പ്രതിബധ്‌നാതി ഹി ശ്രേയഃ പൂജ്യപൂജാവ്യതിക്രമഃ (രഘുവംശം - 1 - 71)
മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്.
രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്‌നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ ഋഷി, കാരണം കണ്ടെത്തിയതു ദിലീപന്‍ ചെയ്തുപോയ ‘പൂജ്യപൂജാ’വ്യതിക്രമത്തിലാണു്!
ഒരിക്കല്‍ ഇന്ദ്രലോകം സന്ദര്‍ശിച്ചു മടങ്ങവേ വിരഹാതുരനായിത്തീര്‍ന്ന ദിലീപന്‍ പത്‌നിയെ കാണാനുള്ള തിടുക്കത്തില്‍ രഥ വേഗം കൂട്ടി. വഴിയരികില്‍ അയവിറക്കി കിടന്നിരുന്ന കാമധേനുവിനെ രാജാവു കണ്ടില്ല; കേട്ടുമില്ല! ആര്‍ഷധര്‍മ്മത്തില്‍ ഗോപൂജയ്ക്കുള്ള അഭ്യര്‍ഹിതമായ സ്ഥാനം അറിയാത്തവനല്ല ദിലീപന്‍. മാത്രമല്ല, ഈ കാമധേനുവാകട്ടെ സമസ്തകാമങ്ങളും ചുരത്തിക്കൊടുക്കുന്ന ദിവ്യധേനുവാണെന്നു നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടു് ഇതു രാജപക്ഷത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായിത്തീര്‍ന്നിരിക്കുന്നു.


ഇതില്‍ ക്രുദ്ധയായിത്തീര്‍ന്ന കാമധേനു രാജാവിനെ ശപിച്ചിരിക്കുകയാണു്. അതു ദിലീപൻ്റെ അനപത്യതയ്ക്കു കാരണമാവുകയും ചെയ്തു. പരിഹാരം കാമധേനു പൂജ മാത്രം എന്നു വസിഷ്ഠന്‍! പക്ഷേ, കാമധേനു സ്ഥലത്തില്ലാത്തതുകൊണ്ടു മകളായ നന്ദിനിയെ പൂജിച്ചാല്‍ മതിയെന്നു മുനി അറിയിച്ചു. കാമധേനുവിൻ്റെ ശാപത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആകാശഗംഗയുടെ ഇരമ്പലില്‍ ആ ശാപോക്തികള്‍ ദിലീപന്‍ കേള്‍ക്കാതെപോയി!
അങ്ങനെ ഗുരുനിയോഗമനുസരിച്ചു ദിലീപന്‍ നന്ദിനിയെ പരിചരിക്കാന്‍ തയ്യാറായി. ' പ്രസ്ഥിതായാം പ്രതിഷേ്ഠഥാഃ സ്ഥിതായാം സ്ഥിതിമാചരേഃ നിഷണ്ണായാം നിഷീദാസ്യാം പീതാംഭസി പിബേരപഃ ' (രഘുവംശം ശ്ലോകം-1-89) (ഇവള്‍ നടന്നാല്‍ അങ്ങു നടക്കുക, നിന്നാല്‍ നില്ക്കുക, ഇരുന്നാല്‍ ഇരിക്കുക, വെള്ളം കുടിച്ചാല്‍ കുടിക്കുക.) എന്നിങ്ങനെ അതികഠിനമായ സപര്യയായിരുന്നു വസിഷ്ഠന്‍ കല്പിച്ചിരുന്നതു്. രാജാവു 'വനവൃത്തി'യായി ജീവിച്ചുകൊണ്ടു നന്ദിനീസേവ മുടങ്ങാതെ ചെയ്തു പോന്നു. രാജപത്‌നിയാകട്ടെ നന്ദിനിയെ യാത്രയാക്കാനും സ്വീകരിക്കാനും സന്നദ്ധയായി തൊഴുത്തില്‍ കഴിയുകയും ചെയ്തു!
നോക്കൂ; ഒരു അശ്രദ്ധയിലൂടെ വന്ന ഗൗരവാവഹമായ ‘പൂജ്യപൂജാവ്യതിക്രമവും അതിനു കല്പിച്ചുകൊടുത്ത ശാപവും ശാപമോക്ഷവുമാണിതു്. ഭാരതചക്രവര്‍ത്തിയായിരുന്ന ദിലീപനുപോലും കാലിമേച്ചു കാട്ടിലൂടെ നടക്കേണ്ടി വന്നു എന്നതു് ആ ധര്‍മ്മഭ്രംശത്തിൻ്റെ ഗൗരവപ്രകൃതിയെ ഉദാഹരിക്കുന്നുണ്ടു്. ഈ സത്യം ജീവിതംകൊണ്ടറിഞ്ഞവരായിരുന്നു ഭാരതവര്‍ഷത്തിലെ കിരീടാധിപതികള്‍. ഇതിഹാസങ്ങളില്‍ ആ മാതൃകാചക്രവര്‍ത്തിമാര്‍ സുലഭം!
‘മഹാഭാരത’ത്തിലേക്കു നോക്കുക. കുരുക്ഷേത്രയുദ്ധാരംഭത്തില്‍ സൈന്യങ്ങള്‍ അഭിമുഖം നില്ക്കുകയാണു്. യുദ്ധകാഹളം മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. പെട്ടെന്നതാ അവിശ്വസനീയമായ ഒരു കാഴ്ച. യുധിഷ്ഠിരന്‍ കൗരവസേനയെ സമീപിക്കുകയാണു്; കൂടെ സഹോദരന്മാരും. അവര്‍ പരാജയഭീതി കാരണം കൗരവന്മാരോടു് അടിയറവു പറയാന്‍ പോവുകയാണെന്നു കരുതി കൗരവപക്ഷം ബഹളം തുടങ്ങി. പാണ്ഡവപക്ഷത്തുള്ളവര്‍തന്നെ ലജ്ജിതരായി.
എന്നാല്‍ യുധിഷ്ഠിരന്‍ ഒട്ടും പതറാതെ ഭീഷ്മപിതാമഹൻ്റെ മുന്‍പിലെത്തി നമിച്ചുകൊണ്ടു യുദ്ധാനുമതിയും ആശീര്‍വാദങ്ങളും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു്, യുധിഷ്ഠിരനെ അനുകരിച്ചുകൊണ്ടു സഹോദരന്മാരും ഗുരുപൂജ ചെയ്തു. ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു, ”യുദ്ധം തുടങ്ങും മുന്‍പേ ഇങ്ങനെ വന്നില്ലായിരുന്നുവെങ്കില്‍ നീ തോല്ക്കാന്‍ ഞാന്‍ ശപിച്ചേനെ. ഞാന്‍ ഏറെ സന്തുഷ്ടനാണു്; നീ വരങ്ങള്‍ ചോദിച്ചു കൊള്ളുക!” തുടര്‍ന്നു്, പാണ്ഡവര്‍, ദ്രോണര്‍, കൃപര്‍ തുടങ്ങിയ മറ്റു ഗുരുക്കന്മാരെയും സമീപിച്ചു് അനുഗ്രഹങ്ങള്‍ തേടി.
ഇവിടെ യുധിഷ്ഠിരനും സഹോദരന്മാരും അനുഷ്ഠിച്ചതു പൂജ്യപൂജയുടെ ഉത്തമമാതൃകയായിരുന്നു. ഇക്കാര്യം അദ്ദേഹം വിസ്മരിച്ചിരുന്നുവെങ്കില്‍ പാണ്ഡവപക്ഷം കൊടിയ ശാപച്ചുഴികളില്‍ വീണു നശിക്കുമായിരുന്നു.
അങ്ങനെയായിരുന്നെങ്കില്‍ മഹാഭാരതം മറ്റൊരു കഥ പറയുമായിരുന്നു! എന്നാല്‍ ഔചിത്യവേദിയും മഹാധര്‍മ്മിഷ്ഠനുമായ ധര്‍മ്മ പുത്രര്‍ എന്ന യുധിഷ്ഠിരന്‍ ‘പൂജ്യപൂജ’യുടെ തത്ത്വം നേരത്തേ ഉള്‍ക്കൊണ്ടിരുന്നു. അതു് ആചരിക്കുന്നതില്‍ പുലര്‍ത്തിയ ശ്രദ്ധയാണു് അദ്ദേഹത്തിൻ്റെ മുന്‍പില്‍ ശ്രേയോമാര്‍ഗ്ഗം തുറന്നു കൊടുത്തതു്; ഭാരതേതിഹാസത്തിനു ‘ജയം’ എന്ന ഖ്യാതി നേടിക്കൊടുത്തതു്; ‘യതോ ധര്‍മ്മഃ സ്തതോ ജയഃ’ എന്ന ആദര്‍ശവാക്യം ഉരുത്തിരിച്ചെടുത്തതു്.

അതുകൊണ്ടു്, ശ്രേയസ്സിനു വേണ്ടി നാം പൂജ്യപൂജ ചെയ്‌തേ പറ്റൂ. അതിൻ്റെ സദ്ഫലങ്ങളുടെ ആകെത്തുകയാണു നാം സാധാരണ പറയുന്ന ‘ഗുരുത്വം’ എന്ന വിശിഷ്ടഗുണം. ഗുരുത്വമില്ലാത്തവനെയാണല്ലോ നാം ‘കുരുത്തം കെട്ടവന്‍’ എന്നാക്ഷേപിക്കുന്നതു്. ശ്രേയോമാര്‍ഗ്ഗങ്ങള്‍ അവനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ടു്, തിരക്കുപിടിച്ച ജീവിതമാകുന്ന നെട്ടോട്ടത്തില്‍ നാം ആധുനിക ദിലീപന്മാരായി മാറി ‘മഹത്‌സാന്നിദ്ധ്യ’ങ്ങളെ അവഗണിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടു്.
തിരുവനന്തപുരത്തു് ഒരു പ്രമോഷനോ മറ്റോ തരപ്പെടുത്താനുള്ള കുതിപ്പില്‍ 'അമ്മയുടെ സാന്നിദ്ധ്യം' കൊല്ലത്തു വള്ളിക്കാവിലുണ്ടെന്നു നാം മറക്കാതിരിക്കുക. ഔദ്ദ്യോഗികജീവിതത്തിലുള്ളതിനെക്കാള്‍ വലിയൊരു 'പ്രമോഷന്‍' നമുക്കു നേടിയെടുക്കേണ്ടതുണ്ടു്. ആ പ്രമോഷന്‍ പ്ര 'മോക്ഷം' എപ്പോഴാണു്, എവിടെ വച്ചാണു ലഭിക്കുക എന്നറിയില്ല! 'ക്ഷണേന ലഭ്യതേ ബ്രഹ്മ സദ്ഗുരോരവലോകനാത്' സദ്ഗുരുവിൻ്റെ ഏതു ദര്‍ശന വേളയിലും ഈ സത്യം സാക്ഷാത്കരിക്കപ്പെടാം. എന്നാല്‍ വള്ളിക്കാവില്‍നിന്നും ശാപോക്തികള്‍ ഒരിക്കലും നമ്മെ പിന്തുടരുന്നില്ല. അവിടെനിന്നും മാതൃത്വത്തിൻ്റെ അനുഗ്രഹ ശീതളിമ സദാ നമ്മെ അനുഗമിക്കുന്നു.
ശപിക്കയില്ലയീയമ്മ കോപിക്കയുമില്ലിവള്‍! തപിക്കും അന്തരാത്മാവില്‍ തളിക്കും അന്ദതധാരകള്‍… അതുകൊണ്ടു് 'പൂജ്യപൂജ'യുടെ സുവര്‍ണ്ണാവസരങ്ങള്‍ നാം നഷ്ടപ്പെടുത്തരുതു്!
പ്രൊഫ: പി.കെ. ദയാനന്ദന്‍