മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു് വളരെയധികം മാറ്റം അമ്മ കാണുന്നുണ്ടു്. കുറേ മക്കള്‍ സിഗററ്റു വലിയും, മദ്യപാനവും ആഡംബരവും മറ്റും ഉപേക്ഷിച്ചു. പക്ഷേ, എല്ലാവരുമായിട്ടില്ല. അടുത്ത വര്‍ഷം ഇന്നുള്ളതിൻ്റെ ഇരട്ടിയിലധികം മക്കളില്‍ ഈ മാറ്റം അമ്മയ്ക്കു കാണുവാന്‍ കഴിയണം. അതാണു യഥാര്‍ത്ഥ പിറന്നാള്‍ സമ്മാനം.

ചില മക്കളുണ്ടു്. വളരെ ദൂരത്തുനിന്നും പല ബസ്സുകള്‍ കയറി കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ വരും. പക്ഷേ, ഒരു നിമിഷം കാത്തുനില്ക്കുവാനുള്ള ക്ഷമ കാണിക്കാറില്ല. മറ്റു ചില കുഞ്ഞുങ്ങളുണ്ടു്; ആശ്രമത്തില്‍ എത്തിയാല്‍ കൂട്ടംകൂടി സംസാരിക്കുവാനും പുകവലിക്കാനുമാണു താത്പര്യം. മദ്യപിച്ചു വരുന്ന മക്കളെയും കാണാം.

മക്കളേ, പണം ചെലവു ചെയ്തു്, കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ എത്തുന്നതു് ഈശ്വരചിന്ത ചെയ്യുവാനായിരിക്കണം. കിട്ടുന്ന സമയം ഏകാന്തമായിരുന്നു ധ്യാനജപാദികള്‍ നടത്തി മനസ്സിനെ അന്തര്‍മുഖമാക്കാനാണു ശ്രമിക്കേണ്ടതു്. മക്കളുടെ ഭാഗത്തുനിന്നും കുറച്ചെങ്കിലും പ്രാര്‍ത്ഥനയും നിഷ്‌കാമസേവനത്തിനുള്ള ഭാവവും ഉണ്ടാകണം. പ്രാകൃതമായ സ്വാര്‍ത്ഥതകളെ ആട്ടിയകറ്റണം.

ആനന്ദം, വസ്തുവിലല്ല, ഉള്ളിലാണെന്നു മക്കള്‍ക്കറിയാവുന്നതാണു്. സന്തോഷത്തിനുവേണ്ടി ബാഹ്യമായ ഏതൊരു വസ്തുവിനെ ആശ്രയിക്കുമ്പോഴും നമ്മുടെ ശക്തിയാണു നഷ്ടമാകുന്നതു്. ആനന്ദം അവയില്‍നിന്നുമല്ല വരുന്നതു്. ആനന്ദം കള്ളിലും കഞ്ചാവിലുമാണെങ്കില്‍ അതുപയോഗിക്കുന്നവര്‍ മാനസികരോഗികളായി ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല. ആനന്ദം പുറത്താണെന്നു കരുതുന്നതുമൂലം, എപ്പോഴും കരയാന്‍ മാത്രമേ സമയമുള്ളൂ. സിഗററ്റു വലിക്കുന്ന മക്കള്‍ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു് അതിൻ്റെ കവറിലെഴുതിയിരിക്കുന്നതു കാണാറുണ്ടു്. പക്ഷേ, അതും വായിച്ചുകൊണ്ടുതന്നെ കത്തിച്ചു ചുണ്ടത്തു വയ്ക്കും. അവര്‍ അതിനടിമയായി കഴിഞ്ഞു. അവര്‍ ദുര്‍ബ്ബലരാണു്.

സ്വന്തം ശക്തിയില്‍ ഉറച്ചു നില്ക്കുന്നവനാണു ധീരന്‍. മറ്റുള്ള വസ്തുക്കളില്‍ ചാരിനില്ക്കുന്നതു ധീരതയല്ല: അടിമത്തമാണു്. പുകവലിക്കാതെയും മദ്യപിക്കാതെയും ഇരുന്നാല്‍, മറ്റുള്ളവര്‍ എന്തുകരുതും എന്നു ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ ഏറ്റവും വലിയ ഭീരുക്കളാണു്. ദുര്‍ബ്ബലരാണു്.

മക്കളേ, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാതെ എത്രയോ സാധുക്കള്‍ വിഷമിക്കുന്നു. ഫീസു നല്കുവാന്‍ പ്രാപ്തിയില്ലാത്തതു കാരണം എത്രയോ കുട്ടികള്‍ പഠിത്തം അവസാനിപ്പിക്കുന്നു. എത്രയോ പാവങ്ങള്‍ പുരമേയാന്‍ പണമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീടുമായി കഴിയുന്നു. അസുഖംമൂലം വേദനകൊണ്ടു കിടന്നു പുളയുമ്പോള്‍ ആ വേദന ശമിപ്പിക്കാനുള്ള ഗുളിക വാങ്ങുന്നതിനു പണമില്ലാതെ ദുഃഖിക്കുന്ന എത്രയോ പാവങ്ങളുണ്ടു്? ആയുസ്സും ആരോഗ്യവും നഷ്ടമാക്കുന്ന ഈ കള്ളിനും കഞ്ചാവിനും സിഗററ്റിനും ചെലവഴിക്കുന്ന പണം മതി ഇവരെ സഹായിക്കാന്‍. ആ സാധുക്കളോടു കാട്ടുന്ന കരുണയാണു യഥാര്‍ത്ഥത്തില്‍ അമ്മയോടുള്ള സ്നേഹം.

സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ചും അന്യരെ സേവിക്കാനുള്ള ഒരു ഭാവം വളര്‍ത്തുക. ഈശ്വരന്‍ ഓടിവന്നു് ഇരുകരങ്ങളിലും വാരിപ്പുണരും. മക്കളേ, പ്രാര്‍ത്ഥനകൊണ്ടുമാത്രം ഈശ്വരനെ പ്രാപിക്കാന്‍ കഴിയില്ല. സേവനമാകുന്ന പാസ്‌പോര്‍ട്ടു കൂടാതെ മുക്തിയിലേക്കുള്ള എന്‍.ഒ.സി. കിട്ടുകയില്ല. നിഷ്‌കാമകര്‍മ്മം ചെയ്യുന്നവനു മാത്രമേ ഈശ്വരലാഭത്തിനര്‍ഹതയുള്ളൂ, മുക്തിപദം നേടാന്‍ കഴിയൂ.