ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)
വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്കണം. അല്ലെങ്കില്‍ നശിച്ചുപോകും. പട്ടിണിക്കു കാരണമാകും. പട്ടിണിയെക്കുറിച്ചോര്‍ത്തപ്പോള്‍ അവനില്‍ ശ്രദ്ധ വന്നു. വിവേകവൈരാഗ്യങ്ങള്‍ ഉണര്‍ന്നു. അങ്ങനെ ഒരു വിത്തു് ആയിരക്കണക്കിനു ഫലങ്ങളും വിത്തുകളും നല്കുന്ന വന്‍വൃക്ഷമായി മാറി. പട്ടിണിയെക്കുറിച്ചുള്ള പേടി; ശ്രദ്ധയോടെ കര്‍മ്മം ചെയ്യുവാനുള്ള പ്രേരണ നല്കി ഈശ്വരനോടുള്ള ഭയഭക്തിയും ഇതു പോലെയാണു്. വിവേകപൂര്‍വ്വം കര്‍മ്മംചെയ്യുവാന്‍ അതു മനുഷ്യനു പ്രേരണ നല്കുന്നു. ആ ഭയം നമ്മളെ സുരക്ഷിതസ്ഥാനത്തേക്കു് എത്തിക്കുകയാണു ചെയ്യുന്നതു്.
എന്നാല്‍ പ്രധാനമായ വ്യത്യാസം ഇതാണു്. മറ്റെല്ലാ ഭയങ്ങളും മനസ്സിന്റെ ശാന്തി കെടുത്തുമ്പോള്‍ ഈശ്വരനോടുള്ള ഭയഭക്തി ശാന്തി കൈവരുത്തുകയാണു ചെയ്യുന്നതു്. ഈശ്വരഭക്തിയുള്ളവന്‍ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലെ നിശ്ചിന്തനും സന്തോഷവാനുമാണു്. എന്നാല്‍ അവന്‍ തെറ്റിലേക്കു പോകുന്നില്ല. അവന്റെ കര്‍മ്മം തനിക്കുവേണ്ടിയല്ല; ഈശ്വരപ്രീതിക്കാണു്. അത്തരം കര്‍മ്മങ്ങള്‍ സമസ്ത ജീവരാശികള്‍ക്കും ഹിതകരമായിരിക്കും. സ്വര്‍ഗ്ഗം എവിടെയാണെന്നു ചോദിച്ചാല്‍ അമ്മ പറയും, ജോലിയുള്ളിടത്താണെന്നു്. ജോലി എവിടെയുണ്ടോ; അവിടം സ്വര്‍ഗ്ഗമാണു്, ജോലിയില്ലാത്തിടം നരകവും. പക്ഷേ കര്‍മ്മം ധര്‍മ്മം അനുസരിച്ചുള്ളതായിരിക്കണമെന്നു മാത്രം. അങ്ങനെ ധര്‍മ്മാനുസൃതമായി കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയാണു മതം ചെയ്യുന്നതു്.
അവിടുന്നു കൃപ സദാ ചൊരിയുന്നുണ്ടു്. അതു നമ്മള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണു മതം പറയുന്നതു്. പകല്‍സമയം കതകടച്ചു് ഉള്ളിലിരുന്നിട്ടു്, ഇരുട്ടാണെന്നുപറഞ്ഞു് സൂര്യനെ പഴിച്ചിട്ടു കാര്യമില്ല. കതകു തുറന്നു്, പ്രകാശത്തിന്റെ ലോകത്തേക്കിറങ്ങി വരാന്‍ പറയുന്നു. അതിനു് ഈശ്വരന്‍ തന്ന ആരോഗ്യവുമുണ്ടു്. ചിലര്‍ പറയും; നമ്മുടെ വാസനകളെ പിടിച്ചമര്‍ത്താന്‍ പാടില്ല; വാസനയ്ക്കനുസരിച്ചു നീങ്ങണം എന്നു്. ഒരുവനിഷ്ടം അയലത്തുകാരനെ കൊല്ലുന്നതിലായിരിക്കും. ആ വാസനയ്ക്കനുസരിച്ചു് അവന്‍ നീങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും ഫലം? അപ്പോള്‍ വാസനകളെ ശരിയായ പാതയില്‍ തിരിച്ചുവിടാന്‍ കഴിയണം. അതിനാണു് ഈശ്വരനോടു ഭയഭക്തി വേണം എന്നു പറയുന്നതു്.
(തുടരും…..)