ചോദ്യം : അദ്വൈതഭാവത്തില്‍ ഒരാളിനു് എപ്പോഴും നില്ക്കാന്‍ സാധിക്കുമോ? സമാധിയില്‍ മാത്രമല്ലേ അതു സാധിക്കൂ? സമാധിയില്‍നിന്നു് ഉണര്‍ന്നാല്‍ ദ്വൈതപ്രപഞ്ചത്തിലേക്കല്ലേ വരുന്നതു്?
അമ്മ: നിങ്ങളുടെ കാഴ്ചയില്‍ അവര്‍ ദ്വൈതത്തിലാണു്. പക്ഷേ, അവര്‍ ആ അനുഭൂതിയില്‍ത്തന്നെയാണു്. അരിപ്പൊടിയുടെ കൂടെ ശര്‍ക്കര ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ശര്‍ക്കരയും പൊടിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റില്ല. മധുരം മാത്രമേയുള്ളൂ. അതുപോലെ അദ്വൈതഭാവത്തില്‍ എത്തിയാല്‍, ആ അനുഭൂതിതലത്തിലെത്തിയാല്‍ അവരതായിത്തീരുകയാണു്. പിന്നെ അവരുടെ ലോകത്തില്‍ രണ്ടില്ല. അവരുടെ വ്യവഹാരമെല്ലാം അദ്വൈതാനുഭവത്തിൻ്റെ വെളിച്ചത്തിലായിരിക്കും.
പൂര്‍ണ്ണജ്ഞാനികള്‍ നീറ്റുകക്കപോലെയാണു്, കരിഞ്ഞ കയറു പോലെയാണു്. കാണുമ്പോള്‍ അവയ്ക്കു രൂപമുണ്ടു്. തൊട്ടാലതു നഷ്ടമാകും. കാഴ്ചയില്‍ അവരുടെ പ്രവൃത്തികള്‍ സാധാരണക്കാരുടെതുപോലെ തോന്നും. പക്ഷേ, അവര്‍ സദാ ആത്മാവില്‍ത്തന്നെ രമിക്കുന്നു. അവര്‍ ആത്മസ്വരൂപംതന്നെയാണു്.
ചോദ്യം : അദ്വൈതാനുഭവം ഒന്നു വിവരിക്കാമോ?
അമ്മ: പഞ്ചസാര കഴിച്ചിട്ടു് എത്ര മധുരം എന്നു പറയാന്‍ പറ്റാത്തതുപോലെ അതു വാക്കിനതീതമാണു്. വാക്കുകള്‍ക്കതീതമാണു് അനുഭൂതി. അതു വിവരിക്കാന്‍ കഴിയുന്നതല്ല. ആഹാരം കഴിച്ചാല്‍ അതിൻ്റെ ഗുണം പിന്നീടു കാണുന്നില്ലേ? ഉറക്കത്തിൻ്റെ ഫലം ഉണരുമ്പോഴുള്ള ഉന്മേഷവും ശാന്തിയുമാണു്. അതുപോലെ സമാധിയിലെ ആ ശാന്തി ഉണര്‍ന്നുകഴിഞ്ഞാലും നിലനില്ക്കുന്നു.