അമ്മേ! ജഗന്മനോമോഹനാകാരമാര്‍-
ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശ
നിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കു
കണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-
രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം…

നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-
തന്ധമാം ജന്മാന്തരത്തിലും വാത്സല്യ
മന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയും
സന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-
മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം…

നിന്‍ മൃദുരാഗമധുനിസ്വനങ്ങളോ
പഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!
നിന്‍മധുരാമൃതപ്രേമസൗന്ദര്യമോ
വെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…
നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോ
മന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍…

എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍
നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…
പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍
എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴും
നിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍
മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴും
നിന്നപദാനങ്ങള്‍ പാടും കടലല-
തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴും
നിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-
ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ…

നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍
ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേ
കണ്ണിലും കാതിലും നാവിലും, പിന്നക-
ക്കണ്ണിലും നീ കളിയാടുവാനാപ്പാദ
പുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-
നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ…

എന്നഹം, എന്‍ ഗൃഹം, എന്‍ ധനം, എന്‍ മനം
എന്മോഹമെന്‍സൗഖ്യദുഃഖങ്ങള്‍പോലുമേ
അമ്മേ! തവാധീനമെന്നറിഞ്ഞീടുന്ന
കന്മഷമില്ലാത്ത ചിന്തകള്‍ തെളിക്കുന്ന
ബന്ധുരക്ഷേത്രശരീരശ്രീകോവിലില്‍
പൊന്‍വിളക്കായ് നീ കത്തിനിലേ്ക്കണമേ…

അമ്മേ! തൊഴുന്നേന്‍ തൊഴുന്നേ,നടുത്തടു-
ത്തെങ്ങോ മുഴങ്ങുന്നതാരുടെ കുഴല്‍വിളി…!

അമ്പലപ്പുഴ ഗോപകുമാര്‍