന്ധത്തിലായിരുന്നു ഞാന്‍ എന്നു വേണം പറയാന്‍. ഇവയൊക്കെ കാണാന്‍ എനിക്കു സാധിച്ചിരുന്നില്ല, സത്യംതന്നെ. പക്ഷേ, ഒരു പൂമൊട്ടു സൂര്യകിരണങ്ങളോടുള്ള പ്രേമത്താല്‍ വിവശയായി സ്വയം സമര്‍പ്പിക്കുമ്പോഴാണു് അതു വിടര്‍ന്നു വികസിച്ചു പരിമളം പരത്തുന്നതെന്നു് എനിക്കു തോന്നാറുണ്ടായിരുന്നു. പുഷ്പ്പിച്ചു നില്ക്കുന്ന ഒരു ചെടിയുടെ അടുത്തു നില്ക്കുമ്പോള്‍ വിശ്വത്തിനോടു മുഴുവന്‍ തോന്നുന്ന പ്രേമത്താല്‍ അതു് ആനന്ദിക്കുന്നതു് എനിക്കു് അനുഭവിക്കാനാകുമായിരുന്നു. അതേ അനുഭവമാണു് ആ ഹാളില്‍ നില്ക്കുമ്പോഴും എനിക്കുണ്ടായതു്. വിശ്വപ്രേമമയിയായ അമ്മയില്‍ നിന്നും പ്രവഹിക്കുന്ന ആനന്ദത്തിന്‍റെ തിര അവിടെയെങ്ങും അലയടിക്കുകയായിരുന്നു. ഏറെ നേരം നില്ക്കാന്‍ ശക്തിയില്ലാതെ ഞാനവിടെയിരുന്നു പോയി.

യാത്രാക്ഷീണമുള്ളതുകൊണ്ടു വിശ്രമിക്കാനായി എന്‍റെ ഭാര്യ മുറിയിലേക്കു പോയി. ഞാനാകട്ടെ എഴുന്നേറ്റു മാറാന്‍ ശക്തിയില്ലാതെ അവിടെത്തന്നെയിരുന്നു. ദര്‍ശനം തീരാറായപ്പോഴാണു ഭാര്യ തിരിച്ചുവന്നതു്. ദര്‍ശനം അവസാനിച്ചപ്പോള്‍ എല്ലാവരെയും വീണ്ടും സന്തോഷിപ്പിച്ചുകൊണ്ടു് അമ്മ ഭജനപാടി നൃത്തംവയ്ക്കാന്‍ തുടങ്ങി. ചുറ്റും നിന്നിരുന്ന കുറച്ചു ഭക്തരും അമ്മയോടൊപ്പം ചുവടുവച്ചിരുന്നു. നന്നായി കാണാനായി എന്‍റെ ഭാര്യ മുന്നിലേക്കു നീങ്ങിപ്പോയി.

പെട്ടെന്നു് അമ്മ എന്‍റെ അരികിലേക്കു വന്നു, കൈപിടിച്ചു നൃത്തക്കാരുടെ നടുവിലേക്കു കൊണ്ടുപോയി. പോകുന്ന വഴി മറുകൈകൊണ്ടു് എന്‍റെ ഭാര്യയെയും പിടിച്ചിരുന്നു. എന്നിട്ടു ഞങ്ങളോടൊപ്പം നൃത്തം ചെയ്യാനും തുടങ്ങി. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു് അമ്മയെങ്ങനെയറിഞ്ഞു? എന്‍റെ ഭാര്യ വളരെ ദൂരെ നില്ക്കുകയായിരുന്നു. എന്നിട്ടും അമ്മ ഞങ്ങളെ തിരിച്ചറിഞ്ഞു, തിരഞ്ഞുപിടിച്ചു ഒന്നിച്ചുചേര്‍ത്തു. അമ്മ തന്‍റെ വിശ്വകുടുംബത്തിലേക്കു ഞങ്ങളെ അണച്ചു ചേര്‍ക്കുകയായിരുന്നോ? എനിക്കു് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വബോധം തോന്നി.

അടുത്ത ദിവസം ഞങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനു പോയി. അമ്മ ഒരു കൊച്ചു പൈതലിനെയെന്നവണ്ണം എന്നെ കെട്ടിപ്പിടിച്ചു, മാറോടു ചേര്‍ത്തു. അതിനുശേഷം ഒരമ്മ സ്വന്തം കുഞ്ഞിനെ താലോലിക്കുന്നതുപോലെ എന്‍റെ മാറിലാകെയുഴിഞ്ഞു. കുറച്ചു സമയത്തേക്കു ഞാന്‍ ഈ പ്രപഞ്ചത്തെയാകെ വിസ്മരിച്ചു. എനിക്കെന്താണു സംഭവിച്ചതെന്നു് അപ്പോഴെനിക്കു മനസ്സിലായില്ല. ദര്‍ശനം കഴിഞ്ഞപ്പോള്‍ നില്ക്കാന്‍ ശേഷിയില്ലാതെ ഞാനെന്‍റെ മുറിയില്‍ വന്നു കിടന്നു. സാവധാനം എനിക്കെല്ലാം വ്യക്തമായി. അമ്മയുമായി എനിക്കെന്നും ഒരു അദൃശ്യ ബന്ധം ഉണ്ടായിരുന്നു. ഇതുവരെ ഞാനതറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അമ്മ എനിക്കതു വ്യക്തമാക്കിത്തന്നു. ആ നിശ്ശബ്ദതയില്‍, ആ സ്പന്ദനങ്ങളില്‍, സനാതനസത്യത്തിന്‍റെ ദര്‍ശനങ്ങള്‍ അല്പമെങ്കിലും എനിക്കു ലഭിച്ചുകൊണ്ടിരുന്നു. അപ്പോഴത്തെ എന്‍റെ അനുഭവം വാക്കുകള്‍കൊണ്ടു വിവരിക്കാന്‍ എനിക്കറിയില്ല.

അടുത്ത ദിവസം ദര്‍ശനത്തിനു പോയപ്പോള്‍ അന്ധനായ എന്നെ അമ്മ എപ്പോഴും കാത്തു രക്ഷിക്കണേ എന്നു ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ ഒരു ബ്രഹ്മചാരി എന്‍റെ കൈയില്‍ ഒരു കഷ്ണം കടലാസ് തന്നു. എനിക്കതു വായിക്കാന്‍ കഴിഞ്ഞില്ല എങ്കിലും അതൊരു മന്ത്രമാണെന്നു് അദ്ദേഹം പറഞ്ഞു ഞാനറിഞ്ഞു. സാധാരണയായി ദേവീഭാവസമയത്താണു് അമ്മ മന്ത്രം കൊടുക്കുന്നതു്. എന്നാല്‍, ഞങ്ങള്‍ക്കു ദേവീഭാവത്തിനു നില്ക്കാന്‍ കഴിയില്ല എന്നു് അമ്മ അറിഞ്ഞിരിക്കണം. മക്കളെ തുണയ്ക്കാന്‍ എന്നും തന്‍റെ മന്ത്രമുണ്ടാകണമെന്നു സങ്കല്പിച്ചു ചോദിക്കാതെതന്നെ അമ്മ ഞങ്ങള്‍ക്കു് അഭയം തന്നതായിരിക്കണം. മനസ്സുകൊണ്ടു സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ത്തന്നെ എത്ര വലിയ അനുഗ്രഹമാണു് അമ്മ തന്നതു്!

അടുത്ത വര്‍ഷം മുതല്‍ അമ്മ ബെല്‍ജിയത്തില്‍ വരുമ്പോള്‍ അമ്മയുടെ പരിപാടികള്‍ക്കു പൂക്കള്‍ ഒരുക്കുന്ന ജോലി ഞങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഭാഗ്യംകൊണ്ടു ഞങ്ങള്‍ രണ്ടു പേരും, ഞാനും ഭാര്യയും, ഒരേ സമയത്തു് അമ്മയുടെ അടുത്തെത്തി. അമ്മയുടെ അടുത്തു വരുന്നതിനും സേവനം ചെയ്യുന്നതിനും ഞങ്ങളുടെ മൂന്നു കുട്ടികളും അവരുടെ കുടുംബവും എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അവരും സാവധാനം അമ്മയോടടുത്തുകൊണ്ടിരിക്കയാണു്. ഞങ്ങളെ അമ്മയുടെ അടുത്തെത്താന്‍ സഹായിച്ച വളരെ പേരുണ്ടു്. അവരോടൊക്കെ എനിക്കു നന്ദിയുണ്ടു്. അമ്മയുടെ അടുത്തെത്തുക എന്നുവച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്തിപ്പെടുക എന്ന പോലെയാണെനിക്കു്.

(വിവര്‍ത്തനം: പത്മജ ഗോപകുമാര്‍)

കരള്‍ ബക്കാരണ്‍