1985 ജനുവരി 9 ബുധനാഴ്ച, ചേപ്പാട്ടെ ശ്രീമോൻ്റെ (സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി) ബന്ധുവീട്ടില്‍ ‘കെട്ടുമുറുക്കിനു്’ അമ്മയും ബ്രഹ്മചാരിമക്കളും വന്നിട്ടുണ്ടെന്നറിഞ്ഞു ഞാനവിടെ ഓടിയെത്തി. സന്ധ്യയ്ക്കു ഭജന കഴിഞ്ഞു് അമ്മ വിശ്രമിക്കുകയായിരുന്നു. എന്നെ കണ്ടതും അമ്മ പറയുകയാണു്, ”മാധവന്‍മോനേ, ഭക്ഷണം കഴിഞ്ഞു് അമ്മ അങ്ങോട്ടു വരുന്നുണ്ടു്.”

എന്തു് എൻ്റെ വീട്ടിലേക്കോ? ശിവ ശിവ! ആരു്? സാക്ഷാല്‍ ജഗദീശ്വരീ!! ഞാനെങ്ങനെ വിശ്വസിക്കും? എങ്ങനെ സന്ദേഹിക്കും? സത്യസ്വരൂപിണിയല്ലേ പറയുന്നതു്?

സംഭ്രമം കാരണം ഞാനാകെ തളര്‍ന്നു. നെഞ്ചിടിപ്പു് എനിക്കു തന്നെ കേള്‍ക്കാം. പിന്നാമ്പുറത്തെ പന്തലില്‍ സദ്യ നടക്കുന്നു. ”സാറു് പോവുകയാണോ പ്രസാദം കഴിക്കാതെ?” ആരോ ചോദിച്ചു. ‘എന്തു പ്രസാദം? ഇതില്‍ക്കവിഞ്ഞ പ്രസാദം എനിക്കെന്തുള്ളൂ?’ എൻ്റെ മനസ്സു് മന്ത്രിച്ചു.

മോട്ടോര്‍ബൈക്കെടുത്തു കിക്ക് ചെയ്തു. സ്റ്റാര്‍ട്ടാവുന്നില്ല. വീണ്ടും വീണ്ടും ചവിട്ടി. അനക്കമില്ല. സഹികെട്ടു് ഉരുട്ടി. കൂരിരുട്ടു്! പവര്‍ക്കട്ടു്! വിയര്‍ത്തൊലിച്ചു്, അമ്മയെ വിളിച്ചു വീണ്ടും ഒന്നുകൂടി കിക്ക് ചെയ്തു. ര്‍… ര്‍… ര്‍… ഹാവൂ! നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ പറന്നു വീട്ടിലെത്തി.

”അമ്മ വരുന്നു. പൂജാമുറി തുടച്ചു്, ആരതിക്കു വേണ്ടതെല്ലാം ഒരുക്കു്. വേഗം, വേഗം.”

വെള്ളിടിപോലുള്ള എൻ്റെ ശാസനം കേട്ടു ഭാര്യയും നാലു പെണ്‍മക്കളും എല്ലാം മറന്നു. പൂജാമുറി കഴുകിത്തുടച്ചു വിളക്കുകള്‍ വെടിപ്പാക്കി എണ്ണയൊഴിച്ചു തിരിയിടുന്ന തിരക്കിനിടയില്‍ ഭാര്യയുടെ ചോദ്യം, ”അമ്മ എപ്പോള്‍ വരും?”

”ഉടനെയെത്തും. ട്രക്കറിലാണു്. ഒപ്പം വിദേശികളടക്കം പത്തിരുപതു ബ്രഹ്മചാരി മക്കളുമുണ്ടാവും.”

സ്വീകരണമുറിയിലെ നാഴിക മണി എട്ടടിച്ചു. ”അച്ഛാ, പ്രസാദം എന്തെങ്കിലും വേണ്ടേ?” മൂത്ത മകള്‍ ചോദിച്ചു.

”വേണ്ട, വേണ്ട. അതിനൊന്നും നേരമില്ല.”

”അച്ഛനു ഗോതമ്പു റവയിട്ടു കാച്ചിയ പാലുണ്ടു്. അമ്മയ്ക്കു നിവേദിക്കാനതു പോരേ?” ഇളയ മകളുടെ സംശയം.

”നന്നായി പഴുത്ത നീലം മാങ്ങയുണ്ടു്. പൈനാപ്പിളും. മക്കള്‍ക്കു് അതു കൊടുക്കാം. അമ്മയ്ക്കു പാലും. എന്താ?” ഭാര്യയുടെ നിര്‍ദ്ദേശം.

പോരാ എന്നു മനസ്സു മന്ത്രിച്ചെങ്കിലും ‘പത്രം, പുഷ്പം, ഫലം, തോയം…’ എന്നു തുടങ്ങുന്ന ഗീതാശ്ലോകമോര്‍ത്തു ഞാന്‍ തലകുലുക്കി.

നാഴികമണി 9 അടിച്ചു. അമ്മ ചെവിയിലോതിത്തന്ന മന്ത്രം ജപിച്ചുകൊണ്ടു ഞാന്‍ പൂമുഖമുറ്റത്തു് അങ്ങോട്ടുമിങ്ങോട്ടും തിടുക്കത്തില്‍ നടക്കുകയാണു്. അമ്മ വരുന്ന വഴിയിലേക്കും ഇടയ്ക്കിടെ വാച്ചിലേക്കും നോക്കുന്നുണ്ടു്. കാലിടറുന്നെങ്കിലും അറിയാതെ നടപ്പിനു വേഗം ഏറുന്നു. നെഞ്ചിടിപ്പിനും.

വീണ്ടും നാഴികമണിയുടെ ശബ്ദം. രംഗബോധമില്ലാത്ത ആ യന്ത്രത്തിനറിയുമോ എൻ്റെ വേവലാതിയും വിങ്ങലും?

”അച്ഛാ, മണി പത്തായി. ഇനി അമ്മ വരുമോ?” മൂത്ത മോളുടെ ചോദ്യം. ”ഒരുപക്ഷേ, അമ്മ മറന്നതാവുമോ?” ഭാര്യയുടെ സന്ദേഹം. ഞാനെന്തുപറയാന്‍?

”ഏതായാലും നിങ്ങള്‍ വിശന്നിരിക്കേണ്ട. വല്ലതും കഴിച്ചോളൂ…” ”അമ്മ വരാതെ ഞാനൊന്നും കഴിക്കില്ല.” നിരാശയും സങ്കടവും നിറഞ്ഞ എൻ്റെ മനസ്സു് ഉറക്കെ തേങ്ങി.

ആകാംക്ഷയുടെ മുള്‍മുനയില്‍ വീണു മുറിവേറ്റു് ഇഴയുന്ന നിമിഷങ്ങള്‍. വീണ്ടും നാഴികമണിയുടെ ശബ്ദം. സമയം 10:30.

”ഗുളിക കഴിച്ചില്ലല്ലോ. വാശി പിടിച്ചു പ്രഷറു കൂട്ടണ്ട.” പുറത്തേക്കു വന്നു ഭാര്യ പറഞ്ഞു.

”കൂടട്ടെ. പ്രഷറു കൂട്ടുന്നതു ഞാനല്ലല്ലോ, അമ്മയല്ലേ? അമ്മ തന്നെ കുറയ്ക്കട്ടെ.”

”ആഹാരം കഴിക്കാതിരുന്നാല്‍ അമ്മ വരുമോ? വന്നു വല്ലതും കഴിച്ചാട്ടെ.”

”വേണ്ട. ഞാന്‍ പറഞ്ഞില്ലേ അമ്മ വരാതെ ഞാനൊന്നും കഴിക്കില്ലെന്നു്? നീയും മക്കളും കഴിക്കു്.”

”ഇല്ല. അമ്മ വരാതെ ഞങ്ങളും കഴിക്കില്ല.”

”എങ്കില്‍… ആരും കഴിക്കണ്ട… പതിനൊന്നു മണി വരെ കാക്കും. പതിനൊന്നു മണിക്കും വന്നില്ലെങ്കില്‍… എനിക്കറിയാം എന്തുവേണമെന്നു്.” വേദന കടിച്ചമര്‍ത്തി ഞാന്‍ വിക്കിവിക്കി പറഞ്ഞു. നിരാശയും സങ്കടവും നിറഞ്ഞ എൻ്റെ വാക്കുകള്‍ക്കു കടുത്ത പരിഭവത്തിൻ്റെ, ബാലിശമായ വാശിയുടെ മൂര്‍ച്ചയുണ്ടായിരുന്നു.

എല്ലാവരും പൂമുഖമുറ്റത്തു വഴിക്കണ്ണുമായി നില്ക്കയാണു്. മര്‍മ്മ ഭേദകമായ മൂകത! ആകാംക്ഷയും നിരാശയും തുടികൊട്ടിത്തിമിര്‍ക്കുന്ന പ്രചണ്ഡനിമിഷങ്ങള്‍!

അകത്തുപോയി നാഴികമണി നോക്കിയിട്ടു മൂത്ത മകള്‍ ”മണി 10:55 ആയി. ഇനി വരില്ലച്ഛാ.”

”അല്ല. വരും… വരും… എൻ്റെ മനസ്സു് പറയുന്നു… അമ്മ വരും… എന്റമ്മ വരും.” ഇടനെഞ്ചു പൊട്ടി പിഞ്ചുപൈതലിനപ്പോലെ ഞാന്‍ ഉറക്കെ വതുമ്പി.

പതിനൊന്നു മണി

അകത്തു നാഴികമണി പതിനൊന്നു് അടിക്കുന്നു. അതാ, അങ്ങു റോഡില്‍ ട്രക്കറിൻ്റെ ഹോണ്‍! വീട്ടിലേക്കുള്ള റോഡില്‍ വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകളുടെ പ്രകാശം! നിമിഷങ്ങള്‍ക്കകം ട്രക്കര്‍ ഞങ്ങളുടെ മുന്‍പില്‍!

‘അമൃതേശ്വരൈൃ നമഃ… അമൃതേശ്വരൈൃ നമഃ… അമൃതേശ്വരൈൃ നമഃ…’ അറിയാതെ എൻ്റെ ഉള്ളു തുടരെ മന്ത്രിച്ചു. അമ്മയും പിന്നാലെ മക്കളും ട്രക്കറില്‍നി ന്നിറങ്ങുന്നു.

ഒരു നിമിഷം കണ്ണില്‍ ഇരുട്ടു കയറുന്നതായി, ബോധം മറയുന്നതായി എനിക്കു തോന്നി… ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ മുറ്റത്തു പൂഴിമണ്ണില്‍ അമ്മയുടെ തൃപ്പാദങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കയാണു്.

ആത്മവിസ്മൃതിയുടെ ആനന്ദലഹരിയില്‍ പിഞ്ചുപൈതലിനെപ്പോലെ ഞാന്‍ വിങ്ങിപ്പൊട്ടി വാവിട്ടു കരയുന്നതു കണ്ടു കുടും ബാംഗങ്ങള്‍ ഒന്നടങ്കം വീര്‍പ്പടക്കി തേങ്ങുന്നു. എല്ലാം കണ്ടു് അമ്പരന്നു്, സ്വയം മറന്നു് അമ്മയുടെ വിദേശികളടക്കമുള്ള മക്കളും വിതുമ്പുന്നു.

മധുരാനുഭൂതിയുടെ നിറവില്‍ ഏവരും മതിമറന്ന ആത്മഹര്‍ഷത്തിൻ്റെ വാചാലമായ മൂകനിമിഷങ്ങള്‍! മഞ്ഞില്‍ കുളിച്ചു്, നിറനിലാവിൻ്റെ ഈറന്‍ പുടവയണിഞ്ഞുനിന്ന ആ ഹേമന്തരാവുപോലും കോരിത്തരിച്ചു താരകപ്പൂക്കളിലൂടെ ഹര്‍ഷബാഷ്പം ചൊരിഞ്ഞ സ്വര്‍ഗ്ഗീയനിമിഷങ്ങള്‍!

വാത്സല്യപൂര്‍വ്വം, മെല്ലെ താങ്ങി എഴുന്നേല്പിച്ചു വാരിപ്പുണര്‍ന്നു് എൻ്റെ നിറമിഴികളില്‍ നോക്കി കുസൃതിച്ചിരിയോടെ ഒന്നുമറിയാത്ത മട്ടില്‍ അമ്മ ചോദിക്കുകയാണു്, ”മോന്‍ പറഞ്ഞപോലെ പതിനൊന്നു മണിക്കുതന്നെ അമ്മ വന്നില്ലേ?”

‘പതിനൊന്നു മണിവരെ കാക്കും… പതിനൊന്നു മണിക്കും
വന്നില്ലെങ്കില്‍… എനിക്കറിയാം എന്തുവേണമെന്നു്…’ അര മണിക്കൂര്‍ മുന്‍പു് എൻ്റെ വീട്ടുമുറ്റത്തു നടന്നുകൊണ്ടു് ആരോടെന്നില്ലാതെ വിങ്ങിപ്പൊട്ടി ഞാന്‍ പറഞ്ഞ ആ പടുവാക്കുകള്‍, പറഞ്ഞ ഞാന്‍പോലും മറന്ന ആ വിടുവാക്കുകള്‍, അങ്ങു ചേപ്പാട്ടിരുന്നു് അമ്മ എങ്ങനെ കേട്ടു!

അടക്കാനാവാത്ത ഹര്‍ഷോന്മാദലഹരിയില്‍, അവാച്യമായ ആനന്ദമൂര്‍ച്ഛയില്‍ എല്ലാമെല്ലാം മറന്നു്, അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു വിക്കിവിക്കി മോഹനിദ്രയിലെന്നപോലെ ഞാന്‍ പുലമ്പി, ”വന്നു… എന്റമ്മ വന്നു… പതിനൊന്നു മണിക്കുതന്നെ വന്നു!”

നീണ്ട സംവത്സരങ്ങള്‍ ഇരുപത്തിയാറു കഴിഞ്ഞെങ്കിലും രാത്രിയില്‍ സ്വീകരണമുറിയിലെ നാഴികമണി പതിനൊന്നു് അടിക്കുമ്പോഴൊക്കെ ഞാനമ്മയെ കാണും. വീട്ടുമുറ്റത്തല്ല, എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ കനകശ്രീകോവിലില്‍. പ്രേമാര്‍ദ്രമായ മനസ്സുകൊണ്ടു ഞാനമ്മയെ കെട്ടിപ്പിടിക്കും. വിരഹാര്‍ത്തനായ പിഞ്ചു ബാലനെപ്പോലെ. അതോടെ അമ്മ എന്നിലാകെ നിറയും. പിന്നെ ‘ഞാന്‍’ ഇല്ല, അമ്മമാത്രം…! അനവദ്യമായ കേവലാനന്ദംമാത്രം!

ഏവൂര്‍ ജി. മാധവന്‍നായര്‍