ചോദ്യം : യമനിയമങ്ങളും ധ്യാനവും സേവനവും ഒന്നും കൂടാതെതന്നെ ശാസ്ത്രപഠനംകൊണ്ടു മാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയില്ലേ?

അമ്മ: ശാസ്ത്രപഠനത്തിലൂടെ ഈശ്വരനിലെത്തുവാനുള്ള വഴി അറിയാന്‍ കഴിയും. ശാസ്ത്രം പഠിക്കുന്നതിലൂടെ നമുക്കു് ആത്മതത്ത്വത്തെക്കുറിച്ചു മനസ്സിലാക്കാം. എന്നാല്‍ വഴി അറിഞ്ഞതുകൊണ്ടു മാത്രം ലക്ഷ്യത്തിലെത്തുവാന്‍ പറ്റില്ല. നാട്ടിലെങ്ങും കിട്ടാത്ത ഒരു സാധനം ഒരാള്‍ക്കു് ആവശ്യമായി വന്നു. അന്വേഷണത്തില്‍ അതു കിലോമീറ്ററുകള്‍ അകലെയുള്ള ഒരു നാട്ടില്‍ ലഭിക്കും എന്നറിഞ്ഞു. ഭൂപടം നോക്കി, അവിടേക്കു പോവാനുള്ള വഴികളെല്ലാം മനസ്സിലാക്കി. കടയുടെ സ്ഥാനവും അറിഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും വേണ്ട സാധനം ലഭിക്കില്ല. അതു സ്വന്തമാക്കണമെങ്കില്‍ അവിടെ പോകുകതന്നെ വേണം.
മരുന്നുകട കായലിനക്കരെയാണുള്ളതു്. ബോട്ടില്‍ക്കയറി, അക്കരെയെത്തി. എന്നാല്‍ ആള്‍ ബോട്ടില്‍നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. അവിടെത്തന്നെയിരിക്കുകയാണു്. കടയില്‍ ചെന്നു മരുന്നു വാങ്ങുന്നില്ല. ചിലര്‍ ഇതുപോലെയാണു്. മാര്‍ഗ്ഗത്തെ വിടാന്‍ താത്പര്യമില്ല. അക്കരെയെത്തിയാലും വള്ളത്തിലെ പിടിവിടില്ല. മാര്‍ഗ്ഗത്തിലൂടെ പുരോഗമിക്കുന്നതിനു പകരം മാര്‍ഗ്ഗത്തെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നതു്, ബന്ധനത്തിനേ കാരണമാകൂ.

ശാസ്ത്രപഠനം, ഈശ്വരനെ അറിയാനുള്ള മാര്‍ഗ്ഗം തെളിച്ചു തരുന്നു. ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു്, സാധനാനുഷ്ഠാനങ്ങളിലൂടെ അവിടുത്തെ പ്രാപിക്കുക എന്നതു്, നമ്മുടെ കടമയാണു്. ശാസ്ത്രം പഠിച്ചതുകൊണ്ടു മാത്രമായില്ല. ഏതിനെയും നമിക്കുന്ന ഭാവം നമ്മില്‍ വളരണം, നമ്മുടെ തല കുനിയണം. ഇപ്പോള്‍ നമ്മിലുള്ളതു ‘ഞാന്‍ഭാവ’മാണു്. നെല്ലില്‍ കതിരു വിളയുമ്പോള്‍ അതു താനെ കുനിയും. തെങ്ങില്‍ മച്ചിങ്ങ മൂത്തു തേങ്ങയാകുമ്പോള്‍ അതു കുനിയും; അതുവരെ അതു് ഉയര്‍ന്നുതന്നെ നില്ക്കും. ഇതൊക്കെ നമ്മളെ പഠിപ്പിക്കുന്നതു്, അറിവു പൂര്‍ണ്ണമാകുമ്പോള്‍, എവിടെയും വിനയം സ്വാഭാവികമായി വരുമെന്നാണു്. ശാസ്ത്രപഠനം, പുരയിടം സംരക്ഷിക്കാനുള്ള മതിലു മാത്രമേയാകുന്നുള്ളൂ. മതിലുകൊണ്ടു ഫലം കിട്ടില്ല. ഫലം വേണമെങ്കില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണം. വൃക്ഷത്തൈയുടെ സംരക്ഷണത്തിനു മതിലാവശ്യമാണു്. പക്ഷേ, ഫലം കിട്ടാന്‍, തൈ നട്ടുവളര്‍ത്തുകതന്നെ വേണം. മതിലു കെട്ടിയതുകൊണ്ടു മാത്രം വെയിലും മഴയുമേല്ക്കാതെ താമസിക്കാന്‍ പറ്റില്ല. സുഖമായി താമസിക്കണമെങ്കില്‍ വീടു കെട്ടണം. അതുപോലെ ശാസ്ത്ര പഠനംകൊണ്ടു മാത്രമായില്ല. യമനിയമങ്ങളും ധ്യാനജപാദി സാധനകളും ആവശ്യമാണു്.

ഈശ്വരനോടു പരമപ്രേമം വന്നു കഴിഞ്ഞാല്‍ പിന്നെ യമനിയമങ്ങളുടെ ആവശ്യമില്ല. കാരണം, അവിടുത്തെ പ്രേമത്തിനു മുന്നില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാകും. അങ്ങനെയുള്ളവരുടെ മുന്നില്‍ ഭഗവാന്‍ മാത്രമേയുള്ളൂ. അവര്‍ക്കു്, പ്രപഞ്ചത്തില്‍ ഭഗവാനെയല്ലാതെ മറ്റൊന്നുംതന്നെ കാണുവാന്‍ കഴിയില്ല. ഈയാംപാറ്റ തീയ്ക്കുള്ളില്‍ വീണു തീനാളമായി മാറുന്നതുപോലെ അവിടുത്തെ പ്രേമത്തില്‍, ഭക്തന്‍, ഭഗവദ്‌സ്വരൂപമായി മാറുന്നു. താനും പ്രപഞ്ചവുമെല്ലാം എല്ലാംതന്നെയും ഭഗവാന്‍ മാത്രം. അങ്ങനെയുള്ളവര്‍ക്കു് എന്തു യമനിയമങ്ങള്‍?

സാധരണക്കാരന്‍ വെറും ഒരു പോസ്റ്റ് ആണെങ്കില്‍, തപസ്വി ട്രാന്‍സ്‌ഫോര്‍മര്‍ ആണു്. ധ്യാനത്തിലൂടെ അത്രയും ശക്തി നേടുവാന്‍ തപസ്വിക്കു കഴിയുന്നു. ധ്യാനത്തിലൂടെ ഒരുവന്‍ പൈപ്പു പോലെ ആയിത്തീരുന്നു എന്നു പറയാം. ടാങ്കു നിറയെ വെള്ളമുണ്ടെങ്കിലും ജനങ്ങള്‍ക്കു പ്രയോജനപ്രദമാകുന്നതു്, അതു പൈപ്പിലൂടെ ഒഴുകിയെത്തുമ്പോഴാണു്. അതുപോലെ തപസ്വി, താന്‍ ബ്രഹ്മം എന്നു പറഞ്ഞിരിക്കുകയല്ല ചെയ്യുന്നതു്. തപസ്വിയുടെ കാരുണ്യത്തിലൂടെ ഈശ്വരശക്തി ലോകത്തിനു് ഉപകാരപ്രദമായിത്തീരുന്നു.