മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്.

മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു തുല്യമായി.
നമ്മുടെ മനസ്സു് ഇന്നേറ്റവും അധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണു്; ഭാര്യയോടും മക്കളോടുമല്ല, അച്ഛനോടും അമ്മയോടുമല്ല. ഓഹരി വയ്ക്കുമ്പോള്‍ തങ്ങള്‍ക്കവകാശം അച്ഛനമ്മമാരുടെ മരണ ശേഷമാണെന്നുകണ്ടാല്‍ എങ്ങനെയും അവരെ കൊല്ലാന്‍ നോക്കും. വേഗം സമ്പത്തു കൈക്കലാക്കാമല്ലോ. തനിക്കു ലഭിച്ചതില്‍ കുറവുണ്ടെന്നു കണ്ടാല്‍ അച്ഛനമ്മമാര്‍ക്കെതിരെ കേസുകൊടുക്കാനും മടിക്കില്ല.
അച്ഛനെയും അമ്മയെയും അപേക്ഷിച്ചു് അധികം സ്നേഹം സമ്പത്തിനോടാണു്. നമ്മുടെ മനസ്സിനെ ബന്ധിച്ചിരിക്കുന്ന സമ്പത്തു സമര്‍പ്പിക്കുന്നതിലൂടെ നമ്മള്‍ മനസ്സിനെയാണു സമര്‍പ്പിക്കുന്നതു്. സമര്‍പ്പണഭാവം വന്ന ഹൃദയത്തില്‍നിന്നുയരുന്ന പ്രാര്‍ത്ഥനകൊണ്ടേ പ്രയോജനമുള്ളൂ. നമ്മുടെ പണവും പ്രതാപവും ഒന്നും ഈശ്വരനാവശ്യമില്ല.
സൂര്യനു വെളിച്ചം കാണാന്‍ മെഴുകുതിരി വേണ്ട. ഈ സമര്‍പ്പണഭാവംകൊണ്ടു നമുക്കാണു പ്രയോജനം. അതുവഴി അവിടുത്തെ കൃപയ്ക്കു പാത്രമാകുവാന്‍ നമുക്കു കഴിയും. എന്നെന്നും ആനന്ദിക്കുവാന്‍ സാധിക്കും. സമ്പത്തു് ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാവുകതന്നെ ചെയ്യും. എന്നാല്‍ അതിൻ്റെ സ്ഥാനത്തു് ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ നാം നിത്യാനന്ദത്തിൻ്റെ ഉടമകളായിത്തീരും.
നിസ്സാരകാര്യങ്ങള്‍ മതി ഇന്നു നമ്മുടെ മനസ്സിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍. അതോടെ ജോലികളിലുള്ള ശ്രദ്ധപോകും. വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹപൂര്‍വ്വം പെരുമാറാന്‍ സാധിക്കില്ല. ക്രമേണ ജീവിതത്തില്‍ സകലതിനോടും വെറുപ്പും വിദ്വേഷവുമാകും. അശാന്തിമൂലം ഉറക്കം നഷ്ടമാകും. ഗുളികകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങളാണു നമുക്കു ചുറ്റുമുള്ളതു്.
എന്നാല്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസത്തിലൂടെ, ധ്യാനത്തിലൂടെ, ജപത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ ഏതു സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകുവാന്‍ വേണ്ട കരുത്തു നേടുവാന്‍ കഴിയുന്നു. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകട്ടെ, കിട്ടിയിരിക്കുന്ന കര്‍മ്മം എന്തുതന്നെയാകട്ടെ, വേണ്ടത്ര ശ്രദ്ധയോടെ അതു ചെയ്യുവാന്‍ സാധിക്കുന്നു.
അതിനാല്‍ മക്കള്‍, കിട്ടുന്ന സമയം പാഴാക്കാതെ മന്ത്രം ജപിക്കുക. നിസ്സ്വാര്‍ത്ഥമായി, നിഷ്‌കാമമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഇവയൊക്കെയാണു ശാന്തിയുടെയും സമാധാനത്തിൻ്റെയും ലോകത്തിലേക്കു നമ്മെ നയിക്കുന്നതു്.