മക്കള്‍ ഇന്ന മാര്‍ഗ്ഗത്തിലൂടെത്തന്നെ മുന്നോട്ടുപോകണം എന്നു് അമ്മ നിര്‍ബ്ബന്ധിക്കുകയില്ല. ഏതും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടു്. ഒന്നു് ഒന്നില്‍നിന്നും ഭിന്നമാണു്, മേലെയാണു് എന്നു കരുതരുതു്. എല്ലാം നമ്മെ നയിക്കുന്നതു് ഒരേ സത്യത്തിലേക്കു മാത്രമാണു്.
എല്ലാ മാര്‍ഗ്ഗങ്ങളെയും ആദരിക്കുവാനും ബഹുമാനിക്കുവാനും നമുക്കു കഴിയണം. ഇഡ്ഡലിയും ദോശയും പുട്ടും മറ്റും വ്യത്യസ്തങ്ങളായിത്തോന്നുമെങ്കിലും എല്ലാം അരികൊണ്ടു നിര്‍മ്മിച്ചതാണു്. ഓരോരുത്തരുടെയും ദഹനശക്തിക്കും രുചിക്കും യോജിച്ചവ തിരഞ്ഞെടുക്കാം. ഏതു കഴിച്ചാലും വിശപ്പടങ്ങും.
അതുപോലെ, ജനങ്ങള്‍ വിവിധ സംസ്‌കാരവും അഭിരുചിയുമുള്ളവരാണു്. ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഓരോ മാര്‍ഗ്ഗവും വിഭിന്നമായി തോന്നുമെങ്കിലും എല്ലാത്തിൻ്റെയും സാരം ഒന്നുതന്നെ. എല്ലാം നയിക്കുന്നതും ഒരേ ലക്ഷ്യത്തിലേക്കുതന്നെ.