അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു!

ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന്‍ കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ ബുദ്ധിക്കും യുക്തിക്കും സിദ്ധിക്കുമൊക്കെയപ്പുറത്തുള്ള അജ്ഞാതമായ ലോകത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞവര്‍ ഇവിടെ ഉണ്ടായിരുന്നു. ആത്മബോധത്തില്‍ തെളിഞ്ഞ സത്യത്തിൻ്റെ ദിവ്യപ്രകാശത്തില്‍ എല്ലാം കണ്ടറിഞ്ഞവര്‍. അവര്‍ അതെല്ലാം വേദോപനിഷത്തുകളിലൂടെയും ഇതിഹാസപുരാണങ്ങളിലൂടെയും മനുഷ്യരാശിക്കു തുറന്നു തന്നിട്ടുമുണ്ടു്. എന്നിട്ടും നാം ഇപ്പോഴും ഇരുളില്‍ തപ്പുന്നു. ദിശയറിയാതെ, ലക്ഷ്യമറിയാതെ എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നു.

ഇവിടെയാണു് അമ്മ ലോകത്തിനു കൈവിളക്കാകുന്നതു്. ജീവിതത്തിൻ്റെ കെടാവെളിച്ചമാകുന്നതു്. അമ്മതന്നെ പറയാറുള്ളതുപോലെ, കൊടുങ്കാട്ടില്‍ വഴി തെറ്റിയെത്തിയ ഏകാന്തപഥികനു് ആരെങ്കിലും വഴികാട്ടിയായി എത്തിച്ചേരുന്നു എങ്കില്‍ എന്തൊരനുഗ്രഹമാണു്, എന്തൊരാശ്വാസമാണു്. ആരുമെത്തിയില്ലെങ്കില്‍ അലഞ്ഞലഞ്ഞു് ആ യാത്രികന്‍ ഹിംസ്ര മൃഗങ്ങളുടെ പിടിയിലകപ്പെടും. ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയൊരവസ്ഥയില്‍ അയാളുടെ രക്ഷകനായി എത്തുന്നയാളാണു ഗുരു. ആ ഗുരു ദൈവംതന്നെ. ഇന്നു സത്യത്തില്‍ ആ സദ്ഗുരു അമ്മയാകുന്നു. ഗുരു അമ്മയും അച്ഛനും ദൈവവുമാണെന്ന ആര്‍ഷവചനത്തിൻ്റെ അതീന്ദ്രിയാനുഭൂതി വാക്കുകള്‍കൊണ്ടു വര്‍ണ്ണിക്കുന്നതെങ്ങനെ! ഇവിടെയാണു വീണ്ടും മനസ്സുകൊണ്ടു് അമ്മയെ നമസ്‌കരിക്കാന്‍ ആഗ്രഹിച്ചു പോകുന്നതു്. വീണ്ടും വീണ്ടുമല്ല എപ്പോഴും ഏതുനേരവും ആ പാദങ്ങള്‍ ഹൃദയത്തില്‍ വച്ചു മുകരുവാന്‍ കൊതിച്ചുപോകുന്നതു്?

ഈ ആഗ്രഹവും കൊതിയുമൊക്കെയല്ലെ ജീവിതം. സര്‍വ്വേശ്വരൻ്റെ കാരുണ്യംകൊണ്ടു് അനുഗ്രഹിച്ചു കിട്ടിയ ജന്മം എത്ര കാലത്തേക്കാണെന്നു വല്ല തിട്ടവുമുണ്ടോ? അതിനിടയില്‍ സര്‍വ്വേശ്വരസമര്‍പ്പിതമായ കര്‍മ്മങ്ങള്‍ കൊണ്ടു ജീവിതം സാര്‍ത്ഥകമാക്കുവാനല്ലേ അമ്മ അരുളിച്ചെയ്യുന്നതു്. ആ വാക്കിലും നോക്കിലും അലയടിക്കുന്ന സ്നേഹത്തിൻ്റെ കടല്‍ത്തിരപ്പുറത്തു് ഒരാലിലക്കണ്ണനെപ്പോലെ നീന്തിത്തുടിക്കാന്‍ മോഹിക്കുന്ന മനസ്സില്‍ ആ കുഞ്ഞുണ്ണിക്കണ്ണനെ പിടിച്ചിരുത്തുവാന്‍ കഴിയുന്നെങ്കില്‍, അതിനപ്പുറമൊന്നും നേടാനില്ല. മായാമയനായ ഭഗവാന്‍ മനസ്സിലുണ്ടെങ്കില്‍, ഹൃദയത്തിലുണ്ടെങ്കില്‍ ആരെ ഭയക്കുവാന്‍? എന്തു ഭയക്കുവാന്‍? ഒരു ഉത്കണ്ഠയും ആശങ്കയും ഉദ്വേഗവും ഉദാസീനതയും വേണ്ട.

‘സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ’ എന്നല്ലേ ശ്രീമദ് ഭഗവദ്ഗീതയില്‍, ആ ഗീതാകൃഷ്ണന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതു്. അമ്മ പറയുന്നതു് ആ തിരുമൊഴികള്‍ തന്നെ. ഗീതാനുസാരിയായ ഒരു ജീവിതത്തിൻ്റെ യുദ്ധഭൂമിയില്‍ ധര്‍മ്മക്ഷേത്രത്തിലേക്കുള്ള കിളിവാതിലാണു് അമ്മ തുറന്നു തരുന്നതു്. നാം ഇപ്പോള്‍ കുരുക്ഷേത്രത്തിലാണു്. ഈ കുരുക്ഷേത്രത്തിലാണു കൗരവപാണ്ഡവയുദ്ധം നടന്നതു്. ആ യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യസമൂഹം ഉണ്ടായ കാലം മുതല്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവിടെ നടക്കുന്നു. സത്യവും അസത്യവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാണുന്നു. നീതിയും അനീതിയും പരസ്പരം പോരടിക്കുന്നു. അവിടെയൊക്കെ ആത്യന്തികമായ വിജയം ധര്‍മ്മത്തിനും സത്യത്തിനും നീതിക്കുമാണു ലഭിച്ചിട്ടുള്ളതു്. പക്ഷേ, പിന്നെയും ആ സങ്കരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അപ്പോഴൊക്കെ ധര്‍മ്മത്തിനു ഗ്ലാനിയുണ്ടാകുമ്പോള്‍ ഓരോ മഹച്ചൈതന്യം ഉദയം കൊള്ളുന്നു. ഇവിടെ ആ ചൈതന്യം അമ്മയാകുന്നു!

നമുക്കു ധര്‍മ്മക്ഷേത്രത്തിലാണു് എത്തിച്ചേരേണ്ടതു്. ഇവിടെ കാണുന്ന, അറിയുന്ന നാം നില കൊള്ളുന്ന കുരുക്ഷേത്രത്തില്‍ നിന്നു സനാതനമായ ധര്‍മ്മത്തിൻ്റെ ലോകത്തേക്കുള്ള വഴി ഏതു് എന്നറിയാതെ ദിശാബോധം നഷ്ടപ്പെട്ട ജനതയ്ക്കു് ഒരു കൈത്താങ്ങായി, കണ്‍വെളിച്ചമായി അമ്മ എത്തിയിരിക്കുന്നു. ആ കരസ്പര്‍ശം ഹൃദയത്തിലെ മുറിവുകളുണക്കുന്നു. ആ ദിവ്യദര്‍ശനം ആത്മബോധത്തിൻ്റെ തിരികള്‍ തെളിക്കുന്നു. അമ്മേ ശരണം! എന്നു് അറിയാതെ അന്തഃകരണം വിളിച്ചു പറയുന്നതു് ഈ പ്രപഞ്ചമാകെ മാറ്റൊലി കൊള്ളുന്നു. ആ മാറ്റൊലി മറുമൊഴിയായി ഒലിച്ചെത്തുന്നതു് അമ്മയുടെ ഹൃദയത്തില്‍നിന്നു തന്നെ.

സമസ്തലോകത്തിനും സുഖമുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ച ഭാരതം, അലൗകികമായ സ്നേഹത്തിൻ്റെയും ആദര്‍ശദീപ്തമായ സംസ്‌കാരത്തിൻ്റെയും തറവാടായിരുന്നു. ക്ഷണികമായ ഭൗതിക സുഖകാമനകള്‍ക്കപ്പുറത്തു് അക്ഷയമായ ഐശ്വര്യങ്ങളുടെയും വിശ്വശാന്തിയുടെയും പീഠഭൂമികളൊരുക്കുന്ന ആ ആദ്ധ്യാത്മികദര്‍ശനങ്ങളുടെ പ്രകാശചക്രവാളങ്ങളിലേക്കു ജീവരാശികളെ തെളിച്ചുകൊണ്ടുപോയ ഒരു സംസ്‌കൃതിയുടെ കലവറയോ നിലവറയോ ആയിരുന്നു ഇവിടം. ഇന്നു് ഇതെക്കുറിച്ചൊന്നും ഓര്‍ത്തു പരിതപിച്ചിട്ടു കാര്യമില്ല. പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഓരോ ദേശത്തിൻ്റെയും സംസ്‌കാര പാരമ്പര്യങ്ങള്‍ക്കു് അതിരു കല്പിക്കുന്നതു് അത്ര ശരിയായ കാര്യമല്ല. എല്ലാറ്റിലും നന്മയുണ്ടാകും. പക്ഷേ, നാം നമ്മുടെ സംസ്‌കാരം പരിരക്ഷിക്കുവാന്‍ ശ്രമിച്ചില്ലെങ്കില്‍ അതുമൂലം നഷ്ടമുണ്ടാകുന്നതു നമുക്കു മാത്രമാണു്.

പാശ്ചാത്യസംസ്‌കാരത്തെയും ജീവിത രീതികളെയും അന്ധമായി അനുകരിക്കുന്നതു നല്ല കാര്യമല്ല. നമുക്കു നമ്മുടെതായ മൂല്യവിചാരങ്ങളുണ്ടു്, ജീവിതസങ്കല്പങ്ങളുണ്ടു്. ദര്‍ശനവഴികളുണ്ടു്. അതു് ആദ്ധ്യാത്മികതയില്‍ വേരൂന്നിക്കൊണ്ടുള്ളവയാണു്. സനാതന ധര്‍മ്മത്തില്‍ വളര്‍ന്നു പടര്‍ന്നിട്ടുള്ളതാണു്. സ്നേഹകാരുണ്യങ്ങളില്‍ തളിര്‍ത്തു തഴച്ചിട്ടുള്ളവയാണു്. അതു തിരിച്ചറിയുവാന്‍ മക്കള്‍ക്കു കഴിയണം. അമ്മയ്ക്കതാണു പറയാനുള്ളതു്. പ്രസവിച്ചു വളര്‍ത്തിയ അമ്മയുടെ കണക്കു തീര്‍ക്കുന്നവരല്ല നമ്മള്‍. പ്രസവിച്ചതിനും മുലയൂട്ടി വളര്‍ത്തിയതിനും ‘കാക്കക്കാലേലും പരുന്തുങ്കാലേലും’ പോകാതെ കണ്ണു തെളിച്ചു വിട്ടതിനും കൂലിയായി, ഇത്ര രൂപാ ഇത്ര പൈസാ എന്നു കണക്കുനോക്കി ഇടപാടു തീര്‍ക്കുന്ന ലോകത്താണു നാം കഴിയുന്നതെന്നു് അതിശയോക്തിയോടെയാണെങ്കിലും പറയുന്നവരുടെ കാലത്താണു നമ്മള്‍.

ഇവിടെ ഇതൊന്നും അമ്മ പറയാതെ മക്കള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണു്. നാം ഭാരതീയര്‍ എന്ന പേരില്‍ അഭിമാനിക്കുമ്പോള്‍, ഭാരതീയമായ കാര്യങ്ങളിലാവണം ശ്രദ്ധ, ജാഗ്രതയും. ആദ്ധ്യാത്മികതയില്‍ നിന്നു് അന്യമായ യാതൊന്നും ശാശ്വതമല്ല. എങ്ങും എവിടെയും എന്നും നിറഞ്ഞുനില്ക്കുന്നതു സര്‍വ്വേശ്വരന്‍ മാത്രമാണെന്നും അതു മാത്രമാണു സത്യമെന്നും ഉള്ള തിരിച്ചറിവു മക്കള്‍ക്കുണ്ടാകണം. ആ അറിവു നന്മയുടെ നിറവായി പൊലിച്ചു വരും. ശാന്തിയുടെ നിലാവെളിച്ചമായി തെളിഞ്ഞു വരും. സ്നേഹത്തിൻ്റെ മധുരമായി വിളഞ്ഞു വരും. ആ ലോകം, അതേ നിസ്സ്വാര്‍ത്ഥവും നിസ്സര്‍ഗ്ഗസുന്ദരവും നിരതിശയകരവുമായ ആ ലോകം മനസ്സിലൊരുക്കിയെടുക്കാന്‍ മക്കള്‍ക്കു കഴിയുന്നുവെങ്കില്‍, അതില്‍നിന്നു വേറിട്ടൊരു ലോകം ഒരിടത്തുമുണ്ടാവില്ല.

അമ്മയുടെ തിരുമൊഴികള്‍ കടഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന നവനീത സദൃശമായ ഈ വാങ്മയചന്ദ്രിക ജീവലോകത്തിനു് അമൃതസാന്ത്വനമാവട്ടെ എന്നു പ്രാര്‍ത്ഥന.

''അമ്മേ, ജഗന്മനോ -
മോഹനാകാരമാര്‍ -
ന്നുണ്മയായെങ്ങും നിറഞ്ഞു 
തെളിഞ്ഞൊളി
ചിന്നുന്ന സ്നേഹപ്രഭാമയീ, 
ഞങ്ങള്‍ക്കു 
കണ്ണിന്നു കണ്ണായ 
കാവല്‍വിളക്കായ
അമ്മേ! നമസ്‌തേ നമസ്‌തേ 
നമോസ്തുതേ…!''

അമ്പലപ്പുഴ ഗോപകുമാർ