ശിവരാത്രി എന്നു കേൾക്കുമ്പോൾ, “ഭഗവാൻ ശിവൻ്റെ രാത്രിയാണു്; ശിവനു വേണ്ടിയുള്ള രാത്രിയാണു്” എന്നൊക്കെ നമ്മൾ തെറ്റായി ധരിച്ചേക്കാം. സാക്ഷാൽ ശ്രീപരമേശ്വരന് രാത്രിയും പകലുമില്ല. അവിടുന്ന് ഉറങ്ങാറുമില്ല. നിത്യനിതാന്തമായ ഉണർവ്വാണു്, ബോധമാണു ശിവം.

ശിവരാത്രിയും അതുപോലെയുള്ള വ്രതങ്ങളും
വിശേഷദിവസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം നമുക്കുവേണ്ടിയുള്ളതാണു്. ഈശ്വരനു വേണ്ടിയുള്ളതല്ല. അവയെല്ലാം നമ്മെ ഒരേയൊരു സന്ദേശമാണ് ഓർമ്മപ്പെടുത്തുന്നതു് – “നീ നിന്നെ അറിയുക.” എന്ന്.

ശിവൻ പരമമായ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും
പ്രതീകമാണു്. അഹങ്കാരത്തിന്റെ ഭാരമാണ് ഏറ്റവും വലിയ ഭാരം.
ആ ഭാരം പരിത്യജിക്കുമ്പോൾ, ശിവപദത്തിലേക്കുയരും. ആ
പരിത്യാഗത്തിന്റെ പരമാനന്ദവും പരിപൂർണ്ണതയുമാണ് ശിവൻ.
“ഞാൻ ആ പരിപൂർണ്ണത തന്നെയാണു്’ എന്നറിയുന്നതാണ്
ശിവരാത്രി.

ത്രിമൂർത്തികളായ ശിവനും വിഷ്ണുവും ബ്രഹ്മവും മൂന്നു
ശക്തികളല്ല. ഒരു ശക്തിയുടെ മൂന്നു ഭാവങ്ങളാണു്. ബൾബും ഫാനും ഫ്രിഡ്ജും മൂന്ന് ഇലക്ട്രിസിറ്റിയല്ല – ഒരേയൊരു ഇലക്ട്രിസിറ്റി
മൂന്നുതരത്തിൽ പ്രകടമാകുന്നതാണു്. അതുകൊണ്ടാണു്, നമ്മുടെ
ഋഷീശ്വരന്മാർ, “ഈശാവാസ്യമിദം സർവ്വം…” എന്നു പറഞ്ഞതു്.
ഈ പ്രപഞ്ചം ഈശ്വരൻ ധരിച്ചിരുന്ന വസ്ത്രമാണ്. അതിനുള്ളിൽ
വസിക്കുന്നതും ഈശ്വരനാണു്. ഈ വിധത്തിൽ നോക്കുമ്പോൾ,
ഈശ്വരനും ലോകവും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടാണു്,
“വസുധൈവകുടുംബകം” “ലോകസമസ്താ സുഖിനോ ഭവന്തു”
എന്നൊക്കെയുള്ള ഉപദേശങ്ങളും പ്രാർത്ഥനകളും ഋഷി നമുക്കു പറഞ്ഞുതന്നതു്.

21 ഫെബ്രുവരി 2020, അമൃതപുരി – അമ്മയുടെ ശിവരാത്രി സന്ദേശത്തിൽ നിന്ന്