ഭക്തിക്കു് ഇത്ര പ്രാധാന്യം നല്കുവാന്‍ മറ്റൊരു കാരണം, നമ്മള്‍ ഏതു ശീലമനുസരിച്ചു നീങ്ങിയോ സാധനയില്‍ അതനുസരിച്ചു മുന്നോട്ടു നീങ്ങിയാല്‍ വേഗം പുരോഗതി നേടാം. ചെറുപ്പം മുതലേ നമ്മള്‍ അമ്മയുടെ മടിയിലിരുന്നു സന്തോഷം നേടിയവരാണു്. കുറച്ചു വളര്‍ന്നപ്പോള്‍ സുഖവും ദുഃഖവും കൂട്ടുകാരോടു പറഞ്ഞു സന്തോഷം നേടി. പ്രായമെത്തിയപ്പോള്‍ ദുഃഖം പങ്കിടാന്‍ കൂട്ടുകാരി വന്നു. ഇങ്ങനെ ഓരോ സമയവും നമ്മള്‍ ഓരോരുത്തരില്‍ മനസ്സിനെ നിര്‍ത്തിയാണു മുന്നോട്ടു നീങ്ങിയതു്, സന്തോഷം നേടിയതു്.
അങ്ങനെയുള്ള ഒരു മനസ്സിനു പെട്ടെന്നു നിരാകാരത്തിലേക്കു് ഉയരാന്‍ പറ്റിയെന്നു വരില്ല. അതിനാല്‍ സാകാരരൂപമാണു കൂടുതല്‍ സൗകര്യം. ഈശ്വരന്‍ നിരാകാരനാണു്, നിര്‍ഗ്ഗുണനാണു് എന്നും മറ്റും ബുദ്ധികൊണ്ടു മനസ്സിലാക്കിയാല്‍ക്കൂടി സാഹചര്യങ്ങള്‍ വരുമ്പോള്‍ എല്ലാം മറക്കും.
സ്ഥിരമായി ഇടതുവശത്തു മഷിക്കുപ്പി വച്ചു് അതില്‍ പേന മുക്കി എഴുതിക്കൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം കുപ്പി വലതുവശത്തേക്കു മാറ്റിവച്ചു. കുപ്പി വലതുവശത്തേക്കു മാറ്റി എന്നറിയാമെങ്കില്‍ക്കൂടി കൈ പേനയുമായി ഇടത്തുഭാഗത്തേക്കായിരിക്കും പോകുക. കാരണം, അത്രയും നാളത്തെ ശീലം അയാളുടെ സ്വഭാവമായി മാറി. ഇതുപോലെ, ഓരോ ശീലവും നമ്മളെ തിന്നുകയാണു്. പെട്ടെന്നു മാറ്റുക സാദ്ധ്യമല്ല.
എന്തിലെങ്കിലും ചാരിനില്ക്കുക എന്ന മനസ്സിൻ്റെ ശീലം എത്രയോ കൊല്ലങ്ങളായി നമ്മള്‍ കൊണ്ടുനടന്നതാണു്. അതിനെ ആശ്രയിച്ചു മുന്നോട്ടു പോകുന്നതാണു സാധനയ്ക്കും പ്രയോജനം. മറ്റു പലതിനെ അപേക്ഷിച്ചും വേഗത്തില്‍ അന്തഃകരണശുദ്ധി നേടുവാന്‍ ഇതുകൊണ്ടു കഴിയും. അതിനാലാണു് ഇഷ്ടരൂപത്തെ ആശ്രയിച്ചു മുന്നോട്ടുപോകുവാന്‍ പറയുന്നതു്.
സമ്പത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും സ്ഥാനമാനങ്ങളിലും മറ്റു പലതിലും ബന്ധിച്ചു നില്ക്കുന്ന മനസ്സിനെ, അവയില്‍നിന്നെല്ലാം വിടര്‍ത്തി ഈശ്വരനുമായി മാത്രം ബന്ധിക്കുവാനാണു പറയുന്നതു്. അവയോടുള്ള ബന്ധവും ഭക്തിയുമെല്ലാം ഈശ്വരനോടാകട്ടെ.
ഇഷ്ടരൂപത്തിൻ്റെ മന്ത്രം നിരന്തരം ജപിക്കുന്നതുമൂലം നൂറു ചിന്ത കടന്നുപോകേണ്ട സമയത്തു് അതു പത്താക്കി കുറയ്ക്കുവാന്‍ സാധിക്കും. കൂടുതല്‍ കൂടുതല്‍ ജപം ചെയ്യുന്നതോടെ മനസ്സു് കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്പടികംപോലെ ആയിത്തീരും.
ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യൻ്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ നമ്മുടെ മനസ്സില്‍ പരമാത്മസ്വരൂപത്തെ തെളിഞ്ഞു കാണുവാന്‍ പറ്റും. ഈ മാര്‍ഗ്ഗം ദുര്‍ബ്ബലതയല്ല, പ്രാകൃതമല്ല. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഒരു കുറുക്കുവഴിയാണതു്.