പരസ്പരം ആദരിക്കുകയും സ്‌നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്ത്രീ പുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേര്‍പെട്ടുകിടക്കുന്ന രണ്ടുകരകളെപ്പോലെയാകും.

സ്ത്രീക്കു പുരുഷനിലേക്കും പുരുഷനു സ്ത്രീയിലേക്കും കടന്നുചെല്ലാന്‍ വേണ്ടത്ര ധാരണാശക്തിയും മനഃപക്വതയും വിവേകബുദ്ധിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അതുണ്ടായില്ലെങ്കില്‍, അപശ്രുതിയും അവതാളവും അസ്വസ്ഥതയും സമൂഹജീവിതത്തിൻ്റെ മുഖമുദ്രകളാകും. അസമത്വചിന്തകള്‍ ഉള്ളില്‍ കുടികൊള്ളുന്നിടത്തോളം സമൂഹത്തിൻ്റെ വളര്‍ച്ചയും വികാസവും പാതി കൂമ്പിയ പുഷ്പംപോലെ എന്നും അപൂര്‍ണ്ണമായിരിക്കും. 

സ്ത്രീയെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു്, സമൂഹത്തിൻ്റെ പകുതി ബുദ്ധിയും ശക്തിയും ഒഴിവാക്കി, പകുതി മാത്രം ഉപയോഗിക്കുന്നതിനു തുല്യമാണു്. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെക്കൂടി ആത്മാര്‍ത്ഥമായി സഹകരിപ്പിച്ചാല്‍ സമൂഹത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചു പുരുഷവര്‍ഗ്ഗം ബോധവാന്മാരാവണം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകളും ആലോചനായോഗങ്ങളും ബോധവത്കരണ പരിപാടികളും ആവശ്യമാണു, സംശയമില്ല. പക്ഷേ, കേവലം ബൗദ്ധികമായി മാത്രം ചിന്തിച്ചതുകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതിൻ്റെ സ്ഥൂലവും സൂക്ഷ്മവുമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം.