ചോദ്യം : ദുഃഖത്തില്‍നിന്നു് എങ്ങനെ മോചനം നേടാം?
അമ്മ: ആദ്ധ്യാത്മികചിന്ത ഉള്‍ക്കൊണ്ടു ജീവിതം നയിക്കുന്നവര്‍ക്കു ദുഃഖം ഉണ്ടാകാറില്ല.
കൈ മുറിയുമ്പോള്‍ ഇരുന്നു കരഞ്ഞതുകൊണ്ടു പ്രയോജനമുണ്ടോ? വേഗം മരുന്നു വയ്ക്കണം. അല്ലാതെ കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പഴുക്കും. ചിലപ്പോള്‍ സെപ്റ്റിക്കായി മരിച്ചെന്നും വരാം. ഒരാള്‍ നമ്മെ ചീത്ത പറയുന്നു. നമ്മള്‍ മാറിയിരുന്നു കരയുന്നു. അതു സ്വീകരിച്ചതുകൊണ്ടു ദുഃഖമായി. സ്വീകരിച്ചില്ലെങ്കില്‍ അതവര്‍ക്കുതന്നെയായിരിക്കും. അതുകൊണ്ടു് അവയെ നമ്മള്‍ തള്ളിക്കളയണം. ഇങ്ങനെ വിവേകപൂര്‍വ്വം നീങ്ങിയാല്‍ നമുക്കു ദുഃഖത്തില്‍നിന്നു മോചനംനേടാം. കൈ മുറിഞ്ഞാല്‍ മരുന്നുവയ്ക്കാതെ എങ്ങനെ മുറിഞ്ഞു, ഏതു കത്തികൊണ്ടു മുറിഞ്ഞു എന്നും മറ്റും ആലോചിച്ചു നിന്നതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്?
ഒരാളെ പാമ്പു കടിച്ചു. അയാള്‍ വേഗം വീട്ടില്‍ച്ചെന്നു പുസ്തകമെടുത്തു് എന്തു ചികിത്സയാണു ചെയ്യേണ്ടതെന്നു പഠിക്കുകയാണു്. പക്ഷേ, മരുന്നു കണ്ടെത്തുന്നതിനു മുന്‍പു് ആളു മരിച്ചു. പാമ്പു കടിച്ചാല്‍ എത്രയും വേഗം പ്രതിവിധി ചെയ്യണം. അതിനു ശ്രമിക്കാതെ പാമ്പിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആളു മരിക്കും. ദുഃഖമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചോര്‍ത്തു തളരാതെ ദുഃഖത്തെ അതിജീവിക്കാനാണു ശ്രമിക്കേണ്ടതു്. തത്ത്വങ്ങളറിഞ്ഞു് അതു് അനുഭവത്തില്‍ വരുത്തിയ ഗുരുക്കന്മാരുണ്ടു്. അവരുടെ വാക്കനുസരിച്ചു നീങ്ങിയാല്‍ ശാസ്ത്രങ്ങളില്‍ പറയുന്നവിധം ജീവിച്ചാല്‍ ഏതു സാഹചര്യത്തിലും നമുക്കു തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഭൗതികവിദ്യയെക്കാള്‍ ഉപരി ജീവിതത്തില്‍ അവശ്യം പകര്‍ത്തേണ്ട വിദ്യയാണു് ആത്മവിദ്യ. ഈ ലോകത്തില്‍ എങ്ങനെ ജീവിക്കണം എന്നു് അതു പഠിപ്പിക്കുന്നു. ആ വിദ്യ ജീവിതത്തില്‍ പകര്‍ത്താത്തിടത്തോളം നമ്മളെല്ലാം നരകലോകത്തിലേക്കായിരിക്കും പോവുക ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും. ഈ ലോകത്തു് എങ്ങനെ ശാന്തി അനുഭവിക്കാം, എങ്ങനെ അപകടങ്ങളില്‍പ്പെടാതെ ജീവിതം നയിക്കാം എന്നു പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. മനസ്സിന്റെ ഡോക്ടര്‍മാരാണു ഗുരുക്കന്മാര്‍.