നാം ദിവസവും ചൊല്ലുന്നതിനായി അമ്മ ചില മന്ത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിലൊന്നാണ് ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നത്. നിലവിലുള്ള ഏതെങ്കിലും വേദത്തിൽ ഇത് കാണുന്നില്ലെങ്കിലും, വേദങ്ങളുടെ സാർവ്വലൗകികമായ അന്തഃസത്ത ഈ മന്ത്രത്തിൽ അടങ്ങിയിട്ടുണ്ട്.1 ഇതിന്റെ സാന്ദർഭികതയും സാരവും നമുക്കൊന്ന് വിശകലനം ചെയ്യാം.

ശ്ലോകത്തിന്റെ പൂർണരൂപം ഇതാണ് :

സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹിം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തിഃ

ജനങ്ങൾ സംരക്ഷിക്കപ്പെടട്ടെ ;
നേരായ മാർഗത്തിലൂടെ രാജാക്കന്മാർ ഭൂമി ഭരിക്കട്ടെ;
പശുക്കൾക്കും ബ്രാഹ്മണർക്കും നല്ലതു വരട്ടെ;
എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ;
എല്ലായിടത്തും ശാന്തി കളിയാടട്ടെ !

ഈ ശ്ലോകം സർവ്വജീവരാശിക്കുമുള്ള അനുഗ്രഹവും പാരസ്പര്യത്തിനായുള്ള പ്രചോദനവും ആണ്. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു പൗരാണികകാലത്തെ സാമൂഹികഘടനയും ഭരണവും. അതുകൊണ്ട് ഈ ശ്ലോകത്തിന്റെ വരികൾക്കിടയിലെ അർത്ഥമാണ് നാം തേടേണ്ടത്തിരയേണ്ടത്; കേവലം വാച്യാർത്ഥമല്ല; ലക്ഷ്യാർത്ഥമാണ്.

ശാന്തിയും സമാധാനവും നിലനിൽക്കണമെങ്കിൽ രാജാക്കന്മാർ അതായത് രാഷ്ട്രീയക്കാരും നേതാക്കന്മാരും അവരവരുടെ വിഷയങ്ങളിൽ ആരോഗ്യപരമായ സമീപനം കൈക്കൊള്ളുകയും ധർമ്മത്തിനെ അടിസ്ഥാനമാക്കി ഭരിക്കുകയും വേണം. എന്നാൽ, ശോചനീയമെന്നേ പറയേണ്ടു, ഇന്ന് ഇത്തരത്തിൽ കാണുക ദുഷ്‌ക്കരം പ്രത്യേകിച്ചും, അധികാരവും സമ്പത്തും ഭരണയന്ത്രത്തെ നിയന്ത്രിക്കുമ്പോൾ. അതേസമയം അമ്മയുടെ വചനങ്ങൾ സ്വാധീനിച്ച ലോകത്തിലെ നിരവധി രാഷ്ട്രീയക്കാർ ആശയുടെ അവസാനവെട്ടമായി നമുക്കു മുന്നിൽ ജ്വലിക്കുന്നു.

ബ്രഹ്മത്തെ അറിഞ്ഞവനാണ്, അഥവാ അതിനായി ജീവിതം ഉഴിഞ്ഞുവെച്ചവനാണ് ബ്രാഹ്മണൻ. ജീവിതത്തിന്റെ അന്തർധാര സമൂഹത്തെ പഠിപ്പിക്കുന്നത് ഇത്തരം നിസ്വാർത്ഥികളാണ്. രാഷ്ട്രീയനേതൃത്വം അടക്കമുള്ള സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും നയിക്കുന്നത് ഇവരാണ്. സമൂഹത്തെ നിസ്വാർത്ഥമായി സേവിക്കുക എന്നത് സ്വധർമ്മമായി സ്വീകരിച്ചവരാണ് ബ്രാഹ്മണർ. അതുകൊണ്ട് സുദൃഢവും സുശോഭനവുമായ ഒരു സമൂഹത്തിന്റെ നിലനിൽപിന് ബ്രാഹ്മണരുടെ സുസ്ഥിരതയും അത്യാവശ്യമത്രേ. ഇന്നു കാണുന്ന തരത്തിലുള്ള പാരമ്പര്യാധിഷ്ഠിതമായ മേധാവിത്വമായിരുന്നില്ല, അന്ന് ഋഷി ഈ ശ്ലോകത്തിലൂടെ കൽപിച്ചിരിക്കുക.

ജനനംകൊണ്ടല്ല ഒരാൾ ബ്രാഹ്മണനാകുന്നത് എന്നതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസന്റെ കഥ തന്നെ ഉദാഹരണം. ഒരു മുക്കുവസ്ത്രീയിൽ പിറന്ന അദ്ദേഹത്തെ ലോകത്തിലെ മഹാഋഷിമാരിൽ ഒരാളായി കണക്കാക്കുന്നു. അദ്ദേഹം വേദത്തെ ക്രോഡീകരിച്ച് ലോകപ്രശസ്തമായ ഗ്രന്ഥങ്ങൾ രചിച്ചു. അതിൽ അതിപ്രസിദ്ധങ്ങളാണല്ലോ മഹാഭാരതവും ശ്രീമദ് ഭാഗവതവും അതുപോലെ ബ്രഹ്മസൂത്രവും.

അമ്മ പിറന്നത് മുക്കുവക്കുടിലിലാണ്. നാലാം ക്ലാസുവരെയാണ് വിദ്യാഭ്യാസം. മലയാളം മാത്രമേ സംസാരിക്കൂ. മാത്രമല്ല, പുരാണങ്ങളൊന്നും പഠിച്ചിട്ടേയില്ല. എന്നിട്ടും സാധാരണക്കാർക്കുകുടി മനസ്സിലാകുന്ന തരത്തിൽ സത്യത്തെ ലളിതമായി നിർവ്വചിക്കുന്നു. ഉദാ: ”സത്തിനെ അറിഞ്ഞവന് ലോകം സ്വത്ത്” അമ്മയുടെ ബ്രാഹ്മണ്യത്തെ ആർക്കാണ് ചോദ്യം ചെയ്യാനാവുക ? ആത്മബുദ്ധികൊണ്ട് അമ്മ ലോകത്തെ നയിക്കുന്നു, വലിയ സദസ്സുകളെ, ഐക്യരാഷ്ട്രസഭയിൽ പോലും അഭിസംബോധന ചെയ്യുന്നു.

ഈ പ്രാർത്ഥനയിൽ പശുക്കളെങ്ങിനെ വന്നെന്ന് അദ്ഭുതപ്പെട്ടേക്കാം ”എന്നെപ്പോലുള്ള ഒരാധുനിക മനുഷ്യന് പശുക്കളെകൊണ്ടെന്തു കാര്യം? എന്റെ ബി.എം.ഡബ്ലിയു നന്നായിരിക്കാൻ പ്രാർത്ഥിച്ചാൽ പോരെ?”. ചോദ്യം കൊള്ളാം. പക്ഷേ പൗരാണികർ ഭാഷയെ നമ്മളെപ്പോലെ ഏകാർത്ഥത്തിലല്ല ഉപയോഗിച്ചത്. ഏതെങ്കിലും മന്ത്രത്തെ അഗാധമായി ധ്യാനിക്കുമ്പോൾ, ഒരായിരം അർത്ഥം തെളിഞ്ഞുവരുന്നതു കാണാം. ‘പശു’ ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകമാണ്. ഇന്നത്തെ ബാങ്ക് അക്കൗണ്ടിന് തുല്യമായി അന്ന് പശുക്കളെ കണക്കാക്കിയിരുന്നു. ഒരാൾക്ക് എത്ര പശുക്കളുണ്ടെന്ന് നോക്കിയായിരുന്നു അയാളുടെ സമ്പത്ത് കണക്കു കൂട്ടിയിരുന്നത്. കൂടാതെ, പാൽവിൽപന സമൂഹത്തിലെ നല്ലൊരു ഭാഗം ജനങ്ങളുടേയും ജീവിതമാർഗവുമായിരുന്നു. ഹോമം പോലുള്ള അനുഷ്ഠാനങ്ങൾക്കും മറ്റും കൂടുതലായി ഉപയോഗിക്കുന്ന നെയ്യും ഉൽപാദിപ്പിക്കേണ്ടിയിരുന്നു. അങ്ങിനെ അഭിവൃദ്ധിയുടെ പ്രതീകമായി, പശു.

ഭ്രാന്തിപശുരോഗങ്ങൾ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് ഈ മന്ത്രത്തിന് ഒന്നുകൂടി പ്രസക്തിയുണ്ട്. പശുക്കളെപ്പോലുള്ള മൃഗങ്ങളോടുള്ള അവഗണന മനുഷ്യസമൂഹത്തേയും ബാധിക്കും. മനുഷ്യകുലവും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയും ഈ മന്ത്രത്തിൽ ഉരുക്കഴിയുന്നു. മൃഗസാമ്രാജ്യത്തിന്റെ മുഴുവൻ പ്രതിനിധിയാണ് പശു. സംസ്‌കൃതത്തിലെ ‘ഗോ’വിന് ഒരുപാട് അർത്ഥങ്ങളുണ്ട്. ഭൂമി, അമ്മ എന്നിവ അതിലുൾപ്പെടുന്നു. അതിനാൽ, ഭുമാതാവിന്റെ നന്മയും കൂടി ഈ മന്ത്രത്തിൽ വിവക്ഷിക്കുന്നുണ്ട്.

ഈ മന്ത്രത്തിലൂടെ ഋഷി സർവ്വലോകങ്ങൾക്കും2 വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ഇതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് അമ്മ നമ്മെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സ്വാർത്ഥതാൽപര്യങ്ങളില്ലാതെ ലോകത്തിന്റെ നന്മക്കുവേണ്ടി പ്രാർത്ഥിക്കാനാണ് അമ്മ ഉപദേശിക്കുന്നത്. പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഹൃദയം വിശാലമാകും. ഇത്തരത്തിലുള്ള പ്രാർത്ഥനയിലൂടെ അഹങ്കാരത്തിന്റേതായ പാളികൾ ഭേദിച്ച്, നമ്മുടെ യഥാർത്ഥ സത്തയുമായി നമുക്ക് കൂടിച്ചേരാനാകും. മാത്രവുമല്ല, നമ്മളും ഈ ലോകത്തിന്റെ ഭാഗമായതുകൊണ്ട് ഈ പ്രാർത്ഥനയുടെ ഫലം നമുക്കും ലഭിക്കുന്നു.

അമ്മയുടെ ജീവിതം മുഴുവനും ലോകത്തിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ഈ മന്ത്രത്തിന്റെ കർമ്മസാക്ഷാത്ക്കാരമാണ് അമ്മ. പ്രാർത്ഥന മാത്രമല്ല, അതുപോലെ ജീവിച്ച് സാക്ഷ്യപ്പെടുത്തലാണ് യഥാർത്ഥവീക്ഷണമെന്ന് അമ്മ ബോദ്ധ്യപ്പെടുത്തുന്നു.

അടുത്ത പ്രാവശ്യം ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന മന്ത്രം ചൊല്ലുമ്പോൾ, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും വേണ്ടിയാണെന്ന് ഓർക്കുകയും ഈ മന്ത്രത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുക.

ശാന്തിയും സന്തോഷവും എന്നെന്നും എല്ലായിടവും നിലനിൽക്കട്ടെ.

ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

– വേദരത്
———————–
1.1008 വേദശാഖകളിൽ പലതും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ഏതിലെങ്കിലും ഉള്ളതായിരിക്കാം ഈ മന്ത്രം. അതല്ലെങ്കിൽ, തിർച്ചയായും ഏതെങ്കിലും മഹാത്മാവിൽ നിന്നോ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നോ ജന്മം കൊണ്ടതാവാനും മതി.

2.പതിനാല് ലോകങ്ങളുണ്ടെന്നാണ് പൗരാണികസങ്കൽപം. ഏഴെണ്ണം നമുക്കു മുകളിലും ഏഴെണ്ണം താഴേയും. ഭുവിന്റെ മുകളിലായി ഭുവ, സ്വ, മഹർ, ജന, തപ, സത്യ(ബ്രഹ്മ)ലോകങ്ങളും, താഴെ അതലം, വിതലം, സതലം, രസാതലം, തലാതലം, മഹാതലം, പാതാല(ള)ം. മൂന്നു മേഖലകൾസ്വർഗം, ഭൂമി, നരകം. അതാണ് പുരാണങ്ങളിൽ കാണുന്ന മൂന്നു ലോകങ്ങളുടേയും അധിപതി എന്ന വിശേഷണം. പതിനാലു ലോകങ്ങളെ അംഗീകരിക്കുവാൻ പ്രയാസമുള്ളവർക്ക് അദൃശ്യജീവികൾ, പ്രാണികൾ, മൃഗങ്ങൾ, വൃക്ഷലതാദികൾ, മനുഷ്യർ എന്നിവരുടേതായ അസംഖ്യം ലോകത്തെ ഉൾക്കൊള്ളുകയുമാകാം.