ആല്‍ബര്‍ട്ടു് ഐന്‍സ്റ്റീൻ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനും അതിനുപരി ഒരു നല്ല മനുഷ്യനും ആയിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകള്‍ ശ്രദ്ധിക്കുക: എൻ്റെ എല്ലാ നേട്ടങ്ങള്‍ക്കും ജീവിതവിജയത്തിനും നിത്യജീവിതത്തിനുപോലും സമൂഹത്തോടു് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു ദിവസവും നൂറുവട്ടം ഞാന്‍ ചിന്തിക്കാറുണ്ടു്. ആ കടപ്പാടു് എങ്ങനെ എനിക്കു വീട്ടാന്‍ കഴിയും എന്ന ചിന്ത ഞാന്‍ സദാ പേറി നടക്കുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാരില്‍നിന്നും ഐന്‍സ്റ്റീനെ വിഭിന്നനും വിശിഷ്ടനും ആക്കിയതു് ഈ സാമൂഹ്യ പ്രതിബദ്ധതയായിരുന്നു.
നാമെല്ലാം മറ്റുള്ളവരില്‍നിന്നു് ഒരുപാടൊക്കെ പ്രതീക്ഷിക്കുന്നു. അവര്‍ നമുക്കുവേണ്ടി എല്ലാം ചെയ്തുതരണമെന്നു നാം ആഗ്രഹിക്കുന്നു. സമൂഹത്തോടു നമുക്കുള്ള കടപ്പാടിനെക്കുറിച്ചല്ല നാം ചിന്തിക്കുന്നതു്. സമൂഹം നമ്മോടു കടപ്പെട്ടിരിക്കുന്നു എന്ന ധാരണയാണു നമുക്കുള്ളതു്. ചുറ്റുപാടുമുള്ള സമൂഹം നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹപൂര്‍ത്തിക്കായി നമ്മുടെ ചുറ്റും സേവനനിരതരായി നില്ക്കണം എന്ന പ്രതീക്ഷയാണു നമ്മുടെയെല്ലാം ഉള്ളില്‍. നാമാണു കേന്ദ്രബിന്ദു. മറ്റുള്ളവരെല്ലാം നമ്മുടെ ഇഷ്ടപ്പടി പ്രവര്‍ത്തിക്കേണ്ടവരാണു്. നമ്മുടെ ആഗ്രഹം നിറവേറുന്നില്ലെങ്കില്‍ നമുക്കു് അതൃപ്തിയായി, ദേഷ്യമായി. നാം സമൂഹത്തെ ആസകലം കുറ്റപ്പെടുത്താനും ശപിക്കാന്‍ പോലും മുതിരുന്നു. അതുകൊണ്ടവസാനിക്കുന്നില്ല. ലോകത്തെ മുഴുവന്‍ നമ്മുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാന്‍ നാം വെമ്പല്‍ കൊള്ളുന്നു. നമ്മോടു് ഇടപഴകുന്നവരെയെല്ലാം നമ്മുടെ ഇച്ഛയ്ക്കനുസരിച്ചു ചിട്ടപ്പെടുത്തണം. അവരുടെ സ്വഭാവവും പെരുമാറ്റവും നാം ആഗ്രഹിക്കുന്നതു പോലെയാവണം. ഈ വിചാരം നമ്മുടെ മനസ്സിനെ സദാ അസ്വസ്ഥമാക്കുകയും പെരുമാറ്റത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നു. നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുക മാത്രമാണു് ഇതിൻ്റെ അന്തിമഫലം.
നാലു ചുമരിലും കണ്ണാടി തൂക്കിയിട്ടുള്ള ഒരു ഹാളില്‍ അകപ്പെട്ട നായയെപ്പോലെയാണു സാധാരണ മനുഷ്യന്‍. അവന്‍ നോക്കുന്നിടത്തെല്ലാം എതിരാളിയായി ഒരു നായയെ കാണുന്നു. ക്രുദ്ധനായി നായ കുരച്ചുകൊണ്ടു് ആഞ്ഞടുക്കുന്നു. പ്രതിയോഗിയും അത്രതന്നെ ക്രുദ്ധനായി പ്രതികരിക്കുന്നു. നാലുപാടും നോക്കുന്നിടത്തെല്ലാം, അവന്‍ കാണുന്നതു തനിക്കെതിരെ കുരച്ചു ചാടുന്ന നായ്ക്കളെയാണു്. ഒടുവില്‍ തളര്‍ന്നു നിലത്തുവീഴുമ്പോള്‍ മറ്റു നായ്ക്കളും ശാന്തരായി നിലംപതിക്കുന്നു. നാം നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താതിരിക്കുകയും മറ്റുള്ളവരുടെ നേര്‍ക്കു കുരച്ചു ചാടുകയും ചെയ്താല്‍ നഷ്ടം വരുന്നതും ജീവിതായോധനത്തില്‍ തളര്‍ന്നു വീഴുന്നതും തോല്‌വി ഏറ്റുവാങ്ങുന്നതും മറ്റാരുമല്ല, നാംതന്നെയായിരിക്കും. ഈ വസ്തുത നാം എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും വേഗം സമൂഹത്തെ മുഴുവന്‍ മാറ്റിമറിച്ചുകളയാം എന്ന വ്യാമോഹത്തില്‍നിന്നും അതിനുള്ള പാഴ്‌വേലകളില്‍നിന്നും നമുക്കു മോചനം നേടാനാകും.
സ്വാമി വിവേകാനന്ദന്‍ പറയാറുണ്ടായിരുന്നു, നമ്മുടെ ചുറ്റുമുള്ള ലോകം നായയുടെ വാല്‍ പോലെ വളഞ്ഞതാണെന്നു്. നായയുടെ വാല്‍ അങ്ങനെത്തന്നെ ഇരിക്കുകയും ചെയ്യും. അതു നേരെയാക്കാനുള്ള ശ്രമം വിജയിക്കുകയില്ല. അതിൻ്റെ അര്‍ത്ഥം നാം ഒന്നും ചെയ്യാതെ വെറുതെയിരിക്കണം എന്നല്ല. നമ്മെത്തന്നെ നേരെയാക്കാനാണു നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. സ്വാമിജി പറയാറുള്ള ഒരു ഉദാഹരണം ഈ പാഠം നമ്മെ പഠിപ്പിക്കുന്നു. ലോകം ഒരു നല്ല പരിശീലനക്കളരി (Gymnasium) ആണു്. നാം അവിടെ പോകുന്നതു നമ്മുടെ ശരീരത്തിനു ശക്തി കൂട്ടാനും മെയ്‌വഴക്കമുണ്ടാക്കാനും ഇരുമ്പുപോലുള്ള മാംസപേശികളും ഉരുക്കുപോലുള്ള ഞരമ്പുകളും സൃഷ്ടിച്ചെടുക്കാനുമാണു്. പരിശീലനക്കളരിയില്‍ മാറ്റങ്ങള്‍ വരുത്തുക നമ്മുടെ ലക്ഷ്യമല്ല. അവിടെനിന്നു കിട്ടുന്ന പരിശീലനങ്ങളും അനുഭവങ്ങളും – അവയെത്ര കഠിനവും ബുദ്ധിമുട്ടുള്ളതും ആയാലും – സഹിച്ചു നമ്മുടെ സ്വന്തം വളര്‍ച്ച ഉറപ്പു വരത്തുകയാണു നമുക്കു ചെയ്യാനുള്ളതു്. ഈ ലോകത്തോടു നാം കൈക്കൊള്ളേണ്ട സമീപനവും അതുതന്നെയാണു്.
തിക്താനുഭവവും മധുരാനുഭവവും ഉണ്ടാകും. സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും ഉണ്ടാകും. ആനുകൂല്യവും പ്രാതികൂല്യവും ഉണ്ടാകും. നിന്ദയും സ്തുതിയും തിരസ്‌കാരവും പുരസ്‌കാരവും വന്നുംപോയുമിരിക്കും. അവയെ അമിതമായി ആഗ്രഹിക്കുകയോ കഠിനമായി വെറുക്കുകയോ ചെയ്താല്‍ ഫലം നിരാശയും ദുഃഖവുമായിരിക്കും. ജീവിതം പരാജയമായിരിക്കും. സ്വാഭാവികമായി വരുന്നവയെ, സുഖമായാലും ദുഃഖമായാലും, സ്തുതിയായാലും നിന്ദയായാലും സമചിത്തതയോടെ സ്വീകരിക്കുക. കിരീട ധാരണവാര്‍ത്ത അറിയിച്ചപ്പോള്‍ ശ്രീരാമൻ്റെ മുഖം പ്രസന്നമാകുകയോ, വനവാസത്തിനു നിയോഗിച്ചപ്പോള്‍ അതു മ്ലാനമാകുകയോ ചെയ്തില്ല. അതുകൊണ്ടാണു രാക്ഷസവംശത്തെ നിഗ്രഹിക്കുവാനുള്ള തപഃശക്തി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതു്.
ഒരു സത്യം മനസ്സില്‍ സൂക്ഷിച്ചാല്‍ നമുക്കു മനസ്സിൻ്റെ പ്രസാദാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. നാമെല്ലാം അണിയറയില്‍ നിന്നു വിവിധവേഷങ്ങള്‍ ധരിച്ചു ലോകമാകുന്ന ദൃശ്യവേദിയിലേക്കു കടന്നുവരുന്നു. ഇവിടെ നമുക്കു വിവിധ വേഷങ്ങള്‍ അണിയുകയും ആടുകയും ചെയ്യേണ്ടി വരും. അതു വിജയകരമായി ആടിത്തീര്‍ത്തു തിരശ്ശീലയുടെ പിന്നിലേക്കു പോകേണ്ടവരാണു നാം. രാമനായും രാവണനായും വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും അച്ഛനായും മകനായും മന്ത്രിയായും തന്ത്രിയായും ഒക്കെ വേഷങ്ങള്‍ അണിഞ്ഞു് ആടേണ്ടിവരും. പക്ഷേ, വേഷങ്ങള്‍ വേഷങ്ങള്‍ മാത്രമാണു്. നാം നാമാണു്. വേഷങ്ങള്‍ക്കു പിന്നിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ നാം ഒരിക്കലും മറക്കരുതു്. സ്നേഹിക്കുമ്പോഴും വെറുക്കുമ്പോഴും അതു നാടകത്തിൻ്റെ ഭാഗമായി നാം കാണണം. രാഗദ്വേഷങ്ങള്‍ ഉണ്ടാകരുതു്.
മനുഷ്യ വേഷമെടുത്ത ആത്മാക്കളാണു നാം. ആത്മാവിനു മാറ്റമില്ല; സുഖവും ദുഃഖവുമില്ല. സ്തുതിയും നിന്ദയുമില്ല. അതു സത്യമാണു്, നിത്യമാണു്, ആനന്ദസ്വരൂപിയുമാണു്. നാടകം ക്ഷണികമാണു്. സദസ്സിനെ രസിപ്പിക്കാനാണു്. നാട്യത്തിൻ്റെ വശ്യതയില്‍ സദസ്സു് ഇളകി മറിഞ്ഞെന്നുവരാം. എന്നാല്‍ നാം അതില്‍ ഭ്രമിക്കരുതു്. കൊല്ലുംകൊലയും അഭിനയത്തില്‍ മാത്രമാണു്. അരങ്ങില്‍ വച്ചു രാമൻ്റെ വേഷം കെട്ടുന്ന ആള്‍ സ്വയം മറന്നു നാടകം സത്യമായിക്കരുതി രാവണവേഷം കെട്ടുന്ന ആളെ കൊന്നുകളഞ്ഞാലത്തെ സ്ഥിതി ഓര്‍മ്മിച്ചു നോക്കൂ! അരങ്ങില്‍ പോരാടുകയും തിരശ്ശീലയ്ക്കു പിന്നില്‍ ആശ്ലേഷിക്കുകയും ചെയ്യുന്ന നടന്മാരെപ്പേലെ ഈ ലോകത്തില്‍ ജീവിക്കാന്‍ പഠിക്കണം. കാഴ്ചക്കാരനായ ഒരു യാത്രക്കാരനെപ്പോലെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു തീര്‍ക്കണം. നിസ്സഹായതകൊണ്ടല്ല, പിച്ചക്കാരനെപ്പോലെയല്ല, ധീരനും ബലിഷ്ഠനുമായ, നിസ്സംഗനായ യോഗിയെപ്പോലെ. അപ്പോള്‍ ജീവിതം വിജയോത്സവമാകും.
”നാം ഈ ലോകത്തില്‍ പിറന്നുവീണപ്പോള്‍ ആളുകള്‍ കൈകൊട്ടിച്ചിരിച്ചു. ഒരാള്‍ കൂടി തങ്ങളെപ്പോലെ കെണിയില്‍ പ്പെട്ടു എന്നതായിരുന്നു ആഹ്ളാദ കാരണം. പക്ഷേ, നാം തിരിച്ചു പോകുമ്പോള്‍, ചിരിച്ചുകൊണ്ടു പോകണം. സേവനമനുഷ്ഠിച്ചു്, ഋണമോചിതനായി ജീവന്മുക്തനായി ചിരിച്ചുകൊണ്ടു തിരിച്ചു പോകാന്‍ കഴിയണം. നമ്മുടെ തിരിച്ചുപോക്കില്‍ ലോകം കണ്ണീരൊഴുക്കട്ടെ.” ഒരു മഹാത്മാവിൻ്റെ വചനങ്ങളാണിവ.
ഈ പറഞ്ഞതിൻ്റെയെല്ലാം പൊരുള്‍, ലോകമല്ല മാറേണ്ടതു് നാം ആണു്. ലോകത്തെ മാറ്റാനല്ല സ്വയം മാറാനാണു നാം ശ്രമിക്കേണ്ടതു്. നമ്മുടെ മാറ്റത്തിനനുസരിച്ചു ലോകവും മാറിക്കൊള്ളും. നാം എത്രകണ്ടു ശ്രേഷ്ഠത കൈവരിക്കുന്നുവോ അത്രകണ്ടു ലോകവും ശ്രേഷ്ഠതരമാകും. അതാണു് അവതാരപുരുഷന്മാരുടെ ജീവിതത്തില്‍ നാം കാണുന്നതു്. എത്ര വലിയ പരിവര്‍ത്തനങ്ങളാണു് അവര്‍ വരുത്തിത്തീര്‍ത്തിട്ടുള്ളതു്! ഈ സത്യത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമല്ലേ അമ്മ? അമ്മ നമ്മെ പഠിപ്പിക്കുന്നതു സ്നേഹത്തിലൂടെ, വാത്സല്യത്തിലൂടെ നമ്മെത്തന്നെ നല്ലവരാക്കിത്തീര്‍ക്കുവാനാണു്. അമ്മയും നന്മയും രണ്ടല്ല. ലളിതമായ ഈ സത്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ നമുക്കു ജീവിതവിജയത്തിൻ്റെ പാത തുറന്നുകിട്ടുകയായി. അതിനുള്ള അനുഗ്രഹം തേടലാവട്ടെ അമ്മയുടെ 57ാം ജന്മദിനം.
പി. പരമേശ്വരന്‍