വിശ്വ സംസ്കൃത പ്രതിഷ്ഠാന് അമ്മ നൽകിയ സന്ദേശം

ഓം നമഃ ശിവായ

മക്കളേ, നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് സംസ്കൃതഭാഷ. അതിപുരാതനമായ ഭാരതസംസ്കാരത്തിന്റെ വാഹിനിയാണു സംസ്കൃതം. മനുഷ്യമനസിൽ പരിവർത്തനം സൃഷ്ടിക്കുവാൻ കഴിയുന്ന ഒരു പ്രത്യേകശക്തി സംസ്കൃതഭാഷക്കും, അതിന്റെ സ്പന്ദനങ്ങൾക്കും ഉണ്ട്.

ഭാരതത്തിലെ മാത്രമല്ല ലോകത്തിലേതന്നെ എത്രയോ ഭാഷകളുടെ മാതാവാണ് സംസ്കൃതം. എല്ലാ ഭാരതീയരേയും കൂട്ടിയിണക്കുന്ന സാംസ്കാരിക ഐക്യത്തിന്റെ കണ്ണിയാണ് സംസ്കൃതഭാഷ. സംസ്കൃതത്തിൽ രചിച്ചിട്ടുള്ള നമ്മുടെ വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ ഭാരതത്തിനകത്തും പുറത്തുമുള്ള നിരവധി ഭാഷകളിലെ വിശിഷ്ട കൃതികൾക്ക് മൂലമായിത്തീർന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങൾ ആ ഗ്രന്ഥങ്ങൾ പഠിച്ചും ശ്രവിച്ചും വായിച്ചും ഉദ്ബുദ്ധരായിക്കൊണ്ടിരിക്കുന്നു; ധാർമ്മികബോധവും ഭക്തിയും ജ്ഞാനവും സംസ്കാരവും ഉൾക്കൊണ്ടു ജീവിക്കുന്നു. നമ്മുടെ സാംസ്കാരിക ഐക്യത്തിനും ജനങ്ങളുടെ പ്രബുദ്ധതയ്ക്കും സംസ്കൃതഭാഷ വഴിയൊരുക്കി. സാഹിത്യരംഗത്തും കലാരംഗത്തും നമ്മളേയെല്ലാം കൂട്ടിയിണക്കിയതും എല്ലാവർക്കും അറിവുപകർന്നതും സംസ്കൃതമാണ്.

സംസ്കൃതത്തിലെ അക്ഷരമാലാ ക്രമംതന്നെയാണ് എല്ലാ ഭാരതീയ ഭാഷകളും പിൻതുടരുന്നത്. അതിനാൽ ഭാരതത്തിന്റെ യഥാർത്ഥ ദേശീയഭാഷ സംസ്കൃതമാണ്. നമ്മുടെ ശാസ്ത്രങ്ങളും സാഹിത്യങ്ങളും വേണ്ടവണ്ണം മനസ്സിലാക്കണമെങ്കിൽ സംസ്കൃതജ്ഞാനം കൂടാതെ സാധ്യമല്ല. ചുരുക്കത്തിൽ സംസ്കൃതത്തിന്റെ ഉദ്ധാരണം നമ്മുടെ സംസ്കാരത്തിത്തിന്റെ തന്നെ ഉന്നതിക്ക് ആവശ്യമാണ്. സംസ്കൃതം നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനശിലയാണ്. അതുകൊണ്ട്, സംസ്കൃതഭാഷയുടെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ സംസ്കൃതിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ കർത്തവ്യമാണ്. ഈ ഭാഷ വേണ്ടവണ്ണം പ്രചരിക്കാതെ നമ്മുടെ സംസ്കാരത്തിന്റെ ശാക്തീകരണം സാധ്യമാവുകയില്ല. – ഈ ദിശയിൽ മക്കൾ ചെയ്യുന്ന പ്രവർത്തനങ്ങളും പരിശ്രമങ്ങളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മക്കളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തി ആർജ്ജിക്കട്ടെ. അതു മേൽക്കുമേൽ വളരട്ടെ. മക്കളുടെ ലക്ഷ്യം സഫലമാകട്ടെ എന്ന് അമ്മ പരമാത്മാവിൽ പ്രാർത്ഥിക്കുന്നു.