കണ്ണീരുണങ്ങാത്ത കണ്ണുമായ്, നിന്‍ കഴല്‍
നെഞ്ചകം നീറി നിനച്ചിരിപ്പൂ
മന്ദഹാസത്തിൻ്റെ പൊന്‍തരിവെട്ടത്താല്‍
അഞ്ചിതമാക്കുകെന്നന്തരംഗം.
ചിന്തയില്‍ ചേറു പുരളാതെ താരക –
പുഞ്ചിരിശോഭയാല്‍ ശുദ്ധി ചെയ്യൂ
ചെന്താരടികളില്‍ വീണു നമിക്കുവോര്‍ –
ക്കന്തരംഗത്തിലമൃതവര്‍ഷം!
കണ്ണീരെഴുത്തിൻ്റെ കാരണസ്രോതസ്സില്‍
കാണാമനേകയുഗാന്തസ്വപ്‌നം
ആശകളാറ്റിക്കുറുക്കിയേകാത്മക –
മാക്കി നിന്‍ കാല്ക്കല്‍ ഞാന്‍ കാഴ്ചവെയ്പ്പൂ!
അന്തരംഗത്തിലെ അന്ധകാരം നീക്കി
ബന്ധുരാംഗി നീയുണര്‍ന്നു വെല്ക!
ഭക്തിയും മുക്തിയും നിന്‍ കൃപാനുഗ്രഹം
ചിത്തവിശുദ്ധിയും നിന്‍ കടാക്ഷം!

സ്വാമി തുരീയാമൃതാനന്ദ പുരി