മക്കളേ, ആത്മാവിനു ജനനമോ മരണമോ ഇല്ല. വാസ്തവത്തില്‍ ജനിച്ചു എന്ന ബോധം മരിക്കുകയാണു വേണ്ടതു്. അതിനുവേണ്ടിയാണു മനുഷ്യജീവിതം.

പിന്നെ എന്തിനു് അമ്മ ഇതിനൊക്കെ അനുവദിച്ചു എന്നു ചോദിച്ചാല്‍, മക്കളെയെല്ലാം ഒരുമിച്ചു കാണുന്നതില്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. മക്കളെ എല്ലാവരെയും ഒരുമിച്ചിരുത്തി നാമം ജപിപ്പിക്കുവാനും കഴിയും. എല്ലാവരും ഒന്നിച്ചിരുന്നുള്ള ജപത്തിനു പ്രത്യേക പ്രാധാന്യമുണ്ടു്. പിന്നെ, മക്കളുടെ ആഗ്രഹം സാധിച്ചു കിട്ടുമ്പോള്‍ മക്കള്‍ക്കും സന്തോഷമാകുമല്ലോ. മക്കളുടെ സന്തോഷം കാണുന്നതു് അമ്മയ്ക്കും സന്തോഷമാണു്.
കൂടാതെ ഇന്നത്തെ ദിവസം ത്യാഗത്തിൻ്റെ ദിനമാണു്. മക്കളുടെ വീട്ടിലെപ്പോലെ സുഖസൗകര്യങ്ങള്‍ ഒന്നും ഇവിടെയില്ല. ഊണും ഉറക്കവും വെടിഞ്ഞു് അമ്മയുടെ പേരില്‍ മക്കള്‍ അദ്ധ്വാനിക്കുന്നു. കഷ്ടപ്പെടുന്നവര്‍ക്കു ശാന്തിയും ആശ്വാസവും പകരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. മക്കളേ, ഇതൊക്കെയാണു നമ്മുടെ ആത്മാവിനെ ഉണര്‍ത്തുന്ന പ്രവൃത്തികള്‍.
ശരിക്കു നോക്കിയാല്‍ ഈ ആഘോഷങ്ങള്‍ക്കു ചെലവാക്കുന്ന പണംകൊണ്ടു് എത്രയോ സാധുക്കള്‍ക്കു സഹായം ചെയ്യാമായിരുന്നു. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ ഇതൊന്നും ഒഴിവാക്കാന്‍ കഴിയുന്നില്ല. തങ്കത്തെ സ്വര്‍ണ്ണമാക്കാന്‍ അതില്‍ ചെമ്പു ചേര്‍ക്കേണ്ടിവരുന്നു. എങ്കിലേ ആഭരണമാക്കി അണിയാന്‍ കഴിയൂ. ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ അവരുടെ തലത്തിലേക്കു് ഇറങ്ങിച്ചെല്ലേണ്ടതുണ്ടു്. അമ്മയില്‍നിന്നും എന്തെങ്കിലും തെറ്റുവന്നിട്ടുണ്ടെങ്കില്‍ മക്കള്‍ ക്ഷമിക്കുക.
മക്കളെല്ലാവരും ഇവിടെ ‘അമൃതേശ്വരൈൃ നമഃ, അമൃതേശ്വരൈൃ നമഃ’ എന്നു ചൊല്ലി. മക്കളേ, ആ ഈശ്വരി നിങ്ങളുടെ സഹസ്രാരത്തില്‍ ഇരിക്കുന്ന ആത്മാമൃതത്തിൻ്റെ തത്ത്വമാണു്. അതിനെയാണു പ്രാപിക്കേണ്ടതു്. അല്ലാതെ ഈ അഞ്ചടിയില്‍ ഒതുങ്ങുന്ന ശരീരത്തെയല്ല. അവനവൻ്റെ ശക്തിയെ കണ്ടെത്തുക, തന്നിലെ ആനന്ദത്തെ അറിയുക എന്നുള്ളതാണു് അതിൻ്റെ ശരിയായ തത്ത്വം.