ദേവീഭാവദര്‍ശനം തീര്‍ന്നതായി അറിയിച്ചുകൊണ്ടു് ശംഖനാദം മുഴങ്ങി, ക്ലോക്കില്‍ മണി രണ്ടടിച്ചു. പകല്‍ മുഴുവന്‍ കായല്‍ നികത്തുന്നതിനു മണ്ണു ചുമക്കുന്ന ജോലിയിലായിരുന്നു ആശ്രമാന്തേവാസികള്‍. അവര്‍ക്കു് ഉത്സാഹം പകര്‍ന്നുകൊണ്ടു രാവിലെ അമ്മയും ജോലിയില്‍ പങ്കുചേര്‍ന്നിരുന്നു. പകല്‍ കുടിലില്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്കിക്കഴിഞ്ഞു കഷ്ടിച്ചു രണ്ടുമണിക്കൂറിനു ശേഷം അഞ്ചുമണിക്കു ഭജനയ്ക്കു കയറിയ അമ്മയ്ക്കു് ഇപ്പോഴാണു് അവസാനത്തെ ആളിനും ദര്‍ശനം നല്കിക്കഴിഞ്ഞു് എഴുന്നേല്ക്കുവാന്‍ സാധിച്ചതു്. ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകാതെ നേരെ കായല്‍ക്കരയിലേക്കാണു് അമ്മ നടന്നതു്. കൊണ്ടുവന്നിറക്കിയ മണല്‍ മുഴുവന്‍ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ അടുത്ത വള്ളത്തില്‍ മണലെത്തും. അമ്മയോടൊപ്പം മണ്ണു ചുമക്കാന്‍ ആശ്രമവാസികളും ഭക്തജനങ്ങളും ഓടിയെത്തി.
അമ്മയെ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കു് ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഈ അദ്ധ്വാനം ഒട്ടും പുത്തരിയല്ല. പക്ഷേ, എന്നാല്‍ ജര്‍മ്മനിയില്‍നിന്നും ആദ്യമായി അമ്മയെ കാണാനെത്തിയ മാര്‍ക്കിനു് ഈ കാഴ്ച സഹിക്കാനായില്ല പല പ്രാവശ്യം അമ്മയുടെ കൈയില്‍നിന്നു മണല്‍ നിറച്ച ചാക്കു പിടിച്ചു പറ്റാന്‍ ശ്രമിച്ചു. അമ്മയുണ്ടോ വിട്ടുകൊടുക്കുന്നു! ജോലിക്കിടയില്‍ അല്പം ഒഴിവു കണ്ടെത്തി അമ്മ മാര്‍ക്കിനെ അടുത്തു വിളിച്ചു. അമ്മയുടെ ശ്രീവദനത്തില്‍ കണ്ണു പതിക്കേണ്ട താമസം മാര്‍ക്കിൻ്റെ കണ്ണു നിറഞ്ഞു.
”മോനെ കണ്ടിട്ടു് ഇതുവരെ അമ്മയ്‌ക്കൊന്നു മിണ്ടാന്‍ സമയം കിട്ടിയില്ല. മോനു വിഷമമുണ്ടോ?” അമ്മ ചോദിച്ചു.
”അമ്മ മിണ്ടാത്തതിലല്ല എനിക്കു വിഷമം. അമ്മയും മക്കളും ഇങ്ങനെ കഷ്ടപ്പെടുന്നതു കാണുന്നതാണു സങ്കടം. അമ്മ അനുഗ്രഹിച്ചാല്‍ എൻ്റെ സ്വത്തെല്ലാം ഇവിടെ തരാം. അമ്മ ഇങ്ങനെ രാത്രിയും പകലും ജോലി ചെയ്തു കഷ്ടപ്പെടാതെ വിശ്രമിച്ചാല്‍ മതി.” മാര്‍ക്കിൻ്റെ ഉത്തരം കേട്ടു് അമ്മ ചിരിച്ചു.
അമ്മ: മോനേ, ഇതാശ്രമമാണു്. സുഖവാസകേന്ദ്രമല്ല. ഇവിടം ത്യാഗികള്‍ക്കുള്ള സ്ഥലമാണു്. ആശ്രമവാസി എന്നുവച്ചാല്‍ ആ ആദര്‍ശത്തിനുവേണ്ടി ശ്രമം ചെയ്യുന്നവന്‍ എന്നാണര്‍ത്ഥം. ആദ്ധ്യാത്മികം ഇഷ്ടപ്പെടുന്നവര്‍ക്കു് ഇവിടം സ്വര്‍ഗ്ഗമാണു്. ഇവിടുത്തെ മക്കള്‍ എത്ര കാലമായി ഇങ്ങനെ അദ്ധ്വാനിച്ചു ജീവിക്കുന്നു. അവര്‍ക്കിതൊന്നും ഒരു കഷ്ടപ്പാടായി തോന്നാറില്ല. അവരു വന്നപ്പോഴേ അമ്മ പറഞ്ഞിട്ടുണ്ടു്, നിങ്ങള്‍ ഒരു മെഴുകുതിരിപോലെ ആയിത്തീരണം എന്നു്. മെഴുകുതിരി സ്വയം ഉരുകി മറ്റുള്ളവര്‍ക്കു പ്രകാശം കൊടുക്കുന്നു. അതുപോലെ നമ്മുടെ ത്യാഗമാണു ലോകത്തിൻ്റെ പ്രകാശം. നമ്മുടെ ആത്മാവിൻ്റെ പ്രകാശം.