ചോദ്യം : അമ്മേ, മോക്ഷം എന്നാലെന്താണു്? (…..തുടർച്ച)

മനസ്സിലെ സംഘര്‍ഷംമൂലം ഇന്നു നമുക്കു ശാന്തി അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ മനസ്സിന്‍റെ വിദ്യകൂടി മനസ്സിലാക്കിയിരിക്കണം.

അതാണു് ആദ്ധ്യാത്മികവിദ്യ, അഗ്രിക്കള്‍ച്ചര്‍ പഠിച്ചവനു വൃക്ഷം നട്ടു വളര്‍ത്തുവാന്‍ പ്രയാസമില്ല. ശരിക്കു വളര്‍ത്തുവാനും അതിനെന്തു കേടുവന്നാലും ശുശ്രൂഷിച്ചു മാറ്റുവാനും കഴിയും. എന്നാല്‍ ഇതൊന്നുമറിയാതെ കൃഷി ചെയ്താല്‍ പത്തു തൈകള്‍ നടുമ്പോള്‍ ഒന്‍പതും നഷ്ടമായെന്നിരിക്കും. ഒരു മെഷീന്‍ വാങ്ങി അതു പ്രയോഗിക്കേണ്ട രീതി മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ചീത്തയാകും. അതുപോലെ ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മുടെ ജന്മം നഷ്ട മാകുകയില്ല. അതിനാല്‍ ആദ്ധ്യാത്മികവിദ്യ അഭ്യസിക്കുക, അങ്ങനെ ജീവിച്ചാല്‍ ഭൂമിയിലും മോക്ഷം, മരിച്ചുകഴിഞ്ഞാലും മോക്ഷം. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ സമയം നഷ്ടമാകില്ല. ജന്മം പാഴായിപ്പോകില്ല. വഴിയറിയാതെ യാത്ര ചെയ്താല്‍ ഒരു മണിക്കൂറുകൊണ്ടു് എത്തേണ്ട സ്ഥലത്തെത്തിച്ചേരാന്‍ പത്തു മണിക്കൂറെടുത്തെന്നിരിക്കും. അതുമാത്രമല്ല, ലക്ഷ്യമറിയാതെ കറങ്ങി നടക്കുന്ന ആ സമയത്തു് ഒരു നിമിഷംപോലും സ്വസ്ഥതയുണ്ടാവുകയുമില്ല. ഉദ്ദേശിച്ച സ്ഥാനത്തു് എത്തിപ്പെടാന്‍ കഴിയുമോ എന്ന ഉത്കണ്ഠമൂലം എപ്പോഴും ആധിയായിരിക്കും. എന്നാല്‍ വഴിയറിഞ്ഞു യാത്ര ചെയ്താല്‍ മനസ്സിനു യാതൊരു പിരിമുറുക്കവും ഉണ്ടാവുകയില്ല. ലക്ഷ്യത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. യാത്ര മുഴുവന്‍ സന്തോഷപ്രദമായിരിക്കും. അതിനാല്‍ ശരിയായ പാതയറിഞ്ഞു മുന്നോട്ടു നീങ്ങുന്നതാണുത്തമം.

പണ്ടു്, ഭൗതികവിദ്യയോടൊപ്പം ആദ്ധ്യാത്മികവിദ്യയും ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്നു. ഇന്നു് അതില്ല. ഈ വിദ്യ അഭ്യസിച്ചിരുന്നവരുടെ ജീവിതത്തില്‍ മാനസികമായ സംഘര്‍ഷമോ അശാന്തിയോ ഉണ്ടായിരുന്നില്ല. അവരുടെ സമീപത്തെത്തുന്നവര്‍ക്കു കൂടി ശാന്തി അനുഭവപ്പെട്ടിരുന്നു. അവരില്‍ ദുരാഗ്രഹം കാണാനില്ലായിരുന്നു. അവര്‍ മോഹങ്ങളില്‍ നിന്നു വിമുക്തരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്നു വെളിയില്‍ എയര്‍ക്കണ്ടീഷന്‍ ചെയ്യാനാണു പഠിച്ചിരിക്കുന്നതു്. അതില്‍ കിടന്നിട്ടും ശാന്തിയില്ല. പ്രയാസങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും മറന്നു കിട്ടാന്‍ ഗുളികകളും ലഹരിവസ്തുക്കളും ഇല്ലാതെ പറ്റില്ല. എന്നാല്‍ ആദ്ധ്യാത്മികവിദ്യ പഠിച്ചിരുന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. കുടിലില്‍ കഴിഞ്ഞാലും കൊട്ടാരത്തില്‍ക്കഴിഞ്ഞാലും എപ്പോഴും ശാന്തിയായിരിക്കും കാരണം അതു മനസ്സിന്‍റെ വിദ്യയാണു്.
നിത്യാനിത്യം മനസ്സിലാക്കി ജീവിച്ചാലേ സദാ ശാന്തി അനുഭവിക്കുവാന്‍ കഴിയൂ. പാമ്പു കൊത്തുന്നതാണെങ്കില്‍ക്കൂടി അതിനെ പാലൂട്ടിയാണു വളര്‍ത്തുന്നതു്. പക്ഷേ, പാമ്പിനാണു പാലൂട്ടുന്നതെന്നു നമ്മളറിയണം. പാമ്പെപ്പോഴും അതിന്‍റെ സ്വഭാവം കാണിക്കും. നമ്മള്‍ ആരോടു സഹകരിക്കുമ്പോഴും അവരുടെ സ്വഭാവം ഇന്നതാണെന്നു മനസ്സിലാക്കിയിരുന്നാല്‍പ്പിന്നെ ദുഃഖിക്കേണ്ടി വരില്ല.

പ്രപഞ്ചത്തോടു ബന്ധിക്കുന്നെങ്കില്‍ ആ തത്ത്വം മനസ്സിലാക്കി വേണം ബന്ധിക്കുവാന്‍. താന്‍ സൂക്ഷിക്കുന്നതു തന്‍റെ സ്വന്തം പണമല്ലെന്നു ബാങ്കു മാനേജര്‍ക്കു നന്നായി അറിയാം. അതിനാല്‍ ലക്ഷക്കണക്കിനു രൂപ മറ്റുള്ളവര്‍ക്കു നല്കുമ്പോള്‍ അദ്ദേഹത്തിനു തെല്ലും വിഷമമില്ല. പണം സൂക്ഷിക്കുക എന്നതു തന്‍റെ കര്‍ത്തവ്യമാണെന്നുള്ള ബോധം അദ്ദേഹത്തിനുണ്ടു്. ലോണിനുവേണ്ടി അദ്ദേഹത്തെ പലരും സമീപിക്കുന്നു. മാനേജര്‍ക്കു് എന്തു നല്കുവാനും അവര്‍ക്കു മടിയില്ല. പക്ഷേ, അവരുടെയൊന്നും ശരിയായ സ്നേഹമല്ല. അവരൊന്നും ശരിയായ ബന്ധുക്കളല്ല, തന്‍റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടു് ഇതു് അദ്ദേഹത്തിനു നന്നായി അറിയാം. ഈ വരുന്നവരുടെയൊക്കെ സ്നേഹം കാര്യസാധ്യത്തിനുവേണ്ടി മാത്രമുള്ളതാണു്. കാര്യം സാധിച്ചു കഴിഞ്ഞാല്‍ കൃത്രിമമാര്‍ഗ്ഗത്തിലൂടെ തന്നെ ജയിലടയ്ക്കാന്‍പോലും അവര്‍ മടിക്കില്ല എന്നും അദ്ദേഹത്തിനറിയാം. ഇതുപോലെയാണു മറ്റുള്ളവരുടെ സ്നേഹം. അവര്‍ സ്നേഹിക്കുന്നതു്, അവരുടെ സന്തോഷത്തിനും നമ്മളെ നശിപ്പിക്കുന്നതിനുംവേണ്ടി മാത്രമാണു്. ഈശ്വരനാണു നമ്മുടെ യഥാര്‍ത്ഥ ബന്ധു. ആത്മാവു മാത്രമേയുള്ളൂ നമുക്കു ബന്ധുവായിട്ടു്. ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ നമുക്കു് അപകടത്തില്‍ പോകേണ്ട കാര്യമുണ്ടാകില്ല. മോക്ഷത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ കഴിയും. ഇങ്ങനെ ബന്ധനങ്ങളില്‍നിന്നുള്ള മോചനമാണു മോക്ഷം. അതിനാല്‍ എല്ലാം ഒരു ഡ്യൂട്ടിയായി കണ്ടുകൊണ്ടു്, മനസ്സിനെ പരമാത്മാവില്‍ നിര്‍ത്തി, പ്രതീക്ഷകള്‍ ഒന്നും വയ്ക്കാതെ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക.