സപ്തസാഗരങ്ങളിലും ഇന്നു സ്നേഹത്തിൻ്റെ ചിറ്റോളങ്ങള്‍…! അഞ്ചു വന്‍കരകളിലും കാരുണ്യത്തിൻ്റെ ഇളംകാറ്റു്… സാന്ത്വനത്തിൻ്റെ തൂവല്‍സ്പര്‍ശം. ലോകത്തിൻ്റെ വിവിധകോണുകളില്‍നിന്നു തപിക്കുന്ന ഹൃദയങ്ങള്‍ അമ്മയുടെ മടിയില്‍ ആശ്വാസത്തിൻ്റെ തണല്‍ തേടുന്നു. ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞരും ബിസിനസ്സുകാരും ഇവരെക്കാള്‍ എത്രയോ ഇരട്ടി സാധാരണക്കാരും അമ്മയുടെ മുന്‍പില്‍ അല്പനേരത്തേക്കെങ്കിലും കുഞ്ഞുങ്ങളാകുന്നു!
സാര്‍വ്വലൗകികപ്രേമത്തിൻ്റെ ആള്‍രൂപമാണമ്മ. കാലദേശങ്ങളെ അതിവര്‍ത്തിക്കുന്ന സ്നേഹസ്വരൂപിണിക്കു സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ല; ഇന്നലെയെന്നോ ഇന്നെന്നോ നാളെയെന്നോ ഉള്ള അളവുകോലുകള്‍ ബാധകമല്ല. പക്ഷേ, സാധാരണക്കാര്‍ക്കു രാജ്യത്തിൻ്റെ അതിര്‍ത്തികളും കാലത്തിൻ്റെ അളവുകോലുകളും കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണു്. അതുകൊണ്ടാണു് അമ്മയുടെ വിദേശപര്യടനത്തിൻ്റെ വെള്ളിത്തിളക്കത്തിൻ്റെ (രജത ജൂബിലി) മുഹൂര്‍ത്തത്തില്‍, ഒരു തിരിഞ്ഞുനോട്ടത്തിനു മുതിരുന്നതു്. മലയാളത്തെയും മലയാണ്മയെയും മറുനാടുകളിലെ ഗ്രാമങ്ങള്‍തൊട്ടു് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനംവരെയുള്ള തലങ്ങളില്‍ കോടിക്കണക്കിനു മനുഷ്യരുടെ മുന്‍പില്‍ അമ്മയെപ്പോലെ മറ്റൊരാള്‍ക്കും എത്തിക്കാന്‍ സാധിച്ചിട്ടില്ല. ആലപ്പാടുഗ്രാമം ആഗോളതലത്തില്‍ അറിയപ്പെടുന്ന ‘അമൃതപുരി’യായതിനു പിന്നില്‍ വര്‍ത്തിച്ച ഏക ഘടകം അമ്മയില്‍ നിറഞ്ഞുനില്ക്കുന്ന ആദ്ധ്യാത്മികസത്യം മാത്രമാണു്. ലോകം മുഴുവന്‍ അമൃതത്വത്തിൻ്റെ സന്ദേശം നല്കാന്‍ വേണ്ടിയാണു് അമ്മയുടെ ആഗോളപര്യടനങ്ങള്‍.
തുടക്കം തിടുക്കത്തില്‍
1987 മെയ് മാസം 18-ാം തീയതി ഉച്ചകഴിഞ്ഞസമയം. സാന്‍ഫ്രാന്‍ സിസ്‌കോ വിമാനത്താവളത്തില്‍ സമീപപ്രദേശത്തുനിന്നെത്തിയ അന്‍പതോളം പേര്‍ ആരെയോ പ്രതീക്ഷിച്ചു് അക്ഷമരായി വിശ്രമമുറിയില്‍ നില്ക്കുന്നു. സമയം 3:40 ആയപ്പോള്‍ വിശ്രമമുറിയുടെ ചില്ലുവാതില്‍ തുറന്നു്, അതാ ശുഭ്രവസ്ത്രധാരിണിയായ അമ്മ തൊഴുകൈയോടെ നിറപുഞ്ചിരിയുമായി കടന്നുവരുന്നു. കൂട്ടത്തില്‍ ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ചുരുക്കം ചില ഗൃഹസ്ഥരുമുണ്ടു്.
ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്താണു് അമ്മയുടെ ആദ്യപര്യടനമുണ്ടായതെന്നതു നിയതിയുടെ നിയോഗമായിരിക്കാം. വിപണിയെത്ര വിഭവസമൃദ്ധമായിരുന്നാലും ആളുകള്‍ എത്ര സമ്പന്നരായിരുന്നാലും സ്നേഹവും സാന്ത്വനവും സമാധാനവും പണംകൊടുത്തു വാങ്ങിക്കാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം, അമ്മയെ കണ്ടപ്പോള്‍ അമേരിക്കക്കാര്‍ക്കു കൂടുതല്‍ ബോധ്യമായി.
വളരെനാളത്തെ ആലോചനയുടെയോ, തയ്യാറെടുപ്പിൻ്റെയോ ഫലമായിരുന്നില്ല, അമ്മയുടെ ആദ്യത്തെ വിദേശസന്ദര്‍ശനം. അമ്മയുടെ ഒരു സന്ന്യാസിശിഷ്യൻ്റെ സഹോദരന്‍ ഏള്‍ റോസ്‌നര്‍ (Earl Rosner) ആണു് ആദ്യമായി അമ്മയെ അമേരിക്കയിലേക്കു ക്ഷണിക്കുന്നതു്. അമ്മ വാക്കുകൊടുക്കുകയും ചെയ്തു. പിന്നീടാണു മനസ്സിലായതു അമേരിക്കയിലേക്കു പോകണമെങ്കില്‍ അനേകം നടപടികളുണ്ടെന്നും അവ അത്ര എളുപ്പമല്ലെന്നുമൊക്കെ. അമ്മയുടെ ആദ്യത്തെ വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ ആദ്യാവസാനം മുഖ്യപങ്കു വഹിച്ചതു ഗ്രെച്ചന്‍ മാക് ഗ്രെഗര്‍ (കുസുമം) എന്ന അമേരിക്കന്‍ വനിതയായിരുന്നു. അവരോടൊപ്പം ബ്രഹ്മ: അമൃതാത്മചൈതന്യയും (സ്വാമി അമൃതസ്വരൂപാനന്ദ പുരി) ബ്രഹ്മ: നീലുവും (സ്വാമി പരമാത്മാനന്ദ പുരി) യാത്രയുടെ തയ്യാറെടുപ്പുകളില്‍ പങ്കാളികളായിരുന്നു.
യാത്രയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചു കുസുമം പറയുന്നു, ”കേരളത്തില്‍പോലും അന്നു് അമ്മ കൂടുതല്‍ യാത്ര ചെയ്തിട്ടില്ല. അപ്പോള്‍പ്പിന്നെ അമേരിക്കന്‍ യാത്രയെക്കുറിച്ചു് എങ്ങനെ തീരുമാനിക്കാനാകും? ഏതായാലും ഇക്കാര്യത്തില്‍ ചില തയ്യാറെടുപ്പുകള്‍ എൻ്റെ ചുമതലയായിരുന്നു. വിസ പതിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഞാന്‍ പോയി. അപേക്ഷാഫോറം പൂരിപ്പിക്കുമ്പോള്‍ പല കോളങ്ങളിലും ഒന്നുംതന്നെ എഴുതാനുണ്ടായിരുന്നില്ല. ഏതായാലും ഈശ്വരന്‍ അമേരിക്കന്‍ കോണ്‍സുലേറ്റു് ഉദ്യോഗസ്ഥരോടു് അമ്മയുടെ യാത്രാസംഘം ഭാവിയില്‍ അമേരിക്കക്കാര്‍ക്കു് ഒരുപാടു ഗുണങ്ങള്‍ ചെയ്യുവാന്‍ പോകുന്നു എന്നു പറഞ്ഞിട്ടുണ്ടെന്നു തോന്നി. ഉദ്യോഗസ്ഥര്‍ വലിയ തടസ്സങ്ങളൊന്നും ഉന്നയിക്കാതെ വിസ ലഭ്യമാക്കിത്തന്നു.”
പിന്നീടുള്ള ഓരോ വിദേശയാത്രയും അമ്മയോടൊപ്പമുള്ളവര്‍ക്കു് ഒരാഘോഷവും അതിലുപരി അനുഭവവുമാണു്. ലോകത്തിൻ്റെ ഏതു കോണിലുള്ള മനുഷ്യരും അമ്മയുടെ മക്കളാണെന്നും ആ മക്കളെല്ലാം ഒന്നാണെന്നും അനുഭവവേദ്യമാകുന്നതു് അമ്മയുടെ വിദേശയാത്രാവേളകളിലാണു്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മുടങ്ങാതെ ഭാരതത്തിൻ്റെ യശസ്സു് അനേകം വിദേശരാജ്യങ്ങളില്‍ ഉയര്‍ത്തുന്നതില്‍ അമ്മ വഹിക്കുന്ന പങ്കു് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയുന്നതില്‍ കൂടുതലാണു്.
ലോകപര്യടനം മാത്രമല്ല, ഭാരതപര്യടനവും കേരളപര്യടനവും അമ്മയുടെ യാത്രയുടെ ഭാഗങ്ങളാണു്. ഓരോ യാത്രയിലും ‘വസുധൈവ കുടുംബകം’ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നീ ഋഷിവചനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അര്‍ത്ഥവത്താണെന്നു കൂടെയുള്ളവര്‍ക്കു് അമ്മ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഇതിനു് ഉതകുന്ന തരത്തിലാണു യാത്രാവേളകളിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതു്. വിനോദയാത്രകളെ എങ്ങനെ വിവേക യാത്രകളാക്കാം എന്നു മനസ്സിലാക്കണമെങ്കില്‍ അമ്മയുടെ യാത്രകളെ നിരീക്ഷിച്ചാല്‍ മതി. (…തുടരും)
ഡോ: ടി.വി. മുരളീവല്ലഭന്‍, Reader, Department of Economics, SVRNSS College, Vazhoor, Kerala