ഭക്ത: അറിഞ്ഞുകൊണ്ടു് ഈ മനുഷ്യര്‍ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് എന്താണമ്മേ?

അമ്മ: മക്കളേ, മനുഷ്യന്‍ സ്വാര്‍ത്ഥസുഖംമാത്രം നോക്കി പോകുന്നതുകൊണ്ടാണു കുടിയും പുകവലിയുമൊക്കെ ശീലിക്കുന്നത്. ഇതിലൊക്കെയാണു സുഖമെന്നവര്‍ കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികതത്ത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിനു് ആദ്യം നമ്മളോരോരുത്തരും ആ തത്ത്വമനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം. അപ്പോള്‍ മറ്റുള്ളവര്‍ അതുകണ്ടു പഠിക്കും. അവരുടെ മനസ്സു് വിശാലമായിത്തീരും. സ്വാര്‍ത്ഥതകള്‍ കൊഴിയും.

അമിതമായ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി ആയിരവും പതിനായിരവും രൂപ ചെലവാക്കുന്നവരെ കാണാം.
അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെ
പട്ടിണി കിടക്കുകയായിരിക്കും. ആയിരംരൂപ സ്ത്രീധനം നല്കാത്തതു കാരണം ഒരു കുട്ടിയുടെ വിവാഹം മുടങ്ങുന്നു. മറ്റൊരു വീട്ടില്‍ ഓഹരി കുറവായതുകൊണ്ടു ഭര്‍ത്താവിൻ്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടിലേക്കു പറഞ്ഞുവിട്ടിരിക്കുന്നു. അതേസമയം അടുത്ത വീട്ടുകാര്‍ മകളുടെ വിവാഹം ആഘോഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ ചെലവിടുകയാണു്. മറ്റുള്ളവര്‍ കഷ്ടത അനുഭവിക്കുമ്പോള്‍ കഴിവുണ്ടായിരുന്നിട്ടു കൂടി സഹായിക്കാന്‍ കൂട്ടാക്കാത്തവര്‍ ഏറ്റവും വലിയ ദ്രോഹമാണു ചെയ്യുന്നത്. അവര്‍ ആത്മവഞ്ചനയാണു ചെയ്യുന്നത്.

അമ്മയുടെ മുഖം ഗൗരവപൂര്‍ണ്ണമായി. ഉറച്ചസ്വരത്തില്‍ അമ്മ പറഞ്ഞു, ”മക്കളേ, ആദ്ധ്യാത്മികചിന്തയിലൂടെ മാത്രമേ ഇങ്ങനെയുള്ള സ്വാര്‍ത്ഥമനസ്സിനെ വിശാലമാക്കുവാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ ജഗന്മാതാവിൻ്റെ മക്കളാണ്. നാമെല്ലാം ശ്വസിക്കുന്നതു് ഒരേ വായുതന്നെയാണ്. ജനിച്ചപ്പോള്‍ എനിക്കു പേരില്ലായിരുന്നു. ജാതിയില്ലായിരുന്നു. ജനിച്ചു് എത്രയോ നാളുകള്‍ക്കു ശേഷമാണു ജാതിയും മതവും മറ്റുമുണ്ടായതു്. അതിനാല്‍ അവയുടെ ഇന്നത്തെ അതിര്‍വരമ്പുകള്‍ ഉപേക്ഷിച്ചു് എല്ലാവരെയും ഒരമ്മ മക്കളെപ്പോലെ സ്നേഹിക്കുക, വേണ്ട സഹായങ്ങള്‍ ചെയ്യുക, അതാണു് എൻ്റെ കര്‍ത്തവ്യം.

മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ എനിക്കു ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദം
കണ്ടെത്തുവാന്‍ കഴിയൂ. കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണു് യഥാര്‍ത്ഥ ഈശ്വരപൂജ. ഇങ്ങനെ ചിന്തിച്ചുവേണം ജീവിക്കുവാന്‍. അതിലൂടെ നാം വിശാലതയിലേക്കുയരും. ഈ തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിലൂടെ സ്വഭാവത്തിനു കാര്യമായ മാറ്റം ഉണ്ടാകും. നാം മറ്റുള്ളവരോടു കരുണയുള്ളവരായിത്തീരും.

”ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം മാത്രമാണു് ഇന്നധികം
പേര്‍ക്കും. തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും സുഖം വിട്ടൊരു ചിന്തയുമില്ല. ഈ സ്വാര്‍ത്ഥത മരണമാണ്. അതു് അവനവനെയും സമൂഹത്തെയും നശിപ്പിക്കുന്നു. അങ്ങനെയുള്ളവരോടു്, ‘നിങ്ങള്‍ ഇങ്ങനെയല്ല ജീവിതം നയിക്കേണ്ടത്, ഇങ്ങനെ കെട്ടിക്കിടന്നു് മലിനപ്പെടേണ്ട കുളങ്ങളല്ല നിങ്ങള്‍, ലോകോപകാരികളായി ഒഴുകേണ്ട നദികളാണ്. നിങ്ങള്‍ ദുഃഖിക്കേണ്ടവരല്ല; ആനന്ദിക്കേണ്ടവരാണ്.’ എന്നുപറഞ്ഞു തത്ത്വം മനസ്സിലാക്കി കൊടുക്കുക.’

”കുളത്തിലെ വെള്ളം നദിയോടു കൂട്ടുപിടിച്ചാല്‍ അതുകൂടി ശുദ്ധമാകും. മറിച്ചു്, ഓടയോടു കൂട്ടുചേര്‍ന്നാല്‍ ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എൻ്റെതെന്നുമുള്ള സ്വാര്‍ത്ഥചിന്തയാണു് ഓട. ഈശ്വരനാണു നദി. അതിനാല്‍ മക്കളേ നമുക്കു് ഈശ്വരനെ ആശ്രയിക്കാം. തോറ്റാലും ജയിച്ചാലും നമുക്കുതന്നെ ഗുണം. ഈശ്വരനെ ആശ്രയിക്കുന്നതുമൂലം നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും ലോകത്തിലും ഐശ്വര്യവും സമാധാനവും പുലരുന്നു.”

അമ്മ അടുത്തിരുന്ന ഒരു ഭക്തനെ നോക്കിയിട്ടു്, ”ഈ മോന്‍ അമ്മയെ ആദ്യം കാണാന്‍ വരുമ്പോള്‍ കുടിച്ചു ലവലേശം ബോധമില്ലായിരുന്നു. ആരൊക്കെയോ താങ്ങിയാണു കൊണ്ടു വന്നത്.” (അമ്മ ചിരിക്കുന്നു.)
ഭക്തന്‍: അമ്മയെ കണ്ടതിനുശേഷം ഞാന്‍ ഒരു തുള്ളിപോലും
കുടിച്ചിട്ടില്ല. ഞാന്‍ കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എൻ്റെ ചില കൂട്ടുകാരും കുടി നിര്‍ത്തി. ഇപ്പോള്‍ മദ്യമെന്നു കേള്‍ക്കുമ്പോള്‍ തന്നെ വെറുപ്പാണ്.

അമ്മ: മോന്‍ ഒരാള്‍ നന്നായപ്പോള്‍ കൂടെ കൂട്ടുകാരും നന്നായില്ലേ? അവരുടെ കുടുംബങ്ങളിലും സമാധാനം ഉണ്ടായില്ലേ? അതൊരു മാറ്റമല്ലേ? മക്കളേ നാം ജനിച്ചു. കുറെ സന്തതികളെ സൃഷ്ടിച്ചു. അതില്‍ക്കവിഞ്ഞു ലോകത്തിനു് എന്തു ഗുണം നാം ചെയ്യുന്നു? ഭാര്യയെയും മക്കളെയും സംരക്ഷിച്ചുവെന്നതു ശരിതന്നെ. എന്നാല്‍, അതുമാത്രമാണോ നമ്മുടെ ധര്‍മ്മം? അതുകൊണ്ടു മാത്രം നമുക്കു് എന്തു ശാന്തി? സന്തോഷമായിട്ടാണോ നാം മരിക്കുന്നത് ? തത്ത്വമറിഞ്ഞു ജീവിക്കാത്തതു കാരണം നമ്മള്‍ സ്വയം ദുഃഖിക്കുക മാത്രമല്ല, മറ്റുള്ളവരെക്കൂടി ദുഃഖിപ്പിക്കുന്നു. ദുഃഖിക്കാനായി കുറെ സന്താനങ്ങളെയും സൃഷ്ടിക്കുന്നു. ഇതല്ലേ ഇന്നത്തെ നമ്മുടെ ജീവിതം?