1985 ജൂണ്‍ 3 തിങ്കള്‍.
സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, ആദരവോടെ മാത്രമേ അമ്മ അതു താഴെ വയ്ക്കാറുള്ളൂ.
9 മണി കഴിഞ്ഞപ്പോള്‍ അമ്മ കുടിലില്‍ വന്നു. ഭക്തന്മാര്‍ അമ്മയെ പ്രതീക്ഷിച്ചു കുടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
അമ്മ: മക്കളു വന്നിട്ടു കുറെ നേരമായോ?
ഒരു ഭക്ത: അല്പനേരമായി. അമ്മ തംബുരു വായിക്കുന്നതു കേള്‍ക്കാനുള്ള ഭാഗ്യം ഇന്നു ഞങ്ങള്‍ക്കുണ്ടായി.
അമ്മ: തംബുരു വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇന്നലെ
ഭാവദര്‍ശനം തീര്‍ന്നതിനുശേഷം ഉറങ്ങാന്‍ സമയം കിട്ടിയില്ല. കത്തുകള്‍ ധാരാളം വായിക്കാനുണ്ടായിരുന്നു. അതു വായിച്ചു തീര്‍ന്നപ്പോള്‍ നേരം വെളുത്തു. കിടക്കുവാന്‍ പലതവണ ഗായത്രി നിര്‍ബ്ബന്ധിച്ചു. ‘ഒന്നുകൂടി വായിച്ചുകഴിഞ്ഞിട്ടു കിടക്കാം’ എന്നു ചിന്തിക്കും. പക്ഷേ അടുത്ത കത്തു കാണുമ്പോള്‍ പൊട്ടിച്ചു വായിക്കാതിരിക്കാന്‍ കഴിയില്ല. ആ മക്കളുടെ ദുഃഖം ഹൃദയത്തില്‍ വന്നു തറയ്ക്കുന്നതായിത്തോന്നും.
പല മക്കളും മറുപടി പ്രതീക്ഷിക്കുന്നതേയില്ല. അവര്‍ക്കു വേണ്ടതു് അമ്മ അവരുടെ ദുഃഖം ഒന്നു വായിച്ചറിഞ്ഞാല്‍ മാത്രം മതി. അവരുടെ ആ പ്രാര്‍ത്ഥനയെ എങ്ങനെ അമ്മയ്ക്കു തള്ളാന്‍ കഴിയും? അവരുടെ സങ്കടമോര്‍ക്കുമ്പോള്‍ സ്വന്തം വിഷമങ്ങള്‍ എല്ലാം മറക്കും. അവസാനം എല്ലാം വായിച്ചു തീര്‍ന്നപ്പോഴേക്കും നേരം വെളുത്തു. പിന്നെ കിടന്നില്ല. കുളിച്ചുവന്നു. അപ്പോള്‍ കുറച്ചു് ഏകാന്തത വേണമെന്നു തോന്നി. അപ്പോഴാണു തംബുരു എടുത്തു വായിച്ചത്. അതിൻ്റെ നാദം അമ്മയ്ക്കു ഭ്രാന്താണ്. തംബുരു മീട്ടിത്തുടങ്ങിയാല്‍ സമയം പോകുന്നതറിയില്ല. ക്ലോക്കില്‍ ഒമ്പതടിക്കുന്നതു കേട്ടപ്പോഴാണു് മക്കളുടെ കാര്യം ഓര്‍മ്മ വന്നത്. അതു കാരണം അമ്മ നേരെ ഇങ്ങോട്ടു് പോന്നു.
അമ്മയുടെ ദിനചര്യ ശ്രദ്ധിച്ചാല്‍ ഇതു് ഇന്നത്തെ മാത്രം പ്രത്യേകതയല്ല, മിക്ക ദിവസങ്ങളിലും ഇങ്ങനെത്തന്നെ. ഉണ്ണാനോ ഉറങ്ങാനോ അമ്മയ്ക്കു സമയം കിട്ടാറില്ല. പല ദിവസങ്ങളിലും ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകുമ്പോള്‍ സമയം വളരെ വൈകിയിരിക്കും. അതിനുശേഷം തപാലില്‍ വന്നിട്ടുള്ള കത്തുകള്‍ വായിക്കും. നിത്യവും ധാരാളം കത്തുകള്‍ കാണും. മിക്ക കത്തുകള്‍ക്കും കണ്ണുനീരിൻ്റെ കഥ മാത്രമേ പറയാനുള്ളൂ. അവ മുഴുവനും വായിച്ചുതീരാതെ അമ്മ കിടക്കാറില്ല.
ചില ദിവസങ്ങളില്‍ ഉച്ചയ്ക്കു് അല്പസമയം കത്തുകള്‍ വായിക്കാന്‍ കിട്ടാറുണ്ട്. തൻ്റെ നൂറുനൂറായിരം മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ അമ്മയ്ക്കു വിശ്രമിക്കാന്‍ സമയമെവിടെ?
രണ്ടു മണിക്കൂറില്‍ക്കൂടുതല്‍ അമ്മയ്ക്കു് ഉറങ്ങാന്‍ കിട്ടുന്ന ദിവസങ്ങള്‍ അപൂര്‍വ്വമാണ്. ചില ദിവസങ്ങില്‍ ഒട്ടും ഉറക്കമില്ല. എങ്കിലും ഭക്തജനങ്ങള്‍ അമ്മയെ കാത്തിരിക്കുന്നു എന്നറിയുമ്പോള്‍ അമ്മ എല്ലാം മറന്നു് ഇറങ്ങിവരും. ആ സമയം അവിടുത്തെ മുഖത്തുനിന്നു് എല്ലാ ക്ഷീണവും ഓടിയകലും.