അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്.

ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. ഞാനെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അമ്മയുടെ ദര്‍ശനം അവസാനിക്കാറായി എന്നും എനിക്കു ദര്‍ശനം വേണമെങ്കില്‍ വേഗം കുളിച്ചു വൃത്തിയായി വസ്ത്രം ധരിച്ചു ദര്‍ശനഹാളില്‍ ചെല്ലണമെന്നും ഓഫീസിലുള്ളവര്‍ പറഞ്ഞു. ഞാന്‍ റൂമിലെത്തി കുളിച്ചു വസ്ത്രം മാറി ആകാംക്ഷയോടെ ഹാളിലെത്തി. അമ്മയുടെ ദര്‍ശനം സ്വീകരിക്കണം എന്നു കരുതിയാണു ഞാന്‍ ധൃതിയില്‍ ഹാളിലെത്തിയതു്. എന്നാല്‍ അവിടെ ഞാന്‍ കണ്ട കാഴ്ച എൻ്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.

വിശുദ്ധ കന്യാമറിയം കുരിശില്‍നിന്നു് ഇറങ്ങിവന്ന യേശു ക്രിസ്തുവിനെ മടിയില്‍ വച്ചിരിക്കുന്ന ഒരു ശില്പമുണ്ടു്. ‘പിയറ്റാ’ എന്നാണതിൻ്റെ പേരു്. ആ രൂപമാണു് അമ്മയെ കണ്ടപ്പോള്‍ എനിക്കു് ഓര്‍മ്മ വന്നതു്. അന്നു ഞാന്‍ ദര്‍ശനത്തിനു പോയില്ല. ആ വിശുദ്ധരൂപത്തോടു് അടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ കരയാന്‍ തുടങ്ങി. രണ്ടു ദിവസത്തേക്കു് എനിക്കു കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. ആശ്രമത്തിലെ ബുക്ക്സ്റ്റാളില്‍നിന്നും ഞാന്‍ അമ്മയുടെ ജീവചരിത്രം വാങ്ങി. അതു വായിച്ച ഞാന്‍ വീണ്ടും നിര്‍ത്താതെ കരഞ്ഞു. എന്താണു് എനിക്കു പറ്റിയതു് എന്നു ഞാന്‍ തന്നെ അദ്ഭുതപ്പെട്ടു. ഞാനൊരു വികാരജീവി ആയിരുന്നില്ല. കരയുക എന്ന സ്വഭാവമേ എനിക്കില്ല. പിന്നെ എന്താണിങ്ങനെ? ആലോചിച്ചപ്പോള്‍ എനിക്കു മനസ്സിലായി. എൻ്റെ ഹൃദയവും ബുദ്ധിയുമായി ഒരു വടംവലി നടക്കുകയായിരുന്നു. അമ്മ ഈശ്വരന്‍തന്നെ എന്നു് എൻ്റെ ഹൃദയം മനസ്സിലാക്കി. എന്നാല്‍ ബുദ്ധിക്കു് അതു സമ്മതിച്ചു തരാന്‍ പറ്റുന്നില്ല. എൻ്റെ ഉള്ളില്‍ത്തന്നെ നടക്കുന്ന ഈ സംഘര്‍ഷം മൂലമാണു ഞാന്‍ കരഞ്ഞുപോയതു്.

കുറച്ചു ദിവസം ഞാന്‍ ആശ്രമത്തില്‍ ചിലവഴിച്ചു. ആശ്രമത്തില്‍നിന്നും പോരുന്നതിൻ്റെ തലേദിവസം രാത്രി ഞാനൊരു സ്വപ്‌നം കണ്ടു. അമ്മയില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിച്ചു് എൻ്റെ ശരീരം പിടയ്ക്കുകയാണു്. എന്നാല്‍ അമ്മയുമായി ഒന്നായിത്തീരാന്‍ എനിക്കു കഴിയുന്നില്ല. എന്തോ എന്നെ തടയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി, എൻ്റെ അഹങ്കാരമാണു് എന്നെ തടയുന്നതെന്നു്. അന്നു ഞാന്‍ ആ സ്വപ്‌നത്തെ കാര്യമായി എടുത്തില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കതില്‍ ഖേദമുണ്ടു്. എന്നാല്‍ അന്നു് ആശ്രമത്തില്‍ത്തന്നെനിന്നു് അമ്മയുടെ ശിക്ഷണം വാങ്ങാതെ ആത്മീയമായ പുത്തന്‍ അനുഭവങ്ങള്‍ തേടി ഞാന്‍ പിന്നെയും യാത്ര
തിരിച്ചു. അമ്മയെ എനിക്കു് ഇഷ്ടമായിരുന്നു. എന്നാല്‍ ബുദ്ധിസ്റ്റ് ധ്യാനരീതി പരിശീലിച്ചിരുന്ന എനിക്കു് ആശ്രമത്തിലെ ശബ്ദകോലാഹലങ്ങള്‍ അന്നു ബുദ്ധിമുട്ടായി തോന്നി. എങ്കിലും എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ആഴ്ച ഞാന്‍ ആശ്രമത്തില്‍ വന്നു താമസിക്കുമായിരുന്നു.

1996-ല്‍ ഞാന്‍ ആശ്രമത്തില്‍ വന്നു് ആറുമാസം താമസിച്ചു. ആ സമയത്തായിരുന്നു അമ്മയുടെ ഉത്തരഭാരത പര്യടനം. ആ പര്യടനത്തിനു് അമ്മയെ അനുഗമിക്കുന്നവരുടെ കൂടെ ഞാനും ചേരണോ എന്നു തിരുമാനിക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു. ആത്മീയതയുടെ പുതിയ പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്നവളാണു ഞാന്‍ എന്നു പറഞ്ഞല്ലോ. ദക്ഷിണ ഭാരതത്തിലെ ഒരു ആത്മീയ മനഃശാസ്ത്രജ്ഞനെ കാണാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, അദ്ദേഹത്തിൻ്റെ ക്ലാസ്സു് തുടങ്ങാന്‍ കുറച്ചു മാസം പിടിക്കും. അതുവരെ ഉത്തര ഭാരതത്തില്‍ നടക്കുന്ന ‘വിപാസന’ (ബുദ്ധമതത്തിലെ ഒരു ധ്യാനരീതി) മെഡിറ്റേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം എന്നാണു ഞാന്‍ കരുതിയിരുന്നതു്. അല്ലെങ്കില്‍ ഒരു ഹിമാലയന്‍ യാത്രയ്ക്കു പോകാം. ഋഷികേശിലെ ഏതെങ്കിലും യോഗ കോഴ്‌സ് പഠിക്കാനും എനിക്കു താത്പര്യമുണ്ടായിരുന്നു. ഇങ്ങനെ പലതും ചെയ്യണമെന്നു് ആഗ്രഹിച്ചു് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അവസാനം അമ്മയോടുതന്നെ ഉപദേശം ചോദിക്കാന്‍ ഞാന്‍ തയ്യാറായി.

അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ”ആത്മജ്ഞാനിയായ ഒരു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ ഒരാള്‍ക്കു മോക്ഷപ്രാപ്തിയുണ്ടാവുകയുള്ളൂ. ആത്മീയമായ അനുഭവങ്ങള്‍ തേടി അവിടെയും ഇവിടെയുമൊക്കെ അലഞ്ഞാല്‍ നീ ലക്ഷ്യത്തിലെത്തുകയില്ല. നിൻ്റെ ഗുരു അമ്മയാണു്, അതുകൊണ്ടു നീ ഇവിടെ നില്ക്കു്. മറ്റെവിടെയും പോകണ്ട.” ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അമ്മയോടു് അതിനു മുന്‍പു ഞാന്‍ സംസാരിച്ചിട്ടുതന്നെയില്ല. കഴിഞ്ഞ നാലു വര്‍ഷമായി ആത്മീയമായ അനുഭവങ്ങള്‍ തേടി ഞാന്‍ അങ്ങുമിങ്ങും അലയുകയായിരുന്നു എന്നു് അമ്മ എങ്ങനെ അറിഞ്ഞു? മാത്രമല്ല, അമ്മയാണു് എൻ്റെ ഗുരു എന്നു് അമ്മ എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നു. ഈ നിസ്സാരയായ എന്നെ അമ്മ ഏറ്റെടുത്തിരിക്കുന്നു.

എനിക്കു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എൻ്റെ ഏങ്ങലടികള്‍ കേട്ടു് അമ്മയുടെ അടുത്തിരുന്നിരുന്ന ഒരു ഭക്തയ്ക്കു് ഉത്കണ്ഠയായി. ”അമ്മ ഉത്തരമൊന്നും തന്നില്ലേ?” അവര്‍ ചോദിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന എനിക്കു മറുപടി പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നതിലും എത്രയോ മടങ്ങാണു് അമ്മ തന്നതു്. ഗുരുശിഷ്യബന്ധത്തിൻ്റെ വ്യാപ്തിയൊന്നും അന്നെനിക്കറിയില്ലായിരുന്നു. അമ്മയ്ക്കു് എന്നോടു് അത്രമാത്രം സ്നേഹമായതിനാല്‍ എന്നെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറായി എന്നു മാത്രം ഞാന്‍ മനസ്സിലാക്കി.

അമ്മ എല്ലാം അറിയുന്നുവെന്നും എന്നിട്ടും ഏറ്റവും കാരുണ്യമുള്ളവളാണെന്നും അമ്മയോടൊപ്പമുള്ള ആ യാത്രയില്‍ പലപ്പോഴും എനിക്കു് അനുഭവമായി. അമ്മയുടെ ഉത്തരഭാരതയാത്ര മുഴുവന്‍ റോഡിലൂടെയാണു്. വഴിയില്‍ അമ്മ വിജനമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി മക്കള്‍ക്കു ചായ ഉണ്ടാക്കിക്കൊടുക്കും. അമ്മ കാറില്‍നിന്നിറങ്ങി ഏതെങ്കിലും മരത്തണലില്‍ ഇരുന്നാല്‍ അമ്മയെ അനുഗമിക്കുന്നവരൊക്കെ ഓടി ചുറ്റിലും ഇരിയ്ക്കും. ഒരു പ്രാവശ്യം അമ്മ വഴിയില്‍ ഇറങ്ങിയപ്പോള്‍, അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കാനായി ആരോടും യുദ്ധം ചെയ്യാനൊന്നും ഞാനില്ല എന്നു തിരുമാനിച്ചു്, മറ്റുള്ളവരോടു മത്സരിച്ചു് ഓടാതെ ഞാന്‍ മാറിനിന്നു.

എന്നുവച്ചു് എൻ്റെ മനസ്സൊട്ടും ശാന്തമായിരുന്നില്ല. ‘പാവം ഞാന്‍! ഓടിയിട്ടെന്തു കാര്യം? അമ്മ എന്നെ അറിയുക പോലുമില്ല. ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുകയാണെങ്കില്‍ ഒരുപക്ഷേ അമ്മയ്ക്കു് എന്നെ കണ്ടാല്‍ മനസ്സിലാകുമായിരിക്കാം. രണ്ടു വര്‍ഷം താമസിക്കുകയാണെങ്കില്‍ എൻ്റെ പേരു് അറിയുമായിരിക്കാം. ഇപ്പോള്‍ ഞാന്‍ എന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നുണ്ടു് എന്നുപോലും അമ്മ അറിയുന്നുണ്ടാവില്ല.’ ഇങ്ങനെ ചിന്തിച്ചു ഞാന്‍ എല്ലാവരുടെയും പുറകില്‍പ്പോയി ഇരുന്നു. ചായ തിളയ്ക്കുന്നതിനിടയില്‍ അമ്മ പ്രസാദം തരുന്നതിനായി ഓരോരുത്തരെയും അടുത്തേക്കു വിളിച്ചു. എൻ്റെ അവസരം വന്നപ്പോള്‍ സങ്കോചത്തോടെ മുഖം കുനിച്ചു ഞാന്‍ അമ്മയുടെ നേരെ കൈ നീട്ടി.

അമ്മ എന്തോ ഒരു പലഹാരം എൻ്റെ കൈയില്‍ വച്ചു തന്നു എന്നിട്ടു ശുദ്ധമായ ഇംഗ്ലീഷില്‍ എന്നോടു് ഇനിയും വേണോ എന്നു് ചോദിച്ചു. എനിക്കു തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുവിധം വിക്കി വിക്കി ”വേണ്ട അമ്മേ, ഇതു മതി” എന്നു ഞാന്‍ പറഞ്ഞു. അമ്മ എന്നെ വിട്ടില്ല, എന്നോടു് അമ്മയുടെ അടുത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടു് ‘കരോള്‍’ എന്നു വിളിച്ചുകൊണ്ടു് എന്നോടു സംസാരിക്കാന്‍ തുടങ്ങി. എന്തൊരദ്ഭുതം. അല്പം മുന്‍പു ഞാന്‍ എന്താണു ചിന്തിച്ചിരുന്നതെന്നു മറ്റാരും അറിഞ്ഞില്ല. എന്നാല്‍ അമ്മ അറിഞ്ഞു. അമ്മ എന്നെ അടുത്തിരുത്തി പേരു വിളിച്ചു സംസാരിക്കുന്നതു കാണുന്ന ആര്‍ക്കും വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ എനിക്കതു് ഒരു സാധാരണ സംഭവമായിരുന്നില്ല.

അടുത്ത ദിവസവും അമ്മ എനിക്കു പ്രത്യേക പരിഗണന തന്നു. യാത്രയ്ക്കിടയില്‍ അവസരം കിട്ടുമ്പോഴൊക്കെ അമ്മ മക്കളുടെ കൂടെ നീന്താന്‍ പോകാറുണ്ടായിരുന്നു. അന്നു ഞങ്ങള്‍ രാജസ്ഥാനിലായിരുന്നു. വസന്ത കാലത്തെ തണുത്തുറഞ്ഞ ഒരു തടാകത്തില്‍ എല്ലാവരും നീന്താന്‍ തയ്യാറായി. എന്നാല്‍ തടാകത്തിനു വളരെ ആഴമുണ്ടെന്നു പറഞ്ഞു് അമ്മ ആരോടും നീന്തരുതെന്നു നിര്‍ദ്ദേശിച്ചു. നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ എൻ്റെ അടുത്തേക്കു വന്നു, എൻ്റെ തോളില്‍ പിടിച്ചു് എനിക്കു നീന്താന്‍ അറിയാമോ എന്നു ചോദിച്ചു. അറിയാം എന്നു ഞാന്‍ ചാടിക്കേറി പറഞ്ഞു. എന്നിട്ടു ധൈര്യ പൂര്‍വ്വം അമ്മയോടു നീന്താന്‍ പോകാന്‍ അനുവാദം ചോദിച്ചു. അമ്മ സമ്മതിച്ചില്ല.

എന്നാല്‍ എൻ്റെ നിരാശ കണ്ടിട്ടാകണം, തടാകത്തിലേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ തിരിഞ്ഞുനിന്നു് എന്നെ കൂടെ വിളിച്ചു. ”വന്നു നീന്തു്” അമ്മ പറയുന്നതു കേട്ടു ഞാന്‍ ആഹ്ളാദത്തോടെ വെള്ളത്തിലേക്കെടുത്തു ചാടി. തണുപ്പൊന്നും ഞാന്‍ അറിഞ്ഞതേയില്ല. ഒറ്റക്കുതിപ്പിനു ഞാന്‍ തടാകത്തിൻ്റെ നടുവിലെത്തി. നീന്തി നീന്തി ഞാന്‍ ചൈനവരെ എത്തിയേനെ. പക്ഷേ, അമ്മ അപ്പോഴേക്കും എന്നെ തിരിച്ചു വിളിച്ചു, ”മോളേ, മോളേ, മതി തിരിച്ചു വാ”. അമ്മ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്നു് അപ്പോഴാണു് എനിക്കു മനസ്സിലായതു്. ഞാന്‍ തിരിച്ചു് അമ്മയുടെ അടുത്തേക്കു നീന്തി വന്നു. ബാക്കി സമയം മുഴുവന്‍ ഞങ്ങള്‍ തടാകക്കരയിലിരുന്നു ഭജന പാടി. ഞങ്ങളൊക്കെ അമ്മയുടെ കുഞ്ഞുമക്കളാണെന്ന മട്ടില്‍ അമ്മ ഓരോരുത്തരുടെയും മുഖം സോപ്പിട്ടു കഴുകിത്തന്നു.

അത്തവണ അമ്മയുടെ യാത്ര ദില്ലിയില്‍ അവസാനിച്ചു. ദില്ലിയില്‍നിന്നു് അമ്മ നേരെ മൗറീഷ്യസിലേക്കു പോയി. ആറാഴ്ചയായിരുന്നു അമ്മയുടെ യാത്ര തുടങ്ങിയിട്ടു്. ലക്ഷക്കണക്കിനു് ആളുകളെ അമ്മ ഈ ദിവസങ്ങളില്‍ നേരിട്ടു കണ്ടു ദര്‍ശനം കൊടുത്തു് ആശ്വസിപ്പിച്ചിരുന്നു. എന്നിട്ടും പോകുന്നതിനു മുന്‍പു് അമ്മ ഞങ്ങളെയെല്ലാം അമ്മയുടെ മുറിയിലേക്കു വിളിപ്പിച്ചു. എന്തിനെന്നോ? അമ്മ പിരിയുന്നതില്‍ മക്കളോരോരുത്തരും വിഷമിക്കാതിരിക്കാന്‍! ഞങ്ങളെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ അമ്മ ക്ഷമ ചോദിച്ചു. അമ്മയുടെ വിനയവും ആത്മാര്‍ത്ഥതയും കണ്ടു് എൻ്റെ ഹൃദയം വിങ്ങി.

അഞ്ചു വര്‍ഷം ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ താമസിച്ചു. തിരിച്ചു കാനഡയിലെത്തിയ എനിക്കു് അമ്മയെ പിരിഞ്ഞുള്ള ജീവിതം അസഹ്യമായിരുന്നു. എന്നും ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ തിരിച്ചെത്താന്‍ കൊതിക്കും. അടുത്ത തവണ അമ്മ കാനഡയിലെത്തുന്നതു വരെ ഞാന്‍ പിടിച്ചുനിന്നു. ‘ആന്‍ അബോറി’ല്‍ വന്നപ്പോള്‍ ഞാന്‍ അമ്മയെ കണ്ടു് അമ്മയെ പിരിഞ്ഞു കാനഡയിലുള്ള എൻ്റെ ജീവിതം എത്ര ദുസ്സഹമാണെന്നറിയിച്ചു. അമ്മയുടെ ഉത്തരം കാരുണ്യമുള്ളതായിരുന്നുവെങ്കിലും കര്‍ക്കശവുമായിരുന്നു. അമ്മ പറഞ്ഞു, ”മോളേ, ഒരമ്മ കുഞ്ഞിനെ ആദ്യമായി സ്‌കൂളില്‍ പറഞ്ഞയയ്ക്കുമ്പോള്‍ കുഞ്ഞു കരയും. കുഞ്ഞിനെ പിരിയുന്നതുകൊണ്ടു് അമ്മയ്ക്കും ദുഃഖമുണ്ടാകും. അതുപോലെ അമ്മ മക്കളെ ലോകത്തിലേക്കു പറഞ്ഞയയ്ക്കുമ്പോള്‍ മക്കള്‍ ദുഃഖിക്കുന്നതുപോലെ അമ്മയ്ക്കും ദുഃഖമുണ്ടു്. പക്ഷേ, നിൻ്റെ കര്‍മ്മം ആശ്രമത്തിലല്ല, ലോകത്തിനു വേണ്ടിയാണു്. അമ്മ മോളുടെ കൂടെ എപ്പോഴും ഉണ്ടാകും. എൻ്റെ മോള്‍ ഒരിക്കലും ഒറ്റയ്ക്കാവില്ല.”

അമ്മ ഇങ്ങനെ എന്നോടു പറഞ്ഞപ്പോള്‍ അന്നു ഞാനതു വളരെ ചെറിയ ഒരു അര്‍ത്ഥത്തിലാണു മനസ്സിലാക്കിയതു്. അമ്മ ആശ്രമത്തിലുണ്ടായിരുന്ന, തന്നെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു മകളെക്കുറിച്ചോര്‍ത്തു വേദനിക്കുന്നു എന്നു ഞാന്‍ അന്നു കരുതി. എന്നാല്‍ ഇന്നു് എനിക്കു മനസ്സിലാകുന്നു, ജഗജ്ജനനിയായ പരാശക്തി ഏതു രൂപത്തിലുള്ള ജീവനെയും പ്രപഞ്ചത്തിലേക്കയയ്ക്കുമ്പോള്‍ ഓരോരുത്തരെയും കുറിച്ചു വേവലാതിപ്പെടുന്നു. അവര്‍ തിരിച്ചു തന്നെ തേടി വരുന്നതും കാത്തിരിക്കുന്നു. ഓരോ ജീവനും പരമാത്മചൈതന്യത്തില്‍ ലയിക്കുന്നതുവരെ ജഗദീശ്വരിക്കു സമാധാനമില്ല, വിശ്രമമില്ല. അതുകൊണ്ടാണല്ലോ നമ്മുടെ അമ്മ തൻ്റെ അടുത്തെത്തുന്നവരെയൊക്കെ വാരിപ്പുണര്‍ന്നു തന്നിലേക്കടുപ്പിക്കുന്നതു്. ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര നമുക്കു് എളുപ്പമാണു്. കൈപിടിച്ചു നയിക്കാന്‍ കാരുണ്യവതിയായ ഗുരുവിൻ്റെ രൂപത്തില്‍ അമ്മയുണ്ടു്.

ശ്രീദിവ്യ കരോൾ വാട്സൺ